ADVERTISEMENT

അനാദികാലം മുതൽ മനുഷ്യരിൽ അസമത്വങ്ങൾ നിറഞ്ഞിരുന്നു, ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും, എന്തെങ്കിലും ഒന്ന് ഉള്ളവരും എന്നാൽ ഒന്നുമില്ലാത്തവരും, മറ്റുള്ളവരിൽ ആശ്രയിച്ചു ജീവിക്കുന്നവരും മറ്റുള്ളവരെ നയിക്കുന്നവരും പരിഭോഷിപ്പിക്കുന്നവരും. ഭൂമിയിൽ മനുഷ്യകുലം പടർന്ന് പന്തലിച്ചപ്പോഴും ശിലായുഗങ്ങളിൽ നിന്നും വളർന്ന് ആധുനിക വല്കരിച്ചപ്പോഴും  മനുഷ്യരിൽ ഇതേ അസമത്വങ്ങൾ അസ്തമിക്കാതെ നിറഞ്ഞു തന്നെ നിൽക്കുന്നു. വൈവിധ്യതയേറിയ ലോകത്തിൽ എല്ലാ സൃഷ്ടിജാലങ്ങളും ഒന്നോടൊന്ന് അതുല്യമായി നിലനിൽക്കുമ്പോഴും തന്നിലെ സവിശേഷതകൾ തള്ളിക്കളഞ്ഞ് മറ്റൊന്നിനോട് ഉപമിക്കുവാനും മറ്റൊന്നാകുവാനും പലതും ശ്രമിക്കുന്നു. എന്നാൽ മറ്റൊരു വസ്തു അഥവാ ജീവജാലം ലോകത്തിൽ ഉള്ളതിനാലാണ് തന്റെ സാന്നിധ്യവും തന്നിലെ പ്രത്യേകതകളും സവിശേഷതകളും മറ്റുള്ളവർ തിരിച്ചറിയുന്നതെന്നും മനസിലാക്കുകയും ചെയ്യുന്നതെന്ന പരമാർഥത പലപ്പോഴും വിസ്മരിക്കുന്നു. 

 

വനാന്തരങ്ങളിൽ വസിക്കുന്ന വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതാവുമ്പോളാണ് അവയുടെ ആവാസകേന്ദ്രങ്ങളിൽ നിന്നും മനുഷ്യ വാസമേഖലകളിലേയ്ക്ക് എത്തപ്പെടുന്നതും ശത്രു അല്ലെങ്കിൽ ഇരയാണെന്ന് തെറ്റിദ്ധരിച്ച്  മനുഷ്യരെ ആക്രമിക്കുന്നതും. കാട്ടിലെ സസ്യങ്ങളെയും  നാട്ടിലെ കൃഷിയിടങ്ങളും തിരിച്ചറിവില്ലാത്ത വന്യമൃഗങ്ങൾ വനാതിർത്തികളിലെ കൃഷിഭൂമികൾ വിനോദത്തിനായല്ല നശിപ്പിക്കുന്നത് അവയുടെ ആഹാരത്തിനായി ഭക്ഷിക്കുകയാണ് ചെയ്യുന്നത്. ഉൾക്കാടുകളിൽ വസിക്കുന്ന മാംസഭുക്കുകളായ വന്യമൃഗങ്ങൾ ഇരതേടി നാട്ടിലെത്തുന്നത് കാടുകൾക്കുള്ളിൽ ഇരയെ ലഭിക്കാതാവുമ്പോളും അനായാസമായി ഇരയെ തേടുവാനുമാണ്. ഉൾക്കാടുകളിൽ സ്വതന്ത്രമായി ജീവിക്കുകയും വളരുകയും ചെയ്യേണ്ട വന്യമൃഗങ്ങൾക്ക് ആവശ്യമായതെല്ലാം പ്രകൃതി അവിടങ്ങളിൽ ഒരിക്കിയിട്ടുണ്ട്. എന്നാൽ അവയുടെ ജീവിതത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ അതായത് സ്വൈര്യ വിഹാര കേന്ദ്രങ്ങളുടെ അഭാവത്തിലും ഭക്ഷ്യ ലഭ്യതയുടെ കുറവിലുമാണ്  വനാന്തരങ്ങളിൽ കഴിയേണ്ട വന്യമൃഗങ്ങൾ നാട്ടിലേയ്ക്ക് ഇരതേടി ഇറങ്ങുന്നത്.   

 

പ്രകൃതിയുടെ സ്വാഭാവികത പൂർണ്ണമായി ഉൾക്കൊണ്ട് കൊടുംകാടുകളിൽ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ പ്രകൃതിക്ക് മനുഷ്യന്റെ ഇടപടെലുകളുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന വനങ്ങൾ ഉഷ്ണമേഖലാ വനങ്ങളാണ്, ഒരു ഹെക്റ്റർ വനത്തിൽ മാത്രം ആയിരത്തിൽ പരം ഇനത്തിൽപ്പെടുന്ന സസ്യജാലങ്ങളുണ്ട്. ഭൂമിയുടെ പതിനഞ്ച് ശതമാനം മാത്രമുള്ള ഈ വനമേഖലകളിലാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന ഉൽപാദനക്ഷമതയുള്ള ആവാസവ്യവസ്ഥകളുള്ളത്. ഇതേ വനപ്രദേശങ്ങളിലാണ് ആയിരക്കണക്കിന് തദ്ദേശീയവും അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ വന്യജീവികളും സ്വസ്ഥമായി ജീവിക്കുന്നത്. മനുഷ്യരുടെ സഹായമില്ലാതെ അവയെല്ലാം സ്വതന്ത്രമായി ജീവിക്കുന്നു, അവ അനാവശ്യമായ കീടങ്ങളിൽ നിന്നും അണുബാധയേൽക്കാതെ സ്വയം സംരക്ഷിക്കുന്നു അനുയോജ്യമായ രീതിയിൽ പരാഗണം നടത്തുന്നു, അവയുടെ വിത്തുവിതരണവും സ്വാഭാവികമായി യഥേഷ്ട്ടം നടക്കുന്നു. ബാഹ്യ ശക്തികളുടെ ഇടപെടലുകളുടെ അഭാവത്തിൽ വൈവിധ്യതയേറിയ ജീവജാലങ്ങൾ അവയുടെ  സ്വന്തം ആവാസകേന്ദ്രങ്ങളിൽ സ്വസ്ഥമായി ജീവിക്കുന്നു, പ്രകൃതി അവയെ നിരന്തരം പരിപോഷിപ്പിക്കുന്നു. എന്നാൽ മനുഷ്യരുടെ ആവാസ മേഖലകളിലെ സുഗമമായ ജീവിതത്തിനായി കൊടും കാടുകൾ നശിപ്പിക്കപ്പെടുമ്പോൾ വന്യമൃഗങ്ങൾക്ക് ഗത്യന്തരമില്ലാതെ നാട്ടിലേയ്ക്ക് ഇറങ്ങേണ്ടി വരികയാണ്. ഭൂമിയിലെ മനുഷ്യ ജീവിതം സുഗമമാക്കുവാനും  സമ്പൂർണമാക്കുവാനും സ്വച്ഛമായ പ്രകൃതിയുടെ  സന്തുലിതാവസ്ഥ  മനുഷ്യർ തന്നെ നശിപ്പിക്കുന്നു. 

 

ശ്രേഷ്ടമായത് മാത്രമാണ് ഭൂമിയിൽ അതിജീവിക്കുന്നതെന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് അറിവും തിരിച്ചറിവുമുള്ള എല്ലാവരെയും കൂടുതൽ അധ്വാന ശീലരാക്കുവാൻ മാത്രമാണ്. ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിൽക്കുന്നത് ശ്രേഷ്ടമായതിനൊപ്പം ശ്രേഷ്ഠമല്ലാത്തവയും ഇടകലർന്ന് ജീവിക്കുന്നതിനാലാണ്. മാംസഭുക്കുകളായ വന്യമൃഗങ്ങൾ കൊടുംകാടുകളിൽ നിന്നും പൊടുന്നനെ ഇല്ലാതായാൽ സസ്യഭുക്കുകളായ മൃഗങ്ങൾ അനിയന്ത്രിതമായി പെരുകുകയും, എല്ലാ സസ്യജാലങ്ങളെയും തിന്നൊടുക്കുകയും ചെയ്യും. സസ്യങ്ങൾ വളരാതിരുന്നാൽ വനങ്ങൾ സ്വാഭാവികമായി ഇല്ലാതാവുകയും ചെയ്യും. ആവശ്യത്തിന് സസ്യഭുക്കുകൾ ഇല്ലെങ്കിൽ സസ്യങ്ങൾക്ക് വളർച്ചയും ലഭിക്കില്ല അവയുടെ വിത്തുവിതരണവും നടക്കില്ല. അതിനാൽ മാത്രമാണ് പ്രകൃതി എല്ലാ തരത്തിലുള്ള ജീവജാലങ്ങളെയും വന മേഖലകളിൽ സൃഷ്ടിച്ച് പരിപാലിക്കുന്നത്. മൃഗങ്ങളും സസ്യലതാതികളും അന്യോന്യം ബന്ധിപ്പിക്കപ്പെട്ടും ഒന്ന് മറ്റൊന്നിന് വളമാകുന്നതിനാൽ അവയുടെയെല്ലാം എണ്ണവും സന്തുലിതമായി നിലനിൽക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട വസ്തുത മാംസഭുക്കുകളായ വന്യമൃഗങ്ങൾ ആഹാരത്തിനായി മാത്രമാണ് മറ്റു മൃഗങ്ങളെ കൊല്ലുന്നത്. അതിനാൽ കൊല്ലപ്പെടുന്ന മൃഗങ്ങളെ പൂർണ്ണമായും ഭക്ഷിക്കുകയും ചെയ്യുന്നതിലൂടെ അനാവശ്യമായ അണുബാധകൾ ഉണ്ടാവുന്നുമില്ല.

 

ജീവശാസ്ത്ര പഠന മേഖലകളിൽ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത് പരിണാമ സ്ഥിരതയുള്ള പ്രകൃതിയുടെ സ്വാഭാവിക തന്ത്രങ്ങളായാണ്. കൊടും കാടുകളിൽ എല്ലാ ജീവജാലങ്ങളും അന്യോന്യം ബന്ധിക്കപ്പെട്ടു ജീവിക്കുന്ന രീതികൾ ഭൂമിയുടെ മറ്റെല്ലാ ഇടങ്ങളിലും കാണുവാൻ സാധിക്കും.  മനുഷ്യർക്കിടയിലും എല്ലാ തരത്തിലുള്ള വ്യക്തികളുണ്ട്, എല്ലാവരും വ്യതിരസ്‌ഥരാണ് എന്നാൽ എല്ലാവരും അധിക ഗുണമുള്ളവരും. ആക്രമണ സ്വഭാവം മാത്രം പ്രകടിപ്പിക്കുന്ന മനുഷ്യർ ജീവിക്കുന്ന ഇടങ്ങൾ അവർ തമ്മിൽ അന്യോന്യം തമ്മിൽ തല്ലി നശിച്ചു പോവുകയാണ് പതിവ്. അതുപോലെ തന്നെ ശാന്തശീലർ മാത്രം വസിക്കുന്ന ഇടങ്ങളിലേയ്ക്ക് അധിനിവേശ ശക്തികൾ ഇരച്ചു കയറി അവരുടെ ആവാസ മേഖലകൾ തകർക്കും. എന്നാൽ ഇവ രണ്ടും ചേർന്ന് ജീവിക്കുമ്പോൾ സ്വാഭാവികമായി അന്യോന്യം രക്ഷാ കവചമൊരുക്കുകയും അവരറിയാതെ അന്യോന്യം സംരക്ഷകരാവുകയും ചെയ്യുന്നു. ഈ സ്വാഭാവിക പ്രക്രിയയാണ് പ്രകൃതിയുടെ വൈവിധ്യതയും ഭൂമിയുടെ നിലനില്പിന്റെ ആധാരവും. അതായത് ലോകമെമ്പാടുമുള്ള ജനങ്ങളിൽ വൈവിധ്യയേറിയ സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ, ഭൂമിയും അതിലെ മുഴുവൻ ജീവജാലങ്ങളും നശിക്കാതെ അന്യോന്യം സംരക്ഷണ കവചമൊരുക്കി സമൃദ്ധമായി വളരുന്നു.

 

ലോകത്തിലെ ഈ വൈവിധ്യത പലരിലും നിരന്തരമായ സമ്മർദ്ദങ്ങളും ഉത്കണ്ഠയും ജനിപ്പിക്കുന്നതാണെന്ന് അറിയുമ്പോൾ ഒരു പരിധിവരെ ചിലർക്കെങ്കിലും വിരോധാഭാസമായി അനുഭവപ്പെട്ടേക്കാം. ഒരിക്കലെങ്കിലും മറ്റൊരാൾ തന്നെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കാത്ത വ്യക്തികൾ ലോകത്തിൽ വിരളമാണ്. വൈവിധ്യത എന്നാൽ എല്ലാ മേഖലകളിലുമുള്ള വ്യത്യാസങ്ങളാണ്, ബാഹ്യമായി പ്രകടമാകുന്നതുപോലെ  ചിന്തകളിലും പ്രവർത്തനത്തിലും ജീവിത ശൈലിയിലും. അപ്പോൾ സ്വാഭാവികമായും  മനുഷ്യരിലെ വ്യത്യസ്ത ചിന്താഗതികളും പ്രവർത്തന രീതികളും ഭിന്നതകളിലേയ്ക്കും സംഘർഷത്തിലേയ്ക്കും നയിക്കും. ഒരേ കുടുംബത്തിൽ തന്നെ എല്ലാ കാര്യങ്ങളിലും വ്യതിരസ്‌ഥത പുലർത്തുന്നവരുണ്ടെന്ന് അനുഭവിച്ചറിയുന്നവരാണ് മനുഷ്യർ. അപ്പോൾ പല കുടുംബങ്ങൾ ചേരുന്ന സമൂഹങ്ങളിൽ നിരവധി സംഘർഷങ്ങൾ ഉടലെടുക്കുവാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വരുമ്പോൾ വ്യതിരസ്‌ഥരായ ജനങ്ങൾ ചേർന്ന് ജനാധിപധ്യ മൂല്യങ്ങളിലൂടെ ഭരണം നടത്തുന്ന രാജ്യങ്ങളിൽ പതിന്മടങ്ങ് സംഘർഷങ്ങൾ ഉണ്ടാവാനുള്ള സാധ്യതകളാണ് ഉള്ളത്. വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളുമുള്ള മനുഷ്യർ പരസ്പരം അനിഷ്ടം പ്രകടിപ്പിക്കുകയും മറ്റുള്ളവരെല്ലാം പാഴാണെന്നും ഭൂമിക്ക് ഭാരമാണെന്നും നിരന്തരം പരാതിപ്പെടുന്നതും അനുദിന ജീവിതത്തിൽ കാണുന്നതാണ്. ചുരുക്കത്തിൽ  വ്യതിരസ്‌ഥതയുടെ യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കാതെ വരുമ്പോൾ സാധാരണക്കാരായ മനുഷ്യർക്ക് വ്യതിരസ്‌ഥത ഒരു ഭാരമായി മാറുകയാണ്. 

 

പ്രഥമദൃഷ്ടിയിൽ കൊടുംകാടുകളിലെ വ്യതിരസ്‌ഥ നിറഞ്ഞ ജീവജാലങ്ങൾ അഭംഗിയായും സംഘർഷ ഭരിതമാണെന്നും അനുഭവപ്പെടുമെങ്കിലും പ്രകൃതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഒന്ന് മറ്റൊന്നിനെ പരിഭോഷിപ്പിക്കുക എന്നതാണ് പ്രകൃതിയുടെ നിയമം. അതുപോലെ തന്നെ വ്യതിരസ്‌ഥ നിറഞ്ഞ സമൂഹത്തിൽ നിന്നും ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ക്ഷണിക നേരത്തേക്കെങ്കിലും പലരെയും അലോസരപ്പെടുത്തുമെങ്കിലും അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്തിനെ അതിജീവിക്കുവാൻ അവയെല്ലാം അനിവാര്യമാണ്. വേറിട്ട അഭിപ്രായങ്ങളിലൂടെ മാത്രമാണ് അഭിപ്രായ സമന്യുയം രൂപീകൃതമാവുന്നതും ഉത്തമമായ പദ്ധതികൾ ആവിഷ്കരിക്കുവാനും സാധിക്കുന്നത്. ചുരുക്കത്തിൽ സമൂഹത്തിലുള്ള വ്യതിരസ്‌ഥതയാണ് സമൂഹത്തിനെ നയിക്കുന്നതും വ്യത്യസ്തമായ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുന്നതിനും കാരണമാവുന്നതും. അതോടൊപ്പം തന്നെ  വ്യക്തികളിൽ നിറഞ്ഞിരിക്കുന്ന വ്യതിരസ്‌ഥതയും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഓരോ വ്യക്തിയെന്ന നിലയിൽ സ്വീകരിക്കുന്ന നിലപാടുകളിലെയും അവരുടെ മൂല്യങ്ങളിലെയും കാഴ്ചപ്പാടുകളിലെയും വ്യതിരസ്‌ഥതകൾ അറിഞ്ഞും അംഗീകരിച്ചും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് മനസ്സിന്റെ സംഘർഷങ്ങൾക്ക്  അയവ് ലഭിക്കുകയുള്ളു.

 

അവികസിത രാജ്യങ്ങളിലെ പോലെ തന്നെ വികസിത രാജ്യങ്ങളിലും പാവപ്പെട്ടവരും തൊഴിലില്ലാത്തവരും തെരുവിൽ കഴിയുന്നവരും സാമാന്യ ബുദ്ധിക്കെതിരെ ചിന്തിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ള വ്യക്തികളുടെ അധാർമ്മികതകൾ മൂലം സമൂഹത്തിലെ വ്യതിരസ്‌ഥത ഉൾക്കൊള്ളുന്നവരും അല്ലാത്തവരും പലതിനോടും പ്രതികരിക്കുവാൻ സാധിക്കാതെയും തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെയും ഓരോ  നിമിഷവും മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. വ്യക്തിപരമായും തൊഴില്പരമായും സാമൂഹിക ജീവിതത്തിലും തങ്ങൾക്ക് അനുകൂലമല്ലാത്ത നിരവധി സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും  അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സമൂഹത്തിലെ വ്യതിരസ്‌ഥതയെ ഉൾക്കൊള്ളുവാൻ സാധിക്കാതെ വരും. അതായത് വ്യത്യസ്തമായ വ്യക്തികളെയും അവരുടെ പ്രവർത്തന ശൈലികളെയും അംഗീകരിക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും സാധിക്കാതെ വരുന്നു. മനസ്സിൽ  സംഘർഷമേറുമ്പോൾ തീരുമാനങ്ങളെടുക്കുവാനും സാധിക്കുന്നില്ല, സാഹചര്യത്തിന് അനുയോജ്യമായി പ്രവർത്തിക്കുവാൻ സാധിക്കാത്തതിനെയോർത്ത് കുറ്റബോധം ഉണ്ടാവുകയും ചെയ്യുന്നു.

 

ലോകമെമ്പാടും പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ എല്ലാ മേഖലകളിലും വൈവിധ്യതയെ പുൽകുവാൻ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. വൈവിധ്യതയുടെ സവിശേഷതകൾ അനുദിനം എല്ലാ മാധ്യമങ്ങളിലും നിഴലിക്കുന്നുമുണ്ട്, അതിനാൽ തന്നെ ചില അവസരങ്ങളിൽ അർത്ഥമില്ലാത്ത പദപ്രയോഗമായി മാറുന്നതായും പലർക്കും  അനുഭവപ്പെടുന്നു. ആയതിനാൽ വൈജ്ഞാനിക വൈവിധ്യത അഥവാ വൈവിധ്യതയേറിയ ചിന്തകളുടെ പ്രസക്തിയേറുകയാണ്.

 

ഓരോ മനുഷ്യരും സമാനതകളില്ലാത്ത അതുല്യരായ വ്യക്തിത്വങ്ങളാണ്, അതിനാൽ തന്നെ അവരുടെയെല്ലാ ചിന്തകളും വ്യതിരസ്ഥമാണ്. പ്രകൃതിയിലും മനുഷ്യരിലും ബാഹ്യമായി പ്രകടമാകുന്ന വൈവിധ്യത പോലെ തന്നെ ഓരോ വ്യക്തിയുടെയും ചിന്തകളിലും  വൈജ്ഞാനിക വൈവിധ്യത കുടികൊള്ളുന്നുണ്ട്. മനുഷ്യ മസ്തിഷ്കത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ശാസ്ത്രലോകം പൂർണ്ണമായി മനസിലാക്കിയിട്ടില്ലെങ്കിലും ചില മാനുഷിക ചിന്തകൾ ഏകീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. അമേരിക്കൻ ശാസ്ത്രജ്ഞനായ വില്യം എഡ്വേർഡ് ഹെർമൻ മനുഷ്യ മസ്തിഷ്കത്തിനെ നാലായി വിഭജിച്ച്, ഓരോന്നിന്റെയും പ്രവർത്തന രീതികൾ വിശദീകരിക്കുന്നുണ്ട്. ഒരു ഭാഗം ലഭിക്കുന്ന അറിവുകളെയും  വസ്തുതകളെയും  വിശകലനം ചെയ്യുമ്പോൾ, മറ്റൊരു ഭാഗം അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കുവാനും, മറ്റൊരു ഭാഗം പ്രായോഗികമായി ചിന്തിക്കുവാനും, മറ്റൊന്ന് എല്ലാത്തിനെയും ബന്ധപ്പടുത്തിയും തന്ത്രപരമായും ചിന്തിക്കുന്നതിനായി ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങളും വിശദീകരണങ്ങളും ലോകമെന്പാടും അംഗീകരിക്കുകയും പ്രവർത്തനമേഖലകളിൽ ഉല്പാദന ക്ഷമത വർധിപ്പിക്കുവാൻ ഉപയോഗിക്കുന്നുണ്ട്.

 

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വസ്തുത "എല്ലാ മനുഷ്യരുടെയും  മസ്തിഷ്കത്തിൽ ഈ നാലു വിഭാഗങ്ങളും പ്രവർത്തനക്ഷമമാണെങ്കിലും കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്നതാണ്. അതോടൊപ്പം എല്ലാ മനുഷ്യർക്കും  അവരുടേതായ ചിന്താശൈലികൾ ഉണ്ടെന്നും, ഭൂരിഭാഗം വ്യക്തികളും അവർക്ക് ഇഷ്ടമുള്ളത് മാത്രമാണ് ഓരോ നിമിഷവും തിരഞ്ഞെടുക്കുന്നതും ജീവിതത്തിൽ അനുവർത്തിക്കുന്നതും". അതായത് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്ക് പ്രകൃതിയുടെയും മറ്റു മനുഷ്യരുടെയും വൈവിധ്യതകളെ ഉൾക്കൊള്ളുവാനുള്ള മാനസിക ശക്തിയുണ്ട് എന്നാൽ അവർ അതിനെ സമ്പൂര്‍ണ്ണമായും അനുയോജ്യമായും  ഉപയോഗിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ളതിനെ മാത്രം തിരഞ്ഞെടുക്കുകയാണ്.

 

വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യക്തിപരമാണെങ്കിലും വ്യതിരസ്‌ഥതയേറിയ സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രകൃതിയിൽ സ്വാഭാവികമായി ജീവിക്കുന്ന എല്ലാറ്റിനെയും ഉൾക്കൊള്ളേണ്ടതും അനിവാര്യമാണ്. അതിനായി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭൌതികമായ വൈവിധ്യതയും വൈജ്ഞാനികമായ  വൈവിധ്യതയും സമന്വയിപ്പിച്ച് അവയെ ഉൾക്കൊള്ളുന്ന ഒരു സംസ്കാരം രൂപപ്പെടുത്തണം. വ്യക്തി ജീവിതത്തിൽ മാത്രമല്ല തൊഴിൽ ജീവിതത്തിലും  സാമൂഹ്യ ജീവിതത്തിലും പ്രാവർത്തികമാക്കണം. ഭൂമിയുടെ ചില ഭാഗങ്ങളിലെങ്കിലും  മനുഷ്യസ്പർശനമേൽക്കാത്തതിനാൽ  വനമേഖലകൾ അവയുടെ വൈവിധ്യതയെ സ്വാഭാവികമായി ഉൾക്കൊണ്ട് സമൃദ്ധമായി വളരുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്. പ്രകൃതിയിൽ നിറഞ്ഞിരിക്കുന്ന വൈവിധ്യതയാണ് അവയുടെ ശാശ്വതമായ നിലനില്പിനാധാരം എന്ന തിരിച്ചറിവ് മനുഷ്യരിൽ ഭൌതികമായും വൈജ്ഞാനികമായും നിറഞ്ഞിരിക്കുന്ന വൈവിധ്യതയെ ഉൾക്കൊള്ളുവാനുള്ള പ്രേരണ ഉണർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com