ADVERTISEMENT

താതനില്ലാതുള്ളൊരാദ്യ പിതൃദിനം

കാന്തനില്ലാത്തൊരീ കാന്താര ഭൂവിതില്‍

എന്തു കഠിനമാം വേദന താണ്‍ടിയും

സന്തതം നിന്‍പഥം തേടുന്നൊരേഴ ഞാന്‍! 

ഭര്‍തൃ വിയോഗത്തിന്‍ നീര്‍ക്കയം പൂകുവാന്‍

നീതിദേവന്‍ നല്‍കും വിധിയേറ്റു വാങ്ങുവാന്‍

മൃത്യുവിന്‍ മാറാലയ്ക്കുള്ളില്‍ മറച്ചൊരെന്‍

നാഥന്‍റെ സ്മൃതിയിലെന്‍ ചിത്തം വിതുമ്പുന്നു

 

ആസ്പത്രിക്കോണിലങ്ങാരോരുമില്ലാതെ 

ആശയറ്റെത്ര വിഷാദ വിക്ഷുബ്ധനായ്

ആശ്വാസമേകുവാന്‍ ബാന്ധവര്‍ക്കാകാതെ

ആരു തുണയ്ക്കുമെന്നുള്ള വിഭ്രാന്തിയില്‍

കോവിഡിന്‍ ബന്ധന വക്ത്രത്തിലെത്രയോ 

ജീവിതം കണ്ണീരിലാഴ്ന്നുവെന്നോര്‍പ്പു ഞാന്‍!

 

നോവല്ല വേവില്‍ക്കിടന്നു കരിഞ്ഞുപോയ്

ജീവിതാന്ത്യത്തിന്നു മുമ്പേ നിലച്ചുപോയ്

എത്ര വിലപ്പെട്ട മര്‍ത്യജന്മമേതും   

എത്രമേലശ്രദ്ധം വെട്ടിമാറ്റുന്നുവോ?

മൃത്യുവെന്നുള്ള രണ്‍ടക്ഷരമെത്രമേല്‍

അത്യന്ത കാതര ദുഃഖത്തിലാഴ്ത്തുമ്പോള്‍

എതു ലോകത്തിലാണാത്മാവു മേവുന്നു,

ഏതു വിദുഷിയുണ്‍ടുത്തരം നല്‍കുവാന്‍?

 

ഏതോ അനന്തമാം വിണ്‍മണ്ഡലത്തിലോ,

എതോ വിശുദ്ധമാം ദേവഗണത്തിലോ?

എങ്ങാണെന്‍ നാഥന്‍ വിലയിച്ചിരിപ്പത്,

എന്നോടു ചൊല്ലിത്തന്നീടുവാനാകുമോ?

ദേഹം വെടിഞ്ഞൊരു ദേഹിയെവിടെയോ ?

ഊഹിക്കുവാനുമാവാതെ കേഴുന്നു നാം 

എന്തൊരേകാന്തത, മുകത, ശൂന്യത, 

എത്ര ശോകാകുലമെന്‍ ഗേഹാന്തരീക്ഷം!

 

സംതൃപ്തി, ശാന്തി, സമൃദ്ധി തുളുമ്പിയ

വീടിന്നകത്തളം നിശ്ചല സാന്ദ്രമായ്,

പാവന സ്നേഹാര്‍ദ്ര ലാളനം മേളിച്ചും

ആവോളമാരിലുമാനന്ദം തൂകിയും 

എത്ര സതീര്‍ത്ഥ്യര്‍, ബാന്ധവര്‍, വിജ്ഞാതരും

നിത്യസന്ദര്‍ശനം പുല്‍കിയ പത്തനം,

ഇത്രമേല്‍ ശൂന്യമനാഥമായ് തീര്‍ന്നുവോ?

 

ആരെയും കൈനീട്ടി യാനയിച്ചാദരാല്‍

ആരെയും ആതിഥ്യ സംപ്രീതിയാല്‍ ചേര്‍ത്തും 

വറ്റാത്ത സൗഹൃദം നിര്‍ല്ലോപം വര്‍ഷിച്ച

വാര്‍ത്തിങ്കള്‍ക്കല മാഞ്ഞുപോയ് സന്താപകം!

അമ്പതു സംവത്സരങ്ങളീ  ന്യൂയോര്‍ക്കില്‍

തമ്പുരാന്‍ നല്‍കിയ നന്മയും തിന്മയും

 

തുമ്പമറ്റെന്നു മാവാഹിച്ചു നന്ദിയാല്‍

കുമ്പിട്ടു വാഴ്ത്തി നിരഞ്ജന പാദത്തില്‍.

നൂറു ദിനങ്ങളായ് കണ്ണുനീര്‍മുത്തുമായ്

നിറുന്ന ചിത്തത്തിലര്‍ത്ഥനാ മന്ത്രണം

ഈശ്വരപാദത്തിലര്‍പ്പിച്ചുവെങ്കിലും

ഈശ്വരേശ്ചപോല്‍ പറന്നു പോയാ ജീവന്‍

വേദനയറ്റൊരു ലോകത്തിലെന്‍ പ്രിയന്‍

യേശുവിന്‍ സന്നിധേ യാനന്ദ പൂര്‍ണ്ണനായ്

സ്വര്‍ഗ്ഗീയരോടൊത്ത് ബാന്ധവരോടൊത്ത്

സ്വര്‍ഗ്ഗത്തിലെന്‍ ദേവന്‍ പാര്‍ക്കുന്നറിയുന്നേന്‍ !

 

ഏകാന്ത പഥിക യെന്‍് കാന്ത സ്മാരണം

മൂകമാമെന്‍ ജീവ വീഥിയിന്‍ സാന്ത്വനം!

പുത്രദ്വയാദികളാശ്വാസ മെങ്കിലും 

ഉത്തമ കാന്തനൊടു തുല്യമില്ലാരും

എത്ര മൃതിവ്യഥ കണ്‍ടു ഞാനിത്രനാള്‍

ചിത്തമിതേവിധം തപ്തമായില്ലഹോ !

ഏവമെന്‍ ജീവിതയാനം പോകുന്നുവോ 

നോവുന്ന മാനസേ നന്ദിസ്തവം മാത്രം!

ജീവകാലത്തിലമൂല്യമായുള്ളവ.

 

ജീവന്‍ വെടിയവേ നിഷ്ഫലം നിഷ്പ്രഭം !

ജീവനു തുല്യമായ് സ്നേഹിച്ചോരൊക്കെവേ

ജീവാന്ത്യത്തില്‍ കുഴിമാടം വരെ മാത്രം !

ജീവിതമെന്നുമൊരുത്സവമായഹോ

ഭൂവിലെ സ്വര്‍ഗ്ഗമായ്ത്തീര്‍ന്നൊരെന്‍ ഗേഹത്തില്‍

 

തമ്പുരാനായൊരു ദീപശിഖയായി

അമ്പാരിയില്ലാതെ ആരവമില്ലാതെ 

ഇമ്പം നിറച്ചെന്‍റെ കോവിലിലെന്നുമേ !

ഒന്നറിയുന്നു ഞാന്‍ ഭൂവിലെ ജീവിതം 

നന്നായിരിക്കുകില്‍ സ്വര്‍ഗ്ഗത്തില്‍ വാണിടാം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com