ADVERTISEMENT

പൊട്ടിച്ചിരിച്ചും വാരിപ്പുണർന്നും

തെരുതെരെ കവിളിൽ മുത്തമിട്ടും

കൊഞ്ചിച്ചു കൊണ്ടമ്മയെന്നോടു ചൊല്ലി

ഓമലേ വരുന്നുണ്ട് നിന്റെയച്ഛൻ

 

 

നാളേറെയായി കൊതിക്കുന്നുണ്ടച്ഛനെ

നേരിലായ് കണ്ടു കഥ പറയാൻ

അച്ഛൻ വരുന്നേരം കൈ പിടിച്ചാ വഴി

നീളെ നടന്നു മൊഴിഞ്ഞിടേണം

 

 

കാവിലും പാടത്തും കളിപ്പാട്ടക്കടയിലും

അച്ഛനോടൊപ്പം പോയിടേണം

അച്ഛനെന്നൊപ്പമുണ്ടെങ്കിലാരും

കളി പറഞ്ഞെന്നെ കരയിക്കില്ല

 

 

മറ്റുള്ള കുട്ടികൾ വരും പോലെ ഞാനും

അച്ഛനെ കൂട്ടി സ്കൂളിലെത്തും

കൂട്ടുകാർക്കൊക്കെ കാട്ടിക്കൊടുക്കണം

പുത്തനുടുപ്പും സമ്മാനവും

 

 

തൊടിയിലെ മാവിന്റെ കൊമ്പത്തൊരു നല്ല

ഊഞ്ഞാലൊരുക്കി ആടിടേണം

അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം

കാഴ്ചകൾ കാണുവാൻ യാത്ര പോണം

 

 

ഇന്നലെ കേട്ടു പഠിച്ചൊരാ പാട്ടൊന്ന്

അച്ഛനെ പാടി കേൾപ്പിക്കണം

അച്ഛനടുത്തിന്നുണ്ടായിരുന്നെങ്കിൽ

കഥ പറഞ്ഞെന്നെ ഉറക്കിയേനെ

 

 

ഇനിയെത്ര നാൾകൾ ഞാൻ കാക്കണമമ്മേ

അച്ഛനെന്തേയിന്നും വരാത്തത്

ഇന്നലെക്കൂടി അച്ഛൻ പറഞ്ഞത്

എത്രയും പെട്ടെന്ന് വരാമെന്നല്ലേ

 

അച്ഛൻ വരാനുള്ള വിമാനമൊക്കെ

കൊറോണ കാരണം വൈകുമത്രേ

നെഞ്ചോടണച്ചിട്ട് അമ്മ തപിക്കുമ്പോൾ

പൈതലിൻ നെഞ്ചം വിതുമ്പിടുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com