ADVERTISEMENT

പ്രകൃതി കനിഞ്ഞരുളി തന്നിരുന്നോരോണക്കാലം അപ്രത്യക്ഷമായിരിക്കുന്നു. കള്ളക്കർക്കിടകമെന്ന ദരിദ്രമാസം ഇന്നെവിടെ???  ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ കാലത്തെ മറികടന്നൊരു ഓണമോർമ്മ എഴുതുക എന്നത് ശ്രമകരമായ കാര്യം തന്നെയെങ്കിലും കുട്ടിക്കാലത്തെ കാട്ടിക്കൂട്ടലുകളുടെ ഓണമല്ലാത്ത ഒരോണക്കാലത്തിലേക്ക് ഒന്നെത്തത്തിനോക്കാം.

അത്തം നാൾ മുതൽ ചാണകം കൊണ്ടുമെഴുകിയ വട്ടത്തിലുള്ള ഒരടിപൊക്കവും അറുപതു സെന്റിമീറ്റർ വ്യാസവും വരുന്ന  മണ്ണുകൊണ്ടുണ്ടാക്കിയ തിണ്ടിൽ ഒരു വട്ടത്തിൽ ഇട്ടു തുടങ്ങുന്ന പൂക്കളത്തോടെ ഓണത്തെ സ്വീകരിക്കാൻ ഞങ്ങളുടെവീട്ടിൽ എല്ലാവരും തുടങ്ങും........

കുട്ടികളായ ഞങ്ങൾക്ക് തന്നെയാണ് അടുക്കളയിലെ കാര്യങ്ങൾ ഒഴിച്ചുള്ള മറ്റിതരകാര്യപരിപാടിയിൽ ആധിപത്യം....

വഴക്കും വക്കാണവും ഇല്ലാത്ത ഓണക്കാലം..പൂവിടൽ എന്ന പ്രാധാന്യം നിറഞ്ഞ ചടങ്ങിനെ വർണ്ണാഭമാക്കുന്ന അതിപ്രാധാന്യമുള്ള കാര്യത്തെ ഏറ്റെടുത്ത് ഞങ്ങൾ കുട്ടികൾ ഓരോ ദിവസവും ഓരോ രീതിയിൽ പൂക്കളമിട്ടു മാവേലിയുടെ വരവ് പ്രതീക്ഷിക്കും.....

പൂക്കളം മനോഹരമാക്കുന്നതിൽ ശ്രമകരമായ ഒന്നാണ് ആവശ്യമുള്ള പൂക്കൾ ശേഖരിക്കുക എന്നത്... കൊങ്ങിണിയും,,, തുമ്പയും, മുക്കുറ്റിയും,,  കാശിതുമ്പയും, ചെണ്ടു മല്ലിയും, ചെമ്പരത്തി,സീനികയും,ശംഖുപുഷ്പവും അരിമണി പോലെ പച്ചനിറത്തിൽ പാടത്ത് നിറഞ്ഞു നിന്നിരുന്ന പുല്ലുകായയും, പൂച്ചവാലൻ, വാടാമല്ലി., കമ്മൽ പൂവ്... നീളുന്ന പട്ടിക. തിരുവോണം നാളിൽ എല്ലാ പൂവുകളും ഉണ്ടാകും.. അന്ന് വലിയ വട്ടത്തിൽ പൂക്കളം ഒരുക്കി ഓണത്തെ മനോഹരമാക്കും.....

ഓണം നാലു ദിവസവും കുശാലായ ഭക്ഷണം... രാവിലത്തെ എത്തക്കാ പുഴുങ്ങിയത്. പറമ്പിൽ ഓണക്കാലമാവുമ്പോഴേക്കും പാക മാകാറുള്ള നേന്ത്രക്കുലകൾ വീട്ടിൽ തന്നെ പഴുപ്പിച്ച് അടുക്കളയുടെ അടുപ്പിന്റെ മുകളിൽ ഉള്ള വിറകുചേരിൽ റെഡി ആയിട്ടുണ്ടാകും.. രാവിലെ പുഴുങ്ങിയ ആ പഴവും പപ്പടവുമാണ് ഭക്ഷണം.

ഓണക്കോടികൾ പതിവില്ലാത്തതിനാൽ ഉള്ളതിൽ നല്ലത് എടുത്തിടും.... പ്രഭാത ഭക്ഷണം കഴിഞ്ഞാൽ തെക്കേപ്പുറത്തുള്ള പുളിയിൽ നല്ല കയറുകൊണ്ടുള്ള ഊഞ്ഞാൽ..... തെങ്ങു മടൽ കൊണ്ട് സീറ്റിങ് റെഡി ആക്കി ഒരു തലയിണ കൂടി വച്ചു മത്ത് പിടിക്കുന്നവരെ ഓരോരുത്തർ മാറിമാറി ആടും..... അപ്പോഴേക്കും ഉച്ചയൂണാകും..

പറമ്പിൽ നിറയെ പാളയൻ കോടൻ വാഴ. ഇലകൾ സുലഭം. ഓണക്കാലത്ത് ഇലയിൽ സദ്യവട്ടങ്ങൾ കൊണ്ട് നിറയും.പറമ്പിലെ പയർകൊണ്ട് അച്ചിങ്ങ തോരനും ,പിന്നെ പയറുമണി തോരൻ,പാവയ്ക്കാ ഉപ്പേരി, കാളൻ. ഓലൻ... എളിശ്ശേരി,, പുളിശ്ശേരി... സാമ്പാർ... കായവറവ് .... ശർക്കര ഉപ്പേരി.... പുളിയിഞ്ചി, അച്ചാർ അവിയൽ... പപ്പടം... രസം,മോര്.

ഒന്നും കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ ഉണ്ടാക്കാനുള്ളതെല്ലാം തൊടിയിൽ ഉണ്ടെന്നതാണ് അന്നത്തെ സവിശേഷത.......

പായസം അരിപ്പായസം ആവും വേറൊന്നും കൊണ്ടല്ല മറ്റുള്ളവയിലേക്ക് നീങ്ങിയാൽ സാമ്പത്തികം അനുവദിക്കില്ല എന്നുള്ളതന്നെ കാരണം.... കുറച്ചു നെൽപ്പാടം ഉള്ളതിനാൽ അരിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.....

വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചു ചേലക്കരയുടെ പാരമ്പര്യം ഉറങ്ങുന്ന തലപ്പന്തു കളി കാണാൻ പോകും. ചെറുപ്പത്തിൽ മുത്തശ്ശൻ കൊണ്ട് പോകും.എട്ടാം ക്ലാസ്സ്‌ മുതൽ  കൂട്ടുകാരാടൊപ്പം കാണാൻ പോകാൻ ആരംഭിച്ചു...

തടിച്ചുകൂടിയ കാണികൾക്കിടയിലേക്ക് ഇടിച്ചു കേറി നിൽക്കും.പങ്ങാരപ്പിള്ളി ടീമിന്റെ കളി കാണാൻ. എല്ലായിപ്പോഴും ഫൈനൽ വരെ അവരെത്തുമെന്നതിനാൽ, ആ നാട്ടുകാരുടെ കളി കാണുന്ന ആവേശം അറിയാതെ തന്നെ  എന്നെ മൈതാനത്തിലേക്ക് എത്തിക്കുമായിരുന്നു ...

തലമപ്പന്തു കളി കാണേണ്ടത് തന്നെ ആണ്... ചകിരി കുത്തി നിറച്ചു തോലുകൊണ്ട് പുറമെ തുന്നി ഉറപ്പുള്ള പന്ത്.പന്ത്, കളി തുടങ്ങി കഴിഞ്ഞു നല്ല അടിയൊക്കെ കിട്ടിക്കഴിയുമ്പോഴേക്കും പതമാകും.....

ആ കളിയും കണ്ടു വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും ആരവങ്ങൾ ഒഴിഞ്ഞ പൂരപ്പറമ്പുപോലെ മനസ്സും.. രാത്രി ഉച്ചയ്ക്കത്തെ ബാക്കിയും കഴിച്ചുറങ്ങി ഓണം അവസാനിക്കും.

പാവങ്ങളെ കാണാൻ മാത്രം കാലമിത്രയായിട്ടും ഒരു മഹാബലിയും വരാതിരുന്ന ഓണം. ഇന്നും ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com