ADVERTISEMENT

സാക്ഷര കേരളം അഭിമാന പൂരിതം

സംസ്ക്കാര സമ്പന്നര്‍ വിദ്യാമഹത്തുക്കള്‍

അന്യന്‍റെ അദ്ധ്വാനമൂറ്റികുടിപ്പവര്‍

പകല്‍മാന്യരായി വിരാജിച്ചു നില്‍പ്പവര്‍

പ്രണയമില്ലാതുള്ള പ്രണയത്തിനായി

കോടികള്‍തീറായ് കൊടുത്തിടേണം

പ്രണയാംശമില്ലാതെ ഭോഗിച്ചിടുന്നൊരു

മനുജനെപോലൊരു നീചനില്ല

ഇനിയുള്ളയാത്രയില്‍ അതിജീവനത്തിന്‍റെ

സമരമുറപാതകള്‍ വെട്ടിത്തെളിക്കണം

തളരുന്നപ്രാണനു താങ്ങായി നില്‍ക്കുവാന്‍

നിന്‍ നിഴല്‍ മാത്രമാണെന്നും അറിയണം

ഇനിയുമീ ധാത്രിയില്‍ പിറക്കാതിരിക്കട്ടെ

വിഭലാം മോഹങ്ങള്‍ പെണ്‍മൊട്ടുകള്‍

ഇനിയുമീധാത്രിയില്‍ കേള്‍ക്കാതിരിക്കട്ടെ

ദീര്‍ഘനിശ്വാസത്തിന്‍ മൗനരാഗം

ഇനിയെന്‍റെ മൂകമാം തമ്പുരുതന്ത്രിയില്‍

രാഗങ്ങളൊന്നും പിറക്കാതിരിക്കട്ടെ

ഇനിയെന്‍റെ വിഭ്രമ ചിന്തതന്നഗ്നിയില്‍

ചിറകുരുകി വീഴട്ടെ മാനിഷാദ

അമ്പേറ്റുപിടയുന്ന പാതിതന്‍ നൊമ്പരം

പതംഗത്തിനുള്ളിലെ സങ്കടക്കടലായി

കിരാതന്‍റെ ചിന്തകള്‍ മാറ്റി മറിച്ചതും

മാമുനി ദര്‍ശിച്ച പ്രണയനഷ്ടം

ആദിമ നരനിന്നാധുനികനായിട്ടും

കാട്ടാള ചിന്തകള്‍ മാറിയില്ല

തൂക്കുന്നളക്കുന്നു വില്‍ക്കുന്നു വാങ്ങുന്നു

പ്രണയാര്‍ദ്രചിന്തകള്‍ ഏതുമില്ല

 

മരണങ്ങളെത്രനാം കേട്ടൂതഴമ്പിച്ചു

സ്വത്തിനും പൊന്നിനുംവേണ്ടി മാത്രം

ബന്ധന കൂട്ടിലായ് ഉഴറുന്ന പെണ്ണുടല്‍

ഇനിയുമീ വാതിലിന്‍ മറവിലുണ്ട്

പട്ടിലും പൊന്നിലും മൂടിയ പൂവുടല്‍

വെള്ള പുതച്ചിന്നു ചിതയിലായെരിയുന്നു

ദിക്കുകള്‍ പൊട്ടുന്ന അലമുറകളിന്നാകെ

അധികാര ചെങ്കോലില്‍ വിറങ്ങലിച്ചു

ഒരുമനവുമൊരുമുടലുമറിയാത്ത രാവുകളില്‍

അവളാരെയൊക്കെ ശപിച്ചിരിക്കാം

അഭിമാന മുത്തുകള്‍ പൊട്ടിയാ കണ്ണകി

അപമാനചൂടില്‍ വെന്തിരിക്കാം

നിലാവിന്‍റെ ശോഭയും ഉഗ്രവെയില്‍ നാളവും

പൂവിന്‍റെ കാന്തിയും നിന്‍ കണ്ണില്‍ കാണണം

ധരണിയില്‍ ശിശുവായ് പിറന്നെങ്കില്‍ മേലും

ഭൂമിതന്നവകാശി നീയുമെന്നറിയണം

കണ്ണുനീരൊക്കെയും തന്നെ തുടയ്ക്കണം

സ്വപ്നങ്ങളൊക്കെയും കണ്ണില്‍ വിടരേണം

മണ്ണില്‍ ചിവിട്ടി നീ മുന്നോട്ടു നീങ്ങണം

ദിക്കുകളിലൊക്കെയും മേന്‍മയായ് മാറണം

പുളിനത്തില്‍ മരുവും മരാളമായ് മാറണം

ഒരുമയോടൊരുകൂട്ടില്‍ ചിറകുരുമ്മി കൂടണം

വിണ്ണിലേ സ്വര്‍ഗ്ഗമീ മണ്ണില്‍ പണിയണം

ധനമതിനാകുമോ നേടിത്തരാന്‍

ഇനിയുമെന്‍ തൂലികയില്‍ പൊട്ടിവിടരട്ടെ

നിന്‍ചുണ്ടില്‍ വിടരുന്ന മന്ദഹാസം

ഇനിയുമെന്‍ പ്രഞ്ജ വിളിച്ചോതിടട്ടെ

ദുരതിങ്ങും മനസ്സുകള്‍ക്കു മാനിഷാദ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com