ADVERTISEMENT

ലോകമാകെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാമാരിക്കു നടുവിൽ നിന്നുകൊണ്ട് ഓണം ആഘോഷിക്കണോ, അതോ ഓർമ്മിക്കണോ എന്നു ശങ്കിച്ചിരിക്കുന്ന ഒരു മലയാളിയാണ് ഞാൻ. വെറും മലയാളി എന്നു പറയുന്നതിനേക്കാൾ മറുനാടൻ മലയാളി എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണല്ലോ, ഓണത്തെക്കുറിച്ച് വേവലാതി കൊള്ളുന്നത്. മറുനാട്ടിൽ താമസിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഓണം അടക്കം ആഘോഷിക്കാൻ കിട്ടുന്നതെന്തും സമർഥമായി ആഘോഷിക്കുക തന്നെ ചെയ്യും. അതിനിപ്പോൾ സമയമോ കാലമോ ഒന്നും വേണ്ടതാനും. കർക്കിടക മാസം മുതൽക്കേ ഓണസദ്യ ഉണ്ടു തുടങ്ങുന്ന വിദേശ മലയാളികൾ അതേതാണ്ട് വർഷം മുഴുവൻ കൊണ്ടാടും. കേരളത്തിൽ അല്ലാത്തതിനാൽ മാവേലിക്കും അക്കാര്യത്തിൽ വല്യ അതൃപ്തി വരാൻ കാരണമില്ല. ഒഴിവുകിട്ടുമ്പോൾ ഓണം ആഘോഷിക്കുക എന്നതാണ് മറുനാടൻ മലയാളിയുടെ വഴക്കവും ശീലവും.

കാര്യങ്ങൾ ഇങ്ങനെ നൊസ്റ്റാൾജിയ ഒക്കെയാണെങ്കിലും പാലടയും പ്രഥമനും ഉപ്പേരി അപ്പേരിയും അടയും വടയുമൊക്കെ (ഈ വാക്ക് സായ്പ് ഇപ്പോൾ മലയാളിയോട് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. യുട്യൂബ് ട്രൻഡാക്കിയ മലയാളി യുവാവിന് നന്ദി !) ഇല്ലാതെങ്ങനെ ഓണം ആഘോഷിക്കുമെന്നാണ് പലരുടെയും ചിന്ത. വാക്സിനേഷനെ മറികടന്ന് കോവിഡ് ഇപ്പോൾ പേരുമാറ്റി ഡെൽറ്റ എന്ന നാമത്തിൽ പുനരവതരിച്ചിരിക്കുകയാണല്ലോ. അതിനുള്ള ബൂസ്റ്റർ ഡോസ് എടുക്കണോ വേണ്ടയോ എന്നു ശങ്കിച്ചു നിൽക്കുകയാണ് പലരും. അതിനിടയ്ക്കാണ് ഓണം കയറി വന്നിരിക്കുന്നത്. ഇത്തവണ പ്രോട്ടോകോൾ ഏതു വേണമെന്നതാണ് സംശയം. കിഴക്കും പടിഞ്ഞാറും അടക്കം നാലു ദിക്കിലും പ്രോട്ടോക്കോൾ ഓരോ തരത്തിലാണ്. ഒരിടത്ത് മാസ്ക്ക് വച്ചില്ലെങ്കിൽ ഫൈൻ ആണെങ്കിൽ മറ്റൊരിടത്ത് വച്ചാലാണ് ഫൈൻ. ഒരിടത്ത് ഡൈനിങ് ഇടപാടുകൾക്ക് പ്രശ്നമുണ്ടെങ്കിൽ മറ്റൊരിടത്ത് വാക്സീൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ എന്തും കാണിക്കാമെന്നതാണ് സ്ഥിതി.

പക്ഷേ, മലയാളി ആരാണ് മോൻ ? ഇതും ഇതിലപ്പുറവും വന്നാലും ഓണത്തിന്റെ കെങ്കേമം കുറയ്ക്കാൻ പോകുന്നില്ലെന്നതാണ് സത്യം. ഓഗസ്റ്റ് 21 ശനിയാഴ്ച്ച തിരുവോണനാളിൽ മാവേലിമന്നൻ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിന് ഹെലികോപ്റ്ററിലെത്തും. കോവിഡ് ആണ്, ആഘോഷം ഇത്തിരി മങ്ങിച്ചേക്കാമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി, കഴിഞ്ഞ തവണത്തേതും കൂടി കൂട്ടി ഇത്തവണ മിന്നിക്കാനാണ് ഭാവം. ദേശീയ ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ ഹെലികോപ്റ്റർ കമ്പനിയുമായി ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സുമോദ് നെല്ലിക്കാലാ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ) മാധ്യമങ്ങൾ വഴി അറിയിച്ചു കഴിഞ്ഞു. ഫിലഡൽഫിയ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിന്റെ ഗ്രൗണ്ടിലാണ് ഹെലിപ്പാട് ഒരുങ്ങിയിരിക്കുന്നത്.

മെഗാ തിരുവാതിര ചാരുതയാൽ ഓണപ്പൂക്കളം വിരിക്കുന്ന അതിവിശാല ഉത്സവ മേട്ടിലേക്ക് ആഗതനാകുന്ന മാവേലിയെ പുഷ്പവൃഷ്ടി, വഞ്ചിപ്പാട്ട്, കരിമരുന്നു കലാപ്രകടനങ്ങൾ, തനതു നാടൻ കലാമേളങ്ങൾ എന്നീ അകമ്പടികളോടെ, അമേരിക്കൻ ജനത, മലയാളികൾക്കൊപ്പം, വരവേൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് ആണെങ്കിലും ഡെൽറ്റ ആണെങ്കിലും ഓണത്തിന് ഒരു കുറവും പാടില്ലെന്നാണ്. അതുകൊണ്ടുതന്നെ ഓണത്തിന്  കേട്ടുകേൾവി ഇല്ലാത്ത കരിമരുന്നു പ്രയോഗം ഇവിടെ കലാപ്രകടനമാക്കുന്നുണ്ട്. മിഴിവു കുറഞ്ഞു പോകാതിരിക്കാനായി ഇന്ത്യൻ കോൺസുലേറ്റിന്റെയും അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.  

വിവിധ നൃത്തസംഗീതോത്സവ കലാപരിപാടികളും ഓണസദ്യയും പായസമേളയും ആസ്വദിച്ച ശേഷമേ മാവേലി വിശ്രമിക്കയുള്ളൂവെന്നാണ് വാർത്താക്കുറിപ്പിൽ കണ്ടത്. എന്റെ ഒരു അഭിപ്രായം അങ്ങനെയൊന്നും മാവേലിയെ വിശ്രമിക്കാൻ അനുവദിക്കരുതെന്നാണ്. കൊല്ലം രണ്ടായല്ലോ, ഇവിടേക്ക് വന്നിട്ട്. അതിന്റെ ക്ഷീണത്തിൽ മലയാളി അസോസിയേഷനുകൾ ആകെപാടെ വിഷമിച്ച് വിഷാദ ഗ്രസ്തരായിരിക്കുകയായിരുന്നു. ഇനി ഏമ്പക്കം വിടലും ഉച്ചമയക്കവുമൊക്കെ അങ്ങ് പാതാളത്തിൽ ചെന്നിട്ട്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ പങ്കെടുക്കുന്ന ഓണപരിപാടിയിൽ പ്രഗത്ഭരെ ആദരിക്കുന്നുണ്ട്. അതൊക്കെയും നല്ല കാര്യമാണ്. കോവിഡ് പ്രോട്ടോകോൾ ഇല്ലെങ്കിൽ മാസ്ക്ക് വെക്കുന്നത് നല്ലതാണെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നയാളെന്ന നിലയ്ക്ക് ഉപദേശിക്കുകയാണ്. വാക്സിനേഷൻ എടുക്കുന്നതും നല്ലതു തന്നെ. ഏതെങ്കിലും വാക്സീൻ എടുത്താലും കുഴപ്പമില്ല. ബൂസ്റ്റർ കാര്യം തത്ക്കാലം അവിടെ നിൽക്കട്ടെ. 

കാർണ്ണിവൽ സ്റ്റൈലിലുള്ള ഉത്സവ പെരുന്നാൾ പിക്നിക്ക് സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ രാത്രി 10 വരെ ദേശീയ ഓണാഘോഷം 21 ൽ അണിഞ്ഞൊരുങ്ങുന്നതെന്ന് കൂടി ഓർമ്മിപ്പിക്കുന്നു. ആഘോഷങ്ങളും ആരവങ്ങളും നല്ലതു തന്നെ. ലോകത്തെങ്ങും മഹാമാരി ജീവനെടുക്കുന്ന സന്ദർഭമാണ്. അനുചിതമായതു ചെയ്തില്ലെങ്കിൽ മലയാളി എന്ന പേര് ദുർവ്യാഖ്യാനിക്കപ്പെടും എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com