sections
MORE

എണ്ണമയമുള്ള പെരുന്നാൾ ഓർമകൾ

eid-al-fitr
SHARE

പെരുന്നാൾ തലേന്ന് പന്തുകളിക്കാനും  പടക്കം പൊട്ടിക്കാനും അയൽപക്കത്തെ കൂട്ടുകാർ വടക്കേപുറത്ത് കാത്തുനിൽക്കുന്ന സമയത്താകും ഉമ്മ പറയുക 

"മോനേ സാമാനം വാങ്ങിച്ച്ട്ട് ഇജ് എങ്ങട്ട് വേണങ്കിലും പൊയ്ക്കോ"..

ദേഷ്യം വന്നാലും ഉമ്മയോടത് പ്രകടമാക്കാനാവില്ല. അത്രയേറെ സൗമ്യമാണ് ഉമ്മയുടെ വാക്കുകൾക്ക്.

"അൻ്റെ ഉപ്പ ഇതെവിടെ പോയി കിടക്കാടാ"..

ഉപ്പ ഒളിഞ്ഞിരിക്കുന്ന സ്ഥലം എനിക്കറിയാമെങ്കിലും ഉമ്മയോട് ഞാനിതേ വരെ പറഞ്ഞില്ല..

"ഉപ്പ വെട്ടേയ്മെ ഉണ്ടാകും മ്മാ " ഞാൻ പറഞ്ഞു

"നല്ല കുട്ടിയല്ലേ...മോൻ പോയി.. സാമാനത്തിനുള്ള പൈസ തരാൻ പറ".

 പെരുന്നാളായാൽ ഉമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ആധിയാണ്. ഇറച്ചിയും മോരുകറിക്കുളള കുബ്ലങ്ങയും അച്ചാറിടാനുള്ള വെണ്ടക്കയും നേരത്തെ കിട്ടിയാൽ കയ്യൊഴിയാമായിരുന്നു.

ഉമ്മ പറഞ്ഞു തന്ന സാധനങ്ങൾ നാവിലുരുവിട്ട് ഞാൻ ഇടവഴിയും കടന്ന് റോഡിലെത്തും. അന്നൊക്കെ ഇന്നത്തെ പോലെയല്ല റോഡിലൂടെ എപ്പോഴങ്കിലും ഒരു വാഹനം വന്നാലായി...ആകാശത്ത് നോക്കി സ്വപ്നം കണ്ടു നടക്കാം..

കയ്യിൽ രണ്ടു ടിന്നുകൾ എടുത്ത് ഞാൻ ഉപ്പയെ തേടിയിറങ്ങും.

രണ്ട് ടിന്നുകളിൽ ഒന്ന് കാസട്ട് (മണ്ണെണ്ണ) വാങ്ങാനും മറ്റൊന്ന് എണ്ണ വാങ്ങിക്കാനുമായിരുന്നു.

അങ്ങാടിപ്പാലത്തിനടുത്തുള്ള പാർട്ടി ഓഫീസിന് മുകളിലേക്കുള്ള പടി ചവിട്ടിക്കയറുമ്പോൾ മുമ്പിൽ തടസ്സമായി എക്സ്പ്രസ്സ് മയമാക്ക വിളിച്ചു  പറയുന്നത് കേൾക്കാം

"തങ്ങളേ... മോൻ വരണ് ണ്ട് ട്ടാ"...

ശാസ്ത്രസാഹിത്യ പരിഷത്തുകാർ സ്കൂളിൽ സംഘടിപ്പിച്ച പപ്പറ്റ് ഷോയിൽ കണ്ട മുയലമ്മാവനെ പോലെ

അപ്പോൾ അരമതിലിന് മുകളിൽ ഉപ്പയുടെ തല പ്രത്യക്ഷമാകും.. ചിലപ്പോൾ ചുണ്ടിൽ ബീഡി എരിഞ്ഞു കത്തുന്നുണ്ടാകും.. 

ഒരു പിടി നോട്ടുകൾ വായുവിലൂടെ എൻ്റെ കൈകളിലേക്ക് പറന്നു വരും..

ഞാനത് വിദഗ്ദമായി പിടിച്ച്.. ട്രൗസറിൻ്റെ പോക്കറ്റിൽ തിരുകും... മണ്ണിൻ്റെ മണമുള്ളനോട്ടുകൾക്ക് വിയർപ്പിൻ്റെ നനവുണ്ടാകും.. ചിലപ്പോൾ പൈസക്കൊപ്പം ജോക്കർ കാർഡുകൾ കിട്ടും.

അത് പിന്നീടെപ്പൊഴോ ഉമ്മയുടെ കണ്ണുനീരിൻ്റെ നനവായി മാറിയിട്ടുണ്ട്.

മുന്നറിയിപ്പ് കൊടുക്കാൻ ആളെ നിർത്തിയത് കൊണ്ട് എനിക്കിന്നേ വരെ എന്തായിരിക്കും ആ വരാന്തയിൽ നടക്കുന്നതെന്ന് കാണാൻ പറ്റിയിട്ടില്ല... കുറച്ചൂടെ വലുതാവട്ടെ ഒരീസം ഞാനങ്ങട്ട് കയറിച്ചെല്ലും എന്നെൻ്റെ മനസ്സ് പറയാറുണ്ട്.

ഒരീസം പോലീസുകാർ സിഗ്നൽ കാണിച്ചു കൊടുക്കാറുള്ള എക്സ്പ്രസ്സിനെ ഓടിച്ചിട്ട് പിടിച്ചു.. 

"നിനക്കെന്താടാ രാത്രി ഇവിടെ കാര്യം?"

"ഏമാനെ.. ഞാൻ വെളിച്ചം കണ്ടപ്പോ വന്നതാ.. "

"വെളിച്ചം കണ്ടു വരാൻ നീയെന്താടാ ഇയ്യാം പാറ്റയോ? " എന്ന് പറഞ്ഞ് ചെവിക്കുറ്റി നോക്കി ഒരൊറ്റ അടിയാണ്... അന്നാണ് ഉപ്പയെ പോലീസുകാർ പിടിച്ചു കൊണ്ട് പോയീന്ന് അങ്ങാടീന്ന് പറയുന്നത് കേട്ടത്. അതറിഞ്ഞ് ഞാൻ ഭയന്നു എന്തിനാണെൻ്റെ ഉപ്പാനെ പോലീസ് പിടിച്ചത്... പോലീസ് ഉപ്പാനെ തല്ലോ...? പടച്ചോനെ.. എൻ്റെ ഉപ്പാനെ പോലീസുകാർ ഒന്നും ചെയ്യരുതേ.. 

നേരം പുലരുമ്പോൾ ഉപ്പയതാ മുന്നാരത്തിരിക്കുന്നു.. കയ്യിൽ ഉറുമാലയും ഹവായ് ചെരുപ്പുകളുമൊക്കെയായി...

സാധാരണ വീട്ടിലെ സ്ത്രീകളുടെ നീണ്ട മുടികളിൽ തേക്കാൻ 200 ഗ്രാം എണ്ണ തന്നെ തികയില്ല. പെരുന്നാളിന് അളവ് കൂടും.

"എന്തിനാടീ ഇത്രയധികം എണ്ണ ഇവിടെന്താ കല്യാണമുണ്ടോ..?"

ഉപ്പ ചോദിക്കും.

"കുട്ടികളെ കുളിപ്പിക്കണ്ടേ മനുഷ്യാ

500 എണ്ണ തന്നെ വേണം"...ഉമ്മ അരിശത്തോടെ പറയും.

"നീ മൈലാഞ്ചി ഇടുന്നില്ലേ..."

ഉപ്പ ഉമ്മയെ സോപ്പിടാനായി ചോദിക്കും 

പെരുന്നാൾ തലേന്ന് വൈകുന്നേരം മോന്തിയാകുമ്പോ കുഞ്ഞായാക്കാൻ്റെ കടയിൽ നല്ല തിരക്കായിരിക്കും... അങ്ങാടി മുഴുവൻ ആളുകളെകൊണ്ട് നിറയും.. പോത്തിനെ അറുക്കുന്നത് കാണാൻ കനാലിന് ചുറ്റും ആളുകൾ വട്ടംകൂടി നിൽക്കുന്നുണ്ടാകും. കുട്ടികളെ അങ്ങോട്ട് കടത്തിവിടില്ല.. അപ്പോ തോന്നും എത്രയും പെട്ടെന്ന് ഒന്ന് വലുതായിരുന്നെങ്കിലെന്ന്..

വലുതാവട്ടെ കാണിച്ചു തരാം..

മനസ്സില്ലാ മനസ്സോടെയാണെങ്കിലും കടയിലെ ഉപ്പു ചാക്കിന് മുകളിൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും.

എന്നെ കണ്ടാൽ കുഞ്ഞായിക്ക പറയും "തങ്ങളെ മോനെ ഒഴിവാക്കി കൊടുക്കിൻ... പെരുന്നാളല്ലേ....കുട്ടികൾക്ക് കളിക്കാനുണ്ടാകും "

ഉപ്പ ബോംബെയിലേക്ക് നാടുവിട്ട സമയത്താണ് വല്ലാതെ ബുദ്ധിമുട്ടിയത്. ഞങ്ങൾക്ക് അരിയും സാധനങ്ങളും കടം തന്ന കുഞ്ഞായാക്കാനെ എന്നും സ്നേഹപൂർവ്വമല്ലാതെ സ്മരിക്കാനാകില്ല.

പെരുന്നാളിൻ്റെ അന്ന് രാവിലെ നേരത്തെ ഉണരും.

പെരുന്നാളിൻ്റെ അന്നാണ് പ്രത്യേകം എണ്ണ തേച്ച് വിശാലമായ കുളി... ഉമ്മയോ മൂത്ത ഇത്താത്തമാരോ ആണ് എണ്ണ തേപ്പിക്കുക... ഒരു ട്രൗസർ മാത്രം ധരിച്ച് മേലാസകലം എണ്ണ തേക്കുമ്പോൾ മേല് വണ്ണം വെക്കും... ഇക്കിളിയാകും..

തലയിൽ എണ്ണ തേക്കുന്നത് അന്നും ഇന്നും ഇഷ്ടമല്ലാത്തത് കൊണ്ട് സമ്മതിക്കില്ല.. എന്നാലും നിർബന്ധിച്ച് തേപ്പിക്കും. എല്ലാവരേയും എണ്ണയിട്ടു  കഴിഞ്ഞാൽ എണ്ണക്കുട്ടികൾ പറമ്പിലേക്കിറങ്ങുകയായി... അപ്പോൾ ഇമ്മുവും എണ്ണ തേച്ച് വന്നു നിൽക്കുന്നുണ്ടാകും... ഉമ്മുവിൻ്റെ മാംസളമായ നെഞ്ചിലൂടെ എണ്ണ ഒഴുകിപ്പരക്കും... അധികകാലം ഉമ്മു ഞങ്ങൾക്കൊപ്പം ഉണ്ടായില്ല.. പിന്നീട് ഞങ്ങൾ എണ്ണ തേച്ചു നിൽക്കുന്നത് ജനൽ വിടവിലൂടെ അവൾ നോക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ അവൾ ജമ്പറും പാവാടയും ഇട്ട വല്യക്കുട്ടിയെ പോലെ ആയിട്ടുണ്ടാകും. ട്രൗസറിട്ട എന്നെ അവൾ ഒളിഞ്ഞു നോക്കുമ്പോൾ എന്തോ ഞാൻ വല്ലാതെ ചൂളിപ്പോകും. അന്നു തൊട്ടാണ് മുണ്ടെടുക്കാൻ തുടങ്ങിയത്

father-and-son

എത്ര ദാരിദ്ര്യം പടി കയറി വന്നിട്ടും ഒരു പെരുന്നാളും കോടി വസ്ത്രമുടുക്കാതെ ഉപ്പ ഞങ്ങളെ പള്ളിയിൽ പറഞ്ഞയച്ചിട്ടില്ല... ഇത്രയേറെ സ്നേഹമുള്ള ഒരുപ്പയും ലോകത്തില്ലാ എന്ന് തോന്നിയിട്ടുണ്ട്... ആത്മവിശ്വാസമായിരുന്നു ഉപ്പ.. 

എന്തും നേരിടാനുള്ള തൻ്റെടം... "ആരടാന്ന് ചോദിച്ചാ ഞാനടാ" എന്ന് തിരിച്ചു പറയാനുള്ള ധൈര്യം ആത്മാഭിമാനം...

ഇന്നും എണ്ണ തേക്കുമ്പോൾ ആ എണ്ണമയമുള്ള ബാല്യകാല പെരുന്നാൾ തന്നെയാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA