ശ്രീകണ്ഠൻ കരിക്കകം ജീവിതമെഴുതുമ്പോൾ 

book-review
SHARE

അനുഭവച്ചൂടിൽ അക്ഷരങ്ങൾ തിളച്ചുമറിയുമ്പോൾ അത് തൊട്ടറിയുക വായനക്കാരനെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒന്നായിത്തീരും.  ജീവിതവഴികളിൽ തറഞ്ഞ മുള്ളുകളും തഴുകിയ തൂവൽസ്പർശവും ഒക്കെ 'തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്' എന്ന പുസ്തകത്തിലൂടെ ശ്രീകണ്ഠൻ കരിക്കകം എഴുതിവയ്ക്കുമ്പോൾ, ജീവിതഭാരവും ജീവിതപാഠവും നിറഞ്ഞ് താൻ താങ്ങിനടന്ന ചുമട് ഒന്നിറക്കി വയ്ക്കുന്ന കണക്കേ എഴുത്തുകാരൻ ആശ്വാസം കൊള്ളുന്നു. അതിനാൽത്തന്നെ വായന മനസ്സിൽനിന്നും മായാത്തവണ്ണം വല്ലാത്തൊരു അനുഭവമായി ഭവിക്കുകയും ചെയ്യുന്നു.  ജീവിതപന്ഥാവിലെ ആക്രോശങ്ങളില്ലാത്ത  ഈ പിൻനടത്തം മറ്റുപല അനുഭവക്കുറിപ്പുകളിൽനിന്നും എഴുത്തിന്റെ ശക്തിയാൽ ആത്മാർഥവും അർത്ഥപൂർണ്ണവുമായ വായനയായിത്തീരുന്നത് അതിനാലാണ്.  

സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാൻ പാകത്തിൽ മാന്യവും മാസ്മരികവുമായ അക്ഷരവിന്യാസമാണ് പുസ്തകത്തിലാകെ.  ഇതേ തലക്കെട്ടിൽ, ഫേസ്‌ബുക്കിൽ കരിക്കകം എഴുതിവന്ന അനുഭവക്കുറിപ്പുകൾ തിരഞ്ഞെടുത്ത്  ഒന്നുകൂടി ഉലയിൽ ഉരുക്കി ഭംഗിയേകി അവതരിപ്പിച്ചിരിക്കുകയാണ് പുസ്തകത്തിൽ.  നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ അനുഭവങ്ങളും പാഠങ്ങളും മുന്നോട്ടുള്ള ജീവിതത്തിന് എങ്ങനെ ചാലകശക്തിയായി തീരും എന്ന മട്ടിൽ പ്രതീക്ഷയുടെ സുഭാഷിതം കണക്കെ ഈ പുസ്തകത്തെ സമീപിക്കാം.  ജീവിതത്തിൽ ഉണ്ടായ ഇത്തരം തീഷ്ണമായ അനുഭവങ്ങൾ വായനക്കാരായ ഓരോരുത്തർക്കും ഒന്ന് തിരിഞ്ഞുനോക്കിയിൽ അകലെയല്ലാതെ ദർശിക്കാനാകും എന്നത് വായനയെ ഹൃദയത്തോട് ചേർത്തുനിർത്തും.  ഇതിലെ പല കഥാപാത്രങ്ങളും താൻ തന്നെയല്ലേ എന്നൊരു ചിന്ത വായനക്കാരന് ഉണ്ടാക്കുവാൻ എഴുത്തുകാരന് കഴിയുന്നു എന്നയിടത്താണ് അനുഭവങ്ങളുടെ തിരഞ്ഞെടുപ്പ് പ്രസക്തമാവുക.  ഒരു വള്ളിപ്പടർപ്പുപോലെ വായനയുടെ തുടക്കം മുതൽ ഒടുക്കം വരെ പടർന്നുകയറുന്ന അനുഭവം. 

ഈ പുസ്‌തകത്തിന്റെ പ്രത്യേകതകളിൽ മുന്നിട്ട് നിൽക്കുന്നത്, ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്.  ലളിത പദശൈലി,  അനുഭവത്തിൻറെ ചൂടും തണുപ്പും, കൺമുന്നിൽ കാണുന്നതുപോലെയുള്ള ചിത്രീകരണ വൈഭവം ഒക്കെ വായന രസകരമാക്കുന്നു.  താൻ ജീവിക്കുന്ന സമൂഹത്തിന് നൽകുന്ന അനുഭവപാഠങ്ങൾ പലതും സാരോപദേശകഥകൾ പോലെയോ, നല്ല ഉപമകൾ പോലെയോ മനസ്സിൽ തറഞ്ഞുനിൽക്കുവാൻ പാകത്തിലുള്ള എഴുത്ത്.  ജീവിതവഴികളിൽ കണ്ട വ്യക്തികളെ പ്രത്യേകിച്ച് സാഹിത്യകാരന്മാരുമായുള്ള അനുഭവങ്ങൾ സാഹിത്യകുതുകികൾക്ക് വായനയിൽ ഇമ്പമേകും.   പിതാവിന്റെയും അനുജന്റെയും വേർപാട് നൽകിയ വലിയ ശൂന്യതയിൽ നിന്നും മോചനമെന്ന രീതിയിലാണ് താൻ കാലത്തിൻറെ ഈ അടയാളപ്പെടുത്തലുകൾ കോറിയിടുന്നതെന്ന് എഴുത്തുകാരൻ തുടക്കത്തിൽ പറയുന്നുണ്ട്.  എഴുത്തിലെ ആത്മാർത്ഥയുടെ നേർരേഖയാണ് ആ വാക്കുകൾ.  മനസ്സിൽ തറയ്ക്കുന്ന പുസ്തകത്തിലെ ചില വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിക്കുക:

'ഒന്നിലേറെ തവണ ആത്മഹത്യക്ക് തുനിഞ്ഞിട്ടും, നീണ്ടനാൾ പിണങ്ങി അകന്ന് കഴിഞ്ഞിട്ടും ആ (അച്ഛൻ എഴുതിയ) കത്തുകൾ നശിപ്പിച്ച് കളയാതെ അമ്മ ഈ രഹസ്യ അറയിൽ സൂക്ഷിച്ചത് എന്തിനായിരുന്നു?' - രഹസ്യ അരയിലെ പ്രണയലേഖനങ്ങൾ.  'നാല് സെന്റിനെ നാൽപത് ഏക്കറാക്കി മാറ്റുന്ന ഭാവനയുണ്ട് എഴുത്തിലും ജീവിതത്തിലുമെല്ലാം'-നിലയ്ക്കാത്ത ഇരമ്പങ്ങൾ.  'കല്പിത കഥകളിലെ ക്ലൈമാക്സുകളെ അമ്പേ പരാജയപ്പെടുത്തിക്കൊണ്ടിരിയ്ക്കും ജീവിതമെന്ന യാഥാർഥ്യങ്ങളുടെ വലിയ കടൽ'-യാഥാർഥ്യമെന്ന വലിയ കടൽ.  'ഭാരതം ഇന്ന് മറ്റുപലതിലും മോടിയോടെ വളരുമ്പോൾ രോമംപോലും ഭാരമായിത്തീരുന്ന എത്ര എത്ര ജന്മങ്ങൾ'-രോമം.  'പ്രതിസന്ധികളിലെ ഉച്ചച്ചൂടിൽ ഒന്ന് വാടിയാലും പുലർകാലങ്ങളിലെ തണുപ്പിൽ വീണ്ടും ഉയിരിട്ട് അതിന്നും ഒപ്പമുണ്ട്'-മലയാള മനോരമയിലെ ഏലയ്ക്കാ ചായ.  'ദാമ്പത്യത്തിലെ സ്വസ്ഥതയില്ലാത്ത രാത്രികൾ നരകത്തിലെ നൃത്തശാല പോലെയായിരുന്നു'-രഹസ്യ അറയിലെ പ്രണയലേഖങ്ങൾ. 'സാഹിത്യമൊക്കെ വായിച്ചെന്ന് ഞെളിഞ്ഞിട്ടും അതിൽ നിന്നൊക്കെ പ്രസരിക്കുന്ന ഒരു ചെറുകിരണം പോലും ഉള്ളിൽ കടത്താതെ മനസ്സൊരു ദുഷിച്ച മാലിന്യകൂമ്പാരമായി സൂക്ഷിക്കുന്ന ചില പ്രബുദ്ധ ജീവികളുണ്ട്'- സാഹിത്യത്തിലെ മൈനുകൾ' 

മേൽപറഞ്ഞ തരത്തിൽ സാഹിത്യം ഉരുകിച്ചേർന്ന ഉരുകിയൊലിക്കുന്ന ജീവിത സത്യങ്ങൾ ശ്രീകണ്ഠൻ കരിക്കകത്തിന്റെ ഈ പുസ്തകത്തിൽ കാണുവാനാകും. ഓരോ അനുഭവും ഓരോ രീതിയിൽ നമ്മെ തൊട്ടു തഴുകി ഒരു പുഴയുടെ കുളിർമപോലെ ഒഴുകുന്ന വായന അനുഭവത്തിൻറെ അനുഭൂതിയല്ലതെ മറ്റെന്നതാണ്?.   സഖാവ്, ഭിക്ഷ, പൊന്നി, തകഴിയുടെ കടൽ, ദൈവം വരുന്ന വഴി,  വിശപ്പ്, ഗൂഢം, പരാജിതരുടെ ഇടം, ബോഡി, അമ്മയിലേക്കുള്ള ദൂരം, കടൽ തീവണ്ടി വിമാനം, ഉടയാടകൾ എന്നിങ്ങനെ അനുഭവ സത്യത്തിന്റെ വിവിധ ഭാവങ്ങൾ നിറഞ്ഞ കുറിപ്പുകൾ.  അധികം നീണ്ടുപോകാതെ കാച്ചികുറുക്കി എഴുതിയിരിക്കുന്ന അനുഭവങ്ങൾ പലതും കഥകൾ ആക്കുവാൻ ശക്തിയുള്ളതെങ്കിലും ഇത്തരത്തിൽ അത് രൂപപ്പെട്ടതിന് കാരണം എഴുത്തുകാരൻ തുടക്കത്തിൽ പറയുന്ന അവിചാരിതമായ വേർപാടുകളുടെ നൊമ്പരപ്പാടുകൾ തന്നെ. 

താൻ നടന്ന വഴിയേ, വായനക്കാരനെ അക്ഷരസൗഹൃദവുമായി കൂടെ നടത്തുവാൻ ശ്രീകണ്ഠൻ കരിക്കകം നടത്തുന്ന ആത്മാർത്ഥയാത്രയാണിത്.  എഴുത്തുകാരൻറെ ശക്തമായ കയ്യൊപ്പ് പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു.  അനാവശ്യ പ്രയോഗങ്ങളോ, സഭ്യതയുടെ ലക്ഷ്മണരേഖ മുറിച്ചുകടക്കലോ ഇല്ലാത്ത ഈ കുറിപ്പുകൾ അടുത്തകാലത്ത് പുറത്തിറങ്ങിയ നല്ല പുസ്തകങ്ങളുടെ കൂട്ടത്തിൽ ചേർത്തുവയ്ക്കാം. ഉള്ളുതുറന്നു പറയട്ടെ; ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ 'ചിദംബര സ്മരണയ്ക്ക്' ശേഷം ഇത്രമേൽ മനസ്സിനെ കീഴടക്കിയ ഒരു പുസ്തകം ഇല്ല. അനുഭവക്കുറിപ്പുകൾ എഴുതുന്നവർക്ക് പാഠപുസ്തകം പോലെ സുന്ദരമായ എഴുത്ത്ശൈലി. വിപുലമായ പതിപ്പുകൾ ഈ പുസ്തകത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷ.  ഭാഷയെ, അനുഭവയാഥാർഥ്യങ്ങളെ, ജീവിതത്തെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം.

'തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്'എന്ന പുസ്തകത്തിന് 157 പേജുകൾ.  വില-160 രൂപ. പ്രസാധകർ - ഊഞ്ഞാൽ പബ്ലിക്കേഷൻസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA