ADVERTISEMENT

നഗ്നനേത്രങ്ങൾക്കന്യമായ 'കുഞ്ഞൻ വൈറസ് '(0.06 -0.14 മൈക്രോണിനിടയിൽ വരുന്ന  സൂക്ഷ്മജീവാണു) ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ കോടാനുകോടി ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തി  ലോകജനതക്ക് പകർന്നുനൽകിയത് ഒരുപാട്‌ കാര്യങ്ങളാണ് .

 

മലയാളിയുടെ ആഘോഷശീലങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു .ആർപ്പുവിളികളും ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ ഉത്സവങ്ങളും പെരുന്നാളുകളും നടത്തി.കാട്ടിക്കൂട്ടലുകളും ആഡംബരങ്ങളുമില്ലാതെ നെഞ്ചിടിപ്പൊഴിവാക്കി പെണ്മക്കളുടെ വിവാഹം ഭംഗിയായി നടത്താൻ സാധിച്ചു. സ്വന്തം രാജ്യത്തിൻറെ പണമൂല്യത്തേക്കാൾ വലുതെന്ന് കരുതി വിദേശരാജ്യങ്ങളിൽ പോയി അടിമപ്പണി ചെയ്തിരുന്നവരും കോർപ്പറേറ്റ് കുത്തകകൾക്കുവേണ്ടി ജോലി ചെയ്തിരുന്നവരും വൻകിട തൊഴിലിടങ്ങൾ കയ്യൊഴിഞ്ഞപ്പോൾ മേന്മയേറിയതായി തെറ്റിദ്ധരിച്ചിരുന്ന പല ജോലികളും ശാശ്വതമല്ലെന്നും ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും മനസ്സിലാക്കി. മത്സ്യവിൽപ്പനക്കിറങ്ങിയ യുവതലമുറ താരങ്ങളായി .

 

കുത്തകകൾ ആഴ്ചതോറും അടിച്ചിറക്കിയ നിറമുള്ള ഓഫർ ബുക്കുകൾ കണ്ട്‌ മഞ്ഞളിച്ചുനിന്നിരുന്ന സാധാരണക്കാർ ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങിക്കൂട്ടിയിരുന്ന വസ്തുവകകൾ 'അത്യാവശ്യങ്ങൾ മാത്രം 'എന്ന ലേബലിലേക്കു ചുരുക്കേണ്ടതായിവന്നു .കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിഷ്പ്രയാസം പഠിച്ചു .

 

വിദേശസംസ്കാരത്തിൻറെ  കടന്നുകയറ്റത്തോടെ നാം വിസ്‌മൃതിയിലെറിഞ്ഞ ചില ഭാരതീയസംസ്കാരങ്ങൾ പൊടിതട്ടിയെടുക്കേണ്ടതായി വന്നു .പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമായി നാം പകർത്തിയ 'ഹസ്തദാനം' സ്വന്തം ഹസ്തത്തിലേക്കുതന്നെ ഒതുക്കി  ചേർത്തുകൂപ്പി 'നമസ്കാരം 'പറയാൻ നാം പഠിച്ചു .

 

പുതിയ തലമുറ മ്യൂസിയങ്ങളിലും തട്ടിൻപുറങ്ങളിലും മാത്രം കണ്ടിട്ടുള്ള 'കിണ്ടി ' പണ്ട് കാരണവന്മാർ പണിതത് തേച്ചുമിനുക്കി കാഴ്ചവസ്തുവാക്കി കണ്ണാടിക്കൂടുകളിൽ നിക്ഷേപിക്കാനല്ലെന്നും കയ്യും കാലും മുഖവും ഇടയ്ക്കിടെ കഴുകാനാണെന്നും  ന്യൂ ജനറേഷൻ എത്ര പെട്ടെന്നാണ് പൈതൃകപ്രേമികളായത്.  

 

കടൽ കടന്നെത്തിയ വിദേശികളെപ്പോലും ആകർഷിച്ച് നാടിൻറെ  സമ്പദ്വ്യവസ്ഥയെ അടക്കിവാണിരുന്ന നമ്മുടെ സുഗന്ധദ്രവ്യങ്ങളായ  ഇഞ്ചിയും മഞ്ഞളുമൊക്കെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് വാട്സാപ്പിലും ഫേസ്ബുക്കിലും വന്നപ്പോഴാണ്  പറമ്പിന്റെ ഏതോ മൂലയിൽ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ആ  'പ്രതിരോധകവർധക'ത്തെത്തേടി മലയാളികൾ ഇറങ്ങിയത്.വിഷം നിറഞ്ഞ പച്ചക്കറികളും ആഹാര വസ്തുക്കളുംമാത്രം കഴിച്ചിരുന്ന മലയാളികളുടെ വീടും ടെറസ്സുകളുമെല്ലാം പച്ചക്കറിത്തോട്ടങ്ങൾകൊണ്ട് നിറഞ്ഞു .വർണ്ണാഭ നിറഞ്ഞ പൂക്കളെയും പഴങ്ങളെയും പൂമ്പാറ്റകളും കിളികളും വരവേറ്റു .

 

 

20-20യിൽ പൊയ്ക്കൊണ്ടിരുന്ന ജീവിതത്തിന് കൊറോണ താൽക്കാലികമായി  കൂച്ചുവിലങ്ങിട്ടു.ഒരുപാട്‌ കാലങ്ങൾക്കുശേഷം വീട്ടിലെ തീന്മേശകൾക്കുചുറ്റും വിശേഷങ്ങൾ പറഞ്ഞ് കുടുംബാംഗങ്ങൾ വിഭവസമൃദ്ധമായുണ്ടു .ഫാസ്റ്റ്ഫുഡുകൾ  നിറഞ്ഞുകവിഞ്ഞ   തീന്മേശകളിലെ പാശ്ചാത്യ രീതി മാറി .വീട്ടിലിരുന്ന് അച്ചപ്പവും കുഴലപ്പവും മുതൽ ബ്ലാക്ക് ഫോറസ്റ്റ് കേക്കുകൾവരെ നമ്മുടെ സ്ത്രീകൾ ഉണ്ടാക്കി വിറ്റു.

 

ഡേ കെയറുകളിലും നഴ്സറികളിലും നിന്നു കുഞ്ഞുങ്ങൾ മോചിതരായി .ആനകളിച്ചും പന്തുകളിച്ചുമെല്ലാം അച്ഛനമ്മമാർ കൂടെ കൂടിയപ്പോൾ കുഞ്ഞുങ്ങളുടെ നിറമുള്ള ബാല്യം അവർക്ക് തിരികെ കിട്ടി.കുടുംബത്തിൽ 'അംഗസംഖ്യ 'കൂടി .തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രികളിലും മരുന്നുഷാപ്പുകളിലും പോയിരുന്നവർ മാസക്കണക്കിന് വീടകങ്ങളിൽ തളച്ചിടപ്പെട്ടതോടെ അസുഖങ്ങളെല്ലാം എവിടെപ്പോയി എന്നു  വിചിന്തനം നടത്തേണ്ടതായിവന്നു .

 

മനുഷ്യരാശിയെ  ആകെ ഉലച്ച മഹാമാരിക്കാലത്താണ്  നാം ജീവിച്ചിരിക്കുന്നതെന്നത് വലിയ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു .ജാഗ്രതവേണം. ഇതും നാം തരണം ചെയ്യുകതന്നെ ചെയ്യും.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com