sections
MORE

ജന്തുവാസനകളുടെ ജീവിതം

pennuchathavante-pathinezham-divasam
SHARE

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ പുതിയ കഥാസമാഹാരമാണ് 'പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം'. പുസ്തകത്തിന്റെ അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് പറയുന്നു 'കെ.എസ്. രതീഷിന്റെ കഥകളിൽ ജന്തുവാസനകളുടെ ജീവിതമാണ് മുറ്റി നിൽക്കുന്നത്'.

പതിനാല് കഥകൾ; പതിനാലുതരം ചിന്തകൾ. അനുഭവത്തിന്റെ തീക്കനലിൽ ഉരുകിയൊലിച്ച് രൂപം പ്രാപിച്ചവയാണ് ഓരോ കഥയും. കഥാകാരന്റെ തൊട്ടറിവിന്റെ സ്പർശനഗന്ധവും ചൂടും ഗൃഹാതുരത്വത്തിന്റെ അലകൾപോലെ വായനക്കാരനെ വേട്ടയാടുന്നുണ്ട് ഈ കഥകളിൽ ഓരോന്നിലും.  തീവ്രാനുഭവങ്ങൾ എഴുത്തുകാരനെ അത്തരം ഒരവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു എന്നുവേണം അനുമാനിക്കുവാൻ.   

ആദ്യ കഥയായ 'കെ.എൻ.എച്ച് 0326' ഓർമ്മകളുടെ തിരിച്ചുവരവാണ്. നേർത്ത നർമ്മത്തിൽ തുടങ്ങുന്ന കഥ, പിന്നീട് ഗത്യന്തരമില്ലതെ ആത്മഹത്യക്കായി മക്കളെ കൈപിടിച്ച്  കൊണ്ടുപോകുന്ന അമ്മയിൽ എത്തുമ്പോൾ; അമ്മായിയമ്മയും മരുമകളും മകനും അവന്റെ മക്കളുമൊന്നുമല്ല വായനക്കാരന്റെ മുന്നിൽ. മരണം എന്ന ഭീകരതയും അതിന്റെ വക്കിൽനിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്നവന്റെ ചിന്തയുടെ വിറയലുമാണ്. കാറ്റും കോളും അടങ്ങി കിടപ്പറയിൽ ഭാര്യ അവനോട് ചോദിക്കുന്നു 'മാഷെ, കെ.എൻ.എച്ച് എന്നാൽ എന്താ?' 'കിൻഡർ നോട്ട് ഹിൽപ്പെ' അതിന് മറുപടി പറഞ്ഞുകഴിയുമ്പോൾ വായനക്കാരിൽ വേദന അറിയാതെ ഊറിയൊഴുകിയെത്തും. പിന്നെ കഥയിൽ ഉയരുന്ന വികാരക്കുളിരുറഞ്ഞ നെയ്യാറിന്റെ ഓളങ്ങൾക്ക് പോലും ആ തീവ്രത കുറയ്ക്കാനാകുന്നില്ല.

ഗ്രാമത്തിന്റെ ഹരിതാഭ അമ്മാമ്മ, മാമൻ തുടങ്ങി ഒരുപിടി കഥാപാത്രങ്ങളിലൂടെ പടരുന്ന കഥയാണ് 'പേറുക വന്നീ പന്തങ്ങൾ'.  പമ്പയ്യൻ അഥവാ പമ്പിന്റെ കഥ പറയുന്ന 'പകർപ്പ്' ചിന്തകളുടെ പിൻവിളി ആത്മാവിന്റെ മടങ്ങിവരവുമായി സമ്മേളിക്കുന്നു. ബസ്സിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ അനുഭവിക്കുന്ന അയാളുടെ പിറുപിറുക്കലിന്റെ ആഴവും പരപ്പും കഥാവസാനത്തിൽ ഉമിത്തീപോലെ പുകയുന്ന അവസ്ഥ. കനാലിൽ കാൽ തെന്നിവീണ് മരിച്ച ഒരാളാണ് മുന്നിൽ നിറഞ്ഞാടുന്നതെന്ന് ഒരു ഞെട്ടലോടെ വായനക്കാരൻ അറിയുകയാണ്.

'പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം' എന്ന അഞ്ചാമത്തെ കഥ കൊണ്ടുപോകുന്നത് നെരിപ്പോടെരിയുന്ന മനസികാവസ്ഥയിലേക്കാണ്.  പെണ്ണിനെ ആത്മാർത്ഥമായി പ്രണയിക്കുന്ന ഓരോ പുരുഷനും ഒരു നീറ്റൽ ഉളവാക്കുന്ന കഥ. ഇതൊരിക്കലും യാഥാർഥ്യമായി തീരരുതേ എന്ന് ആത്മാവിന്റെ ആഴങ്ങളിൽ നിന്നും നല്ല പുരുഷൻ കേണുപോകും. ഇന്നലെവരെ താൻ കണ്ടതും അനുഭവിച്ചതും അല്ലായിരുന്നു പെണ്ണ് എന്നൊരു ബോദ്ധ്യം എഴുത്തുകാരൻ സമൂഹത്തിന് നൽകുന്ന ആത്മാർത്ഥമായൊരു ചിന്താശകലമാണ്. പെണ്ണിന്റെ ഭാഗം ആണിനെക്കൊണ്ട്‌ വ്യത്യസ്തമായി പറയിക്കുന്ന ഈ കഥയുടെ ക്രാഫ്റ്റ് ഗംഭീരം. സ്ത്രീയെ കേവലം ഉപഭോഗവസ്തുവുവായി പരിഗണിക്കുന്ന സമൂഹഉൾബോധത്തിന് നൽകുന്ന കനത്ത പ്രഹരമായിത്തീരുന്നു കഥ. 

'ത്രെഡ്' എന്ന കഥ സമകാലിക സംഭവങ്ങളുടെ തനിപ്പകർപ്പുപോലെ അനുഭോഗമാകുന്നു. കഥയിലുടനീളം ഊറുന്ന നർമ്മം എടുത്തുപറയാവുന്ന പ്രേത്യേകതയാണ്.  കഥാകാരൻമാരും, എഡിറ്റർമാരും, പ്രസിദ്ധീകരണങ്ങളും ക്വോട്ടേഷനും ചില സത്യങ്ങളിലേക്കുള്ള ചൂണ്ടുപലകപോലെ വർത്തിക്കുന്നു കഥയിൽ.  രണ്ട് സ്ത്രീകളെ വകവരുത്തുവാൻ രാത്രി ഇറങ്ങിത്തിരിക്കുന്ന കുറെ ആണുങ്ങളുടെ കഥകൾ പറയുകയാണ് 'കൊർണകൾ'. ലിസിയെയും ബെറ്റിയെയും വകവരുത്താൻ ഓരോരുത്തർക്കും കഥാകാരണങ്ങളുണ്ട്. എന്നാൽ മുണ്ടഴിഞ്ഞ് കൂട്ടത്തിലുള്ള എലീശാ ഓടുന്നത് എന്തിനെന്ന വലിയൊരു ചോദ്യം വായനക്കാരന്റെ ചിന്താമണ്ഡലത്തിലേക്ക് ആയത്തിൽ എറിഞ്ഞുതന്ന് കഥയവസാനിക്കുന്നു.  എഴുത്തുകാരനും, പ്രസാധകനും ഒത്തുചേരുന്ന 'ലേയൗട്ട്' എന്ന കഥ ഹൃദയത്തിൽ സ്പർശിച്ചുപോകും. എഴുത്തുകാരന്റെ പരിതപിക്കലിൽ ആരംഭിച്ച് പ്രസാധകന്റെ നൊമ്പരത്തിൽ അവസാനിക്കുന്ന കഥയിൽ കണ്മുന്നിൽ കാണുന്ന നഗ്‌നസത്യങ്ങൾ വിളിച്ചുപറയുന്ന ജിഹ്വയായി രതീഷിന്റെ തൂലിക മാറുന്നു.  

'ഈ ഭൂമിയിൽ ഒരാളുമറിയാതെ ആ നിമിഷങ്ങൾ നമുക്ക് ഒന്നിച്ച് കട്ടെടുക്കണം' എന്ന് പ്രേമവാചകം മൊഴിയുന്ന ബാങ്ക് മാനേജരുടെ വാക്കിൽ കവിത കാണുന്ന ഹെലനിൽ നിന്നും അയാളുടെ കിടക്കയിൽ നോട്ടെണ്ണൽ യന്ത്രത്തിന്റെ മാത്രം ആവേശം അറിയുന്നവളിലേക്കുള്ള ദൂരമളക്കലാണ് 'വീടു മുതൽ വീടു വരെ' എന്ന കഥ.  അവസാന കഥയായ 'പരേതഗീതകം' വല്ലാത്തൊരു ഫാന്റസിയുടെ ലോകത്തേക്ക് വായനക്കാരനെ കൊണ്ടുചെന്നെത്തിക്കുന്നു. മോർച്ചറിയിലെ 'ഈ തണുപ്പ് മാത്രമാണ് സത്യസന്ധമായ വികാരം' എന്നാണവിടെ പ്രഖ്യാപിക്കുന്നത്. 'പെറ്റുകൂട്ടാനല്ലാതെ ഈ നാട് പെണ്ണിനൊട്ടും ചേർന്നതല്ല' എന്ന കാതറീന്റെ പ്രഖ്യാപനം വിരൽ ചൂണ്ടുന്ന ചില സത്യങ്ങളുണ്ട്. മോർച്ചറിഗീത എന്ന വികലാംഗയുടെ ജീവിതത്തിന്റെ ഭാവപ്പകർച്ചകൾ മോർച്ചറിയിലെ അറകളിൽ നിന്നും പുറത്തുവന്നവർക്കൊപ്പം കഥയിൽ നിറയുമ്പോൾ, വായനയുടെ തലം അതുവരെ വായിച്ച കഥകളിൽ നിന്നും അപ്പാടെ മാറുകയാണ്.

ജീവിത പരിസരങ്ങൾ എഴുത്തുകാരനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് പുസ്തകത്തിലെ ഓരോ കഥകളും.  എഴുത്തുകാരന്റെ ആവനാഴിയിൽ നിന്ന് പുറപ്പെടുന്ന അനുഭവത്തിന്റെ അമ്പുകളാകുന്ന കഥകൾ വായനക്കാരന്റെ ഉള്ളിൽ ചെന്ന് ആഴത്തിൽ തറയ്ക്കുന്നതും അതിനാലാണ്. അതിനാൽത്തന്നെ അടുത്തകാലത്ത് വായിച്ച ചെറുകഥാസമാഹാരങ്ങളിൽ കെ.എസ്.രതീഷിന്റെ 'പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം' മികച്ചുനിൽക്കുന്നു. 

അനുഭവങ്ങളുടെ മൂശയിൽ വാർത്ത കഥകൾക്ക് ഏറ്റവും വലിയ സാക്ഷ്യപത്രം കഥാകൃത്തുതന്നെ കഥാന്ത്യം കുറിക്കുന്നുന്നുണ്ട്. അതിപ്രകാരമാണ്. 'എനിക്ക് കരയാൻ മതിയായ കാരണങ്ങൾ ഇല്ലാതാകുന്ന കാലത്ത് ഈ കഥ കഴിയും. അതുവരെ ഈ കഥയിൽ എന്തിരിക്കുന്നെന്നും നിങ്ങൾ ചോദിക്കരുത്. ഞാനതിൽ നൊന്തിരിക്കുന്നുണ്ട്'.

120 പേജുകളുള്ള പുസ്തകം ചിന്ത പബ്ലിഷേഴ്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 150 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA