sections
MORE

ആഴക്കടല്‍ മീന്‍പിടിത്തവും കബളിക്കപ്പെടുന്ന പ്രവാസികളും

Rahul Gandhi
SHARE

കേന്ദ്രഗവണ്‍മെന്‍റും കേരളഗവണ്മെന്‍റും കാലാകാലങ്ങളില്‍ ഇന്ത്യയിലും കേരളത്തിലും മുതല്‍മുടക്കി വിവിധ വ്യവസായ സംരംഭങ്ങള്‍ പ്രവാസികള്‍ക്ക് തുടങ്ങാനാണെന്നും കൊട്ടിഘോഷിച്ച് നിക്ഷേപസൗഹൃദ സിമ്പോസിയങ്ങള്‍ നടത്താറുണ്ട്. അതുപോലെ അവിടുത്തെ ഭരണമേധാവികളും രാഷ്ട്രീയക്കാരും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പല പ്രവാസികളും, ചോട്ടാ, ബഡാ മെഗാസംഘടനക്കാരും അവരെ എയര്‍പോര്‍ട്ടു മുതല്‍ പൊക്കിയെടുത്ത് തോളിലേറ്റി കൂടെനിന്ന് വിവിധ പോസുകളില്‍ ഫോട്ടോയെടുത്ത് മീഡിയായിലിട്ടു സ്വപ്നസായൂജ്യമനുഭവിക്കാറുണ്ട്. തുടര്‍ന്നങ്ങോട്ടുള്ള പ്രവാസി സ്വീകരണയോഗങ്ങളില്‍ കേരളത്തെയും ഇന്ത്യയെയും സഹായിക്കേണ്ടതിന്‍റെ ആവശ്യകത പ്രവാസിക്ഷേമപദ്ധതികള്‍, നാട്ടില്‍ തുടങ്ങാവുന്ന, മുതല്‍മുടക്കാവുന്ന വ്യവസായ പദ്ധതികളെപ്പറ്റിയുള്ള ഒരു പെരുമഴ പ്രസംഗമാകും അരങ്ങേറുക. ഇത്തരം സുന്ദര മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി, കുടുങ്ങി, നിക്ഷേപങ്ങളോ, വ്യവസായസംരംഭങ്ങളൊ തുടങ്ങിയവര്‍ക്ക് അധികവും ചതിക്കുഴികളുടെയോ, നഷ്ടങ്ങളുടെയോ, മാനഹാനികളുടെയോ കഥകളായിരിക്കും പറയാനുണ്ടാകുക.

നാട്ടില്‍പോയി കഷ്ടപ്പെട്ട് ശിപായ്മാര്‍ മുതല്‍ മന്ത്രിമാര്‍വരെ ചെറുതും വലുതുമായ കൈക്കൂലികള്‍ നല്‍കി അതിനായി സാധ്യതാപത്രമോ, പെര്‍മിറ്റോ, ലൈസൻസോ കരസ്ഥമാക്കിയെന്നിരിക്കട്ടെ. യാഥാർഥ്യത്തോട് അടുക്കുമ്പോഴല്ലേ തങ്ങള്‍ ഒരർഥത്തില്‍ കബളിക്കപ്പെടുകയാണെന്നറിയുക. രേഖയില്ലാതെ നിങ്ങള്‍ കൊടുത്ത കൈക്കൂലിയും പോകും രേഖയോടെ നിങ്ങള്‍ ചെലവാക്കിയ തുകയും സാധ്യതാ പത്രങ്ങളും, പെര്‍മിറ്റും, ലൈസന്‍സുകളും നിങ്ങള്‍ കൂടെ നിന്നെടുത്ത ഫോട്ടോകളും, വിഡിയോകളും എല്ലാം ആഴക്കടലില്‍ മുങ്ങിപ്പോകും. അവസാനം മുതല്‍മുടക്കി സംരംഭത്തിനിറങ്ങിയ നിങ്ങള്‍ തന്നെ കുറ്റക്കാരനാകും. കടക്കെണിയില്‍ മാത്രമല്ലാതെ നിക്ഷേപസൗഹൃദ ആഴക്കടലില്‍തന്നെ പാവം പ്രവാസി മുങ്ങിപോകും. നിങ്ങളെ ഈ വ്യവസായത്തിലേക്ക് ആകര്‍ഷിച്ച മന്ത്രിമാരും അവരുടെ പിണിയാളുകളും, രാഷ്ട്രീയക്കാരും, ഭരണപക്ഷ-പ്രതിപക്ഷക്കാരും നിങ്ങള്‍ക്കെതിരെ കൈചൂണ്ടുും, പരസ്പരം കൈചൂണ്ടും, പരസ്പരം കൈകഴുകും. ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ ചാടിയും ഉരുണ്ടും കളിക്കും. പ്രവാസിയുടെ സത്യത്തിന്‍റെ നീതിയുടെ കൂടെ നില്‍ക്കേണ്ട നിങ്ങളുടെ സ്വന്തം സംഘടനക്കാര്‍പോലും നിങ്ങളെ കൈയ്യൊഴിയും മാറ്റി നിര്‍ത്തും. എന്താ ശരിയല്ലേ? എന്നും കുറച്ചൊക്കെ ശരിയുടെ ഭാഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഈ ലേഖകനോടു പരിഭവം തോന്നിയിട്ടുകാര്യമില്ല. കേട്ടിടത്തോളം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം. ഇഎംസിസി എന്ന അമേരിക്കന്‍ പ്രവാസി കമ്പനിക്ക് കേരളത്തില്‍ നേരിടേണ്ടിവന്ന ദുരവസ്ഥ കൂടുതല്‍ വിവരിച്ച്  ലേഖനം ദീര്‍ഘിപ്പിക്കേണ്ടതില്ലല്ലോ. സത്യസന്ധതയോ നീതിനിഷ്ഠയോ മനസാക്ഷിയോ ഇല്ലാത്ത രീതിയില്‍ മുഖ്യമന്ത്രിയടക്കം ചില മന്ത്രിമാരുടെ മലക്കംമറിച്ചില്‍ ചാടിക്കളി അവരുടെ ഓരോ കല്ലുവച്ചനുണകളും നീതികരിക്കാനുള്ള തത്രപ്പാട് തൊലിക്കട്ടി അപാരം തന്നെ.

rahul-gandhi-kollam

കേരളത്തിലെ മത്സ്യതൊഴിലാളികളുടെ  ഉപജീവനമാര്‍ഗ്ഗത്തെ ഹനിക്കുന്ന ഒരു വ്യവസായവും പദ്ധതിയും അവിടെ വേണ്ടാ, സമ്മതിക്കുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ പറയുന്ന, വ്യാഖ്യാനിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ ബൂര്‍ഷ്വാ കമ്പനി അവിടെ ആക്രമിപ്പിച്ച് ബലമായി സ്ഥാപിക്കുന്ന ഒരു സംരംഭമല്ലല്ലോ പ്ലാനിട്ടത്. ഈ പറയുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥരും ക്ഷണിച്ചുവരുത്തി അവര്‍ കണ്ടു പഠിച്ചിട്ടല്ലേ സാധ്യതാ പത്രത്തില്‍ ഒപ്പിട്ടുവച്ചത്? അവര്‍ തന്നെയല്ലെ ആലപ്പുഴ പളളിപ്പുറത്ത് ഇഎംസിസിക്ക് സ്ഥലം നല്‍കിയത്? ധാരണാപത്രങ്ങള്‍ മന്ത്രിമാരും കണ്ടതാണ്. മന്ത്രിമാരുടെ കീഴില്‍ തന്നെയുള്ള അധികാരമുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടിയാണ് പത്രങ്ങളില്‍ ഒപ്പിട്ടത്. ഈ ഉദ്യോഗസ്ഥരുടെമേല്‍ പഴിചാരി മുഖ്യമന്ത്രിയും മന്ത്രിമാരും കൈകഴുകി രക്ഷപെടാന്‍ ശ്രമിക്കുന്നത് നീതിക്കു നിരക്കാത്തതാണ്. ഇത് ഉദ്യോഗസ്ഥരുടെ തെറ്റാണെങ്കില്‍ അവരെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്ത മന്ത്രിമാര്‍ ആരായാലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല. പതിവായി ഇത്തരം പഴിചാരല്‍ കാണുന്നു, കേള്‍ക്കുന്നു. എം. ശിവശങ്കറിന്‍റെ കാര്യത്തില്‍, സ്വപ്ന സുരേഷിന്‍റെ കാര്യത്തില്‍ ഇപ്രകാരം അനേകം ചെറുതും വലുതുമായ അറിയില്ല, കേട്ടില്ല, അതവരുടെ കുറ്റമാണ്. ഇതാ അവരെ നീക്കി സസ്പെന്‍റ് ചെയ്ത് നീക്കി, പദ്ധതി റദ്ദാക്കി എന്നൊക്കെ കേള്‍ക്കുന്നതാണ്. പ്രതിപക്ഷമോ അന്വേഷണ ഏജന്‍സികളൊ ഇത്തരം പിഴവുകള്‍ കണ്ടുപിടിക്കുമ്പോഴാണ് മന്ത്രിമാരുടെ കള്ളങ്ങളുടെ പെരുമഴ, പിടിച്ചുനില്‍ക്കാനുള്ള ഉരുണ്ടുകളി. അവരുടെ ഒക്കെ കഴിവില്ലാത്ത വാദമുഖങ്ങള്‍ക്കും അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, ധൂര്‍ത്തിനും കൂട്ടു നില്‍ക്കാത്ത ജേക്കബ് തോമസിനെപോലെയുള്ള ഉദ്യോഗസ്ഥരെ രായ്ക്കുരാമാനും സ്ഥലംമാറ്റും, വാക്കത്തി നിര്‍മ്മാണ വകുപ്പിലേക്കു സ്ഥലം മാറ്റും.

ഈ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതികളെപറ്റിയോ അതിനായി ആവിഷ്കരിക്കുന്ന നവീന യന്ത്രവല്‍കൃതയാനങ്ങളെപ്പറ്റിയൊ അതുവഴി പിടിച്ച് വിറ്റഴിയ്ക്കപ്പെടുന്ന മത്സ്യവ്യാപാരം വഴി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും ഗവണ്‍മെന്‍റിനും ഉണ്ടാകുന്ന ലാഭനഷ്ടങ്ങളെപ്പറ്റി പഠിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്ന സര്‍ക്കാരിനു തന്നെയാണ്. പ്രളയകാലത്തു കേരളത്തിന്‍റെ രക്ഷകരായെത്തിയ ആ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെ ഒരു തരത്തിലും വഴിമുട്ടിക്കാതെ അവര്‍ക്കുകൂടെ ഏറ്റം ഗുണകരമായ രീതികള്‍ പ്രതിപക്ഷവുമായി ആലോചിച്ച് ഏറ്റവും സുതാര്യമായ രീതിയില്‍ വേണമായിരുന്നു ഈ രംഗത്തു ആഴക്കടല്‍ യന്ത്രവല്‍കൃത മത്സ്യബന്ധന സാധൃതാകരാറുകള്‍ ഒപ്പിടാനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ആലോചിക്കാനും. അപ്രകാരമുള്ള ഒരു പ്രോസസ് അല്ലായെന്ന് അതവിടത്തെപ്രതിപക്ഷമാണ് കണ്ടുപിടിച്ചത്. അക്കാര്യത്തില്‍ പ്രതിപക്ഷം അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഒരു സദുദ്ദേശ്യത്തോടെ എന്നപോലെ ഭരിക്കുന്ന കക്ഷിയുടെയും ഗവണ്‍മെന്‍റിന്‍റെയും കെണിയില്‍ വീണ ഇഎംസിസിയോ അതിന്‍റെ സാരഥികളായ ഷിജു വര്‍ഗ്ഗീസോ, ജോസ് ഏബ്രഹാമോ, തെറ്റുകാരാണെന്നു വ്യാഖ്യാനിയ്ക്കാന്‍ സാധിക്കുകയില്ല. അന്ധമായി രാഷ്ട്രീയക്കാരെയും ഭരിക്കുന്ന സര്‍ക്കാരിനെയും വിശ്വസിച്ച് വഞ്ചിതരായ കുറച്ചു മാനഹാനിയും സംഭവിച്ച പ്രവാസികളായി അവര്‍ മാറി. 

Rahul-Gandhi-8

പിന്നെ ഇഎംസിസി എന്ന കമ്പനിയുടെ വിശ്വാസതയെപറ്റി ഇപ്പോള്‍ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? സാധ്യതാപത്രം ഒപ്പിടുന്നതിനുമുമ്പ് അതിനെപറ്റി ചെക്ക് ചെയ്താല്‍ പഠിക്കാന്‍ ഇന്ത്യയിലും, യുഎസിലും എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു. യുഎസ് ഗവണ്‍മെന്‍റില്‍ തന്നെ ബെറ്റര്‍ ബിസിനസ് ബ്യൂറോകള്‍, ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവയില്ലെ? ആകട്ടെ ഇതുവരെ എന്തെങ്കിലും സാധ്യതാകരാറു വ്യവസ്ഥകളില്‍ അവര്‍ ലംഘനം നടത്തിയിട്ടുണ്ടോ? അഥവാ ആവശ്യമായ സ്രോതസോ, വിഭവശേഷിയോ സാങ്കേതിക മികവോ ഇല്ലാത്ത കമ്പനിയാണെങ്കില്‍ എന്തുകൊണ്ട്  ഒരു ടെണ്ടര്‍ പോലും വിളിക്കാതെ, സുതാര്യതയില്ലാതെ ഈ കമ്പനിയുടെ കെണിയില്‍ കേരളാ ഉദ്യോഗസ്ഥരും മന്ത്രിമാരും വീണു? വീണെങ്കില്‍ അതിന്‍റെ പഴിയും ഉത്തരവാദിത്തവും അവര്‍ തന്നെ ഏറ്റെടുക്കണം. അല്ലാതെ  മറ്റു പ്രവാസികളുടെയും പ്രതിപക്ഷത്തിന്‍റെയും മറ്റും തലയില്‍ കെട്ടിവെച്ച് തടി ഊരുകയല്ലാ വേണ്ടത്. ഈ മന്ത്രിമാരെ പഠിപ്പിക്കാനും ഉപദേശിക്കാനും പല ശാഖയില്‍നിന്നും ഖജനാവില്‍നിന്നും ശമ്പളം കൊടുത്തും അല്ലാതെയും ഒരു വലിയ പട സ്വദേശത്തും വിദേശത്തുമുണ്ടല്ലൊ? ലോകകേരള സഭ വേറേയുമുണ്ടല്ലോ?

അങ്ങനെയെങ്കില്‍ ഇഎംസിസി വിഷയത്തിലെന്നപോലെ നാട്ടിലെ ഗവണ്‍മെന്‍റില്‍ നിന്നോ, ആളുകളില്‍ നിന്നോ ന്യായവിരുദ്ധമായി അനുഭവിക്കേണ്ടിവരുന്ന നൂലാമാലകളില്‍ നിന്ന് അവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ ഈ ലോകകേരള സഭ അംഗങ്ങള്‍, ലോകകേരള  എം.പിമാര്‍ ശ്രമിക്കേണ്ടതല്ലേ? അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയോ, ചായ്വോ മറന്ന് പ്രവാസിയുടെ നീതിയുടെയോ സത്യത്തിന്‍റെയോ കൂടെയല്ലെ നില്‍ക്കേണ്ടത്? ഇത്തരം കയ്പേറിയ അനുഭവങ്ങള്‍ ഒരു പ്രവാസിയായ നിങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയില്‍ നിന്നുണ്ടായിക്കൂടെന്നില്ലാ. എന്നാല്‍ അന്യായത്തിനായി ഒരു പ്രവാസിയുടെയും കൂടെ നമ്മള്‍ നില്‍ക്കാനും പാടില്ല. 

rahul-gandhi

ഈ കൊറോണ കാലത്തെ വെര്‍ച്വല്‍, മീറ്റിംഗുകളില്‍ നാട്ടിലെ രാഷ്ട്രീയക്കാരുടെ, പിന്നെ മറ്റു ചില സ്ഥിരം നേതാക്കളുടെ തള്ളികയറ്റം മാത്രമാണ് കാണുന്നത്. ഇത്തരം വെര്‍ച്വല്‍ മീറ്റിംഗുകളില്‍ നാട്ടില്‍ നിന്നെത്തുന്ന ഇത്തരം മന്ത്രി–നേതാക്കളെ നന്നായി സുഖിപ്പിച്ചുതന്നെ ഇവിടുത്തെ നേതാക്കള്‍ സംസാരിക്കുന്നു. അവര്‍ക്ക് ഇഷ്ടമുളള ചോദ്യങ്ങള്‍ മാത്രം ഇഷ്ടക്കാരെകൊണ്ടു ചോദിപ്പിക്കുന്നു. അല്ലാത്തവരെ അവഗണിക്കുന്നു. നാട്ടിലെ സെലിലിബ്രിറ്റികളുടെ സമയവും, സൗകര്യവും മാത്രം അനുസരിച്ചിവിടെ ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും വക്കുന്നു. ഇത് മാറണം. പ്രവാസികളും നാടിന്‍റെ നട്ടെല്ലുകള്‍ തന്നെയാണ്. നാട്ടിലെ സെലിബ്രിറ്റികളെ വിളിച്ച് ഉദ്ഘാടിയ്ക്കണമെന്താണിത്ര നിര്‍ബന്ധം?

ഇഎംസിസി വിഷയത്തില്‍ എന്നപോലെ ചെറുതും വലുതുമായ എന്തെല്ലാം പ്രശ്നങ്ങള്‍ നിങ്ങളുടെ നാട്ടിലെ പ്രോപര്‍ട്ടി, മറ്റു സന്ദര്‍ശന ജീവിത വിഷയങ്ങളില്‍ ഉണ്ടായിട്ടില്ലെ? ഉണ്ടാകുന്നില്ലെ? ഇപ്പോള്‍കേള്‍ക്കുന്നു നമ്മള്‍ കാശു മുടക്കി അനേകം ഹിമാലയന്‍ കടമ്പകളും കടന്നു നേടിയെടുത്ത ഒസിഐ കാര്‍ഡ് വലിയ വിലയില്ലാത്ത ഒന്നായി ബിജെപി സര്‍ക്കാര്‍മാറ്റിയെന്ന്. കൂടുതല്‍ പിന്നാലെ എഴുതാം. വിസ്താര ഭയത്താല്‍ നിര്‍ത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA