sections
MORE

ഒരു ഓൺലൈൻ പ്രഹേളിക

online
SHARE

ഓടിത്തോൽപ്പിക്കാമെന്ന വ്യാമോഹമൊന്നുമില്ല. ഒപ്പമെത്താനുള്ള ശ്രമവും പരാജയപ്പെടുകയാണ്. സമയത്തിന്റെ കാര്യമാണേ പറഞ്ഞു വരുന്നത്. കോവിഡ് കാലം ഭരണം കയ്യിലെടുത്തതിനു ശേഷം വൈകിയുറങ്ങുകയും വൈകിയുണരുകയും ചെയ്യുക എന്ന ശീലം ഒരു വൈറസ് ബാധ പോലെ കൂടെയുണ്ട്. അതിനു കൊടുക്കേണ്ടി വരുന്ന വില ചില്ലറയല്ല.

ഇന്നും കുറച്ചു വൈകിയാണുണർന്നത്. 9.30 നേ ഓൺലൈൻ ക്ലാസുള്ളൂ. അതിന്റെ അഹങ്കാരത്തിൽ ഇത്തിരി അലസത കാട്ടിയതിനാലാവാം സമയം വിചാരിച്ചതിലും വേഗത്തിലാണ് നീങ്ങിയത്. പ്രാതൽ മഹാമഹം കഴിയുമ്പോഴേക്കും അടുക്കളത്തിണ്ണ ദേശീയഗാനം കഴിഞ്ഞ സ്കൂൾ ഗ്രൗണ്ട് പോലെയായി. രാവിലെ സ്കൂളിൽ പോയി വൈകിട്ട് തിരിച്ചു വരുന്നതുവരെ അസംബ്ലി ലൈനിലെന്ന പോലെ നിരയും വരിയുമൊത്ത് ഷെൽഫിലിരുന്ന പ്രിയ മി(പാ)ത്രങ്ങളേ, നിങ്ങൾക്കെന്തു പറ്റി? ഇതും കൊറോണക്കാലത്തെ ഒരു പ്രഹേളിക. ഏതായാലും ശുചീകരണ പ്രക്രിയ പൂർത്തിയാക്കാനുള്ള സാവകാശമില്ല. കൂടുതൽ പ്രശ്നക്കാരെ കഴുകിയെടുക്കാം. ബാക്കിയുള്ളവയ്ക്ക് തൽക്കാലം ബൈ.

സമയം രാവിലെ 9.18. ഗൂഗിൾ മീറ്റ് മഹേശ്വരനിൽ നിന്നും ഗുരുശിഷ്യബന്ധത്തിന്റെ പവിത്രമായ ലിങ്ക് സ്വീകരിക്കാൻ സമയമായി. പത്ത് മിനിറ്റ് മുമ്പേ ലിങ്കിടണം. എന്നെപ്പോലെ പരിക്ഷീണയായ ഇന്റർനെറ്റ് മഹേശ്വരി കറങ്ങിത്തിരിഞ്ഞ് വിശിഷ്ട ലിങ്ക് കയ്യിൽത്തരാൻ സമയമെടുക്കും. ഒരു നിമിഷം എന്റെ മുഷിഞ്ഞ വേഷത്തിലേക്കു നോക്കി. ഈശ്വരാ സാരിയും ചന്ദനക്കുറിയും സുസ്മേരവദനവും....... കുട്ടികൾ ഈ വിശ്വരൂപം കണ്ടാൽ ! മാറാൻ സമയമെവിടെ?ഏതായാലും ലിങ്ക് കൊടുക്കട്ടെ. അപ്പോഴാണ് ശ്രദ്ധിച്ചത്.ഗൂഗിൾ മീറ്റിനെ കാണാനില്ല. സ്ക്രീനിൽ ആവശ്യമില്ലാത്ത സകല ആപ്പുകളും'..... പക്ഷേ ഗൂഗിൾ മീറ്റ്? ഞാൻ എന്റെ സാങ്കേതിക ഗുരു - മകനെ - സമീപിച്ചു. അവൻ മറ്റൊരു ഓൺലൈൻ അപാരതയിലാണ്. മോനേ ഗൂഗിൾ മീറ്റ് കാണുന്നില്ല. "ന്നാ പത്രത്തില് കൊടുക്ക്." അവന് തമാശ പറയാൻ കണ്ട നേരം. സമയം 9. 21. ഈശ്വരാ എന്റെ കൃത്യനിഷ്ഠ! എന്റെ ബേജാറ് കണ്ടാവണം അവൻ ഹെഡ്മാസ്റ്ററുടെ ഗൗരവത്തോടെ ഫോൺ വാങ്ങി. എന്നിട്ട് പൊട്ടിച്ചിരിച്ചു. എന്റെ അമ്മേ ഇന്നലെ അപ്ഡേറ്റ് ചെയ്തപ്പം സിംബല് മാറിയതാ .ഗുരുവിന്റെ മുന്നിൽ ചമ്മുന്നതിൽ നാണക്കേടെന്തിന്. വേഗം ലിങ്കെടുത്ത് പത്താം ക്ലാസ്സിലെറിഞ്ഞു കൊടുത്തു. ഇനി വേഷം മാറണം. കുട്ടികളെ അഡ്മിറ്റ് ചെയ്യാനുള്ള ഡ്യൂട്ടി മോനെ ഏല്പിച്ചു. മുമ്പില്ലാത്തതാണ്. എന്തു ചെയ്യാം?ഒന്നും ഓൺ ചെയ്യരുത്. പ്രതികരിക്കരുത്. താക്കീതും കൊടുത്തു. സാരിപ്രിയയായ ഞാൻ അടിയന്തര ഘട്ടമായതുകൊണ്ട് ചുരിദാറിലേക്ക് ഒരു പകർന്നാട്ടം നടത്തി.

വൈകിയെത്തുന്ന കുട്ടികൾ പറയുന്ന കള്ളങ്ങൾ മനസ്സിലേക്കു വന്നു. വേണ്ട' എന്റെ ആദർശം സടകുടഞ്ഞെഴുന്നേറ്റു. കള്ളം പറയരുത്. ഒരു കള്ളം പിടിക്കപ്പെട്ടാൽ ഒരിക്കലും വിശ്വാസ്യത വീണ്ടെടുക്കാനാവില്ല. അച്ഛൻ തന്ന പാഠം .ഒന്നും പറയാൻ നിൽക്കണ്ട.

മാസ്കിനുള്ളിൽ പണ്ടെന്നോ ശ്വാസം മുട്ടി മരിച്ച പുഞ്ചിരിയുടെ പ്രേതത്തെ ചുണ്ടിലേക്കാവാഹിച്ചു.വീഡിയോ ഓൺ ചെയ്തു. പതിവില്ലാത്ത ബഹളം.വളരെ കുറച്ചു പേരേ ക്ലാസിൽ കയറിയിട്ടുള്ളൂ.പ്ലീസ് മ്യൂട് യുവർ ഓഡിയോ - കുറച്ചുറക്കെപ്പറഞ്ഞു. അതങ്ങ് പള്ളിപ്പറഞ്ഞാമതിമോളേ, രാവിലെത്തന്നെ വിളിച്ചു വരുത്തിറ്റ് മ്യൂട്ടാക്കാനോ?ആദ്യം ഞ്ഞി ഒരു പാട്ട് പാട്. അപ്പോഴാണ് ശ്രദ്ധിച്ചത് പരിചയമില്ലാത്ത ഐഡികൾ ! മീറ്റ് കാണാതായ അങ്കലാപ്പുണ്ടാക്കിയ പൊല്ലാപ്പാണ്.ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബാധിച്ച കണ്ണുമായി ഞാൻ ലിങ്കെറിഞ്ഞത് പത്താം ക്ലാസിൽത്തന്നെ. പക്ഷേ മുപ്പത് വർഷം മുമ്പ് ഞാൻ പഠിച്ച പത്താം ക്ലാസ്സിലാണെന്നു മാത്രം. എന്റെ പ്രിയ ചങ്ങായികളേ മാപ്പ് നിങ്ങളോട് മിണ്ടാൻ എനിക്ക് നേരമില്ല. ഇതാ എന്റെ വിശിഷ്ട സേവനത്തിന്റെ അവസാന ബെൽ മുഴങ്ങുന്നു. ബെല്ലടി കേട്ടു ഞെട്ടിയുണർന്നു. എല്ലാം ഒരു സ്വപ്നമായിരുന്നെന്ന ആശ്വാസത്തിൽ ഫോൺ കയ്യിലെടുത്തു. ഈശ്വരാ! സമയം 6.40. ഇന്ന് 7.30നാണ് ക്ലാസ്. സ്വപ്നങ്ങൾക്കർഥങ്ങളുണ്ടായിരുന്നെങ്കിൽ സ്വർഗങ്ങളെല്ലാം ....... ആരാണീ വിവരക്കേടൊക്കെ പാടിയത്?ഒരു സ്വപ്നത്തിന്റെ യാഥാർഥ്യവൽക്കരണത്തിലേക്കാണെന്റെ യാത്ര! എല്ലാരും എനിക്കു വേണ്ടി പ്രാർഥിക്കണേ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA