ജയൻ: തോൽക്കാൻ എനിക്കു മനസ്സില്ല എന്ന് മരണത്തെ വെല്ലുവിളിച്ച നടൻ

jayan
SHARE

ജയൻ മരിക്കും മുമ്പൊരു ഓണക്കാലത്താണ്,  ഞാൻ ആദ്യമായി ഒരു സിനിമ കാണുന്നത്. ആ സിനിമയിൽ ജയനില്ലായിരുന്നു. നസീറും വിധുബാലയും ഉമ്മറുമൊക്കെ അഭിനയിച്ച 'യാഗാശ്വം' എന്ന ചിത്രമായിരുന്നുവത്. സുമംഗല ടീച്ചറുടെ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴായിരുന്നു ആദ്യ സിനിമ കാണലിന്റെ അമ്പരപ്പ്.  സുകുവേട്ടനാണ് സൈനാടാക്കീസിൽ സിനിമ കാണാൻ കൊണ്ടുപോയത്. 

പക്ഷേ ജയനെ കുറിച്ചുള്ള വീരകഥകൾ കേൾക്കാൻ തുടങ്ങിയതിന് എന്റെ ഓർമ്മകളോളം പഴക്കമുണ്ട്. അച്ഛനും അമ്മയുമൊക്കെ പണിക്ക് പോകുന്നവരായതിനാലും, മുതിർന്നവർ സ്കൂളിൽ പോയിക്കഴിഞ്ഞാൽ ഞാനും അനിയത്തിമാരുമൊക്കെ പകൽ സമയം ചിലവഴിക്കുന്നത് തൊട്ടു തന്നെയുള്ള കൊച്ചമ്മയുടെ വീട്ടിലാണ്. ഞങ്ങളെ പോലെ വേറെയും കുറേ കുട്ടികളുടെ കേന്ദ്രമായിരുന്നു ആ വീട്. ബാലവാടിയൊന്നും സജീവമായിത്തുടങ്ങിയിട്ടില്ലാത്ത കാലം. 

കൊച്ചമ്മയും ഭർത്താവ് സുബ്രേട്ടനും രണ്ട് പെൺമക്കളും (പത്മിനിച്ചേച്ചി, നളിനിച്ചേച്ചി) വീട്ടിലിരുന്ന് ബീഡി ചുരുട്ടലാണ് പണി. എൽ ആകൃതിയിലുള്ള അവരുടെ വലിയ ഉമ്മറത്ത്, കാലത്ത് മുതൽ വൈകീട്ട് വരെ ആ പരിസരത്തുള്ള മറ്റ് ബീഡി തൊഴിലാളികളായ ചേച്ചിമാരും താത്തമാരും ബീഡി തെരയ്ക്കാനുണ്ടാവും. ഇല വെട്ടുമ്പോഴും, ബീഡി ചുരുട്ടുമ്പോഴും, പുകയില നിറയ്ക്കുമ്പോഴും, കെട്ടുകളാക്കി വേർത്തിരിക്കുമ്പോഴും മുറ്റത്ത് ഉണക്കാൻ ഇടുമ്പോഴും, കട്ടൻ ചായയും റൊട്ടിയും കഴിക്കുമ്പോഴും ഊണ് കഴിക്കുമ്പോഴും ഇവർ പറയുന്നതൊക്കെ സിനിമാ കഥകളാണ്. ആ കഥകളിലൊക്കെ വീരപരിവേഷമുളളത്ത് ജയനെ കുറിച്ചാണ്. ജയന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്ര പോസ്റ്ററുകൾ പലതും ഒട്ടിച്ച് വച്ചിട്ടുണ്ട് കൊച്ചമ്മയുടെ ഉമ്മറച്ചുമരിൽ. മനസ്സിൽ പതിഞ്ഞ് കിടക്കുന്ന രണ്ട് ചിത്രങ്ങൾ, ഇടതു കൈ മുകളിലേയ്ക്ക് മടക്കി വലതു കൈ താങ്ങി നിർത്തിയ പോലെ അർദ്ധനഗ്നതയുളള ഒരു പടം. മറ്റൊന്ന്, പാറകൾക്കടുത്ത് ഒരു പാറയിൽ കാൽ കയറ്റി വെച്ച് സേഫ്റ്റി ഷൂയിട്ട് താടിയിൽ പിടിച്ച് നിൽക്കുന്ന തടവറ എന്ന സിനിമയിലെ ചിത്രവും. പിൽക്കാലത്ത് നോട്ടു പുസ്തകങ്ങളുടെ കവർച്ചിത്രമായും ഈ ഫോട്ടോ കണ്ടിട്ടുണ്ട്. ചെറിയ സിനിമാ പുസ്തകങ്ങളും പാട്ടു പുസ്തകങ്ങളും ജയന്റെ മുഖച്ചിത്രത്തോടെ അവിടെയുണ്ടായിരുന്നു. ജയൻ രണ്ട് പുലിക്കുട്ടികളെ പിടിച്ചു നിൽക്കുന്ന ഒരു ചിത്രം ഞങ്ങളുടെ ഉമ്മറത്ത് മനോഹരേട്ടൻ തൂക്കിയിട്ടിരുന്നു. 

ജയന്റെ ചലച്ചിത്രങ്ങൾ കണ്ടിട്ടുള്ള രാധയും പൊന്നുവും ജയനും ദാസേട്ടനും കുമാരിയും രമയുമൊക്കെ ജയന്റെ അടിയും ചാട്ടവും പാട്ടുമൊക്കെ അനുകരിച്ച് കളിക്കും. അങ്ങനെയങ്ങനെ ജയന്റെ സിനിമകൾ കാണാതെ ജയൻ മനസ്സിൽ കയറിക്കൂടി. 

jayan-2

ജയൻ മരിച്ചതറിഞ്ഞ്  കൊച്ചമ്മയുടെ വീടൊരു മരണ വീടിന്റെ പ്രതീതി ജനിപ്പിച്ച് മൂകത തളം കെട്ടിക്കിടന്നു. പ്രിയപ്പെട്ടവരാരോ മരിച്ച ഭാവം എല്ലാവരുടെ മുഖത്തും. അതിന്റെ അടുത്ത ദിവസം മുതൽ ജയന്റെ വർത്തമാനങ്ങൾ കൂടി വന്നു. സിനിമാ വാരികയിൽ വന്നൊരു മാലയിട്ട ജയൻ ചിത്രം കൂടി സുബ്രേട്ടൻ ചുമരിൽ പുതുതായി തൂക്കിയിട്ടു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ എലികോപ്ടറിൽ (ഹെലികോപ്ടർ അന്നങ്ങനെയാണ് വിചാരിച്ചിരുന്നത്) നിന്നും വീണു മരിച്ചുവെന്നാണ് സുബ്രേട്ടൻ പറഞ്ഞത്. ആ സിനിമ വരുമ്പോൾ നമുക്ക് എല്ലവർക്കും ഒന്നിച്ച് കാണാൻ പോകണമെന്നും മൂപ്പര് പറഞ്ഞിരുന്നു. 

അടുത്ത വർഷം വിഷുവിനാണ് ഞാൻ എന്റെ രണ്ടാമത്തെ സിനിമ കാണുന്നത്. ജയൻ അഭിനയിച്ച ഒരു സിനിമ ആദ്യമായി കാണാൻ പോകുന്നതിന്റെ സന്തോഷവും ആകാംക്ഷയും ആവോളമുണ്ടെനിക്ക്. കൊച്ചമ്മയും സുബ്രേട്ടനും ചേച്ചിമാരും സുരേഷേട്ടനും ശ്യാമളച്ചേച്ചിയുമൊക്കെയായി മാറ്റിനി കാണാനാണ് പോയത്. 'അന്തപ്പുരം' എന്നാണ് സിനിമയുടെ പേര്. സിനിമ കാണാൻ പോകാനുള്ള ആവേശം അതിൽ ജയൻ ഉണ്ട് എന്നതുതന്നെയാണ്. 

സിനിമ തുടങ്ങും മുമ്പ് ഒരു ന്യൂസ് റീൽ കാണിച്ചു. ജയന്റെ അപകട മരണവും മറ്റ് ചടങ്ങുകളും കണ്ട്, കൊച്ചമ്മയെ പോലെ മറ്റുപലരും കരഞ്ഞ് മൂക്ക് പിഴിഞ്ഞ്, കണ്ണീർ തുടയ്ക്കുന്നാണ്ടായിരുന്നു. അന്തപ്പുരത്തിലെ ജീവനുളള ജയനെ കണ്ടപ്പോൾ ജയൻ മരിച്ചിട്ടില്ല എന്നറിഞ്ഞ് ഞാൻ അതിയായി സന്തോഷിച്ചു. ജയൻ മരിച്ചത് ഞാനപ്പോൾ മറന്നു പോയിരുന്നു.  ജയൻ മരിക്കുന്നതിന് രണ്ട് നാൾ മുമ്പ് മാത്രം റിലീസ് ചെയ്ത അന്തപുരത്തിൽ നസീറിനൊപ്പം ആക്ഷൻ ഹീറോ വേഷത്തിൽ ജയൻ തിളങ്ങി. അമ്മയെ കൊന്ന് വീട് തീയ്യിട്ടപ്പോൾ ഓടി രക്ഷപ്പെട്ട കൊച്ചു കുട്ടിയായ ജയൻ, പ്രതികാരം ചെയ്യാൻ വലുതായി തിരിച്ചു വരുന്നതാണ് അന്തപുരത്തിലെ വാസു എന്ന ജയന്റെ കഥാപാത്രം. 

പിന്നെയും കുറച്ച് നാൾ  കഴിഞ്ഞാണ് സൈനയിൽ കോളിളക്കം വരുന്നത്. സുബ്രേട്ടൻ പറഞ്ഞ വാക്ക് പാലിച്ചു. മാറ്റിനിക്ക് പോയി ടിക്കറ്റ് കിട്ടിയില്ല. ജനത്തിരക്കിനാൽ അടിയും പിടിയും വലിയും ബഹളവും കാരണം പൊലീസ് വന്ന് ലാത്തിവീശി. ഞങ്ങൾ തിരിച്ചു പോന്നു. സെക്കൻഡ് ഷോയ്ക്ക് വീണ്ടും പോയാണ് കോളിളക്കം കണ്ടത്. ജയന്റെ ശവശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടുത്തിയ ന്യൂസ് റീൽ സിനിമ തുടങ്ങും മുമ്പ് കാണിച്ചിരുന്നു. എങ്കിലും സിനിമ കാണാൻ തുടങ്ങിയപ്പോൾ ജയൻ ജീവിച്ചിരിക്കുന്നുവെന്ന ധാരണ കൂടിക്കൂടി വന്നു. ബാലൻ കെ നായരെ കയ്യിൽ കിട്ടിയാൽ ജയനെ പോലെ ഇടിയ്ക്കാനുളള ദേഷ്യം ഉണ്ടായിരുന്നു അപ്പോൾ. 

അവിടെ നിന്നങ്ങാേട്ട് ജയൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും കണ്ടു. ആ സിനിമകളിലൂടെ ജയൻ വളർന്നു വളർന്നു വന്ന്, മനസ്സിലൊരു ആൽമരം പോലെ തലയുയർത്തി നിന്നു. സൈനയിൽ ടിക്കറ്റ് ചീന്തുന്ന ജോലി ചെയ്തിരുന്ന മനോഹരേട്ടന് ചോറ് കൊണ്ടു കൊടുക്കാൻ പോയി ഞാനും സുരേഷേട്ടനും കൂടി ഒരേ സിനിമ ഏഴു ദിവസം വരെ സൗജന്യമായി കാണുന്ന കാലത്തിലൂടെ കടന്ന് പോയപ്പോൾ കാണാത്ത ജയൻ സിനിമകളില്ലാതെയായി. അക്കൂട്ടത്തിൽ  ഒരു സിനിമ കാണാൻ വിട്ടുപോയത് പിന്നീട് യൂട്യൂബിലാണ് കണ്ടത്. സീമ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമ.  വില്ലൻ മുഖമുള്ള പേരില്ലാത്ത അസാധാരണ മനുഷ്യനായിരുന്നു ജയന്റെ വേഷം. തലശ്ശേരി രാഘവന്റെ കഥയ്ക്ക് ടി. ദാമോരൻ തിരക്കഥ  ഐ വി ശശി സംവിധാനം ചെയ്ത കാന്തവലയം എന്ന ചിത്രമായിരുന്നുഅത്. 

ജയൻ സിനിമകളിൽ ഏറ്റവും ഇഷ്ടം തോന്നിയ വേഷം മദനോത്സവത്തിലെ ഡോക്ടർ ജയകൃഷ്ണനാണ്. കമൽഹാസനും സറീനാ വഹാബും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ഇടവേളയ്ക്ക് ശേഷം മാത്രമാണ് ജയൻ വരുന്നത്. നായികയുടെ മാരകരോഗം നായകനെ അറിയിക്കുന്നതും ഉചിതമായ ഇടപെടലുകളിലൂടെ സിനിമയുടെ അവസാന രംഗങ്ങളിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്യുന്ന കഥാപാത്രം. ജയന്റെ സ്ഥിരം ആക്ഷൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു, മദനോത്സവത്തിലെ ഡോക്ടർ. 

നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് സലാമു കുന്നംകുളത്തെ എച്ച് ആൻഡ് സി ബുക്ക് സ്റ്റാളിൽ നിന്നും ജയൻ അമേരിക്കയിൽ ഉണ്ടെന്നുളള കഥാപുസ്തകവുമായി വരുന്നത്. മഞ്ഞ നിറമുള്ള പുറംച്ചട്ടയിൽ 'ജയൻ അമേരിക്കയിൽ" എന്നെഴുതിയിരുന്നു. അതിലെ ജയന്റെ ഫോട്ടോയ്ക്ക് ഒറ്റക്കണ്ണ് മാത്രം മറയ്ക്കുന്ന കറുത്ത കണ്ണടയുണ്ടായിരുന്നു. ജയന്റെ കണ്ണിന് മാത്രമേ അപകടം പറ്റിയിട്ടുള്ളു, അദ്ദേഹം അമേരിക്കയിൽ ചികിത്സയിലാണെന്നും ഉടനെ തിരിച്ചെത്തുമെന്നും ആ പുസ്തകത്തിൽ ഉണ്ടായിരുന്നു. ബാലൻ കെ നായരും എം എൻ നമ്പ്യാരും സിലോൺ മനോഹറും ജോസ് പ്രകാശുമൊക്കെ ചേർന്ന് ജയനെ കെല്ലാൻ ശ്രമിച്ചു വെന്നും ജയൻ രക്ഷപ്പെട്ട്, ഹെലികോപ്ടറുമായി അമേരിക്കയിലെത്തി എന്നൊക്കെയുള്ള കഥകൾ മുജീബും മൊഹമദലിയു സലിയും രവീന്ദ്രനും ശിവദാസനും ഒന്നിച്ചിരുന്ന് വായിച്ച്  സന്തോഷം കൊണ്ടു. സിനിമ തന്നെയാണ് ജീവതമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. 

അക്കാലത്ത് എന്തിനും ഏതിനും ഒരു ജയൻ കയറി വരും സംസാരത്തിൽ എന്നത് ഞങ്ങൾക്കാർക്കും ഒഴിവാക്കാൻ പറ്റാത്ത കാര്യമായി. കൂട്ടുകാരുമായി തല്ല് പിടിക്കുമ്പോൾ നീയാരാ ജയനോ, മരക്കൊമ്പിൽ തൂങ്ങിക്കിടക്കുമ്പോൾ ഞാൻ ജയനാടാ, എന്നിങ്ങനെ, ഡെഡ്ക്കിൽ കയറി നിൽക്കുമ്പോൾ, കുളത്തിൽ കൂപ്പുകുത്തുമ്പോൾ, പന്ത് കളിക്കുമ്പോൾ, ഓടുമ്പോൾ, ചാടുമ്പോൾ തുടങ്ങിയ ഒട്ടുമിക്ക സമയത്തും നീ ജയനാേ ഞാൻ ജയനോ എന്നൊരു വീരവാദമോ തർക്കമോ ഞങ്ങൾക്കിടയിൽ മുഴങ്ങിക്കേട്ടു.

പെരുമ്പിലാവ് ചന്തയുടെ താഴത്തുള്ള ചായക്കടക്കാരന് ജയന്റെ മുഖഛായയുള്ളത്ത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. ചന്തയിൽ പോകുമ്പോഴൊക്കെ, ഒരു ക്ലാസ് വെളളം വേണമെന്ന ഭാവത്തിൽ ആ ഇക്കയെ കാണാൻ കടയിലേയ്ക്ക് കയറുന്നത് പതിവായിരുന്നു.  കൈയ്യില്ലാത്ത ചുവന്ന ബനിയനിട്ട ഒരു ജയൻ, പുട്ടിൽ കടല ഒഴിച്ച് കൊടുക്കുന്നതും, ചായ നീട്ടിയടിക്കുന്നതും ഗ്ലാസുകൾ കഴുകുന്നതും കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു. 

ജയൻ അഭിനയച്ച ആദ്യ ചിത്രമായ ശാപമോക്ഷം 1974 ഫെബ്രുവരി മാസത്തിലാണ് റിലീസ് ചെയ്യുന്നത്. അതിനും മൂന്ന് മാസം കഴിഞ്ഞ് ജനിച്ച ഒരാളാണ് ഞാൻ. 1979 ൽ തന്റെ  ശരപരപഞ്ചരത്തിൽ ജയൻ ആദ്യമായി നായകനായി അഭിനയിക്കുമ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്നു. എന്നാൽ ശരപഞ്ചരത്തിന് ശേഷം ജയന് ഒരു വർഷക്കാലം സിനിമയല്ലാതെ മറ്റൊന്നിനും സമയമില്ലായിരുന്നു. ഒരുവർഷത്തിനുള്ളിൽ ജയൻ അഭിനയിച്ചത് നാല്പത്തിയാറ് ചിത്രങ്ങളിലാണ്. 

എല്ലാം അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും. മീൻ, ഇടിമുഴക്കം, തടവറ, മൂർഖൻ, കരിപുരണ്ട ജീവിതങ്ങൾ, നായാട്ട്, അങ്കക്കുറി, ശക്തി, സർപ്പം, ആവേശം, മനുഷ്യമൃഗം, ഇത്തിക്കരപ്പക്കി, അങ്ങാടി, ലൗ ഇൻ സിംഗപ്പുർ, സഞ്ചാരി, ആക്രമണം, ഇവിടെ കാറ്റിന് സുഗന്ധം, ബെൻസ് വാസു, അന്തപ്പുരം തുടങ്ങിയ അന്നത്തെ ടാക്കീസ് ഹിറ്റുകൾ. ഈ ചിത്രങ്ങൾ ഏറെയും ജനങ്ങളിലേക്ക് എത്തിയത് ജയന്റെ മരണത്തിന് ശേഷം എന്നത് തന്നെയായിരുന്നു ജയൻ മരിച്ചിട്ടില്ല എന്നൊരു തോന്നലിൽ കാണികൾ മുഴുകിയതും. 

ജയന്റെ ആദ്യ കാല ചിത്രങ്ങളിൽ പലതും ചെറിയ വേഷങ്ങളായിരുന്നു. വെറുതെ വന്നു പോകുന്ന വേഷങ്ങളിലും ജയൻ തന്റേതായ ഒരു ശൈലി പുലർത്തിയിരുന്നു. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ശരീര ഭാഷ ജയനുണ്ടായതു തന്നെയാണ് അക്കാലത്തെ മറ്റു ക്ലീഷേ നടന്മാരിൽ നിന്നും ജയനെ വ്യത്യസ്തനാക്കിയതും. ജയന്റ വില്ലൻ കഥാപാത്രങ്ങൾക്കും ഒരു സൗന്ദര്യമുണ്ടായിരുന്നു. 

താൻ പിന്നിട്ട് പോന്ന പൂർവ്വ ജീവിതത്തിലെ സാഹസികമായ ജോലിയാവാം സിനിമയിലും അത്തരം വേഷങ്ങളിലേക്ക് ജയനെ ആകർഷിച്ചത്. അത്തരം സാഹസികവേഷങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ജയൻ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ജയനു വേണ്ടി അത്തരം സീനുകൾ പലതും ചിത്രങ്ങളിൽ എഴുതിച്ചേർത്തതോ, ജയൻ ആവശ്യപ്പെട്ടതോ ആയി ഉരുത്തിരിഞ്ഞു വന്നു. ജയന്റേതായ ഒരു മാസ്മരികതയിൽ വേറിട്ട അത്തരം രംഗങ്ങൾ ജനങ്ങൾ വളരെ പെട്ടെന്ന് സ്വീകരിച്ചു. ആനയുടെ കൊമ്പിൽ തൂങ്ങിയും  പുലിയെ പിടിച്ച് തോളിലിട്ടും  മുതലയുമായി മൽപ്പിടുത്തം നടത്തിയും ക്രെയിനിൽ തുങ്ങിക്കിടന്നും കെട്ടിടങ്ങളിൽ നിന്നും എടുത്തു ചാടിയും ജയൻ മലയാള സിനിമയിൽ മറ്റൊരു തരംഗത്തിന് തുടക്കമിട്ടു. ജനങ്ങളിൽ ജയൻ ഒരു ആവേശമായി തീരാൻ അത് കാരണമായി. യുവാക്കളും കുട്ടിക്കളും ജയന്റെ ആരാധകരാവാൻ പിന്നെ അധികം കാലം വേണ്ടി വന്നില്ല. ശബ്ദത്തിലും സംഭാഷണ രീതിയിലും മറ്റാരേക്കാളും ഗാഭീരമുള്ള രീതിയും ജനങ്ങളെ ആകർഷിച്ചു.  ജയന്റെ സംഭാഷണങ്ങൾ യുവാക്കാൾ കാണാപാഠം പഠിച്ചു. 

ആക്‌ഷൻ സീനുകൾ പലതും പെർഫക്ഷനു വേണ്ടി വീണ്ടും വീണ്ടും എടുപ്പിക്കുന്ന പ്രവണതയും ജയനുണ്ടായിരുന്നു. കോളിളക്കത്തിലെ അപകടത്തിന് സാഹചര്യമുണ്ടാക്കിയ രംഗം രണ്ട് പ്രാവശ്യം സംവിധായകന്റെ സംതൃപ്തിക്ക് എടുത്തിട്ടും ജയന് തൃപ്തിയാവാത്തതിനാൽ വീണ്ടും എടുക്കുകയായിരുന്നുവെന്നാണ് സംവിധായകൻ സാക്ഷ്യപ്പെടുത്തിയത്. മലയാള സിനിമയിൽ ഏറെക്കാലം സജീവ സാന്നിദ്ധ്യമായി ജയൻ ഉണ്ടാകുമായിരുന്നു. ചിരഞ്ജീവി, രജനികാന്ത്, അമിതാബച്ചൻ തുടങ്ങിയ ജയന്റെ സമകാലികരായ സുപ്പർ സ്റ്റാറുകളെ പോലെ ജയനും തന്റെ സിനിമ കരിയർ ഉയർത്തി കൊണ്ടു വരുമായിരുന്നു. പക്ഷേ, അഭിയനത്തിലെ സാഹസികതയും ആത്മാർഥതയും ജയന്റെ ജീവനെടുത്തു. 

ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ച്, ജയനെ സൂപ്പർ സ്റ്റാർ പദവിയിലേയ്ക്കുയർത്തി 

2011-ൽ ഗ്രാഫിക്സിന്റെ സഹായത്തോടെ അവതാരം എന്ന ചിത്രത്തിൽ ജയനെ നായകനായി അവതരിപ്പിക്കുകയുണ്ടായി. എസ്. ആർ. ലാൽ എഴുതിയ ജയന്റെ ജീവചരിത്രം വിഷയമാവുന്ന 'ജയന്റെഅജ്ഞാതജീവിതം' എന്ന നോവൽ പുസ്തകമാക്കുന്നുവെന്നതൊക്കെ ഇക്കാലത്തും ജയന്റെ ഓർമകൾക്ക് മരണമില്ലെന്നതിന്റെ  ഉദാഹരണമാണ് ജയൻ ഇതിഹാസനായകൻ എന്ന പേരിൽ വാട്ട്സപ്പ് കൂട്ടായ്മയും ഫെയ്സ്ബുക്ക് പേജുമൊക്കെ സജീവമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA