ADVERTISEMENT

സൈനിക ഉടമസ്ഥതയിലുള്ള മ്യവാഡി ടിവിയിലെ പ്രഖ്യാപനം കേട്ടാണ് ലോകം ഉണർന്നത്. വീണ്ടും പട്ടാളഭരണം, അതും ഇന്ത്യൻ അതിർത്തി പങ്കിടുന്ന മ്യാൻമാറിൽ. പഴയ ബർമ്മയിൽ നിന്നും പുതിയ മ്യാൻമാറിലേക്ക് വളരെ ദൂരമുണ്ടെങ്കിലും ചിന്താഗതിക്കൊന്നും വലിയ മാറ്റമില്ലെന്നു തെളിയിക്കുന്ന സംഭവം. രാജ്യത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 417 ഉദ്ധരിച്ചാണ് പുതിയ തീരുമാനം പട്ടാളം അറിയിച്ചിരിക്കുന്നത്. അതായത്, അടിയന്തിര സമയങ്ങളിൽ ഭരണം ഏറ്റെടുക്കാൻ സൈന്യത്തെ അനുവദിക്കുന്ന വകുപ്പാണിത്. കൊറോണ വൈറസ് പ്രതിസന്ധിയും നവംബർ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും അടിയന്തരാവസ്ഥയ്ക്ക് കാരണമാണെന്ന് പട്ടാളം പറയുന്നു.

2008 ൽ മ്യാൻമാറിലെ സൈന്യമാണ് ഭരണഘടന തയാറാക്കിയത്. ഇതു പ്രകാരം ജനാധിപത്യ, സിവിലിയൻ ഭരണമാണ് അധികാരം നിലനിർത്തുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ നിബന്ധനയെ പട്ടാളത്തിന് അട്ടിമറിക്കുള്ള സംവിധാനത്തിനായുള്ള കാത്തിരിപ്പ് എന്നാണ് വിശേഷിപ്പിച്ചത്. അത് ഇപ്പോൾ 13 വർഷങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചിരിക്കുന്നു എന്നു മാത്രം. ഇത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമായിരുന്നതാണെന്നു മ്യാൻമർ ഭരണഘടന നോക്കുന്ന ആർക്കും മനസ്സിലാകും. ഇതു പ്രകാരം, മന്ത്രിസഭയിലും മന്ത്രാലയങ്ങളിലും പാർലമെന്റിലെ 25 ശതമാനം സീറ്റുകളും സൈന്യത്തിനായി നീക്കിവച്ചിരിക്കുന്നു, ഇത് ഒരു സിവിലിയൻ സർക്കാരിന്റെ അധികാരത്തെ പരിമിതപ്പെടുത്തുകയും സൈനിക പിന്തുണയില്ലാതെ ഭരിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും  ചെയ്യുന്നു. ഭരണഘടന ഭേദഗതി എപ്പോൾ വേണമെങ്കിലും വരുത്താൻ ഇതിനു കഴിയും.

2011 മുതൽ സായുധ സേനയുടെ കമാൻഡറായിരുന്ന സീനിയർ ജനറൽ മിൻ ആംഗ് ഹേലിംഗിന്റെ വിരമിക്കലാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അതിലൊരു ആഭ്യന്തര സൈനിക രാഷ്ട്രീയം ഉണ്ട്. ആഭ്യന്തരമായി ഒരു അട്ടിമറിയും സൈന്യത്തിനുള്ളിൽ അധികാരം നിലനിർത്തുന്നതിനുള്ള മാർഗ്ഗവുമാകാം. മുൻ സൈനിക ഉദ്യോഗസ്ഥനായ വൈസ് പ്രസിഡന്റ് മൈന്റ് സ്വീയെ ഒരു വർഷത്തേക്ക് സർക്കാർ മേധാവിയായി സൈന്യം ചുമതലപ്പെടുത്തിയതും ഇതുമായി ബന്ധപ്പെട്ട് വായിക്കാം. നവംബറിലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിന്റെ ഉപരിസഭകളിലെ 476 സീറ്റുകളിൽ 396 എണ്ണവും സൂചിയുടെ പാർട്ടി പിടിച്ചെടുത്തു. സംസ്ഥാന യൂണിയൻ ഇലക്ഷൻ കമ്മീഷൻ ഈ ഫലം സ്ഥിരീകരിക്കുകയും ചെയ്തു.

314 ടൗൺഷിപ്പുകളിൽ വോട്ടർ പട്ടികയിൽ ദശലക്ഷക്കണക്കിന് ക്രമക്കേടുകൾ ഉണ്ടെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സൈന്യം അവകാശപ്പെട്ടിരുന്നു. അത് ഒന്നിലധികം ബാലറ്റുകൾ രേഖപ്പെടുത്താനോ മറ്റ് കള്ളവോട്ട് ചെയ്യാനോ വോട്ടർമാരെ  അനുവദിക്കുകയായിരുന്നു അവരുടെ വാദം. എന്നാൽ, അവർ അതിനുള്ള തെളിവുകളൊന്നും കാണിച്ചിട്ടില്ലെന്നത് വേറെ കാര്യം. കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശവാദങ്ങൾ നിരസിച്ചു, അവയെ പിന്തുണയ്ക്കുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ പാർലമെന്റിന്റെ ആദ്യ ദിവസം തന്നെ സൈനിക ഏറ്റെടുക്കൽ വന്നു. അങ്ങനെ വന്നില്ലായിരുന്നുവെങ്കിൽ, സൂചിയും മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യപ്പെടുമായിരുന്നു. ഒരു വർഷത്തെ  അടിയന്തരാവസ്ഥ അവസാനിച്ചു കഴിഞ്ഞാൽ സൈന്യം തിരഞ്ഞെടുപ്പ് നടത്തുമെന്നും വിജയിക്ക് അധികാരം കൈമാറുമെന്നും മിയവാഡി ടിവിയിൽ പിന്നീട് പ്രഖ്യാപിച്ചു.

രാവിലെയും ഉച്ചതിരിഞ്ഞും ടെലികമ്മ്യൂണിക്കേഷൻ ബന്ധം പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. തലസ്ഥാനത്ത്, ഇന്റർനെറ്റ്, ഫോൺ ആക്സസ്സ് തടഞ്ഞു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയുന്ന നിരവധി ആളുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി കണ്ടെത്തി. ഏറ്റവും വലിയ നഗരമായ യാങ്കോണിലുടനീളം മുള്ളുകമ്പികൾ സ്ഥാപിച്ചു. സിറ്റിഹാൾ പോലുള്ള സർക്കാർ കെട്ടിടങ്ങൾക്ക് പുറത്ത് സൈനിക യൂണിറ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. താമസക്കാർ എടിഎമ്മുകളിലേക്കും, ഭക്ഷണ വിൽപ്പനക്കാരിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്. ഇനിയെന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. ചില കടകളും വീടുകളും നഗരത്തിലെ തെരുവുകളും മതിലുകളും അലങ്കരിച്ചിരുന്ന സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ ചിഹ്നങ്ങൾ നീക്കം ചെയ്തു.

സർക്കാരുകളും രാജ്യാന്തര സംഘടനകളും ഈ ഏറ്റെടുപ്പിനെ അപലപിച്ചു. സൈന്യത്തിന്റെ ഈ പരമാധികാരം ജനങ്ങളെ നരക തുല്യമാക്കുകയാണ്. ഇത് മ്യാൻമർ വരുത്തിയ പരിമിതമായ ജനാധിപത്യ പരിഷ്കാരങ്ങളെ പിന്നോട്ടടിക്കുന്നു. മ്യാൻമറിനെ ജനാധിപത്യ രാജ്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കനത്ത പ്രഹരമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ നിയമ ഉപദേഷ്ടാവ് ലിൻഡ ലഖ്ദീർ പറഞ്ഞു. 

ലോകവേദിയിൽ അതിന്റെ വിശ്വാസ്യത വൻ വിജയമാണ് നേടിയത്. മനുഷ്യാവകാശ സംരക്ഷകർ, പത്രപ്രവർത്തകർ,  സൈന്യത്തെ വിമർശിക്കുന്ന മറ്റുള്ളവർ എന്നിവർക്കെതിരായി കൂടുതൽ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നു. നിലവിലെ സൈനിക ഏറ്റെടുക്കലിന് മുമ്പു തന്നെ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സൈന്യത്തെ വിമർശിക്കുന്നവർ എന്നിവർക്കു പരസ്യവിമർശനത്തിന് നിയമനടപടികൾ നേരിടേണ്ടി വന്നു.

ഒരു യുഎസ് സെനറ്റർ അമേരിക്കയ്ക്ക് വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത ഉയർത്തി, മ്യാൻമർ സിവിലിയൻ ഭരണത്തിലേക്ക് മാറുമ്പോൾ യുഎസ് അത് നീക്കിയതാണ്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ വീണ്ടും അതുതന്നെ സംഭവിക്കും. കഷ്ടപ്പെടാൻ പോകുന്നത് ജനങ്ങളായിരിക്കും. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ഈ കൊറോണ കാലത്ത്. എന്തു ചെയ്യണമെന്നറിയാതെ ജനങ്ങൾ നട്ടം തിരിയുമ്പോൾ കോവിഡ് വാക്സിൻ പോലും ഇവിടെ കിട്ടാക്കനിയാവും. ഈ നിലയ്ക്ക് ദുരിതത്തിൽ നിന്നും ദുരിതത്തിലേക്കായിരിക്കും  മ്യാൻമാറിന്റെ യാത്രയെന്നു വ്യക്തമായി കഴിഞ്ഞു.

മ്യാൻമറിലെ സൈനിക നേതാക്കൾ മ്യാൻമറിലെ ജനാധിപത്യ നേതാക്കളെ ഉടൻ മോചിപ്പിക്കുകയും സർക്കാരിൽ നിന്ന് സ്വയം മാറുകയും വേണം, സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ഇൻകമിംഗ് ചെയർമാൻ ഡെമോക്രാറ്റിക് സെൻ. ബോബ് മെനെൻഡെസ് പറഞ്ഞു. ഇല്ലെങ്കിൽ, അമേരിക്കയും മറ്റ് രാജ്യങ്ങളും  സൈനിക നേതാക്കൾക്കെതിരെ കർശനമായ സാമ്പത്തിക ഉപരോധവും മറ്റ് നടപടികളും ഏർപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.

ഉപരോധം ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടവും മറ്റ് സർക്കാരുകളും വേഗത്തിൽ പ്രവർത്തിക്കണമെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ ബിൽ റിച്ചാർഡ്സൺ പറഞ്ഞു. വംശീയ റോഹിംഗ്യൻ മുസ്ലിംകൾക്കെതിരായ സൈനിക നടപടികളെ പ്രതിരോധിക്കാൻ സൂകിയുടെ നേതൃത്വത്തിലുള്ള കഴിവിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നതാണ്. ഇപ്പോൾ സൂകിയാണ് പ്രശ്നത്തിന്റെ കാതൽ. അവരെ വീട്ടുതടങ്കിലാക്കി. റിച്ചാർഡ്സൺ മുന്നോട്ടു വെക്കുന്നൊരു ആശയമുണ്ട്. അതിങ്ങനെയാണ്, മ്യാൻമറിന്റെ യഥാർഥ നേതാവെന്ന നിലയിൽ ജനാധിപത്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ സൂകി പരാജയപ്പെട്ടതിനാൽ, അവർ മാറിനിൽക്കുകയും മറ്റ് മ്യാൻമർ  ജനാധിപത്യ നേതാക്കളെ രാജ്യാന്തര പിന്തുണയോടെ ഭരണത്തിലെത്തുകയും ചെയ്യട്ടെ. അതായിരിക്കും ഇനി മ്യാൻമാറിന് മുന്നിലുള്ള ഒരേയൊരു മാർഗ്ഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com