sections
MORE

വേദനകളും സാമൂഹ്യ അധിക്ഷേപങ്ങളും നൽകുന്ന പാഠങ്ങൾ

sad-man-alone
SHARE

ജീവിതത്തിൽ ഒരിക്കലെങ്കിലും സഹിക്കുവാൻ സാധിക്കുന്നില്ലാ എന്ന തരത്തിലുള്ള ശാരീരികമായതും മനസികവുമായ വേദനകളിലൂടെ കടന്നു പോവാത്ത വ്യക്തികൾ ഈ ലോകത്തിൽ വിരളമാണ്. പലർക്കും അവരുടെ വേദനകൾ അവരുടെ സങ്കല്പങ്ങളിലുള്ള വേദനകളെക്കാൾ വളരെ കഠിനമേറിയതുമായിരിക്കും. പലപ്പോഴും മാനസികമായ വേദനകളാണ് ശാരീരിക വേദനകളെക്കാൾ കാഠിന്യമേറിയതും. കുടുംബ ജീവിതത്തിലെ പ്രശ്‍നങ്ങൾ ആയിരിക്കാം, സുഹൃത്ത് ബന്ധങ്ങളിലെ ഉലച്ചിലുകളായിരിക്കാം, ജോലി നഷ്ടപെട്ട ദുരവസ്ഥ ആയിരിക്കാം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപെടുത്തലുകളാവാം. ഏതെല്ലാം തരത്തിലുള്ള വേദനകൾ ആണെങ്കിലും അവയെല്ലാം ആ നിമിഷങ്ങളിൽ പലർക്കും അസഹനീയമാണ്.  പ്രത്യേകിച്ചും സാമൂഹിക സംഘടനകളിലും സമൂഹങ്ങളിലും പ്രവർത്തിക്കുന്ന നിഷ്പക്ഷ നിലപാടുകളുള്ള വ്യക്തികൾക്ക്. അങ്ങനെയുള്ളവർക്കാണ് പലപ്പോഴും മറ്റുള്ളവരെക്കാൾ കൂടുതൽ മുറിവുകളും അവഹേളനങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. 

അതോടൊപ്പം പല വ്യക്തികളും ഇതുപോലുള്ള വേദനകളിലൂടെ ഒന്നിലധികം തവണ കടന്നു പോയിട്ടുള്ളവരാണ്. എന്നാൽ വേദനയുടെ ആ നിമിഷങ്ങൾ കടന്നു പോവുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് മാത്രമുള്ളതാണ് ഈ വേദനകൾ എന്ന് പലരും പറഞ്ഞ് സ്വയമേ ആശ്വാസം തേടുന്നുണ്ട് . ഇങ്ങനെയുള്ള അവസ്ഥകളിൽ നിന്നും ഓരോ പ്രാവശ്യവും വിമുക്തരാവുമ്പോൾ പലരും തിരിച്ചറിയുന്നതും വിലയിരുത്തുന്നതും ഒന്ന് മാത്രമാണ് 

“അവരെല്ലാവരും വീണ്ടും വളരെയധികം ശക്തിപ്പെട്ടിരിക്കുന്നു, അഥവാ അവരിലെ  മനോധൈര്യം പതിന്മടങ്ങായി തിരിച്ചെത്തിയിരിക്കുന്നു”.

ലോകത്തിൽ ജീവിത വിജയം നേടിയ മഹത് വ്യക്തികളെല്ലാം തന്നെ അവരുടെ ജീവിത കാലങ്ങളിൽ മറ്റുള്ളവരാൽ അവഹേളിക്കപ്പെട്ടവരും തിരസ്കരിക്കപ്പെട്ടവരുമാണ്. 

ലോക രക്ഷകനായി ഭൂമിയിൽ അവതരിച്ചു എന്ന് ലോകത്തിലുള്ള ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്ന ഈശോ മിശിഹായെയും ക്രൂശിൽ തറച്ചത് മറ്റാരുമല്ല അദ്ദേഹം രോഗശാന്തി നൽകിയവരും നേർവഴിയിൽ നടക്കുവാൻ പഠിപ്പിച്ചവരും ചേർന്നാണ്. അതായത് അദ്ദേഹം ആരെ രക്ഷിക്കുവാൻ ലോകത്തിൽ വന്നുവോ അവരെല്ലാം ചേർന്ന് അദ്ദേഹത്തെ ക്രൂശിൽ തറച്ച് ഈ ഭൂമിയിൽ നിന്നു തന്നെ ഉന്മൂലനം ചെയ്തു. എന്നാൽ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റപ്പോൾ മറ്റ് ന്യായീകരണങ്ങൾ ലഭിക്കാത്തതിനാൽ ലോകത്തിലുള്ള എല്ലാവരുടെയും പാപം ഏറ്റെടുത്തു എന്ന് പ്രഘോഷിക്കുവാനും മഹത്വപ്പെടുത്തുവാനും ശ്രമിക്കുന്നു.

എല്ലാ മതവിശ്വാസങ്ങളിലും ധാരാളം കഥാപാത്രങ്ങൾ സഹനത്തിലൂടെ ജീവിത വിജയം നേടിയതായി കാണുവാൻ സാധിക്കും. എന്നാൽ  ജീവിതത്തിലുണ്ടാകുന്ന  സ്വാഭാവികമായ സഹനങ്ങളിൽ നിന്നും അവഹേളനങ്ങളിൽ നിന്നും ഒളിച്ചോടിപ്പോയവരും ജീവിതം ഉപേക്ഷിച്ചു പോയവരും ജീവിത വിജയം നേടിയതായി എവിടെയും ചൂണ്ടിക്കാണിക്കുന്നുമില്ല. മനുഷ്യ ജീവിതം സുഖലോലുപതകളും ആഘോഷങ്ങൾക്കുമൊപ്പം സഹനങ്ങൾ നിറഞ്ഞതുമാണ് എന്നുള്ള ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് പിൽക്കാലത്ത് മഹാന്മാരായി വിശേഷിപ്പിക്കുന്ന വ്യക്തികളുടെ ജീവിതചരിത്രം വിവരിക്കുന്നതിലൂടെ നൽകുന്ന സന്ദേശം. അതോടൊപ്പം ജീവിക്കുന്ന മനുഷ്യർക്കുള്ള ഓർമ്മപെടുത്തലും വീണ്ടും സഹനങ്ങളെ അതിജീവിക്കുവാനുള്ള പ്രചോദനങ്ങളും

"ജീവിത വിജയം ലഭിക്കുന്നത് സഹനങ്ങളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കല്ല മറിച്ച് ധൈര്യസമേതം നേരിടുന്നവർക്ക് മാത്രമാണ്".

സഹനങ്ങളും അധിക്ഷേപങ്ങളുമേറ്റ് മരണത്തിലൂടെ ജീവിത വിജയം നേടിയ വ്യക്തികൾ ചരിത്രം മാത്രമാണ് അതോടൊപ്പം സാധാരണക്കാർക്കുള്ള ജീവിത മാതൃകകളും. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ധാരാളം വേദനകൾ സഹിക്കുകയും അധിക്ഷേപങ്ങൾ സഹിക്കുകയും ഒളിച്ചോടാതെ നേരിട്ട് ജീവിത വിജയം നേടിയ വ്യക്തികളും ലോകത്തിൽ ധാരാളമുണ്ട്. അവരിൽ ഒരാളാണ് കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ മാർഗരറ്റ് ആനി ജോൺസൺ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ കറുത്ത വർഗ്ഗക്കാർ അമേരിക്കയിലെ രണ്ടാം ക്‌ളാസ് പൗരന്മാരായി കരുതിയിരുന്ന കാലഘട്ടങ്ങളിൽ ജനിച്ച് ദരിദ്ര ജീവിതത്തോടൊപ്പം ധാരാളം സഹനങ്ങൾ അനുഭവിച്ച സ്ത്രീ. ഏഴാമത്തെ വയസ്സിൽ സ്വന്തം അമ്മയുടെ രണ്ടാം ഭർത്താവിനാൽ ക്രൂരമായ ബലാൽ സംഗത്തിന് ഇരയായെങ്കിലും പ്രതികരിക്കുവാൻ സാധിച്ചിരുന്നില്ല, അതിനുള്ള ജീവിത സാഹചര്യമില്ലായിരുന്നു, ഉറ്റ ബന്ധുക്കളും അധികാരികളും കേൾക്കുവാൻ തയാറായില്ല എല്ലാ ദുഖങ്ങളും അധിക്ഷേപങ്ങളും സഹിച്ച് ജീവിതം നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ തീരുമാനിച്ചതിനാൽ പിൽക്കാലത്ത് ലോകപ്രശസ്തയായ നർത്തകിയും എഴുത്തുകാരിയും കവയത്രിയും തിരക്കഥാകൃത്തും എല്ലാമായി തീർന്നു. അവരെഴുതിയ പുസ്തകങ്ങൾ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയെടുത്തോടൊപ്പം രാജ്യം ആദരിക്കുകയും ചെയ്തപ്പോൾ അവർ അവരുടെ ജീവിതവിജയം നേടി.

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവിത വിജയം നേടിയ മാർഗരറ്റ് ആനി ജോൺസൺ ഒരു ഉദാഹരണം മാത്രമാണ്. അതുപോലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ധാരാളം മനുഷ്യർ ലോകത്തിൽ ജീവിച്ചിരിപ്പുണ്ട്. അവരിൽ ഭൂരിഭാഗം വ്യക്തികളുടെ ജീവിതം ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ തെളിഞ്ഞ് വരുന്ന വസ്തുത ഒന്ന് മാത്രമാണ് അവരെല്ലാവരും തന്നെ ജീവിതത്തിൽ പലയാവർത്തി സഹനങ്ങളെയും അധിക്ഷേപങ്ങളെയും  ഒറ്റപ്പെടുത്തലുകളെയും അതി ജീവിച്ചവർ മാത്രമാണ്.

ആധുനിക ലോകത്തിൽ നിന്നും ദാരിദ്രം നിർമ്മാർജനം ചെയ്യപ്പെട്ടപ്പോൾ വ്യക്തികളുടെ സ്വഭാവ വൈകൃതങ്ങളെ അതിജീവിക്കുക എന്നതായി നിലവിൽ ജീവിക്കുന്ന സാധാരണ മനുഷ്യർക്കുള്ള അനുദിന വെല്ലുവിളികൾ. മനുഷ്യർ സാമൂഹിക ജീവികളാണെന്നും പരസ്പരം സഹായിക്കുന്നവരുമാണെന്ന്  വിശേഷിപ്പിക്കുമ്പോഴും മൃഗങ്ങൾ പ്രകടിപ്പിക്കുന്ന വെറുപ്പും വിധ്വേഷവും ആക്രമണ രീതികളും അവരിൽ ചിലരുടെയെങ്കിലും പ്രവർത്തികളിൽ പ്രതിഫലിക്കുന്നുണ്ട് എന്നുള്ളത് പരമാർഥതയുമാണ്. പ്രത്യേകിച്ചും ആധുനിക ലോകത്തിൽ നിലനിൽക്കുന്ന നിയമ സംവിധാനങ്ങളെ പേടിയുള്ളതിനാൽ നേരിട്ടുള്ള ആക്രമണങ്ങൾക്ക് മുതിരാതെ സമൂഹ മാധ്യമങ്ങളിലൂടെ പരോക്ഷമായി അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ച് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഗൂഢ പദ്ധതികൾ. മനുഷ്യരിലെ മൃഗീയതയുടെ അംശം അധികമായുള്ളവർ ഉന്നം വയ്ക്കുന്നത് സാമൂഹിക പ്രതിബദ്ധത അധികമായുള്ള വ്യക്തികളെയും മറ്റുള്ളവരെ നന്മയിൽ നയിക്കുവാൻ മുതിരുന്നവരെയുമാണ്.  

പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ആധുനിക ലോകത്തിൽ സമത്വചിന്താഗതികളും നിയമസംവിധാനങ്ങളും പ്രബലപെട്ടപ്പോൾ  മനുഷ്യർക്ക് അതിജീവിക്കേണ്ടത് സമൂഹത്തിൽ നിന്നും തന്നെ ഉടലെടുക്കുന്ന ഒറ്റപ്പെടുത്തലുകളെയും അപകീർത്തിപ്പെടുത്തുവാനുള്ള പ്രവണതകളെയുമായിരിക്കും. എല്ലാ സമൂഹങ്ങളിലും സാമൂഹിക വിപത്തുകളായി രൂപം പ്രാപിച്ചിരിക്കുന്നത് മൃഗീയ സ്വഭാവ വൈകൃതങ്ങളുള്ള  വളരെ കുറച്ച് വ്യക്തികൾ മാത്രമാണ് എന്നാൽ അവരുടെ വാക് ചാതുരിയിലും വികടമായ ഭാഷാ ശൈലിയിലും ലയിച്ച് അവരെ അനുകരിക്കുവാൻ ശ്രമിക്കുന്നവരാണ് കൂടുതൽ സാധാരണക്കാരും. സമൂഹത്തിന്റെ പുഴുക്കുത്തുകളായി ജീവിക്കുന്ന ഇങ്ങനെയുള്ള വ്യക്തികളിൽ നിന്നും സാധാരണക്കാർക്ക്  എളുപ്പത്തിൽ മോചനം ലഭിക്കുകയുമില്ല. കാരണം പുറമെ പ്രകടിപ്പിക്കുന്നില്ലെങ്കിലും സാധാരണക്കാരുടെ ഉള്ളിന്റെ ഉള്ളിൽ മറ്റുള്ളവരോടുള്ള വെറുപ്പും വിധ്വേഷവും നീറികൊണ്ടിരിക്കുന്നുണ്ട്. അവരറിയാതെ  അവരെ ചൂഷണം ചെയ്യുകയാണ് ഈ സാമൂഹിക വിരുദ്ധർ എന്നതും വസ്തുതയാണ്.

ആധുനിക ലോകത്തിൽ  ഭൗതീകമായ എല്ലാ ജീവിത സാഹചര്യങ്ങളും ഉള്ളപ്പോൾ മറ്റുള്ളവരെ തോൽപ്പിക്കുവാൻ സാധിക്കുന്നത് മാനസികമായി തകർക്കുന്നതിലൂടെ മാത്രമാണ്. എന്നാൽ എല്ലാ വ്യക്തികളും  മാനസികമായി ശക്തി പ്രാപിക്കുന്നതിലൂടെ സാമൂഹിക വിരുദ്ധരിൽ നിന്നും മോചനം നേടുവാൻ സാധിക്കും ആത്മവിശ്വാസം വളർത്തുക. ഓരോ മനുഷ്യരും ജനിക്കുന്നതും മരിക്കുന്നതും തനിയെയാണ്, അതോടൊപ്പം ജീവിത വിജയം നേടേണ്ടതും തനിയെ മാത്രമാണ്. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന കഴിവുകൾ അവസരോചിതമായി വിനിയോഗിക്കുമ്പോൾ മാത്രമാണ് വിജയം ലഭിക്കുന്നത്. എന്നാൽ സാമൂഹ്യ വിരുദ്ധർ അപകീർത്തിപ്പെടുത്തുവാനും ഒറ്റപ്പെടുത്തുവാനും ശ്രമിക്കുമ്പോൾ തളർന്ന് പോവാതെ ലക്ഷ്യം നേടുവാനുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയാതിരിക്കുക സഹനങ്ങൾ ക്ഷണികമാണ്. 

ഈ പ്രപഞ്ചത്തിൽ സ്ഥിരമായി യാതൊന്നും നിലനിൽക്കുന്നില്ല എന്ന വസ്തുത പോലെ എല്ലാ മനുഷ്യരുടെയും ജീവിതത്തിലെത്തുന്ന സഹനങ്ങളും ദുരവസ്ഥകളും ഒറ്റപ്പെടുത്തലുകളും ക്ഷണികം മാത്രമാണ്. എന്നാൽ ഇവയെല്ലാം അവരെ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള അവസരങ്ങൾ കൂടിയാണ്. ക്ഷണിക്കപ്പെടാതെ എത്തിച്ചേരുന്ന അഥിതിയെപ്പോലെ മാത്രമാണ് ജീവിതത്തിൽ ആകസ്മികമായി എത്തുന്ന സഹനങ്ങളും ഒറ്റപ്പെടുത്തലുകളും. അനുവാദമില്ലാതെ എത്തുന്നവർ ക്ഷണ നേരത്തിൽ മടങ്ങുന്നതുപോലെ അവയും ജീവിതത്തിൽ നിന്നും മടങ്ങുക തന്നെ ചെയ്യും. സഹനങ്ങൾ ഒഴിയുമ്പോഴുണ്ടാവുന്ന സ്വസ്ഥ ജീവിതം ആസ്വദിക്കുവാൻ ജീവിതം ബാക്കിയുണ്ടാവണം എന്നതാണ് പരമപ്രധാനം.

ബന്ധുക്കളും ഉറ്റ മിത്രങ്ങളുമായി പങ്കു വയ്ക്കണം. അനുദിന ജീവിതത്തിലധികമായ ഭൗതീക വസ്തുവകകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുപോലെ ക്ഷണികമായ സഹനങ്ങളും ഒറ്റപ്പെടുത്തലുകളും വിശ്വാസീയതയുള്ള മറ്റ് വ്യക്തികളുമായി പങ്കു വയ്ക്കുമ്പോൾ ആശ്വാസം ലഭിക്കും. അനാവശ്യമായ വസ്തുക്കൾ ഭവനത്തിൽ നിന്നും ഒഴിവാക്കുമ്പോൾ ആവശ്യമായ വസ്തുക്കൾക്ക് ഇടം ലഭിക്കുന്നതുപോലെ മനുഷ്യ മനസുകളിൽ നിന്നും അശുഭ ചിന്തകൾ നീക്കം ചെയ്യുമ്പോൾ ധാരാളം ശുഭ ചിന്തകൾക്ക് ഇടം ലഭിക്കും.

മാനസികമായ ബലമുണ്ടാവണം.  ജീവിത സമ്മർദ്ദങ്ങളെ അതിജീവിക്കേണ്ടത് ഓരോ വ്യക്തികളുമാണ്, മറ്റുള്ളവർക്ക് ഉപദേശങ്ങളും അനുയോജ്യമായ മാർഗ്ഗങ്ങളും ചൂണ്ടികാണിക്കുവാൻ മാത്രമാണ് സാധിക്കുന്നത്. ജീവിതത്തിൽ ലഭിക്കുന്ന സാഹചര്യങ്ങളിലൂടെ ശരിയും തെറ്റും തിരിച്ചറിയുവാനും ആവശ്യമായതിനെ മാത്രം ഉൾക്കൊള്ളുവാൻ പരിശീലിക്കുമ്പോൾ മാത്രമാണ് സമ്മർദ്ദങ്ങളിൽ മോചനം ലഭിക്കുകയുള്ളു. ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ ഓരോ പാഠങ്ങൾ മാത്രമാണ് കൂടുതൽ ശക്തി ലഭിക്കുവാനുള്ള മാർഗ്ഗങ്ങളും പഴയതിലും മേന്മയായി പ്രവർത്തിക്കുവാൻ പോന്ന പ്രചോദനങ്ങളാണ് അവയെല്ലാം.

സാമൂഹിക വിരുദ്ധരുമായുള്ള സഹവർത്തിത്വം ഒഴിവാക്കണം. "മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം" എന്ന് കുഞ്ചൻനമ്പ്യാർ വർണ്ണിച്ചത് മലയാളികൾ ഏറ്റെടുത്തത് വാക്കുകളിൽ കഴമ്പുള്ളതിനാലാണ്. സാമൂഹിക വിരുദ്ധത അധികമായുള്ള വ്യക്തികളുമായുള്ള സഹവർത്തിത്വം മറ്റുള്ളവരെയും അപകടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അല്പജ്ഞാനികളായ വ്യക്തികളുടെ പുലമ്പലുകൾക്ക് അറിയാതെയാണെങ്കിലും കുടപിടിക്കേണ്ടി വരുമ്പോൾ സാധാരണക്കാരിൽ നിറഞ്ഞിരുന്ന അറിവും തിരിച്ചറിവും അലിഞ്ഞ് അപ്രത്യക്ഷമാവും മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് പണ്ഡിതരും വിവേകമതികളായ പലർക്കും ഇതുവരെയും വിവരിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ആകസ്മികമായി ലഭിച്ച മനുഷ്യ ജീവിതം എല്ലാ അർത്ഥത്തിലും സമ്പൂർണമായി ജീവിച്ചു തീരണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട്. 

ജീവിതത്തിൽ ശാരീരിക വേദനകളും മാനസിക മുറിവുകളും കാലോചിതമായി എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നതും വസ്തുതയായിരിക്കേ അമൂല്യമായ ജീവിതം നഷ്ടപ്പെടുത്താതെ സംരക്ഷിക്കുവാനായി പരിശ്രമിക്കണമെന്ന് മാത്രമാണ് ഓർമ്മപ്പെടുത്തുന്നത്. അതിനായി ഓരോ മനുഷ്യരും ശാരീരികമായും മാനസികമായും ശക്തിയാർജ്ജിക്കണം, അവരുടെ ജീവിതത്തിൽ ലഭിക്കുന്ന ഒരോ സാഹചര്യങ്ങളെയും ഉപയോഗിച്ചുകൊണ്ട് പരമപ്രധാനമായ ജീവിത യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണം. പ്രത്യേകിച്ചും സമൂഹത്തിൽ നിറഞ്ഞിരിക്കുന്ന സാമൂഹ്യ വിരുദ്ധതയും അവയെ പ്രഘോഷിക്കുന്ന വ്യക്തികളെയും സമയോചിതമായി തിരിച്ചറിഞ്ഞ് ജീവിക്കുവാനുള്ള അറിവ് സ്വായത്വമാക്കണം. അപ്പോൾ മാത്രമാണ് നൈമിഷിക മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുവാനും ജീവിതവിജയം നേടുവാനും സാധിക്കുകയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA