ADVERTISEMENT

മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം നൽകുന്ന നായനാനന്ദകരമായ പ്രകാശ വിസ്മയങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ ലോകത്തിൽ വിരളമാണ്. പ്രഥമ ദൃഷ്ടിയിൽ മനുഷ്യർക്ക് ഉപകാരമില്ലാത്ത നിരവധിയായ കീടങ്ങളുടെ ഗണത്തിൽപ്പെടുന്ന മിന്നാമിനുങ്ങും അവയുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഭൂമിയുടെ അധിപന്മാരാണെന്ന് കരുതുന്ന മനുഷ്യർക്ക് പരോക്ഷമായിട്ടെങ്കിലും ഉപകാരപ്പെടുകയാണ്. ഏകദേശം ഒരു വർഷത്തോളം ആയുസുള്ള മിന്നാമിനുങ്ങുകൾക്ക് പറക്കുവാൻ സാധിക്കുന്നതും മനുഷ്യർക്കായി വർണ്ണവിസ്മയം ഒരുക്കുവാൻ സാധിക്കുന്നതും കേവലം രണ്ട് മാസത്തോളം കാലയളവിൽ മാത്രമാണ്. അവയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണെങ്കിലും പുറപ്പെടുവിക്കുന്ന വെളിച്ചം കൂരിരുൾ നിറഞ്ഞ രാത്രികളെ പ്രകാശ പൂരിതമാക്കുന്നതാണ്. പ്രത്യേകിച്ചും വൈദ്യുതിയും ആധുനിക ലോകത്തിൽ ലഭിക്കുന്ന കൃതിമമായ വെളിച്ചം ഉത്പാദിപ്പിക്കുവാൻ സാധിക്കാതിരിന്നു കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് ഉപകാരപ്പെട്ടിരിന്നു. മിന്നാമിനുങ്ങുകൾ ധാരാളമുണ്ടായിരുന്ന ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ അൽപ്പനേരത്തേക്കെങ്കിലും വെളിച്ചം ലഭിക്കുവാനും വിനോദത്തിനായും ഇവയെ ചില്ല് കുപ്പികളിൽ സൂക്ഷിച്ചിരുന്നു. ഏറ്റവും ചെറിയ ആയുർദൈർഘ്യമുള്ള കീടങ്ങൾ പോലും മനുഷ്യരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉപകാരപ്പെട്ടിരിന്നു എന്നതാണ് മിന്നാമിനുങ്ങിന്റെ ഹൃസ്വ ജീവിതം നൽകുന്ന ഒരു സന്ദേശം.  

വേറിട്ട ജീവിത സാഹചര്യങ്ങളിൽ ജനിക്കുന്നവരാണ് ഓരോ മനുഷ്യരും. ജനിക്കുമ്പോൾ വേറിട്ട ശാരീരിക രൂപങ്ങളുണ്ടെങ്കിലും ഭൂമിയിലേയ്ക്ക് വിരുന്നിനെത്തുമ്പോൾ അവരെല്ലാവരുടെയും മനസ്സ് വെള്ളക്കടലാസ്സുപോലെ ശൂന്യമാണ്. അവരുടെ ജനനത്തിന് മുൻപുള്ള വസ്തുതകളൊന്നും അറിഞ്ഞിരിക്കുവാനുള്ള സാധ്യതകളുമില്ല. എന്നാൽ പിന്നീടുള്ള അനുകൂല ജീവിത സാഹചര്യങ്ങളിൽ പലരും പതിന്മടങ്ങായി അറിവും സമ്പത്തും ചേരുന്ന പലതും നേടുന്നു, ചിലരെല്ലാം അധ്വാനിക്കാതെ ജന്മത്തോടെ, മാതാപിതാക്കളിലൂടെ ലഭിച്ചതെല്ലാം നഷ്ടപ്പെടുത്തുന്നു. എന്നാൽ ജീവിതത്തിൽ അധ്വാനിച്ച് ചിലതെല്ലാം നേടിയത് അനാവശ്യമായി നഷ്ടപ്പെടുത്തിയവർ ചുരുക്കമാണ്. ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ലോകത്തിൽ ജീവിച്ചു വിടപറഞ്ഞ ഭൂരിഭാഗം മനുഷ്യരും മിന്നാമിനുങ്ങുകളെപ്പോലെ മറ്റുള്ളവർക്ക് ക്ഷണനേരത്തേക്കെങ്കിലും വെളിച്ചം പകർന്നവരാണ്. ഇപ്പോൾ ജീവിച്ചിരിക്കുന്നവരിലും ചിലരെങ്കിലും മറ്റുള്ളവർക്ക് വെളിച്ചം പകർന്നാണ് ജീവിക്കുന്നത്. എന്നാൽ പലപ്പോഴും അവരുടെ പ്രവർത്തനങ്ങളുടെ മഹത്വവും പ്രസക്തിയും പലരും തിരിച്ചറിയുന്നില്ല എന്നതും വസ്തുതയാണ്. കഠിനാധ്വാനം ചെയ്ത് വിജയം പ്രാപിച്ചവരുടെ പ്രവർത്തന ശൈലികൾ ഇന്നല്ലെങ്കിൽ ഇനിയൊരിക്കൽ അംഗീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നവരും ധാരാളമുണ്ട്. എന്നാലധികവും കലുഷിതമായ വർത്തമാനകാല ജീവിതത്തിലെ തിരക്കുകളിൽ ശ്രദ്ധിക്കപ്പെടാതെ അലിഞ്ഞുപോവുന്നതും സാധാരണമാണ്. എങ്കിലും പലരും പരാതികളൊന്നുമില്ലാതെ മറ്റുള്ളവർക്ക് വെളിച്ചമേകി തങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളും ജീവിത ശൈലിയും തുടർന്നു കൊണ്ടിരിക്കുന്നു.

എല്ലാ ജീവിതാവസ്ഥകളിൽ നിന്നും പിന്തിരിഞ്ഞു നോക്കുമ്പോൾ ധാരാളം നേട്ടങ്ങളും കോട്ടങ്ങളും സംതൃപ്തിയും അതോടൊപ്പം വല്ലായ്‌മകളും കാണുവാൻ സാധിക്കും. അധികവും ചില അവസരങ്ങളിൽ പലർക്കും ചെയ്യുവാൻ സാധിക്കുമായിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും, അറിഞ്ഞോ അറിയാതെയോ കൈവിട്ടുപോയ അവസരങ്ങൾ. സമയോചിതമായി ചെയ്തു തീർക്കുവാൻ ശ്രമിക്കാതിരുന്നതും സാധിക്കാതിരുന്നതുമായ വിഷയങ്ങളെ ഒരിക്കൽ കൂടി ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ തെളിയുന്നത് മറ്റൊന്നുമല്ല അന്നതൊക്കെ അനുവർത്തിച്ചിരുന്നെങ്കിൽ അഥവാ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ ജീവിതം മറ്റൊന്നാവുമായിരിന്നു. നഷ്ടപ്പെടുത്തിയ ചില അവസരങ്ങളെങ്കിലും മറ്റുള്ളവരുടെ ജീവിതവും പാടെ മാറ്റിമറിക്കുവാൻ പോന്നവയും ആയിരിക്കണം. 

പഴമക്കാരുടെ വിശ്വാസം അഥവാ ആശ്വാസ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ 'അതായിരുന്നു വിധിച്ചത് അല്ലെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കുവാനുള്ളതായിരിന്നു'. സുഖകരമല്ലാത്തതെല്ലാം മറക്കുവാൻ സാധിക്കുന്നതിനാലും സമയം ആർക്കുവേണ്ടിയും കാത്തിരിക്കുവാൻ തയ്യാറാവാത്തതിനാലും നഷ്ടപ്പെട്ടവയെ ഓർത്ത് വ്യാകുലപ്പെടാതെ എല്ലാവരും വീണ്ടും വർത്തമാന കാലങ്ങളിൽ ജീവിക്കുന്നു. കാലചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ലാത്തതിനാൽ പലരുടെയും ജീവിത ശൈലിയിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ല അതിനാൽ തന്നെ വീണ്ടും പലപ്പോഴും തങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്ന പല കൊച്ചു കാര്യങ്ങളും അറിഞ്ഞും അറിയാതെയും ഒഴിവാക്കിക്കൊണ്ട് ജീവിക്കുന്നു. മറ്റൊരിക്കൽ വീണ്ടും ചെയ്യുവാൻ സാധിക്കാതിരുന്ന പ്രവർത്തനങ്ങളെ ഓർത്ത് ദീർഘ നിശ്വാസം ഉതിർക്കുവാനായി മാത്രം.  

ചെറിയ പ്രവർത്തനങ്ങളിലൂടെ ജീവിത വിജയം നേടിയ ഭൂരിഭാഗം വ്യക്തികളും സമൂഹത്തിനും മറ്റുള്ളവർക്കും മാതൃകയായും പ്രചോദനമേകുന്നവരായും അവരുടെ ശിഷ്ടകാലം ജീവിച്ചു തീർക്കുന്നതായി കാണുവാൻ സാധിക്കുന്നുണ്ട്. എന്നാൽ ശരവേഗതയിൽ മഹാന്മാരായി ചിത്രീകരിക്കുന്നവരിൽ ചിലരെങ്കിലും ഞൊടിയിടയിൽ നിഷ്പ്രഭരായി തീരുന്നതും മറ്റുള്ളവരാൽ അവഹേളിതരായി മാറുന്നതും ഈ ലോകത്തിൽ തന്നെ കാണുവാൻ സാധിക്കും. ചരിത്രത്തിൽ ഇടം നേടിയ പല മഹാന്മാരുടെയും ജീവിത രീതികളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നതും മറ്റൊന്നുമല്ല അവരെല്ലാവരും ചെറിയ പ്രവർത്തനങ്ങളിലൂടെ കഠിനാധ്വാനം ചെയ്ത് ജീവിത വിജയം നേടിയവരാണ്. അതിനാൽ തന്നെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ചെറിയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അനുദിന ജീവിതത്തിൽ ക്ഷണനേരത്തേയ്‌ക്കെങ്കിലും കണ്മുൻപിലെത്തുന്ന ഒന്നിനെയും ലഘുവായി കാണുവാൻ ശ്രമിക്കാതെ ഓരോന്നിനും അതിന്റെതായ പ്രാധാന്യം നൽകുമ്പോൾ മറ്റെല്ലാത്തിനും പ്രാധാന്യമുള്ളതായി കാണുവാൻ സാധിക്കും.

ലോകമെമ്പാടുമുള്ള അടുക്കളകളിൽ ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് മൈക്രോവേവ് എന്നാൽ അതും ആകസ്മികമായി കണ്ടുപിടിച്ചതാണെന്ന വസ്തുത ചിലർക്കെങ്കിലും അറിവുള്ള കാര്യമാണ്. ആധുനിക ലോകത്തിൽ മൈക്രോവേവ് എന്ന കുഞ്ഞൻ ഉപകരണമില്ലാത്ത അവസ്ഥയെ പലർക്കും ചിന്തിക്കുവാൻ കൂടി സാധിക്കുന്നില്ല, മനുഷ്യരുടെ അനുദിന ജീവിതത്തിൽ അത്രത്തോളം ഭാഗമായി ഇഴുകി ചേർന്നു. പേർസി സ്‌പെൻസർ എന്ന അമേരിക്കൻ എഞ്ചിനീയർ തന്റെ ജോലിസ്ഥലത്തുള്ള മാഗ്നെട്രോൺ എന്ന ഉപകരണത്തിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ തന്റെ പോക്കറ്റിൽ കിടന്ന ചോക്ലേറ്റ് ഉരുകുന്നതായി ശ്രദ്ധിച്ചു. 

മൈക്രോവേവ് തരംഗങ്ങൾ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്ന ഒരു വാക്വം ട്യൂബാണ് മാഗ്നെട്രോൺ. അതിനെ തുടർന്നു നടത്തിയ നിരവധി പരീക്ഷണങ്ങളുടെ ഫലമായി 1945 ആദ്യത്തെ മൈക്രോവേവ് നിർമ്മിച്ചെങ്കിലും വീണ്ടും വർഷങ്ങൾക്ക് ശേഷം 1967-ലാണ് ഇന്നത്തെ നിലയിലുള്ള ചെറിയതും എന്നാൽ വളരെ പ്രയോജനമുള്ള മൈക്രോവേവ് വിപണികളിൽ എത്തിക്കുവാൻ സാധിച്ചത്. ശാസ്ത്ര ലോകത്തിൽ  മൈക്രോവേവ് പോലുള്ള പല ഉപകരണങ്ങളും ആകസ്മികമായി നിർമ്മിച്ചവയാണ്, എന്നാൽ ചിലരുടെയെല്ലാം മനസാന്ന്യത്തിൽ നിന്നും ഉത്ഭവിച്ചത്. ചുരുക്കത്തിൽ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ചെറുതാണെങ്കിലും അവഗണിക്കുവാൻ പോന്നവയുമല്ല  മറിച്ച് എല്ലാത്തിനും ആവശ്യകതയുണ്ട്, ലോകത്തിൽ ചിലർക്കെങ്കിലും ഉപകാരപ്പെടുന്നവയുമാണ്.

എല്ലാ ജീവിത സാഹചര്യങ്ങളിലും രൂപീകൃതമാവുന്ന കാര്യങ്ങളെ ചെറുതും വലുതുമായി കാണുന്നതും അപഗ്രഥിക്കുന്നതും പലരുടെയും കാഴ്ചപ്പാടുകളിലൂടെയാണെന്നതും യാഥാർഥ്യമാണ്. അനുദിനം ഇടപഴുകുന്നവരുടെ രീതികളും അവരുടെ ജീവിത സാഹചര്യങ്ങളുമാണ് പലരുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും പ്രാധാന്യങ്ങളുടെയും മുൻഗണനകളുടെയും അടിസ്ഥാനമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ വ്യക്തികളോടും ചേർന്ന് ജീവിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ പലർക്കും പ്രിയപ്പെട്ടതും മുഗണന അർഹിക്കുന്നതുമാണ്. എന്നാൽ പലപ്പോഴും വിസ്മരിക്കുന്ന കാര്യം സ്വന്തം ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളുമാണ്, അപ്പോൾ കണ്മുൻപിലെത്തുന്ന ചെറിയ കാര്യങ്ങൾ അറിയാതെയാണെങ്കിലും അവഗണിക്കുന്നതും സ്വാഭാവികമായി മാറും. ആദ്യകാലങ്ങളിൽ അറിയാതെയാണെങ്കിലും സംഭവിക്കുന്നതിനാൽ പലപ്പോഴാവുമ്പോൾ ജീവിതത്തിൽ ഒരു ശീലമായി വളരും. മനുഷ്യർ സമൂഹത്തിൽ ജീവിക്കുന്നതിനാൽ മറ്റുള്ളവരെയും പരിഗണിക്കുന്നതിനൊപ്പം ഓരോ വ്യക്തികളും വ്യതിരസ്‌ഥരാണെന്ന വസ്തുത മറക്കാതിരിക്കുമ്പോൾ കണ്മുന്പിലെത്തുന്ന പല ചെറിയ കാര്യങ്ങളിലും അർഥങ്ങൾ കാണുവാനും ഉൾക്കൊള്ളുവാനും സാധിക്കും. മനുഷ്യർ ഭൂമിയിൽ ജനിക്കുന്നതും ഒരു പരിധിവരെ ജീവിക്കുന്നതും മരിക്കുന്നതും തനിയെയാണ് അതിനാൽ തന്നെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാല്കരിക്കേണ്ടതും വ്യക്തിപരമായി മാത്രമാണ്.  

വലിയ കാര്യങ്ങളും പ്രവർത്തനങ്ങളും ചെയ്ത് ലോകത്തിന് മാതൃകയാവുകയെന്നത് പലരുടെയും ജീവിതാഭിലാഷമാണ്. എന്നാൽ ചെറിയ കാര്യങ്ങളുടെ പ്രസക്തി തിരിച്ചറിയാതിരിക്കുന്നതിലൂടെ പലപ്പോഴും വലിയ കാര്യങ്ങൾ പ്രവർത്തിക്കുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയുമാണ്. തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പിലാക്കേണ്ടതും ഓരോ വ്യക്തികളായതിനാൽ അവസരങ്ങൾ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കേണ്ടതും ഓരോ വ്യക്തികളുമാണ്. മനുഷ്യ ജീവിതം പരിമിതമാണെന്നും നഷ്ടപ്പെടുന്ന സമയവും അവസരങ്ങളും ഒരിക്കലും മടങ്ങി വരില്ല എന്ന അവബോധ്യത്തിനൊപ്പം ജീവിതത്തിലുണ്ടാവുന്ന എല്ലാ കാര്യങ്ങൾക്കും ഒരേ പ്രാധാന്യം നൽകുക എന്നത് തന്നെയാണ് പ്രാഥമികമായ നടപടി. അടുത്തതായി വലിയ  കാര്യങ്ങൾ ചെയ്ത് തീർക്കുവാനുള്ള  മാനസികാവസ്ഥ രൂപപ്പെടുത്തുക എന്നതാണ്. നിശ്ചയധാർഷ്യഠ്യമുള്ള മനസ്സുകൾ വളരെവേഗതയിൽ പ്രവർത്തനക്ഷമമാവുമെന്ന കാര്യത്തിൽ തർക്കമില്ല, അതിനാൽ മനസ്സിനെ നേരായ ദിശയിലേയ്ക്ക് നയിക്കുകയാണ് ചെയ്യേണ്ടത്.

മറ്റുള്ളവർ ചെയ്യുന്നത് മാത്രമാണ് വലിയ കാര്യങ്ങളെന്ന നിർവചനം ഒരിക്കലും മാതൃകയാക്കരുത്. ലോകം വ്യതിരസ്ഥമാണെന്ന പോലെ ഓരോ മനുഷ്യരും വ്യതിരസ്‌ഥരാണ് അതിനാൽ തന്നെ എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ വ്യതിരസ്ഥമാണ്, പ്രവർത്തനശൈലികളും വേറിട്ടതാണ്. എല്ലാ മനുഷ്യർക്കും അവരുടേതായ നിലയിൽ ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. വ്യക്തി ജീവിതത്തിൽ പ്രാധാന്യമുള്ളത് മാത്രം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപ്പിക്കണം. കഴിഞ്ഞുപോയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുക, അറിഞ്ഞും അറിയാതെയും പ്രവർത്തിക്കുവാൻ സാധിക്കാതിരുന്ന കാര്യങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക എന്നതാണ് എളുപ്പത്തിൽ സാധാരണക്കാർക്ക് ചെയ്യുവാൻ സാധിക്കുന്നത്. ഇനിയുള്ള ജീവിതത്തിലെങ്കിലും ചെറുതും വലുതുമെന്ന നിർവചങ്ങളില്ലാതെ ജീവിതാഭിലാഷങ്ങൾ നേടിയെന്ന സംതൃപ്തിയോടെ ജീവിക്കുവാൻ സാധിക്കും.

ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും പാതി വഴിയിൽ ഉപേക്ഷിക്കരുത്. ജീവിതലുണ്ടാവുന്ന പല ലക്ഷ്യങ്ങളും അനോന്യം കോർത്തിണക്കിയതും ഒന്നോടൊന്ന് ചേർന്നതുമാണെങ്കിലും പൂർണ്ണമാക്കേണ്ടത് അനിവാര്യമാണ്. മലമുകളിലേയ്ക്കുള്ള യാത്രാമധ്യേ കല്ലും മുള്ളും മഴയും വിഘ്‌നങ്ങളായി എത്തുന്നത് സ്വാഭാവികമാണെന്നതുപോലെ ജീവിത ലക്ഷ്യങ്ങൾക്കായുള്ള കഠിനപ്രയക്നങ്ങളിൽ വ്യക്തികളുൾപ്പെടെ പലതും മാർഗ്ഗ തടസങ്ങൾ സൃഷ്ടിക്കുന്നതും സ്വാഭാവികം മാത്രമാണ്. കൊള്ളേണ്ടതിനെ മാത്രം കൊണ്ടും തള്ളേണ്ടതിനെ ദാക്ഷിണ്യമില്ലാതെ സമയോചിതമായി തള്ളിയെങ്കിലും മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. അല്ലാതായാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും വീണ്ടും നെടുവീർപ്പുകളുടെ കാലങ്ങളായിരിക്കും പിന്നീടുള്ള ജീവിതത്തിൽ.

ചെറിയ കാര്യങ്ങളിലെ സംതൃപ്തി വലിയ കാര്യങ്ങളിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പാണ്. ആത്മധൈര്യം അഥവാ ആത്മവിശ്വാസം ഉളവാകണമെങ്കിൽ പ്രവർത്തനങ്ങളിൽ വിജയമുണ്ടാവണം, അതിനായാണ് കഴിവതും ചെറിയ കാര്യങ്ങൾ ചെയ്ത് മുന്നേറണമെന്ന് പലരും ഉപദേശിക്കുന്നത്. തുറന്ന് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന വ്യക്തികൾക്കാണ് താൻ പ്രകടിപ്പിക്കുന്ന വാക്കുകളിൽ കഴമ്പുണ്ടെന്ന ആത്മ വിശ്വസം ഉടലെടുക്കുന്നത്. തുടർന്ന് വിശാലമായി ആശയവിനിമയം നടത്തുവാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്യും. എന്നാൽ മുറുമുറുത്തും കുശുകുശുത്തും നടക്കുന്ന വ്യക്തികൾക്ക് ഒരിക്കലും പരസ്യമായി അഭിപ്രായപ്രകടനങ്ങൾ നടത്തുവാനുള്ള ധൈര്യമുണ്ടാവാറില്ല. മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുമ്പോൾ താൻ പ്രകടിപ്പിക്കുന്ന ആശയങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ലെങ്കിൽ കൂടിയും മറ്റുള്ളവരിൽ ഒരിക്കൽ കൂടി ചിന്തിക്കുവാനുള്ള പ്രചോദനമേകും.

എല്ലാ വലിയ കാര്യങ്ങളുടെയും പ്രാധാന്യം എല്ലാവർക്കും മനസ്സിലാവില്ലായെന്നത് വസ്തുതയാണ്. മനുഷ്യർ വ്യതിരസ്‌ഥരാണ്, അവർക്ക് ഓരോരുത്തർക്കും അവരുടേതായ മുൻഗണനകളുണ്ട്. കാലോചിതമായി പലതിനും മാറ്റങ്ങൾ സംഭവിക്കുമെങ്കിലും മറ്റുള്ളവർ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളുവാൻ പലരും വിമുഖത പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണ്. അപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. മറ്റുള്ളവരുടെ കയ്യടിയും അംഗീകാരങ്ങളും പ്രശംസകളും പ്രതീക്ഷിച്ച് പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കാതെ സ്വന്തം ജീവിത ലക്ഷ്യങ്ങൾക്കായി മാത്രം പ്രവർത്തിക്കണം. മനുഷ്യർ സാമൂഹിക ജീവികളാണെങ്കിലും അവരിൽ ഓരോരുത്തരിലും സ്വാർഥതയും അപകർഷതാബോധവും അഹംഭാവവും അമിതമായുണ്ട്. അതിനാൽ തന്നെ മറ്റുള്ളവരെ അംഗീകരിക്കുവാൻ എളുപ്പത്തിൽ തയാറാവില്ല. വിശാലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് വലിയ കാര്യങ്ങൾ ചെയ്യുവാനുള്ള മാനസിക സ്ഥിതിയുള്ളു എന്ന വസ്തുത എപ്പോഴും ഓർമ്മിക്കുവാൻ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com