ADVERTISEMENT

ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഗോൾഡൻ റൂസ്റ്റർ ഫിലിം ഫെസ്റ്റിവലിൽ ഡാം999 തിരഞ്ഞെടുക്കപ്പെട്ട സമയം. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഓസ്കാറിനെ വെട്ടാൻ തുനിഞ്ഞിറങ്ങിയ ചൈനക്കാർ ഊഷ്മളമായ സ്വീകരണമാണ് മത്സരിയ്ക്കുന്ന ഇരുപത്തഞ്ചു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകർക്കൊരുക്കിയത്. സംവിധായകനേയും പ്രൊഡ്യൂസർ കൂടിയായ ഭാര്യയേയും കൈവെള്ളയിലവർ പൊന്നു പോലെ നോക്കുന്നതു കണ്ടു നാട്ടിലെ ഫിലിം ഫെസ്റ്റിവെലുകളിൽ ഒരു ക്ഷണം പോലും ലഭിയ്ക്കാത്ത എന്റെ കണ്ണു നിറഞ്ഞു പോയി. 

ഏറ്റവും മുന്തിയ ഹോട്ടലിലെ സ്യൂട്ട് റൂമിൽ പോലും റെഡ് കാർപ്പറ്റ്. ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ഗൈഡ്, ലിമോസിനുമായി ഇരുപത്തിനാലു മണിയ്ക്കൂറും ഒപ്പമുണ്ട്. ചൈനയിൽ പോയാൽ ഭാഷ പ്രശ്നമാകുമെന്ന കാര്യം പോലും, ദ്വിഭാഷി ഉള്ളതുകൊണ്ട്, ചൈന മൊത്തം വാങ്ങാൻ ഷോപ്പിംഗിനിറങ്ങിയ ഭാര്യയറിഞ്ഞില്ല. നിറഞ്ഞ സദസ്സിലെ പ്രദർശനവും ഭാഷയറിയാത്തവരുടെ കരഘോഷവും ആരാധന പ്രകടനങ്ങളും. അൻപതിനായിരത്തിലധികം കാണികളുടെ മുന്നിലെ വേദിയിൽ മൂവായിരത്തോളം കലാകാരന്മാരും അവതാരകനായി ജാക്കിച്ചാനും സമാപനച്ചടങ്ങിൽ നിറഞ്ഞാടിയപ്പോൾ ലോകം മുഴുവനുള്ള മിക്കവാറുമെല്ലാ മികച്ച ഫിലിം ഫെസ്റ്റിവലുകളും കണ്ട എന്റെ കിളി പോയി. ഒപ്പം നാട്ടിൽ നടത്തുന്നവയെടുത്തു കിണറ്റിലിടാനും തോന്നി.

ഒരാഴ്ച്ച പോയതറിഞ്ഞില്ല. ഏതായാലും ചൈനയിൽ വന്നതല്ലേ തലസ്ഥാനമായ ബീജിങ്ങിലെ മാർക്കറ്റു കൂടി വാങ്ങണമെന്നു ഭാര്യയ്ക്കു നിർബന്ധം. എക്സസ്സ് ബാഗ്ഗേജ് കണ്ടപ്പോൾ ഫ്ലൈറ്റ് ചാർട്ടർ ചെയ്യേണ്ടി വരുമോ എന്നൊരു നിമിഷം തോന്നിയതു പക്ഷേ, പുറത്തു പറഞ്ഞില്ല. എയർപ്പോർട്ടിലെ ചെക്ക് ഇൻ കൗണ്ടറിലിരിയ്ക്കുന്നവർ ഫിലിം ഫെസ്റ്റിവലുകാർ അല്ലല്ലോ. പക്ഷേ, അവിടെയും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സംഘാടകർ എയർപ്പോർട്ടിലെത്തി ഒരു തടസ്സവും കൂടാതെ ഫ്ലൈറ്റിന്റെ ഉള്ളിൽ വിഐപികളെപ്പോലെ കൊണ്ടെത്തിച്ചു. ഒരു പകൽ ബീജിങ്ങിൽ ചിലവഴിയ്ക്കാൻ തക്ക രീതിയിൽ ബോർഡിംഗ് പാസ്സും തന്നു . 

വിലപേശി ചൈനാക്കാരെ ഞെട്ടിയ്ക്കാൻ ബീജിങ്ങിൽ ഇറങ്ങിയ എന്റെ പ്രൊഡ്യൂസർ ആദ്യം തിരക്കിയത് അവിടുത്തെ ലോക്കൽ മാർക്കറ്റാണ്. ഇംഗ്ലീഷ് അറിയാത്ത അവിടുത്തുകാർ, അതൊഴിച്ചു മറ്റെല്ലാ ദിശയിലേക്കും കൈചൂണ്ടിക്കാണിച്ചു. നൃത്താധ്യാപിക കൂടിയായ ഭാര്യ കലാമണ്ഡലപ്പട്ടം ചാർത്തിയ ഗുരുക്കൾ പഠിപ്പിച്ച എല്ലാ മുദ്രയും കാട്ടി നോക്കി. പക്ഷേ, കലാമണ്ഡലത്തിൽ പോകാത്ത ചൈനാക്കാർക്കതൊന്നും മനസ്സിലായില്ല. വഴിചോദിച്ചു വലഞ്ഞ ഭാര്യയുടെ മുഖത്തു നാഗവല്ലി പ്രസാദിച്ചു തുടങ്ങി. പല തവണ ബിസിനസ്സിനെന്നും പറഞ്ഞു ചൈനയിൽ വന്ന ഞാൻ അവരുടെ ഭാഷ പഠിയ്ക്കാഞ്ഞതു തനി മണ്ടനായതുകൊണ്ടാണെന്ന് പറയുന്നത്, ആ മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു

പെട്ടെന്നാണ് ഇംഗ്ലീഷ് സംസാരിയ്ക്കുന്ന രണ്ടു ന്യൂ ജനറേഷൻ ചൈനീസ് സുന്ദരികൾ ഞങ്ങളെ സമീപിച്ചത്. മരുഭൂമിയിലെ മരുപ്പച്ച. ഞങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉഗ്രൻ ഇംഗ്ലീഷിൽ അവർ മറുപടി തന്നു. ഭാര്യയുടെ സാരിയവർക്കിഷ്ടപ്പെട്ടിട്ട് ദാനശീല പകരമില്ലാത്തതു കൊണ്ട് ഊരിക്കൊടുത്തില്ലെന്നു മാത്രം. ഇന്ത്യയെക്കുറിച്ചും ഇന്ത്യാക്കാരെക്കുറിച്ചും ചൈനക്കാർക്കു വലിയ മതിപ്പാണു പോലും. സിനിമാക്കാരാണെന്നറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടിയത്രേ. അതു കൊണ്ട് അവരോടൊപ്പം ചായ കുടിയ്ക്കാതെ വിടില്ലെന്നായി. മാർക്കറ്റിന്റെ ലൊക്കേഷൻ കിട്ടിയെങ്കിലും സാരിയാരാധകരെ സന്തോഷിപ്പിക്കാൻ അവരോടൊപ്പം ചായ കുടിയ്ക്കാൻ ഭാര്യ സമ്മതിച്ചു.

അടുത്തുള്ള ചായക്കടയിലെത്തിയ ഞങ്ങളുടെ മുന്നിൽ മെനുവെത്തി. പല തരം ചായ കിട്ടുന്ന കടയാണ്. ഭാഷയറിയാത്തതു കൊണ്ട് ചായ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കു വിട്ടു കൊടുത്തു. ചായ വരുന്നതുവരെ സംസാരം തുടർന്നു. പെട്ടെന്നതിലൊരാൾക്കൊരു ഫോൺ വന്നു. അവർക്കു പെട്ടെന്നെവിടെയോ എത്തണമെന്ന്. ബില്ലു ഞങ്ങൾ കൊടുത്തോളാമെന്നു പറഞ്ഞ് അവരെ യാത്രയാക്കി. ക്യാമറയ്ക്കു മുഖം തരാഞ്ഞ അവരോടൊപ്പം നിന്നൊരു ഫോട്ടോ എടുക്കാത്തതിലായിരുന്നു ഭാര്യയുടെ വിഷമം. പെൺകുട്ടികളായാൽ ഇങ്ങനെ നാണം പാടുണ്ടോ?

ഒടുവിൽ ബില്ലെത്തി. കയ്യിൽ ഡോളറാണുള്ളത്. കാൽക്കുലേറ്ററിൽ തുക ഡോളറിൽ അടിച്ചു കാണിച്ചതു കണ്ടു ഞങ്ങൾ ഞെട്ടി. ഇരുനൂറ്റിയൻപതു ഡോളറിലധികം...!!!. അന്തം വിട്ടിരിയ്ക്കുന്ന ഞങ്ങളെ, മുന്നിലിരുന്ന മെനുവെടുത്തവർ മറിച്ചു കാട്ടി. അവസാന ഭാഗം ഇംഗ്ലീഷിലാണ്. നൂറോളം ചായയുണ്ട്. മിക്കതും ഒരു ഡോളർ മുതൽ അഞ്ചു ഡോളർ വരെ. ഇടയ്ക്കൊരെണ്ണം മാത്രം 63 ഡോളർ...!!!.  അതാണത്രേ ഞങ്ങൾ കുടിച്ചു തീർത്തത്. തർക്കിയ്ക്കാൻ ഭാഷതിരഞ്ഞു കൊണ്ടിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട്, ഷോപ്പിംഗിനായി വച്ചിരുന്ന കാശെടുത്തു കൊടുത്ത പ്രൊഡ്യൂസർ തന്നെ പ്രശംസിച്ചു പറ്റിച്ച ഏജന്റ് സുന്ദരിമാരെത്തേടി പുറത്തേക്കു പാഞ്ഞു. ഭാഷയറിയാത്ത ടൂറിസ്റ്റുകളെ പറ്റിയ്ക്കാനായി ആ കടക്കാർ കണ്ടു പിടിച്ച വിലയേറിയ ചായ, ബാക്കി രണ്ടു കപ്പുകളിൽ ഇരുന്നത് ചൂടു നോക്കാതെ ഒറ്റ വലിയ്ക്കു പ്രൊഡ്യൂസറുടെ ഫൈനാൻസിയർ കൂടിയായ ഞാൻ കുടിച്ചു തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com