ADVERTISEMENT

കൗതുകമാണ് - പെണ്‍കുട്ടികള്‍ വളരുന്നത്;

കുഞ്ഞിക്കണ്ണു ചിമ്മി പിറന്നു വീഴുന്നത്;

ഒന്നുമറിയാത്ത നാളുകളാണ് പിന്നെ.

ഓരോ മടിയിലും ഇരുന്നും, കിടന്നും ,

കൊഞ്ചിയും, കരഞ്ഞുമെല്ലാം-

ഞാനിവിടെ ഉണ്ടെന്നു ഉറക്കെ പറഞ്ഞുകൊണ്ട്.  

ഒപ്പം, അടുത്തെവിടെയോ, അകലത്തോ

ഒത്തിരി കഴുകന്‍ കണ്ണുകള്‍ക്ക്

ഇമവെട്ടാത്ത കാത്തിരിപ്പും.

കൈയോ കാലോ വളരുന്നു ?

നോക്കി നോക്കി 'അമ്മ മനസ് .

അതെ, വളരുന്നുണ്ട് 

നോക്കി നോക്കി കഴുകന്‍ കണ്ണുകളും.

പെണ്ണെന്തെന്നറിയാതെ അവളും

പെണ്ണായി വളരുകയും!

 

കോരിയെടുക്കുന്ന കൈകളില്‍

ചേര്‍ന്നിരിക്കുന്ന നിഷ്‌കളങ്കത.

പതിയെ പതിയെ കൈകളുടെ, വിരലുകളുടെ,

അവതാളങ്ങളില്‍ അസ്വസ്ഥത.

ആശയോടെ അമ്മക്കണ്ണുകളെ തിരഞ്ഞ്...

അസ്വസ്ഥതയുടെ അമ്പരപ്പ്,

അമ്മക്കണ്ണുകളെ തിരഞ്ഞു അനാഥമായി .

തൃപ്തിയോടെ കഴുകന്‍ കണ്ണുകള്‍ വേട്ട ആരംഭിക്കുകയും .

അമ്മക്കണ്ണു കാക്കാത്ത ,

അമ്മമനസു പൊതിയാത്ത ,

ജഡമായവള്‍

വളര്‍ന്നു വലുതാവുകയും.

 

അങ്ങനെയിരിക്കെ അവള്‍ക്കു മനസുണ്ടാകുകയും,

കഴുകനെ, കൂര്‍ത്തു മൂര്‍ത്ത നഖങ്ങളെ,

വളഞ്ഞു പുളഞ്ഞ കൊക്കുകളെ,

മാന്തിപ്പറിക്കുന്ന കണ്ണുകളെ,

വരിഞ്ഞുമുറുക്കുന്ന ചിറകുകളെ ,

തിരിച്ചറിയുകയും!

പിടഞ്ഞു കുതറുന്ന അവള്‍,

പകയോടെ വേദനയോടെ

ആര്‍ത്തലച്ചു,

തന്നെ കാക്കാത്ത അമ്മക്കണ്ണുകളെ

കൂരമ്പു പോലുള്ള കണ്ണുകള്‍ കൊണ്ട്

ചൂഴ്‌ന്നെടുക്കുകയും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com