ADVERTISEMENT

"മക്കളേ വാപ്പാക്ക് വയ്യ ട്ടാ"

 

കിടന്ന കിടപ്പിലുള്ള  ഈ ആവലാതി പ്രേമചന്ദ്രൻ ഡോക്ടറെ അയാളുടെ അടുത്തേക്കെത്തിച്ചു.

 

"അലവീ ഇപ്പൊ എങ്ങിനെയുണ്ട്?"

 

"ഡോക്ടറേ ക്ക് വയ്യ ട്ടാ"

 

"എന്താണ് പ്പൊ പ്രത്യേകിച്ച്?"

 

അയാൾ കണ്ണാൽ വിളിച്ച് 

ഡോക്ടറെ സ്വകാര്യച്ചെവിയിലേക്ക് കൊണ്ടുവന്നു. 

 

ചുറ്റും കൂടിയവർക്കൊരു അന്ത്യകൂതാശ മണത്തു. മക്കളിലൊരുവൻ മൊയ്‌ല്യേരെ വിളിക്കാൻ പാഞ്ഞു.

 

"അലവീ അനക്ക് സമാധാനം കിട്ടട്ടെ". മനക്കുറിപ്പെഴുതിക്കൊടുത്ത് ഡോക്ടർ സ്ഥലം വിട്ടു.

 

മുക്രിയേയും മൊയ്‌ല്യേരേയും കണ്ട് അലവി അസ്വസ്ഥത കാട്ടി.

 

മന്ത്രിച്ചൂതി "പടച്ചോൻ കാക്കട്ടെ" എന്നവസാനിപ്പിച്ച് മുസ്ല്യാർ.

 

പല്ലനലവി എന്ന അയാൾ തലയിണയിൽ നിന്നല്പമുയർന്ന് പഴയ മന്ത്രം വീണ്ടും ഉരുവിട്ടു 

 

"മക്കളേ വാപ്പാക്ക് വയ്യ ട്ടാ"

 

പദവി മുക്കാല സുബ്രു ഏറ്റെടുക്കുന്നത് വരെ വന്നേരി നാട്ടിന്റെ സ്വന്തം കള്ളനായിരുന്നു അയാൾ. 'നാട് വിറപ്പിച്ച' എന്നൊന്നും ഗ്രേഡ് ചെയ്യാൻ പറ്റില്ലെങ്കിലും കൊമ്പൻ മീശയും പിരിച്ച് വെള്ള ബനിയനും, കള്ളിമുണ്ടും,പച്ച അരപ്പെട്ടയും കെട്ടി പകൽ അങ്ങാടിയിലേക്കിറങ്ങിയിരുന്ന അയാളുടെ രൂപം ഒരിക്കൽ കണ്ടവർ പിന്നെ മറക്കില്ല എന്ന് മാത്രമല്ല ഒരു ചെറുപേടിയൊക്കെ ആർക്കും തോന്നാനുള്ള വകുപ്പൊക്കെ അയാളുടെ കണ്ണിലും മീശയിലുമുണ്ടായിരുന്നു. വേലായിയുടെ ചായക്കടയിലേക്കുള്ള അന്നത്തെ അത്തരം യാത്രകളിലാണ് കയറാനുള്ള വീടയാൾ തീരുമാനിച്ചിരുന്നതെത്രെ.പല്ലനലവി കയറിയ വീടേതാണെന്ന് രാവിലെ പൊള്ളാച്ചി മറിയ പണിക്ക് പോവുമ്പോൾ തന്നെ അങ്ങാടിയിൽ പാട്ടാവുമെങ്കിലും അതിന്റെ പേരിലാരും അയാളോടെതിരിട്ട ചരിത്രമുണ്ടായിട്ടില്ല.

 

തൊട്ടടുത്തുള്ള വന്നേരി പോലീസിലോ അയാളുടെ സ്വന്തം പൊലീസ് സ്റ്റേഷനായ വടക്കേക്കാട് പൊലീസിലോ ഒരു കുഞ്ഞു പരാതി പോലും ആരും അയാൾക്കെതിരെ കൊടുത്തതായും അറിവില്ല. അന്നൊക്കെ കയറിയ വീട്ടിൽ നിന്നാണയാളുടെ അത്താഴം പിന്നീട് വിശാലമായൊന്ന് മുറുക്കിയതിന് ശേഷമാണ് മോഷണം. മോഷണത്തിനും പല്ലന് ചില രീതികളുണ്ടായിരുന്നു.പണം മാത്രമേ അയാളെടുക്കൂ അതും ആവശ്യത്തിനുള്ളത് മാത്രം കട്ടതിന് ശേഷം  വീട്ട് മുറ്റത്ത് മലമൂത്ര വിസർജനം നടത്തുന്നതാണയാളുടെ ഹോബി.ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ അലവി വീട്ടിനകത്തും  തൂറും  അത് സ്വന്തം വീടായാലും. കട്ടതാരാണെന്ന് മനസ്സിലാവുന്ന തരത്തിൽ ഇത്തരം ചില അടയാളങ്ങൾ അവശേഷിപ്പിക്കുന്ന അയാളുടെ രീതി നാട്ടിൽ പാട്ടായിരുന്നെങ്കിലും അതൊരു കേസിലേക്ക് നയിക്കാതിരിക്കാനും ചില കാരണങ്ങളുണ്ട്.

വന്നേരി നാട്ടിലെ പെണ്ണുങ്ങളുടെ പാചക വൈദഗ്ദ്ധ്യത്തിന് പിന്നിൽ അലവിയ്ക്ക് ചെറുതല്ലാത്തൊരു റോളുണ്ടെന്നാണ് അവരുടെ കെട്യോൻമാരുടെയൊക്കെ രഹസ്യ സാക്ഷ്യം അക്കാരണത്താൽ തന്നെ നാനൂറോ അഞ്ഞൂറോ പോയാലും പെണ്ണുങ്ങളുടെ ആവശ്യമില്ലാത്ത പാചക പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു നാട്ടിലെ സകല ആണുങ്ങളുടെയും ചിന്ത ഇവരിൽ പലരും  അലവിയുടെ ആരാധകരായിരുന്നെന്നും സംസാരമുണ്ട്.

 

 

"മക്കളേ"

 

"എന്തേ വാപ്പാ?"   ചുറ്റും നിന്ന മക്കൾ  കോറസ് പാടി.

 

"വാപ്പാക്ക് വയ്യ ട്ടാ"

 

"വാപ്പാ"

 

നീട്ടി വിളിച്ച് മക്കൾ കട്ടിലിനോടടുത്തപ്പോൾ ഒന്നുയർന്ന് രണ്ടു കൈകളും വീശി എല്ലാത്തിനേയും ആട്ടി അയാൾ കട്ടിലിലേക്ക് തന്നെ മലർന്നു.

 

ഒരുകാലത്ത് വന്നേരി നാട്ടിലെ രാത്രി സജീവമാക്കിയിരുന്നയാളാണ് ഇങ്ങിനെ കട്ടിലിൽ. ഒരിടത്ത് നിന്നും സ്വർണ്ണമോ  വിലപ്പെട്ടത് മറ്റെന്തെങ്കിലുമൊ അയാളെടുക്കാറില്ലായിരുന്നു. അലവി വിഷമിച്ച് പോയത് എ. ടി. എം കാർഡിന്റെ വരവോടെയാണെന്നാണ് ആരാധകരുടെ അടക്കം പറച്ചിൽ ആളുകൾ വീടുകളിൽ പണം സൂക്ഷിക്കുന്നത് കുറഞ്ഞു അത്യാവശ്യത്തിന് വെക്കുന്ന പത്തോ നൂറോ മാത്രമായി പല്ലന്റെ വരുമാനം. പണം കിട്ടുന്നത് കുറഞ്ഞപ്പോൾ അലവി അത്താഴമൊന്ന് വിപുലമാക്കി അതിനനുസരിച്ച് പൊള്ളാച്ചി മറിയക്ക് ജോലി ഭാരവും കൂടി.മോഷണം നടത്തിക്കിട്ടിയ പണം തീരുന്ന മുറയ്ക്ക് വീണ്ടുമയാൾ അടുത്ത വീട് ലക്ഷ്യം വെയ്ക്കും ഊഴമായി മുക്രി അയമുട്ടിയുടെ വീട്ടിൽ കയറേണ്ടി വന്ന അന്നാണല്ലോ ആ സംഭവം നടക്കുന്നത്.

 

അന്ന് ജൂപ്പീറ്ററിൽ നിന്ന് സെക്കന്റ്‌ ഷോയും കണ്ട് ഇരുട്ട് മോഹനന്റെ തട്ട്കടയിലെ  കപ്പ ബിരിയാണിയും കഴിച്ച് കാജാബീഡിപ്പുക നീട്ടി ഊതി അയാൾ പൊന്നാനി റൂട്ടിലേക്ക് നടന്ന. നിസ്കാരപ്പള്ളിയും കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് മൺവഴിയിലൂടെ മുക്രിയുടെ വീട് ലക്ഷ്യമാക്കി നീങ്ങുമ്പോൾ മുണ്ടും ഷർട്ടുമൂരി നാണം ഇരുട്ടിലൊളിപ്പിച്ച് പല്ലൻ തികട്ടിവന്ന പൂതി മനസ്സിലിട്ട് വീണ്ടും ഊതിയാറ്റി എന്താണാവീട് തന്നെ തിരഞ്ഞെടുക്കാനെന്ന്  ചിലർക്കെങ്കിലും സംശയം കാണും. അത് പല്ലന്റെ ചങ്ക് വേലായിയുടെ പന്തയത്തിൽ നിന്നുണ്ടായതാണ് വയസ്സാൻ കാലത്ത് രണ്ടാം കെട്ട് കെട്ടിയ മുക്രിയുടെ ചെറുപ്പം കെട്യോൾ പുലർച്ചെ കസ്തൂരി മഞ്ഞൾ തേച്ച് കുളിക്കുന്നതുകൊണ്ടാണിത്ര വെളുപ്പെന്ന് വേലായി, വെളുത്ത് വെളുത്ത് വെടക്കായ  ഉമ്മാടെ ഫോട്ടോസ്റ്റാറ്റാണ് ഉമ്മുകുൽസു എന്ന് ടിക്‌ടോക് സുര, ടിക്ടോക്ന് അസൂയയാണെന്ന് വേലായി, നാട്ട്കാര്ടെ കുളിക്കണക്കെടുപ്പാണ് വേലായിയ്ക്ക് പണിയെന്ന് ടിക്ടോക് ഒടുവിൽ തർക്കം ആയിരം  രൂപാ പന്തയത്തിലെത്തി. അങ്ങിനെ കക്കാൻ മുട്ടി നിന്ന അലവിയ്ക്ക് പന്തയ മധ്യസ്ഥസ്ഥാനവും കുളിസീനും മോഷണവുമുൾപ്പെടെ ഒരുവെടിക്ക് മൂന്ന്പക്ഷി.

 

സുബ്ഹിയ്ക്ക് മുക്രി പള്ളിയിൽ പോകുന്ന സമയത്ത് കയറുന്നതാണ് ബുദ്ധി എന്ന് അയാളുടെ മനസ്സ്. മേൽപ്പറഞ്ഞ കുളിയും ആ നേരത്താവുമല്ലോ എന്ന കുളിര് പിന്നാലെ വന്നു.ഏറെ സമയമുള്ളത്കൊണ്ടയാൾ പിറകിലെ വിറകുപുരയിലൊന്ന് ചാഞ്ഞു ബാങ്ക് വിളികേട്ട് ഞെട്ടി ഉണർന്ന പല്ലൻ ചാടി എഴുന്നേറ്റ് പതുങ്ങി പതിയെ അടുക്കള വാതിൽ തുറന്ന് അകത്തേയ്ക്ക് കേട്ടത് ശരിയാണെന്നുറപ്പിച്ച് കുളിമുറിയിൽ നിന്ന് ചെറിയ മൂളിപ്പാട്ടും വെള്ളം വീഴുന്ന ശബ്ദവും ചക്ക വെട്ടിയിട്ട പോലൊരു ശബ്ദവും അകമ്പടിയായൊരു ചീറലും പിന്നാലെ ഉമ്മുകുൽസു കിടന്നിടത്ത് നിന്ന് മുരളാൻ തുടങ്ങിയതോടെ അയാളുടെ മനസ്സിളകി പിന്നെ സർവ്വ ശക്തിയുമെടുത്ത് വാതിൽ തള്ളി. നാലഞ്ചു തവണ തള്ളിയതോടെ വാതിൽ മലർക്കെത്തുറന്ന്  ഉമ്മു കുൽസുവിന്റെ മേലേക്കയാൾ കമിഴ്ന്നടിച്ചു.കസ്തൂരിമഞ്ഞളിൽ കുളിച്ച ദേഹം വഴുവഴാ എന്നിരുന്നെങ്കിലും തൽക്കാലം അലവി അവിടെ വിശ്രമിച്ചു പെട്ടെന്നയാളെ മലർത്തിയിട്ടവൾ എഴുന്നേൽക്കാനൊന്ന് ഇളകിനോക്കി.പതിയെ എഴുന്നേറ്റയാൾ അവളുടെ വായ്‌ പൊത്തി പൊക്കിയെടുത്ത് പുറത്ത് കടത്തി പിന്നെ പള്ളി പിരിഞ്ഞ പേടിയിൽ ഇരുട്ടിലേക്കോടി. 

 

 

സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് മുക്രി മടങ്ങുന്നതിന് മുൻപ് വീടെത്തണം. എന്നാൽ ഓട്ടത്തിനിടയിൽ കപ്പ ബിരിയാണി പല്ലനെ ചതിച്ചു.വഴിയിൽ കണ്ട കൊച്ചിക്കാരൻ ആറടി ഉമ്മറിന്റെ വീട്ടു മുറ്റത്തയാൾ ഒന്നും നോക്കാതെ വിസ്തരിച്ച് തൂറാനിരുന്നു.

 

ആരെടാ? പിടിയെടാ? എന്ന അലർച്ച കേട്ടാണ് അലവി എഴുന്നേറ്റോടുന്നത് ഇരുട്ടിലൂടെ തനിക്ക് മുൻപിലൊരു രൂപം ബർത്ത് ഡേ ഡ്രെസ്സിലോടുന്നത് ഇലക്ട്രിക് പോസ്റ്റിന്റെ വെളിച്ചത്തിലപ്പോളയാൽ കണ്ടു. മുക്രിയുടെ വീടിന്നടുത്ത് വെച്ച് പെട്ടന്നാരൂപം അപ്രത്യക്ഷമായെങ്കിലും അതൊന്നും വകവെക്കാതെ അയാൾ വലത്തോട്ട് തിരിഞ്ഞ് അമ്പലക്കുളത്തിലേക്ക് കുതിച്ചു.ഒന്ന് മുങ്ങി നിവർന്ന് ശരീര ശുദ്ധി വരുത്തിക്കയറിയിട്ട് പിന്നെ വീട്ടിലേക്ക് നടന്നു. മേലൊക്കെ വല്ലാത്ത വേദന ഉണ്ടായിരുന്നതിനാലാണെന്ന് തോന്നുന്നു വീട്ട്കാരിയെ വിളിക്കാതെ ഉടനെ അയാൾ ഉമ്മറത്തെ ബഞ്ചിൽ ചുരുണ്ടത്.

 

നേരം പരപരാ വെളുത്തപ്പോൾ കള്ളൻ ഉറക്കമുണർന്ന് അങ്ങാടിയിലേക്ക് നടന്നു. പന്തയത്തിൽ ജയിച്ച വേലായിയെ അഭിനന്ദിക്കണം മാത്രമല്ല പന്തയത്തുകയിലൊരു പങ്കും പറ്റണം എന്നായിരുന്നു അയാളുടെ മനസ്സിലപ്പോൾ.ആശാരി വാസുവിന്റെ വീട് കഴിഞ്ഞുള്ള ഇടവഴിയിലേക്ക് ഇറങ്ങിയപ്പോളവിടെ വഴി മുടക്കി കൊച്ചിക്കാരൻ ആറടി ഉമ്മറും അനുജന്മാരും. അവരയാളെ നിലത്ത് നിർത്തിയില്ല കെട്യോൾടെ ജാരനെത്തപ്പി നടന്ന അയാളും അനുജന്മാരും മുറ്റത്ത് തെളിവിട്ട അലവിയോട് വല്ലാത്ത സ്നേഹം കാട്ടി സ്നേഹത്തിൽ പൊതിഞ്ഞ ആ കിടപ്പാണ് ഇന്നും.

 

കാലം പിന്നെയും കഥകളും പരദൂഷണങ്ങളുമായി സുഖിച്ച് പാഞ്ഞു. ആറടി ഉമ്മറിന്റെ ബൂത്തിൽ മുക്രി പിന്നേയും കള്ളവോട്് ചെയ്തു. എന്നും കൃത്യ സമയത്ത് വേലായി കസ്തൂരി മഞ്ഞള് പുരട്ടിയ കാറ്റിന്റെ ഗന്ധം ശ്വസിച്ചു.പല്ലനലവി മാത്രം കാലത്തെ കഷ്ട്ടകാലമെന്ന് പഴിച്ചു.

 

അയാളിലെ രോഗി തന്റെ ഗതകാല നഷ്ട്ടങ്ങളോർത്ത് അപ്പോഴൊന്ന് ഞരങ്ങി പിന്നെ പതുങ്ങി മയക്കത്തിലേക്ക്...  ഭാര്യ ആയിശുവിന്റെ വിളികേട്ടാണയാൾ ഉണർന്നത്.

 

"ദ് നോക്ക്യേന്നൂ ആരൊക്കേ ങ്ങളെ കാണാൻ വന്നിരിക്ക്ണ്"

 

തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ഒരു പെൺപട കൂട്ടത്തിൽ കസ്തൂരി മഞ്ഞളിന്റെ കാന്തിയും രാമച്ചത്തിന്റെ കുളിരുമായി ഉമ്മു കുൽസു.

 

അയാൾ നീട്ടി വിളിച്ചു

 

"മക്കളേ വാപ്പാക്ക് വയ്യട്ടാ"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com