ADVERTISEMENT

ഓഹ്... ഇതരാ രാവിലെ തന്നെ വിളിക്കാൻ? ശ്രദ്ധിക്കാതെ തിരിഞ്ഞുകിടന്നു, വീണ്ടും ബെല്ലടിച്ചപ്പോൾ വല്ലാതെ വിഷമിച്ച് മൊബൈൽ തിരിച്ചു നോക്കി. പരിചയമില്ലാത്ത ഏതോ നമ്പർ. ഇന്നലെ കിടന്നപ്പോൾ റിംഗർ ഓഫ്‌ചെയ്യാൻ മറന്നതിനെ ശപിച്ച് റിംഗർ ഓഫ്‌ചെയ്ത് വീണ്ടും കിടന്നു. അപ്പോഴും വൈബ്രേറ്റർ അടിച്ചുകൊണ്ടേയിരുന്നു. ആരോ അത്യാവശ്യകാരൻ ആണ് അല്ലെങ്കിൽ ഇങ്ങനെ വിളിക്കില്ല. 

 

ഹലോ.. 

ഭായ് എനിക്കൊരു സഹായം വേണം എന്റെ കുഞ്ഞ് മരിച്ചു. എനിക്കിവിടെ ആരുമില്ല എന്ത് ചെയ്യണം എന്നും അറിയില്ല. ഒന്നും മനസ്സിലായില്ല, പക്ഷേ, അയാൾ വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. കുറച്ചുനേരം ഒന്നും പറയാൻ എനിക്കും പറ്റിയില്ല. നിങ്ങൾ ആരാണ് എന്താണ് പ്രശ്നം. ഭായ് എന്റെ കുഞ്ഞ് പ്രസവത്തോടെ മരിച്ചു, എന്ത് ചെയ്യണം എന്ന് അറിയില്ല ഒന്ന് സഹായിക്കണം.  കട്ടിലിൽ നിന്ന് എഴുനേറ്റ് ഒന്നും ആലോചിക്കാതെ പറഞ്ഞു. നിങ്ങൾ അവിടെ തന്നെ നിൽക്കൂ ഞാനിപ്പോൾ വരാം. 

 

ഞാൻ ചെന്നിട്ട് എന്ത് ചെയ്യാനാ...

പല്ല് മാത്രം തേച്ച് ഒരു ടാക്സിയും വിളിച്ചു പോകുമ്പോൾ വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു. പോകുംവഴി ഞാൻ പലരെയും വിളിച്ചു ഒന്ന് ഹോസ്പിറ്റൽ വരെ വരൂ ഒരു കുഞ്ഞ് മരണപെട്ടു.  വീണ്ടും ബെല്ലടിച്ചപ്പോൾ പെട്ടെന്ന് തന്നെ എടുത്തു ചോദിച്ചു. എന്തേ, ഞാൻ വന്നുകൊണ്ടിരിക്കുന്നു. ഭായ്, എനിക്കൊരു പട്ടിന്റെ തുണിവേണം എന്റെ കുഞ്ഞിനെ പുതപ്പിക്കാൻ. എങ്ങിനെയെങ്കിലും കൊണ്ടുവരണം എനിക്ക് അവൾക്ക് കൊടുക്കാൻ ഇതല്ലേ പറ്റു.

 

ഒക്കെ ഒക്കെ എത്തിക്കാം.. എവിടുന്ന്, ഇത്ര രാവിലെ എവിടുന്ന് കിട്ടും. ചില സന്ദർഭങ്ങൾ അങ്ങിനെയാണ് അറബി വസ്ത്രങ്ങൾ വിൽക്കുന്നൊരു കട തുറന്ന് കിടക്കുന്നു. ടാക്സിക്കാരനോട് കട ചൂണ്ടി പറഞ്ഞു അവിടെ ഒന്ന് നിർത്തു ഒരു സാധനം വാങ്ങാനുണ്ട്. നല്ല ഗോൾഡൻ കളറിൽ ഉള്ള സിൽക്കിന്റെ തുണിയും വാങ്ങി ഹോസ്പിറ്റലിൽ എന്തുമ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഞാൻ വിളിച്ച എല്ലാവരും തന്നെയുണ്ടവിടെ. 

 

എന്നെവിളിച്ചയാളെ മാത്രം കണ്ടില്ല. വെറുതെ ചുറ്റും കണ്ണോടിച്ചപ്പോൾ കസേരയിൽ മുഖവും പൊത്തി ഇരിക്കുന്ന ആളെ കണ്ട് ഞാൻ ചോദിച്ചു. നിങ്ങൾ... 

അതെ ഞാനാണ് വിളിച്ചത്, തുണിയെവിടെ. എന്റെ കയ്യിലിരുന്ന തുണിയും വാങ്ങി അയാൾ പോയി. ഒരു ചെറിയ പയ്യൻ, എന്തോ വല്ലാത്ത ബന്ധം പോലെ.

ഇനിയെന്ത് എന്ന് ചിന്തിച്ചു നമുക്ക് പോകാം എന്ന് പറഞ്ഞു തിരിയുമ്പോൾ വീണ്ടും അവൻ വന്നിട്ട് ചോദിച്ചു.

 

ഭായ് ഈ തുണിക്ക് എത്ര ദിർഹം ആയി, ഓഹ് അത് കുഴപ്പമില്ല, കുഞ്ഞിന് വേണ്ടിയല്ലേ. ഇല്ല പറ്റില്ല ഭായ്, എന്റെ കുഞ്ഞിന് അച്ഛൻ എന്ന നിലയിൽ എനിക്ക് എന്തെങ്കിലും ചെയ്യണ്ടേ. എത്രയായി പറ. വല്ലാത്തൊരു വേദന തോന്നിയെങ്കിലും ഞാൻ പറഞ്ഞു 33 ദിർഹം. പട്ടിന്റെ വില 33 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com