sections
MORE

പ്രതീക്ഷകളുടെ ടോക്കിയോ ഒളിംപിക്‌സ്

FINLAND WORLD ATHLETICS
SHARE

രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം കായിക മല്‍സരങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഒളിംപിക്‌സുമെന്ന് ചരിത്രം പറയുന്നു. ടോക്കിയോ 2020 ഒളിംപിക്‌സിന്റെ ദൗത്യവും അത് തന്നെയാണ്. മഹാമാരിയില്‍ പെട്ടുഴറുന്ന, അരക്ഷിത്വം നിറഞ്ഞ ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ ഒളിംപിക്‌സ് മുന്നോട്ടു വയ്ക്കുന്ന അതിജീവനത്തിന്റെ സന്ദേശം ഏറ്റവും മഹത്തരമെന്ന് പറയാം. ലോകത്തിന്റെ അഞ്ചു വന്‍കരകളെ പ്രതിഫലിപ്പിച്ചു കൊണ്ട് അന്യോന്യം ഉള്‍ച്ചേര്‍ന്ന അഞ്ചു ഒളിംപിക് വളയങ്ങള്‍ ഈ പ്രതിസന്ധിയുടെ കാലത്ത് പരസ്പരമുള്ള ചേര്‍ത്തു പിടിക്കലിന്റെ ഏറ്റവും ഉദാത്തമായ ഭാവമായി കാണാനാകും. 

ഐക്യ രാഷ്ട്ര സഭയുടെ ട്രൂസ് റെസല്യൂഷന്‍ (യുദ്ധ രഹിത പ്രമേയം) നിലവില്‍ വന്ന ശേഷം ജൂലൈ 17ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച് 1945ല്‍ ബോംബ് വര്‍ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ യുദ്ധ സ്മാരക കുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ച ശേഷം, ഒളിംപിക്‌സ് ഗെയിമുകളും കായിക ഇനങ്ങളും സമാധാനം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മുഴുവന്‍ യുഎന്‍ അംഗ രാഷ്ട്രങ്ങളുടെയും പൊതുസമ്മത പ്രകാരമാണ് യുദ്ധ രഹിത പ്രമേയം നിലവില്‍ വന്നിട്ടുള്ളത്. കുറ്റകൃത്യപരമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും ഒളിംപിക് ഗെയിമുകളുടെ സമാധാനപരമായ സംഘാടനം ഉറപ്പു വരുത്താനും ഇത് ആഹ്വാനം ചെയ്യുന്നു. 3,000 വര്‍ഷത്തെ പാരമ്പര്യമുള്ള അതിപുരാതനമായ ഈ ഒളിംപിക് ഗെയിമുകള്‍ സമാധാനത്തിനുളള സംഭാവനകളെ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 

ടോക്കിയോ 2020 ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും മോട്ടോ 'യുണൈറ്റഡ് ബൈ ഇമോഷന്‍' എന്നതാണ്. വര്‍ത്തമാന കാലഘട്ടത്തിന്റെ ഏറ്റവും മികച്ച  സന്ദേശം കൂടിയാണിത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയും അത്യധികം വാശിയോടെയും വിവിധ രാജ്യങ്ങള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍, സ്‌നേഹത്തിന്റെ കൈകള്‍ പരസ്പരം കോര്‍ക്കുകയും ചെയ്യുന്നുവെന്നിടത്താണ് ഒളിംപിക്‌സ് കേവലമൊരു കായിക മാമാങ്കം എന്നതിനപ്പുറമുള്ള ഐഡന്റിറ്റി നേടുന്നത്. 

കോവിഡ്19 ഉയര്‍ത്തിയ അത്യന്തം പ്രശ്‌നസങ്കുലമായ ഈ ഘട്ടത്തിലും ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് പങ്കെടുക്കാനാകുന്നതില്‍ നമുക്കെല്ലാം അഭിമാനമുണ്ട്. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് നടക്കുന്നത്. 

2020ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്‌സ് 2021ലേക്ക് മാറ്റുകയായിരുന്നു. ഈ സമയത്താണ് നടക്കുന്നതെങ്കിലും, ടോക്കിയോ 2020 എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 32-ാമത് ഒളിംപ്യാഡ് ആയാണ് ഇത് അറിയപ്പെടുന്നത്. കോവിഡ്19ന്റെ ആശങ്ക ജപ്പാനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ അവിടെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

കോവിഡ്19 പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിംപിക്‌സ് ഏറ്റവും ഉയര്‍ന്ന സുരക്ഷയിലാണ് ടോക്കിയോയില്‍ സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെയോ, ഒരുവേള അതിനെക്കാള്‍ വിപുലമായോ ആണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പാരാലിംപിക്‌സും ഏറ്റവും മികച്ചതായിരിക്കും. മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ ടോക്കിയോ സിറ്റി ഏറ്റവും മികച്ച നടപടികളും യത്‌നങ്ങളും സ്വീകരിച്ചു കൊണ്ടാണ് ഈ ലോക കായിക മഹാ മേളയെ വരവേറ്റത്. 

ഈ ലോക കായിക മേളക്കിടക്കും കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്നുണ്ടെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നമുക്കും അതിന്റെ പ്രയാസങ്ങളുണ്ട്. എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തെ ധൈര്യപൂര്‍വം മറികടക്കുന്നുവെന്നതാണ് കാര്യം. കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം ഒളിംപിക്‌സ് പോലുള്ള സ്വപ്ന തുല്യമായ ഒരാഗോള വേദിയില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നത് ആയുഷ്‌കാലത്തെ അസുലഭ ഭാഗ്യമാണ്. അങ്ങനെയാണ് നമുക്ക് അതിനെ കാണാന്‍ സാധിക്കുക. 

കോവിഡ്19 മഹാമാരി മൂലം കാണികള്‍ ഇല്ലാതെ നടത്തപ്പെടുന്ന ആദ്യ ഒളിംപിക്‌സാണ് ഇത്തവണത്തേത് എന്ന പ്രത്യേകയുണ്ട്. 1964ന് ശേഷം ഇത് രണ്ടാം തവണയാണ് ജപ്പാനില്‍ ഒളിംപിക്‌സ് എത്തുന്നത്. 33 സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍, 339 ഇവന്റുകള്‍ 42 വേദികളിലായി നടക്കും. 206 രാജ്യങ്ങളില്‍ നിന്നുള്ള 11,091 അത്‌ലറ്റുകളാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. 

കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇക്കുറി. മൂന്നു മലയാളി കോച്ചുകള്‍, ഏഴ് അത്‌ലറ്റിക്‌സ് താരങ്ങള്‍ എന്നിവർ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് ഇത്തവണ പങ്കെടുക്കുന്ന കായിക താരങ്ങളില്‍ ആറും അത്‌ലറ്റിക്‌സില്‍ നിന്നാണ് എന്നത് കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഏറ്റവും വലിയ ആഹ്ലാദമാണ് പകര്‍ന്നിട്ടുള്ളത്. 

നിര്‍ഭാഗ്യവശാല്‍ ഒരു വനിതാ പ്രാതിനിധ്യം ഇല്ലാതെയാണ് ഒരു ഒളിംപിക്‌സ് കേരളത്തിന്റെ ചരിത്രത്തിലുണ്ടാകുന്നത് എന്നത് വിഷമമുണ്ടാക്കിയ കാര്യമാണ്. ജിസ്‌ന മാത്യു, വിസ്മയ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നില്ലെങ്കിലും, മഹാമാരിയുടെ സാഹചര്യമുണ്ടാക്കിയ ചില പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് ക്വാളിഫൈ ചെയ്യാനായില്ല. മഹാമാരി സാഹചര്യം മൂലം ട്രെയിനിങ് ക്യാംപുകള്‍ 18 മാസമായി ശരിയായ വിധത്തില്‍ നടത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെയും കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്റെയും പരിപൂര്‍ണ സഹകരണത്തില്‍ നാഷനല്‍സിന്റെയും ജൂനിയേഴ്‌സിന്റെയും സെലക്ഷന്‍ ഡ്രൈവുകള്‍ കേരള സര്‍ക്കാര്‍ അനുമതിയോടെ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു. 

ഈ മഹാമാരി സാഹചര്യത്തിലും മലപ്പുറം ജില്ലയില്‍ മൂന്നു ചാമ്പ്യന്‍ഷിപ്പുകളും (ജൂനിയര്‍, സീനിയര്‍, യൂത്ത്) രണ്ടു സെലക്ഷന്‍ ട്രയല്‍സും (ജൂനിയര്‍, സീനിയര്‍) നടത്തിയത് കുട്ടികളില്‍ വലിയ ആവേശമാണുണ്ടാക്കിയത്. കോവിഡ് മൂലമുള്ള മാനസികാഘാതം മിക്ക കുട്ടികളും അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 58 ശതമാനം കുട്ടികളിലും കോവിഡാനന്തര മാനസികാഘാതമുണ്ട്. ഈ ചുറ്റുപാടിലാണ്, അത്‌ലറ്റിക്‌സിന് പ്രാധാന്യം നല്‍കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതെന്നത് ചെറിയ കാര്യമല്ല. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല കണ്ടിജന്റ്‌സ് അത്‌ലറ്റുകളെ സംഭാവന ചെയ്യാന്‍ നമുക്ക് സാധിച്ചു. കൂടുതല്‍ ഒളിംപ്യന്മാരെ വാര്‍ത്തെടുക്കാന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനുളള പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി അസോസിയേഷന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. 

ഈ ഒളിംപിക്‌സില്‍ 67 പുരുഷന്മാരും 53 വനിതകളുമടക്കം ഇന്ത്യ 120 കായിക താരങ്ങളെയാണ് അയക്കുന്നത്. കേരളത്തില്‍ നിന്നുള്ള എട്ടു കായിക താരങ്ങള്‍ ഇവരാണ്: അത്‌ലറ്റിക്‌സില്‍ കെ.ടി ഇര്‍ഫാന്‍, മുരളി ശ്രീശങ്കര്‍, ജാബിര്‍ എം.പി, മുഹമ്മദ് അനസ്, നോഹ് നിര്‍മല്‍ ടോം, അലക്‌സ് അന്തോണി; ഹോക്കിയില്‍ പി.ആര്‍ ശ്രീജേഷ്; സ്വിമ്മിംഗില്‍ സാജന്‍ പ്രകാശ്. 

കേരളത്തിന്റെയും ഇന്ത്യയുടെയും കായിക ചരിത്രത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ ഏറ്റവുമധികമുണ്ടായിട്ടുള്ളത് അത്‌ലറ്റിക്‌സില്‍ നിന്നാണെന്ന് കാണാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ 18 അര്‍ജുന അവാര്‍ഡ് ജേതാക്കളുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എടുത്താല്‍ അതില്‍  90 ശതമാനവും അത്‌ലറ്റുകളും ഒളിംപ്യന്മാരുമാണെന്ന് കാണാനാകും. കൂടുതല്‍ ഒളിംപ്യന്മാരെ സൃഷ്ടിക്കാനും വലിയ അളവില്‍ മെഡലുകള്‍ നേടാനുമുള്ള കഠിന പരിശ്രമത്തിലാണ് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍. അത്തരം പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്. 

(കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA