sections
MORE

വിഷു കൈനീട്ടം

Vishu-kani-photo-credit-Aisha-Nair
SHARE

അതിരാവിലെ അമ്മ വിളിക്കുന്നത്‌ കേട്ടാണ്‌ ഉണർന്നത്‌."മോനേ ടാ എണീക്കെടാ, നിനക്ക്‌ കണി കാണണ്ടേ..."പുതപ്പൊന്നുകൂടി തലയിലേക്ക്‌ വലിച്ചുകൊണ്ട്‌ "പിന്നെ കാണാം അമ്മേ ഞാൻ ഇത്തിരി കൂടി ഉറങ്ങട്ടേ" 

അമ്മയൊഴികെ ആര് വിളിച്ചലും ഉറക്കത്തിൽനിന്ന് ഞാൻ മറുപടി പറയില്ല.എത്ര ഉറക്കത്തിലാണെങ്കിലും അമ്മയുടെ ഒറ്റവിളി മതി ഉണരാൻ."അത്‌ പറ്റില്ല എണീക്ക്"‌ അമ്മ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.ഞാൻ മെല്ലെ പുതപ്പ്‌ തലയിൽ നിന്ന് മാറ്റിയതും അമ്മ എന്റെ കണ്ണിൽ പൊത്തി പിടിച്ചു 

"ആ.. ഞാൻ പോയി കണ്ടോളാം അമ്മ വിട്‌""എന്നിട്ട്‌ വേണം തട്ടി വീഴാൻ... നടക്ക്‌ അങ്ങോട്ട്‌... എന്നെക്കാളും വളർന്നു എന്നിട്ടും സമയത്ത്‌ എണീക്കില്ല മുതുക്കൻ‌" മെല്ലെ ഞാൻ മൊബൈൽ എടുക്കാൻ വേണ്ടി കൈ പരതി "അതൊക്കെ പിന്നെ എടുക്കാം വാ ഇങ്ങോട്ട്‌..." 

ഇതും പറഞ്ഞ്‌ അമ്മ എന്നെ മുന്നൊട്ട്‌ നടത്തി... നടത്തത്തിനിടയിൽ ഞാൻ അമ്മയോട് തിരക്കി... 

"അച്ഛനെന്ത്യേ അമ്മേ" ഒരു പരിഭവം നിറഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞു "അമ്പലത്തിൽ പോയി, നിന്നെ വിളിച്ചിട്ട്‌ നീ അനങ്ങീല എന്നു പറഞ്ഞ്‌ നടന്നാ പോയത്‌" 

"ഹാ രാവിലെ ഇത്തിരി നടക്കുന്നത്‌ നല്ലതാ..." പരിഹാസമെന്നോണം ഞാൻ പറഞ്ഞു. അത് പിന്നെ നമ്മൾ ആൺകുട്ടികൾക്ക് അച്ഛനെക്കാൾ ഇഷ്ടം എപ്പോഴും അമ്മയോടാണല്ലോ. 

നടന്ന് നടന്ന് പൂജാമുറിയ്ക്ക് മുന്നിലെത്തിയെന്ന് എനിക്ക് മനസിലായി... കാരണം നല്ലെണ്ണയുടെയും ചന്ദനത്തിരിയുടെയും സുഗന്ധം വരുന്നുണ്ടായിരുന്നു."ഹും ആ ഇനി കണ്ണ്‌ തുറന്നോ" അമ്മ പറഞ്ഞു.

ഞാൻ മെല്ലെ കണ്ണു തുറന്നു നറുനെയ്യിൽ കത്തിനിൽക്കുന്ന നിലവിളക്കിനു പിന്നിലായി സ്വർണ്ണനിറമുള്ള കൊന്നപൂക്കൾക്കിടയിൽ മയിൽപീലി നെറുകയിൽ ചൂടി സ്വർണ്ണപ്രഭയിൽ തിളങ്ങി നിൽക്കുന്ന ഉണ്ണിക്കണ്ണനെ കണ്ടു. മനസു നിറയെ തൊഴുതു.... കണ്ണനുമുന്നിൽ ഉരുളിയിൽ പുറത്തേക്ക് ചാടാനെന്നവണ്ണമിരിയ്ക്കുന്ന പഴവർഗ്ഗങ്ങളിലും ഒന്നുനോക്കി. വീട്ടിൽ അവസാനം കണികാണുന്നത് ഞാനാണ് അത്കൊണ്ടു തന്നെ കണിവച്ചിരിയ്ക്കുന്നത് എടുക്കാം എന്ന് ആലോചിച്ച് തിരിഞ്ഞതും അമ്മ ഒരു രൂപ നാണയം കയ്യിൽ വച്ച് തന്നു...

"പോയി കുളിച്ചിട്ട്‌ അമ്പലത്തിൽ പോയിട്ട്‌ വാ ഇഡ്ഢലിയും സാമ്പാറും തരാം"

രാവിലെ കുളിക്കുന്ന ശീലം പണ്ടേ ഇല്ലാത്തത് കൊണ്ട്‌ മുഖം ചുളിച്ചു...പക്ഷേ  അമ്പലത്തിൽ പോയാൽ രണ്ടുണ്ട് ഗുണം സർവ്വാഭരണ വിഭൂഷിതനായ കണ്ണനെയും കാണാം.... കണ്ണന്റെ ഗോപികമാരെയും കാണാം... ഞാൻ മനസിലോർത്ത് നിന്നതും അമ്മ വീണ്ടും പറഞ്ഞു 

"പോയിട്ട്‌ വാടാ" അമ്മയുടെ ആ സ്നേഹത്തിനു മുന്നിൽ ഞാനെന്നല്ല ഏത് മക്കളും അലിഞ്ഞുപോകും. 

പെട്ടന്ന് മുറിയിൽ നിന്ന് മൊബൈൽൽ ശബ്ദിക്കുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്നു. ഞാൻ നോക്കുമ്പോൾ അമ്മയുടെ കാൾ......

സ്വപ്നത്തിന്റെ ആ പൂജാമുറിയ്ക്കു മുന്നിൽനിന്ന് മരുഭൂമിയിലെ ഈ കിടപ്പുമുറിയിലേക്കുള്ള മാറ്റം തിരിച്ചറിയാൻ ഒരല്പനേരമെടുത്തു...അപ്പോഴും ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു ഞാൻ മെല്ലെ കാൾ എടുത്തു

"ഹാലോ.... മോനെ ഇന്ന് വിഷുവാടാ നീ എണിറ്റായിരുന്നൊ"

ഈ ചോദ്യത്തിനിടയിൽ അമ്മയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു. എന്റെ വിങ്ങൽ അമ്മ കേൾക്കാതിരിയ്ക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെടുകയും ചെയ്തു.

"ആ... അമ്മേ ഞാൻ എണീറ്റു"

"കുളിച്ച്‌ പ്രാർഥിച്ചിട്ടേ ജോലിക്ക്‌ പോകാവു കേട്ടോ... ഇന്നലെ അപ്പുറത്തെ  വിച്ചു കൊന്നപ്പൂകൊണ്ട് തന്നാരുന്നു അവനാ കണിയൊക്കെ ഒരുക്കാൻ അച്ഛന്റെ കൂടെ നിന്നത്...

"ഹാ അമ്മേ അച്ഛൻ എന്തിയേ?" 

"അമ്പലത്തിൽ പോയെടാ... വിച്ചുവാ കൊണ്ട് പോയത്... ഞാൻ പോകുന്നില്ലെന്ന് വച്ചു"

അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഈ കൊറോണയൊക്കെ ആയിട്ട് എന്തിനാ അമ്പലത്തിലൊക്കെ പോകാൻ പോയത് വീട്ടിൽ ഇരുന്നാൽപോരെ" സങ്കടം മാറാനായി ഞാൻ ഒന്ന് ദേഷ്യം കാണിച്ചു.

"ഞാനും പറഞ്ഞതാ പോകണ്ടാന്ന് ആര് കേൾക്കാൻ...അല്ല നീ ഒണ്ടായിരുന്നേൽ കേൾക്കോ? 

പിന്നല്ലേ നിന്റെ അച്ഛൻ" അമ്മ പരിഭവം പറഞ്ഞു. 

"അമ്മ വച്ചോളു ഞാൻ രാത്രി വിളിക്കാം"സങ്കടം അമ്മ അറിയാതിരിയ്ക്കാൻ ഞാൻ ഫോൺ കട്ട് ചെയ്തു...നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ഫോൺ താഴെ വച്ചു.

കോവിഡിന്റെ ഭീതിയിൽ ഇതു രണ്ടാം വിഷുക്കാലമാണ്... പെറ്റമ്മയേയും നാടിനെയും കാണാനാകാതെ കൂടെപ്പിറപ്പുകൾക്കൊപ്പം കൂടാനാകാതെ ഇങ്ങ് മരുഭൂമിയിൽ പോറ്റമ്മയുടെ മടിത്തട്ടിൽ അകന്നിരുന്ന് ആഘോഷിയ്ക്കുന്നത്. വിഷു  ഓർമ്മകളുടെ കൂടി ദിവസമാണ്... പോയകാലത്തിന്റെ നനവുള്ള സുഖമുള്ള നല്ല മധുരമുള്ള ഓർമ്മകളുടെ ദിവസം. ജാതിയും മതവും രാജ്യവും നോക്കാതെ ഒരേ മുറിയ്ക്കുള്ളിൽ ഒത്തുചേർന്ന ആ സുദിനങ്ങൾ പ്രവാസികളുടെ ആ വിഷുക്കാലങ്ങൾ...വരും വർഷങ്ങളിൽ തിരികെവരുമെന്ന പ്രതീക്ഷകൂടിയാണ് ഓരോ പ്രവാസികൾക്കും ഈ വിഷുക്കാലം.

അകന്നിരുന്ന് ഉത്സവങ്ങൾ ആഘോഷിക്കുന്നതിന്റെ സങ്കടത്തിനു പ്രവാസത്തോളം പഴക്കമുണ്ട്... എന്നാൽ ഇന്ന് അങ്ങനെയല്ല കൊറോണ എന്ന മഹാമാരി പടർന്നതിൽപിന്നെ അടുത്തുണ്ടായിട്ടും അകന്നിരിയ്‌ക്കേണ്ട അവസ്ഥയാണ്...അത് പ്രവാസികൾ എന്ന് മാത്രമല്ല ലോകജനതയ്ക്ക് മുഴുവനും അങ്ങനെയാണ്. 

എന്നെ അമ്മ വിളിച്ചുണർത്തിയപോലെ ഓരോപ്രവാസിയെയും കണികാണിയ്ക്കാൻ ഉറ്റവർ വന്നു വിളിച്ചുണർത്തും ഈ വിഷുനാളിലും. ഇക്കൊല്ലവും നമുക്ക് അകന്നിരിയ്ക്കാം ആഘോഷിയ്ക്കാം.

വിഷുവും ഓണവും ക്രിസ്തുമസ്സും റംസാനുമെല്ലാം മനസുകൊണ്ട് നാട്ടിൽ ആഘോഷിക്കുന്ന ഓരോ പ്രവാസിക്കും‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA