sections
MORE

ശ്രീകല ഗോപിനാഥ്: ഒറ്റ പുസ്തകം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രവാസി എഴുത്തുകാരി

sreekala
SHARE

പെയ്‌തൊഴിയാതെ എന്ന ഒറ്റ പുസ്തകം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രവാസി എഴുത്തുകാരിയാണ് ശ്രീകല ഗോപിനാഥ് ജിനന്‍. തൃശൂര്‍ ജില്ലയില്‍ പീച്ചിക്കടുത്ത് വിലങ്ങന്നൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ശ്രീകലയുടെ സര്‍ഗപഥങ്ങളില്‍ ഗ്രാമ ജീവിതവും സംസ്‌കാരവും നിഷ്‌കളങ്കമായ ബാല്യകാല ഓര്‍മകളുമൊക്കെ സജീവമായി നിലകൊള്ളുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങിയ പെയ്തൊഴിയാതെ എന്ന തന്റെ കന്നിപുസ്‌കം സാമൂഹ്യ സാംസ്‌കാരിക നാഗരിക മേഖലകളുമായ ബന്ധപ്പെട്ട വിവിധ വശങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. കാലത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിക്കുമ്പോഴും അവിസ്മരണീയമായ ഗ്രാമ്യജീവിതവും ബാല്യവുമൊക്കെയാണ് ചിന്തയെ ധന്യമാക്കുന്നത്.

സമകാലിക സംഭവങ്ങളാണ് പലപ്പോഴും എഴുതാന്‍ പ്രേരകമാകുന്നത്. തന്റെ മനസിനെ മഥിക്കുന്ന വികാരങ്ങള്‍ എഴുതാതെ പറ്റില്ല എന്ന അവസ്ഥയിലെത്തുമ്പോള്‍ എഴുത്ത് സംഭവിക്കുകയാണ്. ഓരോ സര്‍ഗ സൃഷ്ടിക്ക് പിന്നിലും പല തരത്തിലുളള വ്യക്തികളും സാഹചര്യങ്ങളും പ്രചോദനമാകാം. ബാല്യകാല ഓര്‍മകളെ കോര്‍ത്തിണക്കി എഴുതിയ ആത്മകഥാംശമുള്ള പുസ്തകം എന്നതിലുപരി സമകാലിക ലോകത്ത് നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സാംസ്‌കാരിക പൈതൃകങ്ങളും സര്‍ഗപരിസരങ്ങളുമൊക്കെയാണ് ‌വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ നമുക്ക് കാണാനാവുക. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, അച്ഛന്‍, അമ്മ, കരുത്തയായ മുത്തിയമ്മ, വല്യച്ഛന്‍, ഇളയച്ഛന്മാര്‍, സഹോദരങ്ങള്‍, വിരുന്നിനെത്തുന്നവര്‍ അങ്ങിനെ ഒരു ഫ്രെയിമില്‍ എന്തൊക്കെ ചേര്‍ക്കാമോ അതൊക്കെ കോറിയിട്ട് ശ്രീകല കൊഴിഞ്ഞകാലത്തെ ഇനിയും പെയ്തൊഴിയാത്ത, ചിന്നം പിന്നം പെയ്യുന്ന മഴപോലെ വര്‍ണ്ണിക്കുമ്പോള്‍ ജീവിതത്തിന്റെ നഷ്ടസ്വര്‍ഗങ്ങളെക്കുറിച്ച വേദനകള്‍ വരികളില്‍ നിഴലിക്കുന്നതായി തോന്നാം. സ്വന്തങ്ങളുടെയും ബന്ധങ്ങളുടേയും വര്‍ത്തമാനങ്ങളിലൂടെയുള്ള ശ്രീകലയുടെ സര്‍ഗസഞ്ചാരം വ്യത്യസ്ത മാനങ്ങളുള്ളതാണ്.

പുസ്തകത്തിന്റെ പിന്‍ചട്ടയില്‍ പ്രസാധകര്‍ കുറിച്ചത് പോലെ ഒരിക്കല്‍ ദൈവം വരമായി എന്ത് വേണമെന്ന് ചോദിച്ചാല്‍ തന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് തരൂ എന്നായിരിക്കും ശ്രീകല ചോദിക്കുക എന്ന് തന്നെയാണ് ഓരോ വായനക്കാരനും തോന്നുക. ഇന്നിന്റെ ഊഷരതയില്‍ നിന്നും ഭൂതകാലത്തിന്റെ കുളിരുന്ന മഴയോര്‍മകളിലേക്ക് മഴ നനച്ച കുളക്കടവുകള്‍ താണ്ടി, കരിയിലകളുറങ്ങുന്ന കാവുകള്‍ താണ്ടി, കുളിരുപെയ്യുന്ന ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ നമ്മുടെയൊക്കെ ഓര്‍മ്മകള്‍ക്ക് ബാല്യം വെക്കാനും സ്വപ്നത്തിന്റെ ചിറകിലേറി പിറകോട്ട് സഞ്ചരിക്കാനും നമുക്കായേക്കും.

അമ്മയെക്കുറിച്ച അധ്യായവും അമ്മയുടെ കവിതകളുമൊക്കെ ഏറെ വൈകാരിക തീവ്രതയോടെ മാത്രമേ നമുക്ക് വായിച്ചുപോകാനാകൂ. അമ്മയൊരു വികാരമാണ്, അമ്മയൊരു ലോകമാണ്. അമ്മയെന്ന സ്നേഹത്തിന്റെ, സഹനത്തിന്റെ ഒക്കെ പര്യായത്തിന് പുതിയ മാനങ്ങള്‍ ചമക്കപ്പെടുന്ന ഈ കരള്‍പിളര്‍ക്കും കാലത്തും അവര്‍ക്ക് പകരം വെക്കാനാരുമില്ലെന്ന ശ്രീകലുടെ വരികള്‍ കമല സുരയ്യയുടെ നെയ്പായസം എന്ന കഥയെ ഓര്‍മിപ്പിക്കും.

സര്‍ഗസഞ്ചാരത്തിന് വഴികളില്ലാതെ വീടകങ്ങളില്‍ തളക്കപ്പെടുന്ന അനേകം വീട്ടമ്മമാരുടെ പ്രതീകം മാത്രമാണ് ശ്രീകലയുടെ അമ്മ. പുസ്തകത്തിന്റെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്ന അമ്മയുടെ 4 കവിതകള്‍ പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇങ്ക് ബുക്സാണ് പ്രസാധകര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA