sections
MORE

"പൊളിച്ച" കാഷ്യൂ ബിസിനസ്സ്

SHARE

കാഷ്യൂ ബിസിനസ്സ് ആകുമ്പോൾ  " പൊളിച്ച കാഷ്യൂന്റെ " ബിസിനസ്സ് തന്നെ ആണ് ലാഭം എന്നു ചിന്തിക്കാൻ വരട്ടെ ; ഇത് അതല്ല .

സൈക്കിൾ വാങ്ങിയ ശേഷം അടുത്ത വീട്ടിൽ പോകാൻ പോലും സൈക്കിൾ ഇല്ലാതെ പറ്റൂല്ല. അങ്ങനെയുള്ള ഞാൻ കാൽനടയായി അപ്പൂപ്പന്റെ വീടു വരെ പോകാൻ തുടങ്ങി . അങ്ങോട്ട്  മെയിൻ റോഡു വഴി ചെല്ലുന്ന ഞാൻ തിരിച്ചുവരുന്നത്  അപ്പൂപ്പന്റെ പറമ്പിൽ കൂടി കടന്നു ഷോർട്ട് കട്ട് 'അല്ലാത്ത' വഴിയിലൂടെ ആയി.  കൂടാതെ പപ്പ ദുബായിൽ നിന്നും കൊണ്ടു തന്ന വലിയ പോക്കറ്റുകൾ ഉള്ള രണ്ട് ത്രീ ഫോർത്ത് ട്രൗസറുകൾ ഞാൻ ഷർട്ടിന്റേയും ഫ്രോക്കിന്റെയും കൂടെ ഉപയോഗിക്കാനും തുടങ്ങി . ഇത്തരം മാറ്റങ്ങളുടെ പിന്നിലെ കാരണം ആദ്യം ഒന്നും ആർക്കും മനസ്സിലായില്ല.

കാരണം മറ്റൊന്നും ആയിരുന്നില്ല അപ്പൂപ്പന്റെ പറമ്പിന്റെ അങ്ങേ അറ്റം നിരന്നു നിൽക്കുന്ന എന്റെ സാമ്പത്തിക സ്രോതാവായ പറങ്കിമാവുകൾ ആയിരുന്നു. അപ്പൂപ്പന്റെ വീട്ടിൽ നിന്നു മടങ്ങുമ്പോൾ പറമ്പിലൂടെ കടന്നു താഴെ വീഴുന്ന പറങ്കിയണ്ടികൾ പെറുക്കി ട്രൗസറിന്റെ വലിയ പോക്കറ്റുകളിൽ നിറയ്ക്കും. എന്നിട്ട് പുള്ളിയുടെ തന്നെ കടയിൽ കൊണ്ടു ചെന്നു വിൽക്കുക എന്ന പുതിയ ബിസ്സിനസ് ഞാൻ തുടങ്ങി. 

ആദ്യ കച്ചവടം ഭംഗിയായി നടന്നു. കടയിൽ ചെന്നപ്പോൾ അമ്മൂമ്മ മാത്രമേ ഉള്ളൂ. തൂക്കം നോക്കി പൈസയും ഒപ്പം ഒരൽപം ശർക്കര കഷ്ണവും തന്നു അമ്മൂമ്മ  സ്നേഹം പ്രകടിപ്പിച്ചു. 

'പറങ്കിയണ്ടി സീസൻ കഴിഞ്ഞാൽ ട്രൗസർ കഴുകി മടക്കി അടുത്ത സീസണിലേക്ക് മാറ്റി മാറ്റി വയ്ക്കണം' വീട്ടിൽ ചെന്നു വഞ്ചിക്കുടുക്കയിൽ പണം ഇട്ടു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ ഓർത്തു. 

ഇതു കണ്ട്  വന്ന അമ്മ ചോദിച്ചു "ഇത്രേം പൈസയക്ക് ഉള്ളത് ഉണ്ടായിരുന്നോ ഈ പറമ്പിൽ? ഞാൻ ചെല്ലുമ്പോൾ ഒന്നും കിട്ടാറില്ല " എന്നു ഒരു ദീർഘ നിശ്വാസത്തോടെ അമ്മ പറഞ്ഞു. 

"അതിനു ഇതൊന്നും നമ്മുടെ പറമ്പിലെ അല്ല അപ്പൂപ്പന്റെ പറമ്പിലെ ആണ് " എന്നു പറയാൻ  തുടങ്ങിയതാ. പക്ഷെ പറഞ്ഞില്ല.

ഞാൻ ഓർത്തു എത്ര ആയാലും അപ്പൂപ്പന്റെ മോൾ അല്ലേ എന്നെ ഒറ്റിയാലോ, അല്ലെങ്കിൽ എന്റെ അച്ഛന്റെ മുതലിനു എനിക്കും അവകാശം ഉണ്ടെന്നു പറഞ്ഞു ഷെയർ ചോദിച്ചാലോ .വേണ്ട ,വെറുതെ എന്തിനു റിസ്ക് എടുക്കണം. എന്റെ  അപ്പൂപ്പന്റെ വക എന്റേതും കൂടിയല്ലേ. ഞങ്ങൾ അപ്പൂപ്പനും കൊച്ചുമകളും തമ്മിൽ ആയിക്കോളാം ഡീൽ. 

"അതെ, പെറുക്കാൻ പഠിക്കണം പെറുക്കാൻ": എന്നു മാത്രം അമ്മയെ ഉപദേശിച്ചു ഞാൻ ആ സംസാരം അവിടെ നിർത്തി. സാധാരണ ആഴ്ചയിൽ രണ്ട് മൂന്ന് തവണ സന്ദർശക ആയിരുന്ന ഞാൻ അപ്പൂപ്പന്റെ വീട്ടിലെ നിത്യ സന്ദർശക ആയി.  തികച്ചും സ്വാഭാവികം.

അടുത്ത കച്ചവടത്തിനുള്ള കളക്ഷൻ ആയപ്പോൾ ഞാൻ കശുവണ്ടി സഞ്ചിയും എടുത്ത് കടയിൽ ചെന്നു. അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടു കടയിൽ. ഞാൻ ചെന്നപ്പോൾ അമ്മൂമ്മയുടെ മുഖത്ത് ഒരു ഭാവമാറ്റം. 

പറങ്കിയണ്ടി വിൽക്കാൻ ആണ് വന്നത് എന്നു പറഞ്ഞപ്പോൾ അമ്മൂമ്മ എന്നെ വിളിച്ച് വരാന്തയിൽ കൊണ്ട് വന്ന് പറഞ്ഞു ''മോളു പോയിട്ട് നാളെ വാ" .അതൊരു മുന്നറിയിപ്പ് ആയി എനിക്ക് തോന്നിയതേ ഇല്ല . ഞാൻ ഇപ്പോൾ തന്നെ വിൽക്കണം എന്നു വാശിയായി. ഞങ്ങൾടെ സംസാരം കേട്ടുകൊണ്ട് അപ്പൂപ്പൻ കടയുടെ പുറത്തേക്ക് വന്നു എന്റെ കയ്യിൽ നിന്നും സഞ്ചി വാങ്ങി അകത്തേക്ക് പോയി ത്രാസിലേക്ക് കശുവണ്ടി കുടഞ്ഞ് ഇടുന്നത് വരെ എല്ലാം നോർമ്മൽ ആയിരുന്നു.പിന്നെ നോക്കുമ്പോൾ അപ്പൂപ്പൻ എന്തോ പരതുന്നു  . വെയിറ്റ് ഇടുന്ന ഇരുമ്പ് കട്ടിയാണേൽ പുള്ളിയുടെ മുന്നിൽ തന്നെ ഉണ്ട്. അപ്പോൾ അതല്ല. കൂട്ടത്തിൽ പുള്ളി ''ടീ, നീ അവളെ ഇങ്ങു പിടിച്ചേ " എന്നു അമ്മൂമ്മയോട് പറഞ്ഞ പോലെ  തോന്നി. അവിടെ ഡെയിഞ്ചർ സോൺ ആയി എന്നുറപ്പായ ഞാൻ സൈക്കിൾ എടുത്തു വീട്ടിലേക്ക് പാഞ്ഞു.

സൈക്കിൾ ചവിട്ടുമ്പോഴും വീട്ടിൽ എത്തി സിറ്റൗട്ടിൽ നിന്നു കിതയ്ക്കുമ്പോഴും എവിടെ , എന്താണ് പാളിയത് എന്നു മാത്രം ആയിരുന്നു ചിന്ത.

ആ ചിന്ത അമ്മൂമ്മയും അപ്പൂപ്പനും കട പൂട്ടി പോകുന്ന വഴി ചുമ്മാ മോൾടെ വീട്ടിൽ കൂടി  കയറി പോകാം എന്നു കരുതി അത്രേടം വരുന്നത് വരെ നീണ്ടു.

വന്നപ്പോഴേ ആഗമനോദ്യേശം എനിക്കു മനസ്സിലായി. 'അമ്മൂമ്മയോട് എനിക്ക് അറിയാവുന്ന രീതിയിൽ ''കരുണ'' രസം മുഖത്തു വരുത്തി ആംഗ്യത്തിലൂടെ  കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്  "അരുത്  . അമ്മുമ്മേ പറയരുത് " എന്ന്. അമ്മൂമ്മ അതിന്റെ റിഫ്ലക്ഷൻ എന്നോണം അപ്പൂപ്പനെ ഇടയ്ക്ക് നോക്കുന്നുണ്ട്. അപ്പൂപ്പൻ '  രസവും സാമ്പാറും  'ഒന്നും ബാധകമല്ല എന്ന മട്ടിൽ അവിടെ ഇരുന്നു. പറഞ്ഞിട്ട് കാര്യമില്ല ആ മുഖത്ത് എപ്പോളും ഒരു രസമേ ഉള്ളൂ ; "ഒരു മാതിരി " ഒരു  രസം.

"നിന്റെ മോൾ ഇന്ന് എന്റെ പറമ്പിലെ  കശുവണ്ടി എന്റെ അടുത്ത് തന്നെ വിൽക്കാൻ കൊണ്ടുവന്നു " അപ്പൂപ്പൻ പറഞ്ഞു. അമ്മ എന്നെ ഒന്നു നോക്കി. ''ഇവരു പോകട്ടെ നിനക്കു തരുന്നുണ്ട് " എന്നു തന്നെയാണ് അതിന്റെ അർത്ഥം.  പിന്നെ അവിടെ ചർച്ചയോട് ചർച്ച. ഇതിനൊക്കെ എന്തിനാണ് ഇത്ര പറയാൻ. കുറച്ച് പറങ്കിയണ്ടി തന്നയല്ലോ. അമ്മയുടെ ഞെട്ടലും അപ്പൂപ്പന്റെ മട്ടും കണ്ടാൽ ഞാൻ ചന്ദനത്തടി കടത്തിയതു പോലെ തോന്നും. പുള്ളിയുടെ പറമ്പിലെ സാധനം സ്വന്തം കടയിൽ തന്നെ കൊണ്ടു കൊടുക്കാൻ കാണിച്ച എന്റെ വലിയ മനസ്സ് ആരും കണ്ടില്ല.

 സഹികെട്ട്  ഞാൻ ചോദിച്ചു "എനിക്ക് വേണേൽ അതു വേറൊരു കടയിൽ കച്ചവടം ആക്കാമായിരുന്നു. അതു ഞാൻ ചെയ്തില്ലല്ലോ . എന്നിട്ട്  പെറുക്ക് കൂലി , ചുമട്ട്  കൂലി ഒന്നും തരാതെ സഞ്ചിയോടെ വാങ്ങി കടയിൽ വച്ചിട്ട് ഇപ്പോൾ എനിക്കിട്ട് ബാക്കി പണി കൂടി തരാൻ വന്നേക്കുവാണോ?''

 ഇത് കേട്ട് അമ്മൂമ്മ മാത്രം പൊട്ടിച്ചിരിച്ചു. ''നീ വേറെ കടയിൽ കൊണ്ടു പോയിരുന്നെങ്കിൽ ഇത് ആരും അറിയില്ലായിരുന്നു " . ഇതും പറഞ്ഞു അവർ പോകാൻ ഇറങ്ങി.

"എന്നാലും അത് അപ്പൂപ്പന് എങ്ങനെ മനസ്സിലായി " ആകാംക്ഷ അടക്കാൻ വയ്യാതെ ഞാൻ ഗേറ്റു വരെ ഒപ്പം ചെന്നു പതുക്കെ ചോദിച്ചു. അമ്മുമ്മയാണു മറുപടി പറഞ്ഞത്.

പറമ്പിന്റെ അറ്റത്തു നിൽക്കുന്ന പറങ്കി മാവുകൾ ഏതോ പ്രത്യേക ഇനത്തിൽ പെട്ടതു ആണത്രെ. " അതിൽ ഉണ്ടാകുന്ന കശുവണ്ടികൾക്ക് നല്ല നിറം ഉണ്ടാകും , പിന്നെ കുത്തുകളോ പാടുകളോ ഉണ്ടാകാറില്ല. അത്തരം ഇനം ഇവിടെ അടുത്ത് വേറെ എങ്ങും ഇല്ലതാനും ".

 സിംപിൾ . അപ്പോൾ അതാണ് കാര്യം.

ഉടനെ തന്നെ ഞാൻ ചോദിച്ചു " അപ്പോൾ അവിടുത്തെ പറമ്പിൽ നിൽക്കുന്ന ബാക്കി കശുമാവുകൾ നാട്ടിൽ സാധാരണ കാണുന്ന ഇനം ആണ് അല്ലേ.? "

ചുമ്മാ ഒരു സംശയ നിവാരണാർത്ഥം ചോദിച്ചുന്നേ ഉള്ളു . അപ്പോൾ അപ്പൂപ്പന്റെ മുഖത്തു മിന്നിമറഞ്ഞ രസം എന്നാണെന്നു വെളിച്ച കുറവ് കാരണം കാണാൻ കഴിഞ്ഞല്ലെങ്കിലും ഞാൻ ഊഹിച്ചു. 

എന്തായാലും അതിനു  ശേഷം ഞാൻ അപ്പൂപ്പന്റെ വീട്ടിൽ പോയി തിരിച്ചു ഇറങ്ങിയാൽ പുള്ളി എന്നോടൊപ്പം മുറ്റത്തിറങ്ങി ഞാൻ മെയിൻ റോഡിൽ കയറി കൺവെട്ടത്തു നിന്നും മായുന്നവരെ നോക്കി നിൽക്കും.  ഞാൻ എന്റെ കശുവണ്ടി ബിസിനസ്സ്  അന്നേ ക്ലോസ് ഡൗൺ ചെയ്തെങ്കിലും ( പുള്ളി പൊളിച്ചു എന്നു പറയുന്നതാവും സത്യം); രണ്ട് മൂന്ന് കശുവണ്ടി  സീസണുകൾ കൂടി അപ്പുപ്പൻ എന്നെ യാത്രയാക്കുന്ന ഈ പതിവു തുടർന്നു. കാരണം ഞാൻ അന്നു  മറ്റു പറങ്കിമാവുകളെ പറ്റി നടത്തിയ എൻക്വയറി പുളളിയുടെ മനസ്സിൽ തറഞ്ഞിരുന്നു. 

എന്തായാലും  ഇത്തരം യാത്രയയ്പ് രംഗങ്ങൾക്ക് സാക്ഷിയായ  നാട്ടുകാരും ബന്ധുക്കളും പറഞ്ഞു " കണ്ടില്ലേ അപ്പൂപ്പനു കൊച്ചു മോളോട് ഉള്ള കരുതൽ  ".

പുള്ളിക്ക് പറമ്പിലെ കശുവണ്ടിയോടുള്ള കരുതൽ ആണ് എന്ന് അവർക്കറിയില്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA