ADVERTISEMENT

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ഫൈസല്‍ കുപ്പായി വരകള്‍ക്ക് ജീവന്‍ പകരുന്ന കലാകാരനാണ്. പിതാമഹന് കുപ്പായത്തിന്റെ കച്ചവടമായിരുന്നതിനാലാണ് കുപ്പായി എന്ന പേര് വന്നത്. ചെറുപ്പം മുതലേ ചിത്ര രചനയും പെയിന്റിംഗുമായിരുന്നു ഫൈസലിന്റെ അഭിനിവേശം. കയ്യില്‍ കിട്ടുന്ന കടലാസുകളിലൊക്കെ ഇഷ്ട നടന്മാരുടെ ചിത്രങ്ങള്‍ വരച്ച് സ്‌ക്കൂള്‍ കാലം മുതലേ ഫൈസല്‍ ശ്രദ്ധേയനായിരുന്നു. ജിദ്ദയില്‍ പ്രവാസിയായിരുന്ന ഫൈസലിന്റെ പിതാവ് ഓരോ വരവിലും ഫൈസലിന് സമ്മാനിച്ചിരുന്നത് മികച്ച പെയിന്റ് ബോക്‌സുകളും കാന്‍വാസുകളുമൊക്കെയായിരുന്നു. സ്‌ക്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന രവി മാഷും ഫൈസലിലെ കലാകാരനെ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ചു. വരയോടൊപ്പം നന്നായി പാടുകയും ചെയ്യുന്ന ഒരു സഹൃദയനായതിനാല്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റാന്‍ എളുപ്പമായി . നാട്ടിലെ യുവശ്രീ ഐ ബാന്‍ഡ് ഓര്‍ക്കസ്ട്രയെ ഒരു പ്രസ്ഥാനമായി കൊണ്ട് നടന്ന ഫൈസല്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

fizal-draw

 

എസ്എസ്എല്‍സിക്ക് ശേഷം ഉയര്‍ന്ന് പഠിക്കുന്നതിനെക്കുറിച്ചൊന്നും ഫൈസല്‍ ചിന്തിച്ചില്ല. എങ്ങനെയെങ്കിലും ഗള്‍ഫിലെത്തുകയെന്നതായിരുന്നു സ്വപ്നം. അങ്ങനെ പിതാവ് തരപ്പെടുത്തിയ വീസയില്‍ ജിദ്ദയിലെത്തി. സ്റ്റുഡിയോയും ചിത്രം വരയുമായി പത്തു വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്.

 

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഹൈദര്‍ ചുങ്കത്തറയാണ് ഫൈസലിനെ ദോഹയിലെത്തിച്ചത്. ദോഹയിലെത്തിയ തൊട്ടടുത്ത ദിവസം തന്നെ നിലമ്പൂര്‍ കൂട്ടത്തിന്റെ പാട്ടുല്‍സവം എന്ന പരിപാടിയില്‍ ഗാനമാലപിച്ച് ഫൈസല്‍ മുഴുവനാളുകളുടേും കയ്യടി വാങ്ങി. പാട്ടും വരയും കണ്ട് ആകൃഷ്ടനായ അബ്ദുറഹിമാനാണ് ഫൈസലിന് ഒരു ആര്‍ട് സ്റ്റുഡിയോ തരപ്പെടുത്തിക്കൊടുത്തത്. സൗണ്ട് എഞ്ചിനീയര്‍ ഈണം സലീം നിരവധി സംഗീത പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ തുടങ്ങിയതോടെ തിരക്ക് പിടിച്ച കലാകാരനായും പാട്ടുകാരായും ഫൈസല്‍ മാറുകയായിരുന്നു. ജയ്പാല്‍, നിസാം, അബ്ബാസ്, അസ്‌കോ എന്നിവരും ഫൈസലിന്റെ ഖത്തറിലെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പരിസരമൊരുക്കിയവരില്‍ പ്രധാനികളാണ്. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ ഫൈസല്‍ പങ്കുവെച്ച ഫോട്ടോകളും പാട്ടുകളും ശ്രദ്ധിച്ച അഫ്‌സല്‍ കിളയിലാണ് ഫൈസല്‍ കുപ്പായിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ കാരണക്കാരനായത്.

 

വര ഫൈസിന് ജീവനാണ്. എല്ലാ മീഡിയങ്ങളിലും ഒരു പോലെ മികവ് പുലര്‍ത്തുന്നു എന്നതകാം ഫൈസലിന്റെ പ്രത്യേകത. ഇരുത്തം വന്ന കലാകാരന്മാര്‍ പോലും പലപ്പോഴും ധൈര്യപ്പെടാത്ത മേഖലയാണ് ഓയില്‍ പെയിന്റും ജലച്ഛായവും. വിശാലമായ ഭാവനക്കൊപ്പം അതിസൂക്ഷമമായ നിരീക്ഷണവും നിര്‍വഹണ ചാരുതയും ഒത്തിണങ്ങിയാലേ ഓയില്‍ പെയിന്റും ജലച്ഛായവുംം കേമമാകൂ എന്നതു തന്നെയാകാം അതിന് കാരണം. എന്നാല്‍ ഓയില്‍ പെയിന്റും ജലച്ഛായവും കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് ഫൈസല്‍ കുപ്പായി.

 

ഏത് നല്ല കാഴ്ചകളും ഈ കലാകാരനെ ആകര്‍ഷിക്കുന്നു. പ്രകൃതി സൗന്ദര്യവും കാവാലസ്ഥ വ്യതിയാനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളുമൊക്കെ തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കുവാനും പിന്നീട് പെയിന്റുകളാക്കി മാറ്റാനും സമയം കണ്ടെത്താറുള്ള ഈ കലാകാരന്‍ മാനവികതയും സ്‌നേഹവും ഉദ്‌ഘോഷിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ സന്ദേശവും അടിവരയിടുന്നുവെന്നത് കലയുടെ സാമൂഹ്യ ധര്‍മമാണ് എടുത്ത് കാണിക്കുന്നത്.

 

ലോക നാഗരികതയുടെ ഈറ്റില്ലവും കേന്ദ്ര സ്ഥാനവും അവകാശപ്പെടാവുന്ന ഖത്തറിന്റെ മനോഹരമായ ചരിത്രസ്മാരകങ്ങളൊക്കെ ഈ കലാകാരന്റെ കാന്‍വാസുകളില്‍ പുനര്‍ജനിക്കുമ്പോള്‍ നാം വിസ്മയിച്ചുനിന്നുപോകും.

 

പ്രകൃതി അതിമനോഹരമാണ്. അതിന്റെ ഓരോ ഭാവങ്ങളും കലാഹൃദയങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ പ്രകൃതിയ സൗന്ദര്യം ആസ്വദിക്കപ്പടാന്‍ അവസരമില്ലാതെ നഷ്ടപ്പെടുന്ന തരത്തിലുള്ള ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഭീഷണികള്‍ മാനവരാശിയുടെ മുന്നില്‍ ചോദ്യ ചിഹ്നങ്ങളാകുമ്പോള്‍ മനോഹരമായ ദൃശ്യങ്ങളുടെ തന്മയത്തത്തോടെയുള്ള അവതരണത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ഈ കലാകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭൂമിയുടെ അവകാശികളായ ഓരോ ജീവജാലത്തിനും അതിന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ഓരോരുത്തരും അതിന്റെ കാവലാളുകളാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഭൂമി സുന്ദരമായി നിലനില്‍ക്കുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പെയിന്റിംഗുകള്‍ ഓര്‍മപ്പെടുത്തുന്നത്.

 

പോര്‍ട്രെയിറ്റിലാണ് ഫൈസല്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫൈസലിന്റെ മുഖ്യ ജോലി തന്നെ പോര്‍ട്രെയിറ്റാണ് എന്ന് പറയുന്നതാകും ശരി. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ദോഹയിലെ ഫൈസലിന്റെ ആര്‍ട് സ്റ്റുഡിയോയില്‍ പോര്‍ട്രെയിറ്റിനായെത്തുന്നത്. സാധാരണ ഗതിയില്‍ ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ടു തന്നെ ഫൈസല്‍ പോര്‍ട്രെയിറ്റ് പൂര്‍ത്തിയാക്കും. ഓയില്‍ പെയിന്റാകുമ്പോള്‍ കുറച്ചധികം സമയം വേണ്ടി വരും.

 

മുഖം ഹൃദയത്തിന്റെ കണ്ണാടിയാണ്. ഓരോരുത്തരുടേയും മുഖഭാവങ്ങള്‍ ഒരു വലിയ പരിധിവരേയും അവരുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്. സൂക്ഷ്മ നിരീക്ഷണത്തിലൂടെ മുഖഭാവങ്ങളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും സന്തോഷവുമെന്നതിലുപരി തന്റെ ജീവിതമാര്‍ഗമായും ഫൈസല്‍ അത് ആസ്വദിക്കുന്നു.

 

കുട്ടിക്കാലം മുതലേ മുഖഭാവങ്ങളോട് ഫൈസലിന് വല്ലാത്തൊരു ഭ്രമമായിരുന്നു. ഇഷ്ടപ്പെടുന്ന വ്യക്തികളുടെ മുഖഭാവങ്ങളെ കാന്‍വാസില്‍ പകര്‍ത്താന്‍ ചെറുപ്പത്തിലേ ശ്രമങ്ങള്‍ നടത്തുമായിരുന്നു. ഖത്തറിലെ മലയാളി പ്രമുഖരായ പലരേയും ഫൈസല്‍ വരച്ചു കഴിഞ്ഞു. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഈണം സലീം, അസ്‌കോ ആലുവ, സ്വര്‍ണ വ്യാപാരി അബൂബക്കര്‍, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ഹൈദര്‍ ചുങ്കത്തറ, ഈ ലേഖകന്‍ തുടങ്ങി നിരവധി പേരെ കുപ്പായി വരച്ചു കഴിഞ്ഞു.

 

മരുഭൂമിയുടെ മനോഹാരിതയും അറബ് സംസ്‌കാരത്തിന്റെ ഗരിമയും കാന്‍വാസില്‍ ഒപ്പിയെടുക്കുവാനുള്ള തയാറെടുപ്പിലാണ് ഫൈസല്‍. സൗന്ദര്യം എല്ലാവര്‍ക്കും ലഹരിയാണ്. എന്നാല്‍ പ്രകൃതിയുടെ വശ്യ മനോഹാരിതയും സൗന്ദര്യ ഭാവങ്ങളും ഒപ്പിയെടുക്കണമെങ്കില്‍ പ്രത്യേക അഭിരുചിയും വാസനയും വേണം. ഇവ രണ്ടും ആവോളം ലഭിച്ച അനുഗ്രഹീത കലാകാരനായ ഫൈസല്‍ തന്റെ തൂലികും നിറങ്ങളും ഉപയോഗിച്ച് നമ്മുടെ സമൂഹത്തിലും ചുറ്റുപാടിലുമുള്ള പലരുടേയും മുഖഭാവങ്ങളെ കാന്‍വാസിലേക്ക് മാറ്റുമ്പോള്‍ അത് മനോഹര ശില്‍പങ്ങളായി മാറുന്നു.

 

നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. ഫൈസലിന്റെ ഉമ്മ കല്യാണങ്ങളിലൊക്കെ പാടാറുണ്ടായിരുന്നത് ഫൈസല്‍ ഓര്‍ക്കുന്നു. സംഗീത വാസന ലഭിച്ചത് ഉമ്മയില്‍ നിന്നാകാമെന്നാണ് ഫൈസല്‍ കരുതുന്നത്. കുറച്ച് കാലം സംഗീതം അഭ്യസിച്ചതും ഫൈസലിന് വലിയ മുതല്‍കൂട്ടായി.

 

റബീനയാണ് ഫൈസലിന്റെ സഹധര്‍മിണി. അവര്‍ ഒരു നല്ല കലാസ്വാദകയാണ്. മൂത്ത മക്കളായ റനയും നദയും പാടും. ബിരുദ വിദ്യാര്‍ഥിനിയായ റന പോര്‍ട്രെയിറ്റിലും പരീക്ഷണങ്ങള്‍ നത്തുന്നുണ്ട്. മൂന്നാം ക്‌ളാസുകാരനായ ഇളയ മകന്‍ മുഹമ്മദ് ഫാബിന്‍ വരയും പാട്ടുമൊക്കെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

 

വിനയവും എളിമയുമാണ് ഈ കലാകാരന്റെ ഏറ്റവും വലിയ പ്രത്യേകത. ആരവങ്ങളില്‍ നിന്നും മാറി നിന്ന്്് കാര്യങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയും താല്‍പര്യം തോന്നുന്നവ കാമറയിലോ കാന്‍വാസിലോ പകര്‍ത്തുകയോ ചെയ്യുന്ന ഈ കലാകാരന്‍ പരിചയപ്പെടുന്നവരുടെയൊക്കെ മനസ്സില്‍ കുടിയേറും. ഒഴിവ് സമയങ്ങളൊക്കെ വരച്ചും പാടിയും ജീവിതം മനോഹരമാക്കുന്ന ഈ ചെറുപ്പക്കാരന്‍ മനുഷ്യ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അമൂല്യ വികാരങ്ങള്‍ അടയളപ്പെടുത്തിയാണ് ജീവിതം സാര്‍ഥകമാക്കുന്നത്.

ഫൈസലുമായി ബന്ധപ്പെടുവാന്‍ +974 70198979 എന്ന വാട്‌സപ്പ് നമ്പറിലോ kuppayi9@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com