ADVERTISEMENT

ഒരു വെള്ളിയാഴ്ച അവധി ദിവസത്തിന്റെ സുഖത്തിൽ മയങ്ങുകയായിരുന്ന നിതിൻ നിർത്താതെ അടിക്കുന്ന മൊബൈലിന്റെ ബെൽ കേട്ടാണ് കണ്ണ് തുറന്നത്.  സമയം നോക്കിയപ്പോൾ ഏഴു ആകുന്നെ ഉള്ളു, ആലസ്യം വിട്ടു മാറാതെ ആരായിരിക്കും ഇത്ര രാവിലെ എന്ന് ചിന്തിച്ച് ഫോൺ നോക്കിയപ്പോൾ കണ്ടത് കൂടെ ജോലി ചെയ്യുന്ന ഷബീറിന്റെ നമ്പർ ആണ്.

"ഹലോ, എന്താടാ ഷബി രാവിലെ?"

"എടാ നിതി....." ഷബീറിന്റെ ശബ്ദം ഇടറുന്നത് മനസിലാക്കിയ നിതിൻ, "എന്താടാ?, കാര്യം പറയെടാ".

"നിതി....നമ്മുടെ ജോസേട്ടൻ പോയെടാ."

"ജോസേട്ടൻ പോയെന്നോ, എങ്ങട്?, ഇന്നലെ രാത്രി കിടക്കുന്നെന് മുന്നേ കൂടി വിളിച്ചിട്ടേ ഉള്ളു, ഇത്ര പെട്ടെന്ന് എവിടെ പോവാൻ?"

"എടാ, രാത്രി ഉറങ്ങാൻ കിടന്ന ജോസേട്ടൻ പിന്നെ എണീറ്റില്ല, കാർഡിയാക് അറസ്റ്റ് ആയിരുന്നു, പോയെടാ, ജോസേട്ടൻ പോയി"..ഫോണിന്റെ അങ്ങേത്തലക്കൽ കരയുകയായിരുന്നു ഷബീർ.

ഒരു മരവിപ്പോടെ ഫോൺ കട്ടിലിലേക്കിട്ട് നിതിൻ തളർന്നിരുന്നു, ജോസേട്ടൻ പോയെന്ന്, ഒന്ന് അലറിക്കരയണമെന്ന് തോന്നി അവന്.

ജോസഫ് ചാക്കോ പെരുവയൽ, കോഴിക്കോടുകാരൻ, തനിക്കും എല്ലാവർക്കും ജോസേട്ടൻ, പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപേ ഇരുപതിനാലാമത്തെ വയസ്സിൽ ഷാർജയിൽ ആദ്യമായി വിമാനം ഇറങ്ങുമ്പോൾ തന്നെ കൂട്ടി കൊണ്ട് വരാൻ കമ്പനിയിൽ നിന്നയച്ചത് അവിടെ പി ആർ ഓ ആയി ജോലി ചെയ്യുന്ന ജോസേട്ടനെയായിരുന്നു, അന്ന് തൊട്ടു തുടങ്ങിയ ബന്ധമാണ് തങ്ങളുടേത്.

"ഞാൻ ജോസഫ്, കോഴിക്കോടുകാരൻ ആണ്, എല്ലാവരും എന്നെ ജോസേട്ടൻ എന്നാണ് വിളിക്കുന്നെ..നിതിന്റെ വീട് തിരുവനന്തപുരത്തല്ലേ?, ഞാനിവിടെ വന്നിട്ടു ഈ ഡിസംബറിൽ ഇരുപത്തിരണ്ട് കൊല്ലമാകും, നിതിന്റെ ഈ പ്രായത്തിൽ ഞാനിവിടെ വന്നതാണ്, ഓരോ കൊല്ലവും വിചാരിക്കും അടുത്ത കൊല്ലം മതിയാക്കി നാട്ടിൽ പോണമെന്ന് നടക്കണില്ല നിതി മോനെ, അല്ല ഞാൻ അങ്ങനെ വിളിക്കണതിൽ കുഴപ്പമില്ലല്ലോ അല്ലെ."

"ഒരു കുഴപ്പവുമില്ല ജോസേട്ടാ".

ജോസേട്ടന്റെ ആ സ്നേഹത്തോടെയുള്ള സംസാരത്തിൽ താൻ അപ്പോഴേ അടിമപ്പെട്ടിരുന്നു, അന്ന് തൊട്ടു താൻ അദ്ദേഹത്തിന് നിതി മോനായിരുന്നു, തന്നെ ഏറെ പ്രിയവുമായിരുന്നു.  ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുമ്പോൾ തനിക്ക് മാത്രമായി ബീഫ് വരട്ടിയതും, ചമ്മന്തിപൊടിയും, കൊണ്ടാട്ടങ്ങളും, കോഴിക്കോടത്തെ മധുരപലഹാരങ്ങളും ഒക്കെ കൊണ്ട് വരുമായിരുന്നു, എല്ലാം ജോസേട്ടന്റെ ഭാര്യ സെലീന ചേച്ചിയെ കൊണ്ട് ഉണ്ടാക്കിക്കുന്നത്.  താൻ നാട്ടിൽ പോകുമ്പോൾ എയർപോർട്ടിൽ കൊണ്ടാക്കുന്നതും തിരിച്ചു വിളിക്കാൻ വരുന്നതും ജോസേട്ടനായിരിക്കും, തിരിച്ചും അങ്ങനെ തന്നെയായിരുന്നു.  അത് ഒരു അവകാശമായി തങ്ങൾ രണ്ടു പേരും സ്ഥാപിച്ചെടുത്തിട്ടുണ്ടായിരുന്നു.

ജോസേട്ടനെ വിളിക്കാൻ പോകുമ്പോൾ കാറിൽ കയറുന്നതിന് മുൻപേ തനിക്കുള്ള സാധങ്ങൾ എല്ലാം തന്നെ ഏല്പിക്കും, "മോനെ നിതി, നീയ് ഇതങ്ങ്  നിന്റെ റൂമിൽ കൊണ്ട് വെച്ചോ, എല്ലാവരും കൈയിട്ടു വാരിയാൽ പിന്നെ നിനക്ക് കിട്ടില്ല."

വന്നു നാല് കൊല്ലങ്ങൾക്ക്‌ ശേഷം വേറെ നല്ല കമ്പനിയിലോട്ട് തനിക്ക് മാറ്റം കിട്ടിയെങ്കിലും ജോസേട്ടനുമായുള്ള അടുപ്പത്തിന്റെ ആഴം കൂടിയതേ ഉള്ളു.

ജോസേട്ടന് ഒരു മോളും ഒരു മോനും ആണ്.  കഴിഞ്ഞ കൊല്ലം മോളുടെ കല്യാണം കഴിഞ്ഞു.  താനിവിടെ വരുമ്പോൾ മോൾക്ക് വയസ്സ് പന്ത്രണ്ടും മോന് എട്ടും ആയിരുന്നു.  മോളുടെ കല്യാണത്തോടെ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ പോയതാണ് അദ്ദേഹം.  പക്ഷെ കല്യാണവും അത് കഴിഞ്ഞുള്ള ചിലവും കൈയിൽ ഒതുങ്ങാതെ ആയപ്പോൾ ഒരിക്കൽ തന്നെ വിളിച്ചു, "മോനെ നിതിയേ, ഞാൻ ഒരു വട്ടം കൂടി വരാമെന്നു വിചാരിക്കുവാടാ, ഇവിടെ നിന്നിട്ട് ഒന്നും ശരിയാവണില്ല, കല്യാണ ചിലവ് വിചാരിച്ച പോലെ നിന്നില്ല, ഇവിടെ എന്തെങ്കിലും ചെയ്ത് അതൊക്കെ വീട്ടാമെന്നു വിചാരിച്ചാൽ എത്ര കൊല്ലം എടുക്കുമെന്ന് വെച്ചാ?"

"അത് വേണോ ജോസേട്ടാ?, ഇനിയും വന്നാൽ വിചാരിച്ച പോലെ രണ്ട് കൊല്ലത്തിനകത്ത് തിരിച്ചു പോകാൻ കഴിയുമോ നിങ്ങക്ക്, ഒന്ന് കൂടി ആലോചിച്ചിട്ട് അവിടെ തന്നെ നിൽക്കുന്നതല്ലേ നല്ലത്?"

"നിൽക്കണമെന്ന് നമ്മൾ മാത്രം ആഗ്രഹിച്ചാൽ മതിയോടാ?, നമ്മൾ സ്നേഹിക്കുന്നവർ കൂടി ആഗ്രഹിക്കണ്ടേ നിതി മോനെ?, സെലി പറയുന്നത് മോന് പത്തൊൻപത് വയസ്സല്ലേ ആയുള്ളൂ, അവൻ ഒരു കര പിടിക്കട്ടെ, നിങ്ങളൊരു രണ്ട് കൊല്ലം കൂടി നിന്നിട്ട് വാ എന്നാണ്, ഓർത്തപ്പോ ശരിയാണെന്നു തോന്നുന്നു, കമ്പനിയിൽ വിളിച്ചപ്പോ വിസ തരാമെന്നു പറഞ്ഞിട്ടുണ്ട്."

"ശരി, ജോസേട്ടൻ വാ, ടിക്കറ്റ് ഞാനെടുക്കാം, തീയതി അറിയിച്ചാ മതി."

ഇവിടെ നിന്ന പന്ത്രണ്ടു കൊല്ലവും ജോസേട്ടൻ ആയിരുന്നു തനിക്കെല്ലാം.  കുഞ്ഞിലേ അച്ഛനെ നഷ്ടപ്പെട്ട തനിക്ക് അദ്ദേഹം മിക്കപ്പോഴും അച്ഛന്റെ സ്ഥാനത്തായിരുന്നു, ചിലപ്പോൾ ഒരു വലിയേട്ടനെ പോലെ അല്ലെങ്കിൽ കൂട്ടുകാരനെ പോലെയും. ഷാർജയിൽ താൻ ആദ്യമായി വന്നതിന്റെ അടുത്ത കൊല്ലമായിരുന്നു ചേച്ചിയുടെ കല്യാണം, അന്ന് ലോൺ എടുക്കാൻ തന്റെ സാലറി ലിമിറ്റ് അനുവദിക്കാതിരുന്നപ്പോൾ എന്ത് ചെയ്യുമെന്നോർത്ത് സങ്കടപ്പെട്ടിരുന്ന തനിക്ക് സ്വന്തം സാലറി സർട്ടിഫിക്കറ്റ് വെച്ച് ഒരു ഗ്യാരണ്ടീയും ചോദിക്കാതെ ലോൺ എടുത്ത് തന്ന ആളാണ് ജോസേട്ടൻ, അന്ന് പറഞ്ഞു, "നിന്നെ എനിക്ക് വിശ്വാസമാടാ നിതി മോനെ, നീയ് കുടുംബസ്നേഹമുള്ളവനാ".  പിന്നീട് വീട് പണിതപ്പോഴും തൻ്റെ കല്യാണ സമയത്തുമൊക്കെ അദ്ദേഹത്തിന്റെ വിലയേറിയ ഉപദേശങ്ങൾ തനിക്കു താങ്ങായിട്ടുണ്ട്.

തൻ്റെ കല്യാണത്തിന് നാട്ടിൽ പോകുന്നതിന്റെ തലേന്ന് ജോസേട്ടൻ പറഞ്ഞു, "മോനെ നിതി, എന്റെ മോള് കുറച്ചു കൂടി വലുതായിരുന്നെങ്കിൽ ഞാൻ നിന്നെക്കൊണ്ട് തന്നെ കെട്ടിക്കുമായിരുന്നു അവളെ, ജാതിയും മതവും ഒന്നും എനിക്ക് വിഷയമേ അല്ലായിരുന്നേനെ, ഇപ്പൊ തോന്നുവാ കുറച്ചൂടെ നേരത്തെ ഞാൻ കല്യാണം കഴിക്കേണ്ടതായിരുന്നു എന്ന്"..എന്നിട്ട് പൊട്ടിച്ചിരിച്ചു, "ആ അതൊക്കെ പോട്ടെ, നീ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാണ്, ഒരുപാട് കാലം സന്തോഷത്തോടെ കഴിയാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ."

കഴിഞ്ഞ കൊല്ലം മോളുടെ കല്യാണത്തിന് നാട്ടിൽ പോയ ജോസേട്ടൻ തൻ്റെ തിരുവനന്തപുരത്തെ വീട്ടിലും പോവുകയുണ്ടായി, അന്ന് തൻ്റെ മോൾ ജനിച്ചിട്ട് എട്ടു മാസമായിരുന്നു, ഷാർജയിൽ തിരിച്ചെത്തിയിട്ട് പറഞ്ഞു, "മോനെ നിതി, നീയ് ഭാഗ്യം ചെയ്തവനാടാ, നിന്നെക്കുറിച്ച് പറയാൻ നിന്റെ അമ്മക്ക്‌ നൂറു നാവാണ്, നിന്നെയും നിന്റെ സാഹചര്യങ്ങളെയും മനസിലാക്കി ജീവിക്കുന്നവൾ ആണ് നിന്റെ ഭാര്യയും, മോള് നിന്നെ വാർത്ത് വെച്ചത് പോലെയാണെടാ, നിന്റെ കല്യാണത്തിന് നീ എടുത്ത ലോൺ അടവ് കൂടി കഴിഞ്ഞാൽ ഉള്ളത് കൊണ്ട് ജീവിക്കാം നീ അങ്ങ് ചെന്നാൽ മാത്രം മതി എന്നാണ് നിന്റെ അമ്മയും ഭാര്യയും പറഞ്ഞത്, ഇതിൽപ്പരം എന്ത് വേണം മോനെ ഒരു ഗൾഫ്‌കാരന്"...

എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു "എന്റെ വീട്ടിലുമുണ്ട്... ദിവസവും മീനും ഇറച്ചിയുമില്ലാതെ ഭക്ഷണം ഇറങ്ങില്ല, ഞാനവിടെ നിന്നാൽ ഇതൊക്കെ നടക്കുമോ?.

"ഏയ്, ഉടനെ എങ്ങും ഞാൻ തിരിച്ച് പോണില്ല ജോസേട്ടാ, അടുത്ത കൊല്ലം അവളെയും മോളെയും കൊണ്ട് വന്നാലോന്നാ ഞാൻ ആലോചിക്കണേ."

"മണ്ടത്തരം കാണിക്കല്ലേ നീയ്, ഇനി രണ്ടു മാസം കൂടി കഴിഞ്ഞാൽ നിന്റെ ലോൺ തീരും ഇവിടുത്തെ, ഇനി ലോൺ എടുക്കാൻ നിക്കരുത്, അടുത്ത കൊല്ലം വിസ റീന്യൂവും ചെയ്യണ്ട, നീയ് നാട്ടിൽ പോയി ഒരു ജോലി കണ്ട് പിടിക്ക്, നിനക്ക് കിട്ടും അതെനിക്കുറപ്പാണ്, നീയ് നല്ല അധ്വാനിയാണ്..മോനെ നിതി, വയസാം കാലത്ത് നീ അല്ലാതെ ആരാടാ നിന്റെ അമ്മയ്ക്കുള്ളത്?, ഇവിടെ വന്നതിന്റെ പന്ത്രണ്ടാം കൊല്ലവും പതിമൂന്നാം കൊല്ലവും അടുപ്പിച്ച് അപ്പനും അമ്മയും മരിച്ചതറിഞ്ഞ് ഏറ്റവും അടുത്ത വിമാനം പിടിക്കേണ്ടി വന്നവനാണ് ഞാൻ, അങ്ങെത്തുന്നത് വരെയുള്ള ആ നെഞ്ചിലെ പിടപ്പുണ്ടല്ലോ, അതനുഭവിച്ചവനെ അറിയൂ അതിന്റെ ആഴവും പരപ്പും, നിനക്കാ ഗതി വരുത്താൻ നീ തന്നെ ഇടയാക്കല്ലേ, ആ അമ്മ നിന്നെ കണ്ടോണ്ട് തന്നെ ജീവിക്കുകയും മരിക്കയും ചെയ്യട്ടെ, അച്ഛന്റെ സ്ഥാനത്ത് നിന്നാണ് ജോസേട്ടൻ പറയണെന്ന് മാത്രം ചിന്തിച്ചാൽ മതി."

കഴിഞ്ഞ വെള്ളിയാഴ്ച ഒന്നിച്ചു കൂടിയപ്പോൾ ജോസേട്ടൻ പറഞ്ഞു, "നിതി മോനെ, ഞാനിനി നിന്റെ റൂമിൽ വരുമ്പോ നീ എനിക്ക് നല്ല ഉഗ്രൻ തിരുവനന്തപുരം സദ്യ ഉണ്ടാക്കിത്തരണം, പിന്നെ ബോളിയും പാൽപ്പായസവും എന്തായാലും വേണേ."

"ജോസേട്ടൻ എന്ന വരുന്നതെന്ന് മാത്രം പറഞ്ഞാൽ മതി, ഇതെല്ലം അവിടെ റെഡി ആയിരിക്കും" എന്ന് താനും മറുപടി പറഞ്ഞു.

വീണ്ടും ഫോൺ ബെൽ കേട്ട് സമയം നോക്കിയപ്പോൾ മണി പതിനൊന്ന്, ഇത്രയും നേരം താൻ ഒരേ ഇരുപ്പായിരുന്നു ജോസേട്ടന്റെ ഓർമകളിൽ എന്ന് നിതിന് ഓർത്തു. ഫോൺ എടുത്തപ്പോൾ ഷബീർ തന്നെ ആണ്, "എടാ നിതി, നീ വരുന്നില്ലേ? ഇന്ന് രാത്രിയിലത്തെ ഫ്ലൈറ്റിൽ തന്നെ ജോസേട്ടനെ യാത്രയാക്കാനുള്ള എല്ലാ ഏർപ്പാടും ചെയ്യുന്നുണ്ട്, വൈകുന്നേരം നാല് മണിക്ക് നീ എംബാമിങ് സെന്ററിൽ വാ, ജോസേട്ടന്റെ കമ്പനിയിലെ HR  ഡിപ്പാർട്മെന്റിൽ നിന്ന് ഒരാൾ കൂടെ പോകും".  മറുപടി ഒന്നും പറയാതെ താൻ ഫോൺ വെച്ചു, അറിഞ്ഞ ഉടനെ ഓടി ചെല്ലേണ്ടതാണ്, പക്ഷെ വയ്യ, ജോസേട്ടൻ ഇനി ഇല്ല, നിതി മോനെ എന്ന വിളിയും ഇല്ല.. നെഞ്ചിന്റെ ഭാരം കൂടി കൂടി വന്നു നിതിന്.

വൈകുന്നേരം സോനാപൂരിലെ എംബാമിങ് സെന്ററിന്റെ അടുത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ നിതിൻ ഓർത്തു ഒരിക്കൽ ഇത് വഴി കാറിൽ ഒന്നിച്ച്‍ പോകുമ്പോൾ ജോസേട്ടൻ പറഞ്ഞത്, "നിതി മോനെ, നീയ് കണ്ടിട്ടുണ്ടാവും, എന്നാലും പറയാം, ഇതാണ് എംബാമിങ് സെന്റർ, നാട്ടിലെ വീട്ടിൽ കിടന്നു മരിക്കണമെന്നാണ് എനിക്കാഗ്രഹം, അതും ഉറക്കത്തിൽ തന്നെ, ഈ എംബാം ചെയ്ത പെട്ടിക്കകത്ത് തണുത്ത് മരവിച്ച് എത്ര നേരമെന്നു വെച്ചാണ് കിടക്കുന്നത്, അല്ലെ?, ഇപ്പൊ രണ്ട് കൊല്ലം കൂടി നിൽക്കാമെന്ന് വിചാരിച്ചാണ് വന്നത്, ഒന്നുറപ്പാണ്, ഇനി നാട്ടിൽ പോയാൽ ഏത് മല ഇടിഞ്ഞു വീഴുമെന്ന് വന്നാലും ഞാൻ തിരിച്ചു വരില്ല".

ഒരു കരച്ചിൽ അലയടിച്ച് വന്നു, ഇടറിയ കാലുകളോടെ സെന്ററിന്റെ ഉള്ളിലേക്ക് നടന്നു, തന്നെ കണ്ടതും ഷബീർ ഓടി വന്നു, അടക്കി വെച്ച കരച്ചിൽ അവനെ കണ്ടതോടെ അണപൊട്ടി ഒഴുകി, കുറെ നേരം അങ്ങനെ നിന്നു അവന്റെ തോളിൽ തല ചായ്ച്ചു, "നീ വാ നമുക്ക് ജോസേട്ടനെ കാണാം", തന്നെ പിടിച്ച്‌ കൊണ്ട് ഷബീർ നടന്നു.

പെട്ടി തുറന്നപ്പോൾ കണ്ടത് മരണത്തിലും സ്വതവേ ഉള്ള പുഞ്ചിരി കൈവിടാതെ കിടക്കുന്ന ജോസേട്ടനെയാണ്.  അദ്ദേഹത്തിന് തന്നെ കേൾക്കാനാവും എന്ന വിശ്വാസത്തിന്മേൽ മനസ്സിൽ പറഞ്ഞു, "ജോസേട്ടാ ഇതാണോ സദ്യ കഴിക്കാൻ വരാമെന്നു പറഞ്ഞത്, നിങ്ങൾക്ക്‌ വേണ്ടി ഈ ഷാർജയിലെ ഏതെല്ലാം കടകളിൽ ഞാൻ അന്വേഷിച്ചു എന്നറിയാമോ ബോളി എവിടെ കിട്ടുമെന്ന്??...ഇങ്ങനെ പോകുമെന്ന് ഉറപ്പുള്ള കൊണ്ടാണോ ഇനി ഏത് മല ഇടിഞ്ഞാലും തിരിച്ചു വരില്ല എന്ന് പറഞ്ഞത്??...ഇങ്ങനെ എന്തിനാ ജോസേട്ടാ നിങ്ങള് പോയത്?..ഇന്നലെ കൂടി രാത്രി വിളിച്ചപ്പോൾ മോനെ നിതിയെ രാത്രി കട്ടി ആഹാരമൊന്നും കഴിക്കല്ലേടാ, അങ്ങനത്തെ ആഹാര രീതി നമ്മൾ ഗൾഫ്‌കാർക്ക് ഉള്ളത് കൊണ്ടാണ് ഉറക്കത്തിൽ ഉള്ള മരണം ഇവിടെ കൂടുതൽ ഉള്ളത് എന്ന് എന്നെ ഉപദേശിച്ചിട്ട് ആ ഉറക്കത്തിൽ തന്നെ പോയി അല്ലേ?..ഞാനന്നേ പറഞ്ഞതാ ഇനി ഇങ്ങോട്ടു വരണ്ടാന്നു, കേട്ടോ നിങ്ങള്?..നിങ്ങൾക്കിഷ്ടമില്ലാതെ തണുത്ത് മരവിച്ചാണ് ഇപ്പൊ പോണേ, അനുഭവിച്ചോ...നിങ്ങളോട് എനിക്ക് വലിയ പരിഭവം ഉണ്ട് ജോസേട്ടാ..പൊയ്ക്കോ..എത്ര ദൂരം പോകും?..എന്നായാലും ഞാനും വരില്ലേ അങ്ങടേക്ക്?..അപ്പൊ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു വെച്ചോ...നമ്മളിനിയും കാണും ജോസേട്ടാ, ഒരുപാട് വിശേഷങ്ങൾ കൈമാറും, അങ്ങ് വേറെയൊരു ലോകത്ത് നിങ്ങളെനിക്ക് വേണ്ടി കാത്തിരിക്കുമെന്നു എനിക്കുറപ്പാണ്, നിങ്ങളെപ്പോഴും പറയാറുള്ള ആ മനോഹരതീരത്ത്."

ജോസഫിന്റെ പാദങ്ങൾ നമസ്കരിച്ച് നെഞ്ചിലെ ഭാരം ഒഴിയാതെ നിതിൻ തിരിഞ്ഞ് നടന്നു, അപ്പോഴും അവന്റെ കാതിൽ ജോസിന്റെ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു, "നിതി മോനെ, അടുത്ത കൊല്ലം നീ വിസ റിന്യൂ ചെയ്യരുത്, ലോൺ തീർന്നാൽ നീയ് നാട്ടിൽ പോണം ഇവിടെ മതിയാക്കിയിട്ട്, അവിടെ നിന്റെ അമ്മയോടും ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കണമെടാ, ഈ ചെറിയ ജീവിതം മണലാരണ്യത്തിൽ കിടന്നു തീർക്കല്ലേ നീയ്."

"ഇല്ല ജോസേട്ടാ, നിങ്ങള് പറഞ്ഞത് ഞാൻ അനുസരിക്കും, അടുത്ത കൊല്ലം ഞാൻ ഇവിടെ മതിയാക്കി നാട്ടിൽ പോകും, അല്ലെങ്കിൽ തന്നെ നിങ്ങളില്ലാതെ നിങ്ങളുടെ ഓർമകളുമായി ഇവിടെ ജീവിക്കാൻ എനിക്കിനി കഴിയില്ല, ഞാൻ ജീവിച്ചിരിക്കണ കാലത്തോളം നിങ്ങളുടെ ശ്രാദ്ധത്തിനു ബോളിയും പാൽപ്പായസവും കൂട്ടി ഒരു സദ്യ ഞാൻ എന്റെ വീട്ട് പടിക്കൽ വെക്കും, നിങ്ങള് വന്ന് അത്‌ കഴിക്കുമെന്ന് എനിക്കത്രക്ക് ഉറപ്പാണ്."

ഒരു തണുത്ത കാറ്റ് വന്ന് തന്റെ മുഖത്ത് തഴുകി പോയി, ആ കാറ്റിന് ജോസേട്ടൻ സ്ഥിരമായി ഉപയോഗിക്കുന്ന വാസനത്തൈലത്തിന്റെ ഗന്ധമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com