sections
MORE

കൊച്ചി- ചരിത്രത്തിന്റെ കാലടിയൊച്ച

kochi-mansoor-naina
SHARE

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ ഭൂമികകളിലൂടെ നിങ്ങൾ നടന്നിട്ടുണ്ടോ?  ഉണ്ടെങ്കിൽ കണ്ണുകളിൽ തെളിഞ്ഞുവരുന്നത് കേവലം കെട്ടിട സമുച്ചയങ്ങളോ, പ്രകൃതിയോ, വീഥികളോ മാത്രമല്ല. ചരിത്രം ഒരു നിഴൽപോലെ നമ്മുടെ മുമ്പിലും പിമ്പിലും വശങ്ങളിലും നടക്കും.  ഓരോ ഭൂമികയ്ക്കും പേരിനും ചുമരുകൾക്കും എണ്ണിയാൽ ഒടുങ്ങാത്ത കഥകളും ഉപകഥകളും ഉരചെയ്യാനുണ്ടാകും.  കൊച്ചി ഒരു വൻവൃക്ഷത്തിന്റെ പടർപ്പുപോലെയാണ്. ഒരായിരം ജീവജാലങ്ങൾക്ക് താങ്ങും തണലും എല്ലാക്കാലവും നൽകുന്ന ചരിത്രമുറങ്ങാത്ത ദേശം.  അത്തരം ചരിത്രങ്ങൾ തേടിയുള്ള ഒരന്വേഷണമാണ് മൻസൂർ നൈനയുടെ 'കൊച്ചി-ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും; ചരിത്രമുറങ്ങാത്ത ഇരട്ട നഗരങ്ങൾ' എന്ന പുസ്തകം.

ലളിതമായ ഭാഷയിലാണ് മൻസൂർ വായനക്കാരനോട് സംവേദിക്കുന്നത്.  കൊച്ചി കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ടൂറിസ്റ്റ് ഗൈഡിനെപ്പോലെ ഇരട്ട നഗരത്തിന്റെ കൗതുക കാഴ്ചകൾ, ആ മണ്ണിൽ ജനിച്ചവരും അവിടേക്ക് വന്നവരും രചിച്ച ചരിത്രകഥകൾ; കാലത്തിന്റെ യവനിക ഉയർത്തുകയാണ് എഴുത്തുകാരൻ.  ഇതുവരെ നമ്മൾ അറിയാത്ത ചരിത്ര മുഹൂർത്തങ്ങൾ, ജീവിത സമരങ്ങൾ, മതസൗഹാർദത്തിന്റെ ആഴത്തിലുള്ള വേരോട്ടം ഒക്കെ വായിച്ചറിയാം. ഓരോ അദ്ധ്യായത്തിനും അനുയോജ്യമായ ചിത്രങ്ങൾ വായനയ്ക്ക് ചാരുതയേകുന്നു.

ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നു 'നാലര ചതുരശ്ര കിലോമീറ്ററിനുള്ളിൽ പതിനാറോളം ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന മുപ്പതോളം സമൂഹങ്ങൾ.  ലോകത്തിൽ ഇത്രയും ബഹുസ്വരതയുള്ള മറ്റൊരു നഗരമുണ്ടോ എന്ന് സംശയമാണ്.  ആംഗ്ലോ ഇന്ത്യൻസ്, കൊങ്കിണികൾ, മാർവാഡി, മറാത്തി, ഗുജറാത്തി, തമിഴ്, കന്നഡ, തെലുങ്ക്, ബോറാമാർ ഇങ്ങനെ വ്യത്യസ്ത സമൂഹങ്ങൾ നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ ഫോർട്ട് കൊച്ചിയും  മട്ടാഞ്ചേരിയും അടങ്ങുന്ന ഇരട്ട നഗരത്തിൽ ജീവിക്കുന്നു.  ഹിന്ദുക്കൾ, മുസ്ലീങ്ങൾ, യഹൂദർ, കൃസ്ത്യാനികൾ, ജൈനർ, സിക്കുകാർ തുടങ്ങി എല്ലാ മതവിഭാഗങ്ങളും'

കൊച്ചിയിലെ ഇരട്ട നഗരങ്ങളിലൂടെ നടക്കുന്ന പ്രതീതിയാണ് പുസ്തകം നൽകുന്നത്. കൊച്ചങ്ങാടിയെപ്പറ്റി പറയുമ്പോൾ ചെമ്പിട്ട പള്ളിയും, അമ്മായി മുക്കും, നൈന തറവാടുകളും, സ്വാതന്ത്ര്യ സമരസേനാനികളെയും അറിയാം.  ഫോർട്ട് കൊച്ചി വെളിയെപ്പറ്റി പറയുമ്പോൾ; കാർണിവലുകളും തണൽ മരങ്ങളും വാസ്തുശിപ വിദ്യയും നാവികാസ്ഥാനവും കടൽത്തീരവും ഒപ്പം അലക്കുകേന്ദ്രം, ദേവാലയങ്ങൾ, ശ്മശാനങ്ങൾ ഒക്കെ നമ്മോട് സംവദിക്കും.  കൊച്ചിക്കാരുടെ വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുന്ന ഡോബി സ്ട്രീറ്റിന്റെയും വണ്ണാന്മാരുടെ കഥയും രസകരം.  ഹോർത്തൂസ് മലബാറിക്കസ്, ദീനപ്പുര ഒക്കെ ഫോർട്ട് കൊച്ചി വെളിയുടെ കഥയിലുണ്ട്.

'അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ' എന്ന അധ്യായത്തിൽക്കൂടി പോകുമ്പോൾ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കോളനിവത്കരണം അടുത്തറിയാം. ചരിത്രത്തിൻറെ ഏടുകൾ വായനക്കാരന്  മുന്നിൽ വെളിവാകുന്നു. ഇന്ത്യയിലെ ആദ്യ ഓപ്പറേഷൻ തിയേറ്റർ, നാനൂറ് വർഷം പഴക്കമുള്ള ബാസ്റ്റ്യൻ ബംഗ്ളാവ്, ഇമ്മാനുവേൽ കോട്ട....അധിനിവേശത്തിന്റെ കഥാപ്പൊരുളുകൾ നീളുകയാണ്. 

ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും പലരാജ്യക്കാർ, പല മതക്കാർ ഒക്കെ വാണിജ്യത്തിനായി വരികയും കൊച്ചിയിൽ താമസമാക്കുകയും തങ്ങളുടെ പാരമ്പര്യം ഇവിടെ പിന്തുടരുകയും ചെയ്‌ത ചരിത്രം ഈ പുസ്‌തകം നമുക്ക് നൽകും. ചരിത്രവായന ഒരു കഥാവായന കണക്കെ രസകരമാകുന്നത് അറിയും. ഗാന്ധി, ടാഗോർ, മൊറാർജി ദേശായി, അംബാനി എന്നിങ്ങനെ ഈ മണ്ണിൽ പാദസ്പർശം നടത്തിയ ചരിത്ര പുരുഷന്മാർ ഏറെയാണ്.  ജൈന സംസ്‌കാരവും ജൂത സംസ്ക്കാരവും കൃസ്ത്യൻ രീതികളും ഇഴ ചേർന്ന് മുന്നോട്ട് പോയ ഗതകാല ഗാഥകൾ. അധിനിവേശത്തിന്റെ ഇരകളായിത്തീർന്ന്  കൊച്ചിയിലേക്കോടിയെത്തിയ ജൂതരും, ഗുജറാത്തികളും, കൊങ്കിണികളും തനതായ സംസ്‌കാരവും സാഹിത്യവും കൊണ്ട് കൊച്ചിയെ അലങ്കരിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു.  വാസ്കോഡ ഗാമയെ അടക്കിയ സെന്റ് ഫ്രാൻസിസ് ചർച്ച്, മട്ടാഞ്ചേരി പാലസ്, വില്ലിങ്ടൺ ഐലൻഡ്, സിനഗോഗും, കൂനൻ കുരിശും ഒക്കെ ഇന്നും നമ്മോട് വിളിച്ചുപറയുന്ന ചരിത്ര മുഹൂർത്തങ്ങളിലൂടെ നടത്തുന്ന രഥയാത്രയാണ് പുസ്തകത്തിലുടനീളം.

ടൂറിസ്റ്റുകളെക്കൊണ്ട് സമ്പന്നമാണ് കൊച്ചി.  അവരുടെ മുഖ്യ ആകർഷണം ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി എന്നീ ഇരട്ട നഗരങ്ങളാണ്.  മുൻതലമുറകളുടെ കാൽപാടുകൾ അന്വേഷിച്ച് എത്തുന്നവർ, ചരിത്രം തൊട്ടറിയുവാൻ എത്തുന്നവർ, കാഴ്‌ചകൾ കാണുവാൻ എത്തുന്നവർ ആരെയും കൊച്ചി നിരാശപെടുത്തുന്നില്ല. ഗതകാല പ്രൗഢി അസ്തമിച്ച് കൊച്ചിയുടെ ചരിത്ര സ്മാരകങ്ങൾ, വീഥികൾ, കെട്ടിടങ്ങൾ ഒക്കെ നമ്മോട് കഥകൾ പായുന്നത് മൻസൂർ നൈനയുടെ പുസ്തകത്തിൽ തൊട്ടറിയാം.

ചരിത്രാന്വേഷകർക്ക് ഒരു നിധിയാണ് ഈ പുസ്‌തകം.  ടൂറിസ്റ്റുകൾക്ക് ഒരു കൈപുസ്തകമായി കൂടെക്കൂട്ടാം. വായനയെ രസകരമാക്കുന്ന, കൗതുകമുണർത്തുന്ന, ആകാംഷ നിറയ്ക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്. വലിയൊരു ചരിത്രഗ്രന്ഥമാക്കുവാൻ തക്ക വിഷയങ്ങളാണ് എഴുത്തുകാരൻ ഇവിടെ തുറന്ന് വയ്ക്കുന്നത്.  ഇതിൻറെ നവീകരിച്ച പതിപ്പ് വരുന്നു എന്നത് സന്തോഷമുള്ള കാര്യം.  കൊച്ചിയെപ്പറ്റി കൂടുതൽ വായനയും ചർച്ചകളും പുതിയ പതിപ്പിന്റെ വരവോടെ സാധ്യമാകും എന്ന് പ്രത്യാശിക്കുന്നു.  കൊച്ചിയെ കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ് ഇത്. ചരിത്രം നൽകുന്ന നല്ല പാഠങ്ങൾ പക്ഷപാതമില്ലാതെ വായിക്കുകയും, പുതിയ തലമുറയെ അതിലേക്ക് അകർഷിക്കുകയും ചെയ്യുവാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ഇതിൻറെ ഇംഗ്ളീഷ് പരിഭാഷകൂടി വന്നാൽ കൂടുതൽ ദേശങ്ങളിൽ കൊച്ചിയുടെ ചരിത്രം എത്തപ്പെടും എന്നും ഉറപ്പാണ്. ഒരിക്കലും നഷ്ടമാകാത്ത അറിവുകളുടെ മുത്തുകൾ കോർത്തതാണ് 'കൊച്ചി'  എന്ന ഈ ചരിത്രഹാരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA