ADVERTISEMENT

"സന്തോഷമാഗ്രഹിക്കാത്തവർ ലോകത്തിലുണ്ടോ" എന്ന വാക്യം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് പുകവലിയുടെ ദൂഷ്യ വശങ്ങളെ വിളിച്ചറിയിക്കുന്ന ഹൃസ്വ ചിത്രമാണ്. നെഞ്ച് പൊട്ടി ചുമക്കുമ്പോഴും സിഗരറ്റിന്റെ പുക ഉള്ളിലേയ്ക്ക് ആഞ്ഞു വലിക്കുന്ന മനുഷ്യനും അതിനെ തുടർന്ന് കരൾ പിഴിഞ്ഞ് കറയെടുക്കുന്ന മനം മടുപ്പിക്കുന്ന ദൃശ്യങ്ങളും. ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള അവബോധനമാകയാലും എല്ലാ ദൃശ്യമാധ്യങ്ങളിലും നിര്‍ബന്ധിതമായി പ്രദർശിപ്പിക്കേണ്ടതിനാലും മലയാളികളുടെ മാത്രമല്ല എല്ലാ ഭാരതീയരുടെയും മനസുകളിൽ മായാത്ത മുദ്ര പതിപ്പിക്കുവാൻ ആ ഹൃസ്വ ചിത്രത്തിന് സാധിച്ചു. ഏതായാലും ആ ചിത്രം കണ്ട് പുകവലി ഉപേക്ഷിച്ചവർ എത്രയുണ്ടെന്ന് അറിയില്ലായിരിക്കാം എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്തോഷമാഗ്രഹിക്കാത്തവർ ലോകത്തിലൊരിടത്തും ഇല്ലായിരിക്കുമെന്ന് മലയാളികൾ മനസിലാക്കിയിരിക്കണം. മലയാളികൾ മാത്രമല്ല ലോകത്തിലുള്ള എല്ലാവരും എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് എന്ന സന്ദേശം കൂടി അത്രയ്ക്കും സുഖകരമല്ലാത്ത ദൃശ്യങ്ങളിലൂടെ ആ ചിത്രം നൽകുന്നുണ്ട് എന്നതും വസ്തുതയാണ്.

മനുഷ്യരിൽ നിഴലിക്കുന്ന പ്രാഥമിക വികാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ വികാരവും ഭൂരിഭാഗം മനുഷ്യരും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നതും സന്തോഷം മാത്രമാണ്. വ്യക്തിപരമായി തനിക്ക് മാത്രം സന്തോഷം നേടുവാൻ മറ്റെല്ലാ വികാരങ്ങളായ വിഷാദത്തെയും ഭയത്തെയും രൗദ്രത്തെയും അവസരോചിതമായി ഓരോരുത്തരും ഉപയോഗിക്കുന്നുമുണ്ട്. മനുഷ്യരിൽ പ്രകടമാകുന്ന എല്ലാ വികാരങ്ങളും അവരുടെ നിലവിലുള്ള ബാഹ്യ പരിതസ്ഥിതികളെയും മറ്റുള്ളവരുമായുള്ള ബന്ധങ്ങളെയും അവരുടെ മാത്രമായ പ്രതീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാവുന്നതാണ്. അതിനാൽ വികാരങ്ങളെല്ലാം തീർത്തും വ്യക്തിപരമാണ്. 

സമാന ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഒരു സമയത്ത് ഒരേ വികാരങ്ങൾ ഉണ്ടാവുമെങ്കിലും തീവ്രതയിൽ അജഗജാന്തര വ്യത്യാസങ്ങളുണ്ടാവുന്നതും സാധരണമാണ്. വ്യക്തികൾ ജീവിത സാഹചര്യങ്ങളെ വേറിട്ട് കാണുന്നതിനാലും വിലയിരുത്തുന്നതിനാലും അവരിലുണർത്തുന്ന വികാരങ്ങളും വേറിട്ടതാണ്. മനുഷ്യരിൽ സ്വാഭാവികമായി രൂപീകൃതമായിരിക്കുന്ന വികാരങ്ങളെ മാത്രം കണക്കിലെടുക്കുമ്പോൾ തെളിയുന്നതും അവരോരുത്തരിലെയും  അതുല്ല്യതകളാണ്. മനുഷ്യരുടെ പ്രതീക്ഷകൾക്ക് യോജിച്ചും അല്ലാതെയും സാഹചര്യങ്ങൾ രൂപീകൃതമാവുന്നില്ലെങ്കിൽ അവർക്ക് പ്രതികരിക്കുവാൻ പ്രചോദനമേകുന്നവയാണ് വികാരങ്ങൾ. ചിലപ്പോൾ സന്തോഷിക്കുവാനാകാം, ദുഃഖിക്കുവാനാകാം, വെറുക്കുവാനാകാം, ദേഷ്യപ്പെടുവാനാകാം, അതിലെല്ലാമുപരി സംരക്ഷണം തേടി സാഹചര്യങ്ങളിൽ നിന്നും പാലായനം ചെയ്യുവാനുമാകാം.  

അപാകതകളുള്ള വ്യക്തികളിൽ മാത്രമാണ് അവസരോചിതമായി സ്വാഭാവിക വികാരങ്ങൾ ഉടലെടുക്കാതിരിക്കുന്നതും പ്രകടിപ്പിക്കാതിരിക്കുന്നതും. മനുഷ്യരിൽ വികാരങ്ങൾ സ്വാഭാവികമാണെങ്കിലും അവസരോചിതമായി പ്രകടിപ്പിക്കുവാനുള്ള ജ്ഞാനവും തിരിച്ചറിവും ലോകത്തിൽ ചിലരെങ്കിലും നേടിയിട്ടുണ്ട്. എല്ലാ സന്ദർഭങ്ങളും സംഭാഷണങ്ങളും എല്ലാവരെയും ഒരേപോലെ ബാധിക്കാതെ വരുമ്പോൾ മറ്റുള്ളവരെയും അപ്പോഴുള്ള പരിതസ്ഥിതികളെയും ഉൾക്കൊണ്ട് മാത്രം വികാരങ്ങൾ പ്രകടിപ്പിക്കേണ്ടതും അനിവാര്യമാണ്. വികാരങ്ങളെ അവസരോചിതമായി നിയന്ത്രിക്കേണ്ടതിന്റെ കരുതലും ആവശ്യകതയും അനവസരങ്ങളിൽ അനാവശ്യമായി പ്രകടിപ്പിച്ചവർ തിരിച്ചറിഞ്ഞിരിക്കുവാനുള്ള സാധ്യതകളാണ് കൂടുതലും. 'ചൂടുവെള്ളത്തിൽ കൈയ്യിട്ട പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും' എന്ന പഴഞ്ചൊല്ല് പോലെയാണ് അനവസരങ്ങളിലുള്ള വികാര പ്രകടനങ്ങളുടെ പ്രത്യാഘാതങ്ങൾ.

ജീവിതത്തിൽ ധാരാളം വേറിട്ട അനുഭവങ്ങളും നിരവധി മനുഷ്യരുമായി ഇടപെഴുകുവാൻ അവസരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് സമ്മിശ്രതമായ വികാരങ്ങളുണ്ടാവുമ്പോൾ അനായാസം നിയന്ത്രിക്കുവാൻ സാധിക്കുന്നുണ്ട്. അങ്ങനെയുള്ള വ്യക്തികളെയാണ് ജീവിതത്തിൽ 'വൈകാരിക വൈവിധ്യത' നേടിയവർ എന്ന് വിശേഷിപ്പിക്കുന്നത്. അതായത് ശാരീരികമായും മാനസികമായും സുഖവും സന്തോഷവും അസ്വസ്ഥതകളേറിയ അനുഭവങ്ങളും പലപ്പോഴായി ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വ്യക്തികൾ.  

സമ്മിശ്രിതമായ സുഖദുഃഖങ്ങൾ അനുഭവിച്ചറിഞ്ഞ വ്യക്തികൾക്ക് ഇവയെല്ലാം വീണ്ടും ജീവിതത്തിൽ ഉണ്ടാവുമ്പോൾ സമനില തെറ്റാതെ നിയന്ത്രിക്കുവാൻ സാധിക്കുന്നു എന്നതും ശ്രേദ്ധേയമായ വസ്തുതയാണ്. അതിനാൽ തന്നെ വീണ്ടും വളരെ തീവ്രതയേറിയ വികാരങ്ങളുണ്ടാവുമ്പോൾ അഥവാ വികാര വിസ്ഭോടനങ്ങൾ ഉണ്ടാവുമ്പോൾ അടക്കി നിർത്തിക്കുവാനും സംയമനം പാലിക്കുവാനും സമചിത്തതയോടെ നേരിടുവാനും സാധിക്കുന്നു. പ്രക്ഷോഭ ഭരിതമായ അന്തരീക്ഷങ്ങളും പ്രതികരണങ്ങളും അനുഭവിച്ചറിഞ്ഞവർക്ക് സ്വയം നിയന്ത്രിക്കുവാനും മറ്റുള്ളവരുടെ ക്ഷോഭ പ്രകടനങ്ങളെ അവസരോചിതമായി അതിജീവിക്കുവാനും സാധിക്കുന്നുണ്ട്. ഭൂരിഭാഗം മനുഷ്യരും ക്ഷണികമായ വികാരപ്രകടനങ്ങളിൽ ആനന്ദം കണ്ടെത്തുമ്പോൾ വൈകാരിക വൈവിധ്യത നേടിയ വ്യക്തികൾ സംയമനം പാലിക്കുന്നതാണ് പതിവ്.

വൈകാരിക വൈവിധ്യത എന്നാൽ സുഖവും ദുഃഖവുമെന്ന രണ്ട് വികാരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മറിച്ച് എല്ലാ വികാരങ്ങളുടെയും സമ്മിശ്രണം കൂടിയാണ്. മനുഷ്യമനസുകളിൽ നിറയുന്ന എല്ലാ വികാര വിചാരങ്ങളുടെയും പ്രതിഫലനം ഭൂരിഭാഗം മനുഷ്യരുടെയും മുഖത്തിലൂടെ ദർശിക്കുവാൻ കഴിയുന്നതാണ്. പ്രസന്നതയും, സംതൃപ്തിയും, സന്തുഷ്ടിയും, മഹനീയതയും, ഗർവ്വും, അഹങ്കാരവും, പൊങ്ങച്ചവും, സ്നേഹവും, അനുരാഗവും, പ്രതീക്ഷയും, ദേഷ്യവും, ആകുലതയും ഉത്കണ്ഠയും മനസ്താപവും കുറ്റബോധവും വെറുപ്പും  വിദ്വേഷവും  അവജ്ഞയും പുച്ഛവും നിന്ദയും, മറ്റുള്ളവരോടുള്ള ആദരവും ആദരവില്ലായ്മയുമെല്ലാം ചേരുന്ന വികാരങ്ങളാണ് സാധാരണക്കാരിൽ നിറയുന്ന വികാരങ്ങൾ. 

വൈകാരിക വൈവിധ്യത പ്രാപിച്ചവർക്ക്  വർണ്ണിക്കുവാൻ സാധിക്കുന്നതും എന്നാൽ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വിവരിക്കുവാൻ സാധിക്കാത്തതുമായ നിരവധി വികാരങ്ങൾ ജീവിതത്തിൽ പലയാവർത്തി അനുഭവിച്ചതിനാൽ അവയെ അവസരോചിതമായി നിയന്ത്രിക്കുവാൻ സാധിക്കുന്നു. അതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുത ജീവിതത്തിൽ ഒരേ വികാരം മാത്രം അനുഭവിച്ചവർ കൈവഴികളില്ലാതെ കുതിച്ചൊഴുകുന്ന നദി പോലെയാണ്. ശുദ്ധവും നിർമ്മലവുമായ ജലം ഭൂമിയിലെ മറ്റ് സസ്യലതാതികൾക്ക് ഉപകാരപ്പെടാതെ ആഴക്കടലിൽ ചേർന്നില്ലാതാവുന്നതുപോലെ അവരുടെ പരിമിതമായ വികാരങ്ങൾ അവർ മാത്രം അനുഭവിക്കുന്നു. എന്നാൽ ധാരാളം ചാലുകളുള്ള നദികളിലെ ജീവന്റെ ജലം കൈവഴികളിലൂടെ സഞ്ചരിച്ച് ഉണങ്ങി വരണ്ട ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതുപോലെ വൈകാരിക വൈവിധ്യതയുള്ള വ്യക്തികൾ തങ്ങൾക്ക് ചുറ്റുമുള്ളവരെയും അനുദിനം പരിഭോഷിപ്പിക്കുന്നു.

ജീവിതത്തിലുണ്ടാവുന്ന എല്ലാ വികാരങ്ങളെയും പ്രകടിപ്പിക്കുന്നതിനൊപ്പം അവയെ സന്ദർഭോചിതമായി നിയന്ത്രിക്കേണ്ടതും അനിവാര്യമാണ്. വികാരങ്ങളെ നിയന്ത്രിക്കുവാൻ സാധാരണക്കാർക്ക് കഴിയാതെ വരുമ്പോൾ  വൈകാരിക വൈവിധ്യതയുള്ള വ്യക്തികൾക്ക് എളുപ്പത്തിൽ സാധിക്കുന്നണ്ട്. ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മൂലകാരണം തിരിച്ചറിയുമ്പോൾ പരിഹരിക്കുവാൻ എളുപ്പമാവുമെന്നതുപോലെ വികാരങ്ങളുടെ ഉത്ഭവ കാരണങ്ങൾ അഥവാ പ്രഭവ കേന്ദ്രങ്ങൾ കണ്ടെത്തുമ്പോൾ നിയന്ത്രിക്കുവാൻ സാധിക്കും. സന്തോഷം പങ്ക് വയ്ക്കേണ്ടത് അടുത്ത ബന്ധുക്കളോടും സമൂഹത്തോടൊപ്പം ആയതിനാൽ മറ്റുള്ളവർക്ക് അരോചകമായത് ഒഴിവാക്കുവാൻ സാധിക്കുന്നതും, മിത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ അതിരുകൾ ലന്ഘിക്കുമ്പോൾ നേർവഴിയേ തിരിച്ചുവിടാനാവുന്നതും, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉൾകൊള്ളുവാനാവാത്ത സംഭാഷണ ശൈലികൾ സമയോചിതമായി ഉപേക്ഷിക്കേണ്ടതും സുദൃഢമായ ബന്ധങ്ങൾ നിലനിർത്തേണ്ടതിനുള്ള അനിവാര്യതകളാണ്. 

വികാരങ്ങളെ തിരിച്ചറിയുക. മനുഷ്യ വികാരങ്ങൾ സ്വാഭാവികമാണെന്നും ചിലർ വികാരാധീനരാവുന്നതും മറ്റ് ചിലർ സംയമനം പാലിക്കുന്നതും സ്വാഭാവികമാണെന്നുള്ള വസ്തുത ഉൾക്കൊള്ളുക. വികാരങ്ങൾ അമിതമായി പ്രകടിപ്പിക്കുന്ന രീതികൾ പലരിലും ജന്മനാ ലഭിച്ചതല്ലെങ്കിൽ ജീവിത സാഹചര്യങ്ങളിലൂടെ ലഭിച്ചതായിരിക്കും. എന്നാൽ സംയമനം പാലിക്കുവാൻ ശീലിച്ചില്ലെങ്കിൽ വ്യക്തി ബന്ധങ്ങളിൽ ഉലച്ചിലുകൾ സംഭവിക്കും, ജീവിത ലക്ഷ്യങ്ങൾ സാധ്യമാവാതാവും, പലപ്പോഴും ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. 

പ്രാഥമികമായും എല്ലാ മനുഷ്യരും വ്യതിരസ്‌ഥരാണെന്നും അവരെല്ലാവരും വ്യതിരിസ്തമായാണ് ഓരോ സന്ദർഭങ്ങളോടും പ്രതികരിക്കുന്നതെന്ന വസ്തുത മനസ്സിലാക്കുക. അതിന് ശേഷം മറ്റുള്ളവരുടെ പ്രതികരണങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറെടുക്കണം.  അടുത്തതായി ഒരിക്കൽ പോലും ഒന്നിനെയും മുൻവിധിയോടെ സമീപിക്കാതിരിക്കുക. അതിനുശേഷം വ്യക്തികളുടെ അമിത വികാരങ്ങളുടെ ഉറവിടങ്ങൾ അറിഞ്ഞിരിക്കുവാൻ ശ്രമിക്കുക. ആദ്യമെളുപ്പമല്ലെങ്കിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ  അമിതമായ  വികാരങ്ങളെ നിയന്ത്രിക്കുവാനും അസ്വീകാര്യമായ പ്രതികരണങ്ങളെ ഉൾക്കൊള്ളുവാനും സാധിക്കും. 

വികാരങ്ങളിലധിഷ്ഠിതമായ തീരുമാനങ്ങൾ ഒഴിവാക്കണം. ഓരോ വ്യക്തിയുടെയും ജീവിതം മാറ്റിമറിക്കുവാൻ കെല്പുള്ളതാണ് ചെറുതും വലുതുമായ ഓരോ തീരുമാനങ്ങളും, അതിനാൽ തന്നെ വികാരങ്ങളെ അടക്കിക്കൊണ്ട് വിവേകത്തോടെ തീരുമാനങ്ങളെടുക്കുവാൻ ശീലിക്കേണ്ടത് അനിവാര്യമാണ്. അമിതമായ വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ പഞ്ചേന്ദ്രിയങ്ങളിൽ അന്ധത ബാധിക്കുകയും നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പ്രത്യാഘാതങ്ങൾ തിരിച്ചറിയാതാവുകയും ചെയ്യും. വികാരങ്ങൾ തീർത്തും വ്യക്തിപരമാകയാൽ പ്രത്യാഘാതങ്ങൾ നൈമിഷികമാണ് എന്നാൽ തീരുമാനങ്ങൾ ആജീവനാന്തം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്.

വികാരങ്ങളെ അവസരോചിതമായി മാത്രം പ്രകടിപ്പിക്കണം. പലരുടെയും മനസ്സ് വികാരങ്ങളാൽ പ്രഷുബ്ധമാണ്, അനന്തമായി നീളുന്ന ആശകളും അഭിലാഷങ്ങളും. തങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനേക്കാൾ മറ്റുള്ളവർ എങ്ങനെ ആയിരിക്കണമെന്നാണ്  അധിക സമയവും അഭിലഷിക്കുന്നത്.  എന്നാൽ ശൂന്യമായ മനസുകളിൽ അനാവശ്യ വികാരങ്ങൾ അധികമായി കുടിയേറുന്നതും സ്വാഭാവികമാണ്. പുണ്യപുരാണ ഗ്രന്ധങ്ങളിൽ പ്രതിപാദിക്കുന്നത് പോലെ "തെറ്റും ശരിയും എല്ലാവരും തിരിച്ചറിയുന്നുണ്ട് എന്നാൽ മനുഷ്യർ അധികവും തെറ്റുകൾ മാത്രമാണ് അഭിലഷിക്കുന്നത്". കാരണം അധികം മനുഷ്യരും ക്ഷണിക വികാരങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്നതിനാലാണ്. ജീവിത ലക്ഷ്യങ്ങളിൽ നിന്നും അണുവിട പോലും വ്യതിചലിക്കാതെ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ വികാരങ്ങളെക്കാൾ വിവേച്ചറിയുന്ന വിചാരങ്ങൾ മനസ്സിൽ നിറയും. വികാരങ്ങൾ പ്രകടിപ്പിക്കേണ്ടതും ആവശ്യമാണ്  എന്നാൽ അനുയോജ്യമായവയെ മാത്രം അവസരോചിതമായി പ്രകടിപ്പിക്കണം.

സമൂഹത്തിൽ നിന്നും ഒളിച്ചോടാതെ നേരിടണം. അമിതമായ വികാരപ്രകടനങ്ങളുള്ള വ്യക്തികൾക്ക് കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും അപ്പോൾ സമൂഹത്തിൽ നിന്നും അകന്നു പോവാതിരിക്കുവാൻ ശ്രദ്ധിക്കണം. ലോകത്തിൽ ജീവിക്കുന്ന ചില വ്യക്തികളുടെ ജീവിത ലക്ഷ്യം തന്നെ അനഭിമിതമായ സത്യങ്ങൾ തുറന്നു പറയുവാനാണ്. 'രാജാവ് നഗ്നനാണെന്നത്' സത്യമാണെങ്കിലും ധൈര്യപൂർവം വിളിച്ചുപറയുവാൻ വളരെ കുറച്ച് വ്യക്തികൾക്ക് മാത്രമാണ് സാധിക്കുന്നത്. എന്നാൽ യാഥാർഥ്യങ്ങളിൽ നിന്നുമുതിരുന്ന പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നതിനാൽ പലരും അധികവും അന്തർമുഖരായി ജീവിക്കുവാൻ പ്രേരിതരാകുന്നു. ദാനമായി ലഭിച്ച സുന്ദരമായ ജീവിതം ഈ ലോകത്തിൽ ഒരിക്കൽ മാത്രമാണെന്ന പരമാർഥത ഉൾക്കൊള്ളുമ്പോൾ വീണ്ടു വിചാരങ്ങൾ ഉളവാകുകയും വിമുഖത വെടിഞ്ഞ് സജീവമായ സാമൂഹ്യ ജീവിതം തേടുകയും ചെയ്യും.

ജീവിതത്തിൽ ആരോഗ്യപരമായ ജീവിതം നയിക്കുന്ന വ്യക്തികൾ അവരുടെ പരിമിതികൾ തിരിച്ചറിഞ്ഞവരാണ്, അതായത് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞവരും അവർക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങളെ കണ്ടെത്തിയവരും. സ്വന്തം പരിമിതികൾക്കുള്ളിൽ ജീവിക്കുമ്പോൾ മാത്രമാണ് പൂർണ്ണ സന്തോഷമുള്ള ജീവിതം നയിക്കുവാൻ സാധിക്കുന്നത്. തങ്ങൾക്ക്  അനുകൂലമല്ലാത്ത വ്യക്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അവസരോചിതമായി ഒഴിഞ്ഞു മാറുമ്പോൾ മാത്രമാണ് ജീവിതത്തിൽ സമാധാനവും ശാന്തിയും ലഭിക്കുന്നതും. വികാരങ്ങൾ നൈമിഷികമാണെന്ന്  വൈകാരിക വൈവിധ്യത അനുഭവിച്ച വ്യക്തികൾ തിരിച്ചറിയൂന്നുണ്ട്. ഭൂമിയിൽ താഴ്വാരങ്ങളോടൊപ്പം ഉപരിതലങ്ങളും സമതലങ്ങളും ഉണ്ടെന്നതുപോലെ തന്നെ ജീവിതത്തിൽ സുഖദുഃഖങ്ങൾ സമ്മിശ്രമാണ്. സന്തോഷങ്ങൾക്ക് പിറകെ ദുഃഖങ്ങൾ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുമ്പോഴും തടയുവാനാവാതെ ഇവയെല്ലാം ഓരോ നിമിഷവും  പിന്തുടരുന്നുണ്ട്. അങ്ങനെയുണ്ടാവുന്ന ദുഖങ്ങളും ക്ലേശങ്ങളും നൈമിഷികമാണെന്ന തിരിച്ചറിവ് ലഭിക്കണമെങ്കിൽ  എല്ലാവരിലും വൈകാരിക വൈവിധ്യത ഉളവാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com