sections
MORE

സ്നേഹ സാഗരത്തിന്റെ ശീതള സ്പർശങ്ങൾ നിലച്ചു

SHARE

പ്രീഡിഗ്രി പഠനത്തിന് പ്രശസ്ത കോളേജിൽ തന്നെ അനന്തിരവന് പ്രവേശനം ലഭിക്കണമെന്ന് അമ്മാവന് അത്യധികം ആഗ്രഹം ഉണ്ടായിരുന്നു. അതിനായി അമ്മാവന്  അടുത്തറിയാവുന്ന കോളേജ് പ്രിൻസിപ്പലിനെ വീട്ടിൽ ചെന്ന് സന്ദർശിച്ചതിനു ശേഷം മടങ്ങിവരുമ്പോൾ  അമ്മാവൻ പറഞ്ഞു " മറ്റൊരു ബന്ധുവിന്റെ  പ്രവേശനകാര്യത്തിൽ  കഴിഞ്ഞ വര്ഷം ഈ പ്രിൻസിപ്പലിനെ കണ്ടുകഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചതാണ്,  ഇനി ഒരിക്കലും ഇയാളെ വീട്ടിൽ ചെന്നു കാണില്ല എന്ന് , പക്ഷെ എന്തു ചെയ്യാം ഇതു മോന്റെ കാര്യമായിപ്പോയില്ലേ? "കോളജ് പ്രവേശനം എന്ന മോഹന സ്വപ്നവും മനസ്സിലേന്തി ആദ്യമായി ഒരു കോളജ് ക്യാംപസ്സിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ആകാംക്ഷയിൽ,   അമ്മാവൻ 

അന്നു പറഞ്ഞ വാക്കുകളുടെ  മുഴുവൻ വ്യാപ്തിയും അപ്പോൾ മനസ്സിലായില്ല. 

അടുത്തുള്ള നിരത്തിൽ നിന്നും ഫുട്ബോൾ മൈതാനത്തേക്കുള്ള  ഗേറ്റ് എന്താണ്  ഒരാൾക്ക്  കടന്നുപോകാൻ  

മാത്രമനുവദിക്കുന്ന  പാതി ഗേറ്റ് ആയി ഉണ്ടാക്കിയിരിക്കുന്നത് എന്നതായിരുന്നു എന്റെ  ചിന്ത. ഗേറ്റിനു  കറങ്ങാൻ പാകത്തിൽ  അർദ്ധ വൃത്താകൃതിയിലുള്ള ഒരുമതിലും. അലഞ്ഞു നടക്കുന്ന  കന്നു കാലികൾ  നല്ല പച്ചപുൽത്തകിടയുള്ള ഫുട്ബോൾ മൈതാനത്ത്പ്രവേശിക്കാതിരിക്കാനാണ്  ഇങ്ങനെ ഒരുപ്രവേശന വഴി എന്ന്  അമ്മാവൻ മനസ്സിലാക്കിതന്നു.

 വെയിലേറ്റുണങ്ങാൻ, വീതികുറഞ്ഞ പച്ച പരവതാനി നീളത്തിൽ വിരിച്ചിട്ടിരിക്കുന്നതുപോലെ, ഒരേനിരപ്പിൽ വെട്ടിനിറുത്തിയിരിക്കുന്നു അലങ്കാര ചെടികൾ  ഉന്നത വിദ്യാഭാസ സ്ഥാപനത്തിന്റെ  പ്രൗഢി വിളിച്ചോതി നിന്നിരുന്നു. ചെടികൾക്ക്   മുകളിൽ  ഇലകൾ വെട്ടി രൂപപ്പെടുത്തി നിർമ്മിച്ചിരുന്ന  പക്ഷികളും മൃഗങ്ങളും കലാലയ അന്തരീക്ഷത്തിൽ എത്തുന്ന നവാഗതർക്ക് സ്വാഗതമേകുന്നു.

കോളേജിൽ പോകുമ്പോൾ ധരിക്കാനായി, ബെൽബോട്ടം പാന്റിന്റെയും  അതിനുപറ്റിയ ഷർട്ടിന്റെയും തുണികൾ കടയിൽ നിന്നും വാങ്ങിതന്നപ്പോൾ,  ഷർട്ടിന്റെ തുണിക്ക്  ഒന്നാം ക്ലാസിൽ  പഠിക്കുമ്പോൾ  അമ്മാവൻ വാങ്ങിത്തന്ന  പുസ്തകപ്പെട്ടിയുടെ  അതേ നിറം. 

അന്നൊക്കെ പുതിയ അദ്ധ്യയന വര്ഷം തുടങ്ങുന്നത്, എടാപിടി, ഇടവപ്പാതി  വർഷത്തിന്റെ അകമ്പടിയോടെ ആയിരുന്നു.

വീതികൂടിയ കറുത്ത റബർ ബാൻഡുകൊണ്ട് സ്ലേറ്റും, പുസ്തകവും, കല്ല്പെൻസിലുമെല്ലാം മുറുക്കി കെട്ടി സ്കൂളിൽ എത്തുമ്പോഴേക്കും പുസ്തകം മിക്കപ്പോഴും നനഞ്ഞിരിക്കും. അപ്പോഴാണ് സഹപാഠികളിൽ ചിലർക്ക് പുസ്തകപ്പെട്ടി ഉള്ളകാര്യം ശ്രദ്ധയിൽ പെട്ടത്. ഭാഗ്യവശാൽ അമ്മാവൻ  അവധിക്ക് നാട്ടിൽ എത്തിയതും ഈ  സമയത്തായിരുന്നു . 

 ചിണുങ്ങി, കിണുങ്ങി, “എനിക്കൊരു പുസ്തക പെട്ടി വാങ്ങിത്തരുമോ, വാങ്ങിത്തരുമോ” എന്നു ചോദിച്ചു .  രണ്ടു  ദിവസങ്ങൾക്ക്  ശേഷം പൊട്ടിപ്പോയ കറുത്ത റബ്ബർബാൻഡ് കൂട്ടികെട്ടുമ്പോൾ അമ്മാവൻ പുറകിൽ കൂടി വന്ന്  എന്റെ  കണ്ണുകൾ പൊത്തി.  

പൊത്തിയ കൈകൾ മാറ്റിയപ്പോൾ , അതാ കൺമുമ്പിൽ മലർക്കെ ചിരിച്ചുകൊണ്ടൊരു പുസ്തകപ്പെട്ടി. ആദ്യത്തെ  ഹർഷോന്മാദത്തിൽ  ഇരുപത്തിഅഞ്ചു  തവണയെങ്കിലും പെട്ടിയുടെ കൊളുത്ത്,  അടച്ചും തുറന്നും, അടച്ചും തുറന്നും    പ്രവർത്തിപ്പിച്ചു നോക്കി. പതിവിലും നേരത്തെ അന്ന്  ക്ലാസ്സ്  മുറിയിൽ എത്തി, പെട്ടിയുടെ വിശേഷം കൂട്ടുകാരുമായി പങ്കുവെച്ചു. അങ്ങനെ ഒന്നാം ക്ലാസ്സിൽ പുസ്തക പെട്ടി സ്വന്തമായിട്ടുള്ള  ചുരുക്കം ചില  വിദ്യാർത്ഥികളുടെ കൂട്ടത്തിൽ എനിക്കും  പ്രവേശനം ലഭിച്ചു.

രണ്ടാം ക്ലാസ്സിൽ  പഠിക്കുമ്പോൾ  ഇന്ത്യൻ എയർഫോഴ്സ് ബാസ്കറ്റ്ബാൾ ടീമിന്റെ കൂടെ കേരളമൊട്ടുക്ക് യാത്രചെയ്യാൻ എനിക്കു സാധിച്ചു. അന്നുകേരളത്തിൽ നിലനിന്നിരുന്ന നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കുവാൻ ടീമിനോടൊപ്പം അമ്മാവൻ എത്തിയപ്പോൾ, എന്നെയും വീട്ടിൽ നിന്നും അമ്മാവൻ കൂട്ടികൊണ്ടുപോയി.

ഡിഗ്രി പഠനപ്രവേശന സമയത്തും അമ്മാവൻ സഹായഹസ്തവുമായി കോഴിക്കോടു   നിന്നും  ഓടിയെത്തി. പഠനം സുഗമമായി മുന്നോട്ടു പോകും എന്നുറപ്പുവരുത്തുന്നതുവരെ കൂടെ നിന്ന് എല്ലാവിധ സഹായവും നൽകിയിരുന്നു.  കുടുംബത്തിലെയും, സുഹൃത്തുക്കളുടെയും, മക്കളുടെ സുഹൃത്തുക്കളുമാകുന്ന  അനേകം കുട്ടികളെ കൂടെ താമസിപ്പിച്ച്  ഉന്നത  വിദ്യാഭ്യാസത്തിനുള്ള  സൗകര്യങ്ങൾ ഒരുക്കികൊടുത്ത്  അവർക്കെല്ലാം  മെച്ചപ്പെട്ട ഒരു ജീവിത മാർഗ്ഗം കണ്ടെത്താൻ അമ്മാവൻ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.  സ്‌കൂൾ , കോളജ് വിദ്യാഭാസ കാലത്ത് നീണ്ട ആറുവർഷമാണ് അമ്മാവനോടൊപ്പം ഞാൻ താമസിച്ചത്.

മകരമാസത്തിലെ കുളിരിലും സ്വർണ്ണ കടയിലിരിക്കുന്ന അമ്മാവന്റെ നെറ്റിയിൽ നിന്നും വിയർപ്പുകൾ പൊടിഞ്ഞുകൊണ്ടിരിക്കുന്നു. അനന്തിരവളുടെ  വിവാഹത്തിനു വേണ്ടത്ര സ്വർണ്ണം വാങ്ങുവാൻ ആവശ്യമുള്ള പണം എങ്ങനെ കണ്ടെത്താനാവും എന്ന വ്യഥയിലാണ്  അമ്മാവൻ  വിയർത്തുകൊണ്ടിരുന്നത് . 

  “മകളുടെ വിവിവഹമാണോ?” എന്ന കടയുടമസ്ഥന്റെ ചോദ്യത്തിന്, “അതെ” എന്നായിരുന്നു മറുപടി. അദ്ദേഹം എപ്പോഴും അങ്ങനെ ആയിരുന്നു. മക്കളും അനന്തിരവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. മരുമക്കത്തായ സംബ്രതായത്തിലെ എനിക്കറിയാവുന്ന അവസാനത്തെ കണ്ണിയാണ് അദ്ദേഹം.

ക്ഷേത്രത്തിലെ ഉത്സവം കാണാൻ  മാതുലനോടൊപ്പം പോയപ്പോൾ ക്ഷേത്ര  സമീപമുള്ള  ഒരു ചെറിയ മാടക്കടയിൽ  പാദരക്ഷകൾ  അഴിച്ചുവച്ച്  കടയുടമസ്ഥനെ  അതിന്റെ സംരക്ഷണ ചുമതല  ഏല്പിച്ചു. ക്ഷേത്രകവാടത്തിനു പുറത്തഴിച്ചു വെച്ചാൽ  ദർശനം കഴിഞ്ഞിറങ്ങുമ്പോൾ  പലപ്പോഴും ചെരുപ്പുകൾ തിരികെ ലഭിക്കാത്തതു കൊണ്ടാണ്  കടക്കാരനെ  ചെരുപ്പുകളുടെ മേൽനോട്ടം ഏല്പിക്കിന്നത്. ആവിശ്യമില്ലെങ്കിലും, കടയിൽ നിന്നും വറുത്ത പട്ടാണികടലയും, സോഡായും  വാങ്ങി വീട്ടിലേക്ക്  മടങ്ങുമ്പോൾ അമ്മാവൻ പറഞ്ഞു,: കട ഉള്ളതുകൊണ്ടല്ലേ  നമ്മൾ ചെരുപ്പുകൾ  അവിടെ സൂക്ഷിക്കുന്നത് , കട നിലനിൽക്കുന്നത് സാധനങ്ങൾ  വില്കുന്നതുകൊണ്ടാണ്. കടക്കാരനെ ശ്രദ്ധിച്ചോ? മെലിഞ്ഞു ശോഷിച്ച ദേഹം, കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുവേണം അയാൾക്ക് ജീവിക്കുവാൻ അതുകൊണ്ട്  അവസരം കിട്ടുമ്പോൾ എല്ലാം അവിടെനിന്നും സാധനങ്ങൾ വാങ്ങുക”.

പൂയം നക്ഷത്രജാതനായി അമ്മാവൻ  ഭൂവിൽ പിറന്നുവീണപ്പോൾ, പിതാവിന് അപായം സംഭവിക്കും എന്ന വിശ്വാസം നിലനിന്നിരുന്നു. കുഞ്ഞിന്റെ ജീവൻ  അപകടത്തിലായാലും മകന്റെ ജീവൻ രക്ഷിക്കണം എന്ന ചിന്ത മുത്തച്ഛൻറെ അമ്മയുടെ മനസ്സിലേക്ക്  കയറിവന്നു.  

ഇതറിഞ്ഞ  ഉടനെ,   മുത്തച്ഛൻ  നാട്ടിലെ പ്രമുഖ ജോൽസ്യനായ നീലകണ്ഠ കണിയാനെ  കൊണ്ട്  കവടിനിരത്തിച്ചു. പൂയം നക്ഷത്രത്തിൽ ജനിച്ചു എങ്കിലും, ജനിച്ച പാദം വച്ചുനോക്കുമ്പോൾ ഈ കുഞ്ഞിന്റെ ജനനം കൊണ്ട് പിതാവിന് ഒരുദോഷവും ഉണ്ടാവുകയില്ല എന്നുമാത്രവുമല്ല,  ഈ കുടുംബം മുഴുവനും ഈ കുഞ്ഞിലൂടെയാവും രക്ഷ നേടുക  എന്നും പ്രതിവചിച്ചു. 

ഹൈസ്കൂൾ പഠന കാലത്ത് ബാസ്‌റ്റ് ബാളിൽ  ആകൃഷ്ടനായ അമ്മാവൻ ആലപ്പുഴ എസ്ഡി കോളജിലൂടെ പ്രഗൽഭനായ കായികതാരമായി മാറുകയായിരുന്നു. 1955 ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്ന കെ നാരായണൻ കുട്ടി നായർ, കെ.എൻ.കെ നായർ എന്നാണ് പിന്നീട് അറിയപെട്ടത് . 1958-1964 കാലയളവിൽ എയർ ഫോഴ്സ് ടീമിന്റെ കാപ്റ്റനെന്ന നിലയിൽ അനവധി വിജയങ്ങളാണ്  അദ്ദേഹം എയർഫോഴ്‌സിന് നേടിക്കൊടുത്തത്.  ബാസ്കറ്റബോളിനോടുള്ള അർപ്പണബോധവും, തന്റെ കഠിനാദ്ധ്വാനവും കൊണ്ട്  ഭാരതത്തെ പ്രതിനിധീകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും ഡിപ്ലോമ എടുത്തതിനു ശേഷം എയർ ഫോഴ്സ് ടീമിന്റെ ആദ്യത്തെ കോച്ചായി തീർന്നു.എയർഫോഴ്സ്  പരിശീലനകാലത്ത് അമ്മാവൻ രൂപപെടുത്തിയ പ്രമുഖ കായികതാരങ്ങൾ, കെ.വി അലക്സാണ്ടർ, എ.കെ.എൻ നമ്പ്യാർ, എം.സി.ജോൺ എന്നിവരാകുന്നു.

എയർഫോഴ്സിൽ നിന്നും വിരമിച്ച്ശേഷം 1970 ൽ കോഴിക്കോട് സർവകലാശാലയിലെ ബാസ്കറ്റ് ബോൾ കോച്ചായി കെ.എൻ.കെ നായർ സാർ ചാർജെടുത്തു. യൂണിവേഴ്സിറ്റി പരിശീലകനായി അദ്ദേഹം പഠിപ്പിച്ച പ്രമുഖ താരങ്ങൾ, അബ്ദുൾ മജീദ്, ശേഷാദ്രി, ഓം കുമാർ, സക്കറിയ ഫിലിപ്പ് മുതലായവർ ആകുന്നു. ഈ കാലയളവിൽ തന്നെ ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MPED ബിരുദാനന്തര ബിരുദം റാങ്കോടെ അദ്ധേഹം കരസ്ഥമാക്കി. ഫിലിപ്പീൻസിലെ മനിലയിൽ വെച്ച്, 1982ൽ നടന്ന ഏഷ്യൻ ബാസ്കറ്റ്ബാൾ കോൺഫെഡറേഷനിൽ ഇന്ത്യൻ ടീമിൻറെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് , നായർ സാറിനെ ആയിരുന്നു.

 കൊറോണ എന്ന മഹാമാരി പലവിധത്തിൽ ആണ്  ജനങ്ങളെ ബാധിച്ചത്, അസുഖം കിട്ടുമോ എന്ന ഭീതി മൂലം, പ്രായം കൂടിയവർ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതായി. നിഷ്ക്രിയത്വം പലരുടെയും, കായികബലവും മനോബലവും നഷ്ടമാക്കി.ഡിലെറിയും, ഡിമെൻഷ്യ എന്നീ രോഗങ്ങൾ അതിവേഗത്തിലാണ് അമ്മാവനെആക്രമിച്ചത് ഞാൻഅവധിക്ക് നാട്ടിലെത്തിയാൽ ആദ്യം ലഭിച്ചിരുന്നത് അമ്മാവന്റെ ഫോൺ വിളിയായിരുന്നു. അദ്ദേഹത്തെ സന്ദർശിക്കുവാൻ കോഴിക്കോട്ടേക്ക് വരുന്നു  എന്നറിയിച്ചാൽ, ഒരോ മണിക്കൂറും "എവിടം വരെ ആയി, എവിടം വരെ ആയി"  എന്നാരാഞ്ഞുള്ള ഫോൺ വിളികൾ തുടർച്ചെ ലഭിച്ചുകൊണ്ടേയിരുന്നു.

 ഒരു വർഷത്തിനു ശേഷം  മാർച്ച് ഒന്നിന് നേരിൽകണ്ടപ്പോൾ  , അൽപ്പ സമയത്തേക്കുമാത്രം ആളെ തിരിച്ചറിഞ്ഞു, പിന്നീട് മറവിയുടെ മായാലോകത്തേക്ക്  കൂപ്പുകുത്തി. ആ ലോകത്തും അദ്ദേഹം വളരെ വ്യാപൃതനായി വലിയ വലിയ സംരംഭങ്ങൾ നടത്തുന്നു. ഞങ്ങളെ കണ്ടപ്പോൾ വലിയ ഒരുചടങ്ങ് വീട്ടിൽ നടക്കുന്നു എന്നതാണ് തോന്നൽ. ആദ്യത്തെ ചോദ്യം  എത്രപേർക്ക് ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്? എന്നതായിരുന്നു. അതെ മറ്റുള്ളവർക്ക് വിരുന്നൂട്ടുക എന്നതായിരുന്നു  അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച പ്രവർത്തി. തൻറെ ജീവിതം കൊണ്ട്, എത്രത്തോളം മറ്റുള്ള സഹജീവികളെ സഹായിക്കാൻ സാധിച്ചു എന്നതാണ് ഒരുവ്യക്തിയുടെ ജീവിതസാഫല്യത്തിന്റെ അളവുകോൽ എങ്കിൽ, അമ്മാവൻ അതിൽ അത്യധികം വിജയിച്ചു.നിസ്വാർത്ഥ സ്നേഹം കൊണ്ട്, പരിചയ പെട്ടവരെയെല്ലാം കീഴ്പെടുത്തിയ മഹാമനസ്കൻ. 

യൗവ്വന കാലത്ത്  അമ്മാവന്റെ ഇഷ്ട ഗാനം "കരിമുകിൽ കാട്ടിലെ, രജനി തൻ വീട്ടിലെ" എന്നതായിരുന്നു. വിസ്മ്രിതിയുടെ കരിമുകിൽ കാട്ടിൽ ഇടക്കിടെ ഓർമ്മയുടെ മിന്നൽ പിണരുകൾ ജ്വലിക്കുമ്പോൾ പ്രിയ സഹോദരിയുടെ അടുത്തു പോകണമെന്ന് അവശ്യ പെടുമായിരുന്നു. ഒരുമാസം മുമ്പ് ആ കനകാംബരം അടർന്നുപോയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ജീവിത യാത്രയിൽ അടുത്തിഴപഴകിയവർക്കെല്ലാം നന്മയും, സന്തോഷവും, സമൃദ്ധിയും പകർന്നുനൽകി അനേകമാളുകളെ സ്വയം പ്രാപ്തിയുടെ മാറുകരയെത്തിച്ച  ഈ  കടത്തുവള്ളം യാത്ര പറയുമ്പോൾ, ചക്രവാളം ആകെ  ഗദ്ഗദം മുഴങ്ങീടുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA