ADVERTISEMENT

പ്രവാസി എഴുത്തുകാരി ഷീല ടോമി ഭാവനയുടേയും യാഥാര്‍ഥ്യത്തിന്റേയും ഇടയിലൂടെയുള്ള വ്യതിരിക്തമായ വഴികളിലൂടെ സഞ്ചരിച്ചാണ് തന്റെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നത്. വയനാടന്‍ മലയോര ഗ്രാമങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമൊപ്പിയെടുക്കുന്ന ഷീലയുടെ രചനകള്‍ എല്ലാതരം വായനക്കാരേയും ആകര്‍ഷിക്കുന്നത് ഭാഷയുടെ ലാളിത്യവും ശൈലിയുടെ തന്മയത്വവും ആശയങ്ങളുടെ ഗരിമയും കൊണ്ടാണ്.

 

ജീവിതത്തിന്റേയും, പരിസ്ഥിതിയുടേയും മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ നേര്‍ക്കാഴ്ചകളാല്‍ ശ്രദ്ധേയമായ വല്ലി എന്ന നോവല്‍ മതിയാകും സാഹിത്യലോകത്തെ ഷീല ടോമിയെ രേഖപ്പെടുത്താന്‍. ഭൂപരിഷ്‌കരണ നിയമവും, കയ്യേറ്റങ്ങളും, പശ്ചിമഘട്ടവും, ഗാഡ്ഗില്‍ കമ്മിറ്റ റിപ്പോര്‍ട്ടും, പ്രളയവുമെല്ലാം മലയാളക്കരയെ പിടിച്ചുകുലുക്കുമ്പോള്‍ വല്ലിയുടെ സാമൂഹ്യ പ്രസക്തിയേറുകയാണ്. 

SHEELA-TOMY--1-

 

വല്ലിക്ക് പല അര്‍ത്ഥതലങ്ങളുണ്ട്. ഭൂമി, ലത, കൂലി. അവ മൂന്നും ഈ നോവലിന്റെ ഇതിവൃത്തത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന തിരിച്ചറിവാണ് ആ പേരിലേക്ക് എത്തിച്ചത്. ലോകത്തില്‍ പലയിടത്തും നടക്കുന്ന മനുഷ്യപക്ഷത്തു നില്‍ക്കുന്ന പ്രകൃതി പോരാട്ടങ്ങളോട് താദാത്മ്യപ്പെടാനും ഒരു എളിയ ശ്രമം നടത്തിയിട്ടുണ്ട്.

 

sheela

1970 കള്‍ക്ക് ശേഷമുള്ള വയനാടാണ് വല്ലിയുടെ പശ്ചാത്തലം. വല്ലി കിളിര്‍ക്കുന്നത് ഷീലയുടെ ഗ്രാമത്തില്‍ തന്നെയാണ്. കാടും കുന്നും വയലും എല്ലാം തിരിച്ചറിയാനാവാത്തവണ്ണം അപഹരിക്കപ്പെട്ടുകഴിഞ്ഞ വയനാട്ടില്‍. കുടിയേറ്റ കര്‍ഷകരുടെയും, ഒപ്പം, ഭൂമിക്ക് വേണ്ടി ഇന്നും സമരം ചെയ്യുന്ന, ആദിമവാസികളുടെയും അവരുടെ ചെറുത്തു നില്‍പ്പിന്റെയും കഥയാണത്. വയനാടിനെക്കുറിച്ചുള്ള ഒരു കഥയും ആദിവാസികളെ മാറ്റി നിര്‍ത്തി പറയാന്‍ കഴിയില്ല. കാരണം അവരാണ് ഈ മണ്ണില്‍ പൊന്നുവിളയിച്ചത്. അവരുടെ കഷ്ടപ്പാടും അധ്വാനവുമാണ് ഈ നാടിനെ പുരോഗതിയിലേക്കു നയിച്ചത്. എന്നാല്‍ സ്വന്തം മണ്ണില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടു. അവരുടെ കാട്, വാസസ്ഥലങ്ങള്‍ എല്ലാം അവര്‍ക്ക് നഷ്ടമായി. അവരുടെ ഭാഷ, പാട്ടുകള്‍, സ്വപ്നങ്ങള്‍ എല്ലാം പുരോഗമനത്തിന്റെ പേരില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും അടിമകളെപ്പോലെ അവരെ പണിയെടുപ്പിച്ചു. ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും ഇന്നും ഒരു പരിധിവരെ മാനസികമായ അടിമത്തം പേറുന്നവരാണ് അവര്‍.

 

നിലനില്‍പ്പിനുവേണ്ടി മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളെക്കാള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍പ്പോലും പ്രകൃതിക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലുള്ള കോര്‍പ്പറേറ്റ് കയ്യേറ്റങ്ങളെയും അവയ്ക്ക് നിയമ പരിരക്ഷ ഉറപ്പു നല്‍കുന്ന അധികാര ബന്ധങ്ങളെയും നാം കാണുന്നു. അത് കാലാവസ്ഥാ വ്യതിയാനമായും, പ്രളയമായും, കാട്ടുതീയായും വന്നുഭവിച്ചിട്ടും കാട്ടുകൊള്ള തുടരുന്നു. തമ്പ്രാന്‍ കുന്ന് കയ്യേറുന്ന റിസോട്ട് മാഫിയയെ വല്ലിയില്‍ കാണാം. ഒരിക്കല്‍ ഗൂഡല്ലൂരിലെ സ്വന്തം മണ്ണില്‍ നിന്നും വലിച്ചെറിയപ്പെട്ട പ്രകാശന്റെ പോരാട്ടങ്ങള്‍ മാഫിയകള്‍ക്കെതിരെയാണ്. അത് അയാളുടെ ഔദ്യാഗിക ജീവിതത്തെ പ്രശ്നഭരിതമാക്കുന്നു. ഇതൊക്കെ നാം ഇന്നും കാണുന്നു. അതൊക്കെ ഒന്ന് ഉറക്കെ വളിച്ചു പറയുകയെന്ന ഉത്തരവാദിത്തമാണ് വല്ലി നിര്‍വ്വഹിക്കുന്നത്.

 

മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം (കഥാസമാഹാരം) എന്നതാണ് ഷീലയുടെ മറ്റൊരു പ്രധാന കൃതി. 'കിളിനോച്ചിയിലെ ശലഭങ്ങള്‍' എന്ന ചെറുകഥ തമിഴില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. 'ആധുനികാനന്തര മലയാള നോവല്‍' (പഠനം), 'രവം', 'പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍', 'പുഴ പറഞ്ഞ കഥ' (ചെറുകഥകള്‍) തുടങ്ങി നിരവധി രചനകള്‍ ആന്തോളജികളുടെ ഭാഗമാണ് .'കാടോടിക്കാറ്റ്' എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ്.

 

എഴുത്ത് സ്വയം പ്രകാശനത്തിനുള്ള വഴിയാണ്. വായിക്കപ്പെടണം എന്ന് തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. കൃതി പൂര്‍ണ്ണമാകുന്നത് വായനക്കാരന്റെ മനസ്സിലാണ്. വായിക്കപ്പെടുമ്പോഴാണ് അതിനു പിന്നിലെ രചയിതാവിന്റെ ആത്മസമര്‍പ്പണം ലക്ഷ്യം കാണുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com