ADVERTISEMENT

 കടൽ കടന്നെത്തിയ

 കുടൽ മോഹങ്ങൾ

 കടലോളം മുങ്ങിയിട്ടും

 കിട്ടാ മുത്തുകളായി...

നേർ ചിത്രങ്ങൾ 

 ഡമോക്ലസിൻ വാളായി

മുമ്പിൽ തൂങ്ങിയാടി...

 

മതി, ഉള്ള ഉപ്പുംകഞ്ഞീംകൂട്ടി 

 നമുക്കിനി കഴിയാമെന്ന

 ഒരു തേങ്ങലിൻ 

 മേമ്പൊടിയോടെയുള്ള

 കുയിലാളം കേൾക്കാൻ

 കൊതിച്ചു നടന്നത്,

അയൽപക്കത്തിറക്കിയെടുത്ത

 പുത്തനടുക്കളപ്പോരിശകൾ

 പിരിശത്തിൽ പെയ്തതിനിടക്ക്,

അയാളുടെ മെമ്മറിയിൽനിന്ന്

 ഡെലീറ്റായിപ്പോയി...

 

പന്ത്രണ്ട്പത്തിൻ്റടുക്കള

 ജെസിബി തുമ്പിക്കൈനീട്ടി

 അയാളുടെ നെഞ്ചിൻ പലകയിലേക്ക്

 ഉന്തിത്തള്ളിയിട്ടത്

 ഇപ്പോഴും അവിടെത്തന്നെ

 കനമായിക്കിടക്കുന്നു...

 

മകളുടെ പത്ത് വയസ്സ്

'ദാന്ന് പറയുമ്പഴേക്കും

 പുര നിറഞ്ഞ് കവിയു'മെന്ന്

 പുട്ടിന് തേങ്ങ പോലെ കേട്ടത്

 അയാളുടെ കർണ്ണ പടത്തിൽ

 ഓട്ടവീഴ്ത്തി...

 

ടാറ്റ നിർത്തലാക്കിയ പഴഞ്ചൻ മോഡൽ കാറൊന്നയാളുടെ

 മുറ്റത്ത് നോക്കുകുത്തിയായ്

 കിടന്നു തുരുമ്പെടുത്തു...

പഴയ ഇരുമ്പ് സാധനങ്ങളെടുക്കുന്ന

 അണ്ണാച്ചി ആദ്യമായ്

 മാസത്തിൽ രണ്ട് വട്ടം

 ഊരിൽ പോയി വന്നു..

 

ബാങ്ക് മാനേജർ കഴിഞ്ഞാഴ്ച്ച

 മുഖാവരണമിട്ട് മുറ്റത്തെത്തി...

മൂന്നാം നാൾ മൊഞ്ചുള്ള

 മെറൂൺ കളർ ഇന്നോവ 

 പുത്തൻ കട്ട വിരിച്ച മുറ്റത്ത്

 തലയുയർത്തി നില്ക്കുന്നത്

 പത്തു വയസ്സുകാരി മകൾ വീഡിയോകോളിലയാൾക്ക്

 കാണിച്ചു കൊടുത്തു...

 

രാസവളമിട്ട പച്ചക്കറികൾ

 കാൻസറുവരുത്തുമെന്ന്

 കണാരൻ ഡോക്ടർ പറഞ്ഞത്രെ!

അയൽവാസി

 മുത്തുക്കോയയുടെ സ്ഥലം

 സെൻ്റൊന്നിന് മൂന്ന് ലക്ഷംവെച്ച്

 ലാട്ടിന്കിട്ടിയത് മഹാഭാഗ്യമായി!

 

പാസ്സ്പോർട്ടിൽ

 അഡീഷണൽ ഷീറ്റ് ചേർക്കാൻ

 പ്രൊസീജർ ചോദിക്കുമ്പോൾ

 ആളുകൾ അറിയില്ലായെന്ന്

 പറയുന്നതയാളിൽ

 വല്ലാത്ത അലോസരമുണ്ടാക്കി...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com