ADVERTISEMENT

ദുബായിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ ചിരിച്ച ദിവസം ഏതാണെന്നു ചോദിച്ചാൽ അത് 2011 നവംബർ 4 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ അഞ്ചു മണി വരെയുള്ള രണ്ടു മണിക്കൂറാണെന്നു നിസ്സംശയം പറയാം.

mar-chrysostom-dubai-3

ജോബി ജോഷ്വ, പോൾ ജോർജ് പൂവത്തേരിൽ, ജൂബി ഫിലിപ് എന്നിവർക്കൊപ്പം ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിലെ 403 മത്തെ മുറിയിലെ താമസക്കാരനായിരുന്നു അന്ന് ഞങ്ങളെ രണ്ടു മണിക്കൂർ നിർത്താതെ ചിരിപ്പിച്ച മഹദ് വ്യക്തി, അതു മറ്റാരുമല്ല ചിരിയുടെയും ചിന്തയുടെയും മഹാഇടയനായ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ബിഷപ്പായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത.

ഇന്നദ്ദേഹത്തിന്റെ 104–ാം പിറന്നാൾ.

mar-chrysostom-dubai-2

കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ മുഖ്യാതിഥിയായി ഇവിടെ വന്ന് 94–ാം വയസിൽ ദുബായ് മെട്രോയിലും യാത്ര ചെയ്തു താരമായി, അൽപം ടെൻഷനോട് കൂടിയാണ് അന്നു തിരുമേനിയെ ട്രെയിനിൽ കയറ്റിയതെന്നു ആ യാത്രക്ക് മുൻകൈ എടുത്തവരിൽ പ്രധാനിയായ അഭിജിത് പാറയിൽ പറഞ്ഞത് ഓർക്കുന്നു, യാത്രയുടെ തുടക്കത്തിൽ അൽപം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ട്രെയിനിന്റെ വേഗതയ്‌ക്കൊപ്പം തമാശകളുടെ വരവും കൂടി. ഒരാഴ്ച്ച കഴിഞ്ഞു നാട്ടിലേക്കു പോകാൻ തയ്യാറെടുക്കുന്ന തിരുമേനിയുമായി അൽപം സംസാരിക്കാൻ അവസരം ഉണ്ടാക്കിയത് കോഴഞ്ചേരി കോളജിന്റെ പൂർവ വിദ്യാർഥിയും മാർത്തോമാ സഭയിലെ വൈദികൻ ജോഷ്വാ അച്ചന്റെ മകനുമായ എന്റെ സുഹൃത്ത് ജോബി ജോഷ്വാ.

mar-chrysostom-dubai-4

തലക്കെട്ടിൽ പറഞ്ഞ ചോദ്യം തിരുമേനി എന്നോട് ചോദിച്ചതാണ്. എന്റെ പേരിന് പ്രത്യേകിച്ച് അർഥം ഒന്നുമില്ലെന്നും അമ്മയുടെ പേര് 'റോസമ്മ' എന്നും അപ്പന്റെ പേര് 'ജോയിച്ചൻ' എന്നും അങ്ങനെ അതിലെ കുറെ അക്ഷരങ്ങൾ ചേർത്ത് അവർ "റോജിൻ" എന്ന പേരിട്ടു വിളിച്ചു എന്നല്ലാതെ വേറെ ഒരു അർത്ഥവും ഇല്ല എന്ന് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. ഇതു കേട്ടതും ഒരു പൊട്ടിച്ചിരിയായിരുന്നു തിരുമേനി. അത് കേട്ട് ഞങ്ങളും ആ ചിരിയിൽ പങ്കു ചേർന്നു. ഒരു മിനിറ്റോളം ആ പൊട്ടിച്ചിരി നീണ്ടു നിന്നു. ആ ചിരിയുടെ ഗ്യാരണ്ടിയിൽ ഞാൻ തിരുമേനിയുടെ അടുക്കൽ ഒരു കാര്യം പറഞ്ഞു. തിരുമേനി ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു രഹസ്യം പറയാം. അതെന്താ പറഞ്ഞാട്ടെ എന്നദ്ദേഹം. തിരുമേനീ, സത്യത്തിൽ ജപ്പാനിൽ ഈ പേര് സ്ത്രീകളുടേതാണ് എന്ന് അൽപം ജാള്യതയോടെ പറഞ്ഞു. എടാ എബിയേ ....... ആ ഡയറി ഇങ്ങെടുത്തേടാ ... എന്ന് നീട്ടി ഒരു കൽപന. ഉടനെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ എബി ഡയറിയും പേനയും നൽകി. തിരുമേനി എന്റെ പേരും ബാക്കി വിവരങ്ങളും ഒക്കെ അതിൽ വിശദമായി എഴുതി.

പിന്നീടൊരിക്കൽ എബിയെ കണ്ടപ്പോൾ തിരുമേനി ഈ കഥ ഒരിടത്ത് പ്രസംഗിച്ച കാര്യം എന്നോട് പറഞ്ഞു. അതിങ്ങനെയായിരുന്നു. "അടുത്തിടെ ഞാൻ ദുബായിൽ പോയപ്പോൾ ഒരു ചെറുപ്പക്കാരനെ കണ്ടു. രണ്ടു മക്കളുള്ള മധ്യതിരുവിതാംകൂറുകാരനായ ഒരു ചെറുപ്പക്കാരൻ, അവൻ ദുബായിലും നാട്ടിലും ചെല്ലുമ്പോൾ പുരുഷനും ജപ്പാനിൽ പോകുമ്പോൾ സ്ത്രീയും ആണെന്നൊരു ഒരു തട്ട്, ശേഷം എന്റെ പേരും കാര്യങ്ങളും ഒക്കെ വിശദമായി പറഞ്ഞ് സദസിനെ പൊട്ടിചിരിപ്പിച്ചത് ഈ സമയം സന്തോഷത്തോടെ ഓർക്കുന്നു.

mar-chrysostom-dubai-5

1918 ഏപ്രിൽ 27 നു കുമ്പനാട് വട്ടക്കാട്ടൽ അടങ്ങേപ്പുറത്തു കലമണ്ണിൽ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ച ധർമിഷ്ഠൻ എന്ന ചെല്ലപ്പേരുള്ള മാർ ക്രിസോസ്റ്റത്തിനു വയസു നൂറു കഴിഞ്ഞെങ്കിലും ചിന്തകൾക്ക് ഇന്നും പതിനെട്ടിന്റെ ചെറുപ്പം.

രണ്ടു വലിയ പ്രളയം കാണാൻ അവസരം ഉണ്ടായ അദ്ദേഹം പറയുന്നത് 1924 ലെ വെള്ളപ്പൊക്കത്തെക്കാൾ ഭീകരമായിരുന്നു 2018 ലേതെന്ന്. പക്ഷെ 2018 ലെ പ്രളയത്തിൽ സ്വസ്നേഹിയായി മാറിയ പലരുടെയും മനുഷ്യത്വം തിരികെ വന്നുവെന്ന് അദ്ദേഹം പറയുന്നു. മൂത്ത മാനസാന്തരം മൂന്നു മാസം എന്ന് പറയുന്നത് പോലെ അതൊക്കെ മനുഷ്യൻ പെട്ടെന്ന് മറന്നു. 2019 ൽ ഒരു മിനി പ്രളയം വഴി താക്കീതുമായി ദൈവം പിന്നെയും. ഇപ്പോഴിതാ കോവിഡിന്റെ രൂപത്തിൽ ലോകം മഹാമാരിയെ നേരിടുന്നു. വൈദ്യശാസ്ത്രം പകച്ചു നിൽക്കുമ്പോൾ ആശ്രയമായി ദൈവം മാത്രം.

എന്റെ ആയുസ്സ് ദൈവം തന്നതാണ്, അത് ഇത്രയും നീളാൻ കാരണം എന്നെ സ്നേഹിക്കുന്നവരുടെയും എന്നെ പരിചരിക്കുന്നവരുടെയും കരുതൽ കൊണ്ടാണ്. 2007 ഒക്ടോബർ ഒന്നിന് ഔദ്യോഗിക ചുമതലകളിൽ നിന്നൊഴിഞ്ഞ ക്രിസോസ്റ്റം മെത്രോപ്പോലീത്ത ഇപ്പോൾ കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ വിശ്രമജീവിതം നയിക്കുന്നു.കഴിഞ്ഞ ആഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ്  പോസിറ്റീവ് എന്നു കണ്ടെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ  ഫലം നെഗറ്റിവായി എന്നത് അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ച ലോകം മുഴുവനുള്ള ആരാധകർക്ക് ആശ്വാസമായി . ഇപ്പോൾ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ ആശുപത്രിയിൽ കഴിയുന്ന തിരുമേനിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന വിവരം സന്തോഷം പകരുന്നു.

ഇനിയും എത്രകാലം ഈ ഭൂമിയിൽ ജീവിക്കും എന്നതിന് ഒരു ഉറപ്പും ഇല്ല എങ്കിലും ജീവിക്കുന്നതിന് താൽപര്യക്കുറവൊന്നുമില്ലെന്ന് കണ്ണിറുക്കി ക്കൊണ്ട് അദ്ദേഹം പറയുന്നു. എന്നാൽ ഈ ലോകം വിട്ടു പോകാൻ മടി ഇല്ലെന്ന് സന്തോഷത്തോടെ പറയുന്ന ആ നിറഞ്ഞ മനസ്സിനാണ് നമുക്ക് സലൂട്ട് നൽകേണ്ടത് , ബഹുമാനത്തോടെ  എഴുന്നേറ്റു നിന്ന് നമുക്കൊരു ഡബിൾ സലൂട്ട് നൽകാൻ ഈ അവസരത്തെ വിനയോഗിക്കാം.

ചിരിയുടെയും ചിന്തയുടെയും വലിയ ഇടയന് ജന്മദിനാശംസകളോടെ. ......

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com