ADVERTISEMENT

 

അതൊരു ശബ്ദസന്ദേശമായിരുന്നു. 

 

കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഹിന്ദിയിൽ തന്നെ തുടരണം അതിനുള്ളതൊന്നും എന്റെ നാവിൻതുമ്പത്ത് ഇല്ല, തംമ്പ്സ്‌അപ്പ് പോലുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തംമ്പ്സ്‌അപ്പ് ഇട്ട് രക്ഷപെട്ടു. ഒന്ന് രണ്ടു പ്രാവശ്യം കേട്ടപ്പോൾ മനസിലാക്കിയത്  ശബ്ദത്തിന്റെ ഉടമയുടെ അമ്മയ്ക്ക് ഷുഗറിന്റെ മരുന്ന് കൂടി വേണം എന്നാണ്.  

 

കൊണ്ടുപോയി കൊടുക്കാം, മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതും. 

 

ജയരാജേട്ടനെ വിളിച്ചു നോക്കാം, എപ്പോൾ വിളിച്ചാലും മൂപ്പര് ഓടിയെത്തും. രണ്ട് ബെല്ലെടിച്ചപ്പോഴേ ചോദിച്ചു, 

 

എന്തേ ചേട്ട... 

 

(എന്നെക്കാൾ വയസ്സിൽ മൂത്തത് ആണെങ്കിലും ജയരാജേട്ടൻ എല്ലാവരെയും ചേട്ടൻ എന്നാണ് വിളിക്കുന്നത്)

 

അതെ, ഞാനിട്ട മെസ്സേജ് കേട്ടോ... 

 

ഇല്ല കേട്ടില്ല എന്തേ... 

 

ഒന്ന് കേട്ടിട്ട് വിളിക്ക്. 

 

 

ചേട്ട... ആ പിള്ളേരുടെ അമ്മയ്ക്ക് മരുന്ന് വേണം ഇപ്പോൾ ഷുഗറിന്റെ പകുതി ഗുളികയാ കഴിക്കുന്നത്... അതുകൊണ്ടാവും കാലിൽ നീര് വന്ന് വീർത്തതെന്നാണ് മെസ്സേജിൽ...ആണോ... കഷ്ട്ടാണ്, ഇവർക്കൊക്കെ നാട്ടിൽ പോയ്കൂടെ ഇങ്ങനെ ഇവിടെക്കിടന്ന് നരകിക്കാതെ... 

 

 

എപ്പോഴും ആരെങ്കിലും എന്ത് ആവശ്യം പറഞ്ഞാലും മനസ്സിൽ തോന്നുന്ന ഒരു തോന്നൽ ആണ്, എന്തേ ഇവർ നാട്ടിൽ പോകാത്തത്... നാട്ടിൽ എല്ലാ സൗകര്യങ്ങളും ഇല്ലേ.. നല്ല ചികിത്സ, നല്ല വിദ്യാഭ്യാസം, നല്ല വീട്,  ബന്ധുക്കൾ എന്നിങ്ങനെ... 

 

 

പറയുമ്പോൾ എളുപ്പമാണ്, കിടപ്പാടം പോലുമില്ലാത്തവർ ആണ് ഇവിടെയുള്ളവരിൽ പലരും എന്നതാണ് സത്യം. ഒരു വീട് എങ്ങിനെയെങ്കിലും തല്ലികൂട്ടാൻ പ്രവാസത്തിൽ എത്തുന്നവൻ ഒടുവിൽ അവന്റെ പെങ്ങളുടെ കല്യാണവും പെങ്ങളുടെ മോളുടെ കല്യാണവും പേറും കഴിഞ്ഞാലും കുബൂസും തൈരും പച്ചമുളകും കഴിച്ചു കാലം നീക്കണം.

 

 

എന്തായാലും ചേട്ടൻ ഫ്രീ ആണോ നമുക്കൊന്ന് പോയി നോക്കാം, എന്താ കാര്യം എന്നറിയാല്ലോ.. ജനുവിൻ കേസ് ആണെങ്കിൽ നമുക്ക് ആരെയെങ്കിലും ഒക്കെ ഇടപെടുത്താം... 

 

 

 

 

ഒക്കെ ഒരു പത്തുമിനിറ്റുനുള്ളിൽ എത്താം...

 

 

 

 

ജയരാജേട്ടനെ കണ്ടപ്പോൾ ചിരി വന്നു, മൂപ്പർക്ക് ചേരാത്ത ഒരു ബർമുഡ പോലെ ഒന്ന്. മുട്ടിന് താഴെവരെയുണ്ട്, പണ്ടാരോ പറഞ്ഞപോലെ പാന്റും അല്ല നിക്കറുമല്ല.

 

 

 

 

റൂമിന്റെ ബെല്ലടിച്ചപ്പോൾ ഒരു മെലിഞ്ഞ പെൺകുട്ടി വാതിൽ തുറന്നു, മറ്റൊരു പെൺകുട്ടി കുറച്ചു ഒഴിഞ്ഞു മാറി നില്പുണ്ട്. രണ്ട് പേരും വല്ലാതെ ഷീണിച്ചിരിക്കുന്നു, പട്ടിണി ചുറ്റിക്കറങ്ങുന്നുണ്ട് ആ ഒറ്റമുറിക്കുള്ളിൽ. വിലകൂടിയ പഴയ വസ്ത്രങ്ങൾ ആണെങ്കിലും നന്നായി ധരിച്ചിട്ടുണ്ട്. പ്രതീക്ഷയുണ്ട് രണ്ടുപേരുടെ മുഖത്തും. അവസ്ഥയോട് മല്ലടിച്ചു ജീവിക്കുന്നവർ. അയൽപക്കത്തെ വീട്ടിലെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചും ഇടയ്ക്ക് വീട്ടുപണിയെടുത്തും ആണ് മുന്നോട്ടു പോകുന്നത്. ഇതെല്ലാം ആ കുട്ടിയുടെ മെസ്സേജിൽനിന്നും മനസിലാക്കിയ കാര്യം ജയരാജേട്ടൻ പറഞ്ഞതാണ്.

 

 

ഞങ്ങൾ എത്തും എന്ന് അറിയാവുന്നത് കൊണ്ടാവും അവർ അമ്മയെ എഴുന്നേൽപ്പിച്ച് ചാരി ഇരിത്തിയിട്ടുണ്ട്. എന്നോട് കട്ടിലിൽ ഇരിക്കാൻ ആ അമ്മ കൈകൊണ്ട് ആംഗ്യം കാണിച്ചു. ജയരാജേട്ടൻ അടുത്ത കണ്ട ഒരു സ്റ്റൂളിലും ഇരുന്നു. എന്താ ചോദിക്കേണ്ടത്, എങ്ങിനെ ചോദിക്കും ഹിന്ദി ഒരു പ്രശ്നമാണ്. 

 

ജയരാജേട്ട കാര്യങ്ങൾ ചോദിക്ക് ഇവരുടെ അച്ഛൻ എന്ത്യേ, എന്താ നാട്ടിൽ പോകാത്തത് എന്നിങ്ങനെ....ജയരാജേട്ടൻ കാര്യങ്ങൾ ചോദിച്ചുതുടങ്ങി.. 

 

ചോദ്യങ്ങൾക്കെല്ലാം ആ അമ്മയും മക്കളും മറുപടിയും പറയുന്നുണ്ട് പിന്നെ കാലും കാണിച്ചു തന്നു. വല്ലാതെ നീര് വച്ച് വീർത്തിട്ടുണ്ട്. എനിക്ക് പറ്റാവുന്ന പോലെ ഞാനും ഹിന്ദിയിൽ അമ്മയോട് വിവരങ്ങൾ തിരക്കി. എന്റെ കൂടുതൽ ആംഗ്യം കാട്ടിയുള്ള സംസാരം കണ്ടിട്ടാവണം അമ്മ എന്നോടും കാര്യങ്ങൾ പറഞ്ഞുതുടങ്ങി.

 

 ഭർത്താവ് പാർട്ടണർഷിപ്പിൽ ബിസിനസ് നടത്തുകയായിരുന്നു, ഭർത്താവ് നാട്ടിൽ പോയ തക്കം നോക്കി പാർട്ടണർ ഭർത്താവിനെതിരെ കേസ് കൊടുക്കുകയും നാട്ടിൽ നിന്നും ഇങ്ങോട്ട് വരാൻ പറ്റാതെയും ആയി... ഞങ്ങൾ ഇവിടെയും ഈ കുഞ്ഞുങ്ങളുടെ പഠിത്തം, ഭക്ഷണം...  അത് പറഞ്ഞപ്പോൾ വല്ലാതെ ആ അമ്മ ഒന്ന് വിങ്ങി. കരയുന്നില്ല എങ്കിലും രണ്ട് കണ്ണും നന്നായി നനഞ്ഞു.. 

 

പിന്നങ്ങോട്ട് അവിടെ തുടരാൻ തോന്നിയില്ല. പോകാം എന്ന് ജയരാജേട്ടനെ കണ്ണ് കാണിച്ചെഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എന്റെ കൈയ്യിൽ ആ അമ്മ ഒന്ന് മുറുകെ പിടിച്ചു, സഹായിക്കണം എന്ന് പറയാതെ പറഞ്ഞതാവും... പുറത്തിറങ്ങി നടക്കുമ്പോൾ ജയരാജേട്ടൻ പറഞ്ഞു, നമുക്ക് ആദ്യം മരുന്ന് എത്തിക്കാം പിന്നെ ഏതെങ്കിലും ഡോക്ടറെ കാണിക്കാനും നോക്കാം. വേണം.ജയരാജേട്ടന് അങ്ങിനെ ചില സൗകര്യങ്ങൾ ഉണ്ട്, പണം മുടക്കാതെ മരുന്ന് വാങ്ങാനും മറ്റും...

 

ചില നല്ല ബന്ധങ്ങൾ.... 

 

ഷുഗറിന്റെ ഗുളിക കഴിക്കാൻ ഇല്ലാതെയാണ് ആ അമ്മയ്ക്ക് എഴുന്നേൽക്കാൻ പറ്റാത്ത രീതിയിൽ കാലുകൾ രണ്ടിലും നീര് വച്ചത്.

മരുന്നും ഭക്ഷണവും ഇന്ന് തന്നെ എത്തിക്കണം എന്നും ചിന്തിച്ച് ഞങ്ങൾ പോന്നു. 

കൊടുക്കുന്ന കൈകൾക്ക് എപ്പോഴും സന്തോഷമാണ് വാങ്ങുന്ന കൈകൾക്ക് വേദനയും നീറ്റലുമാവും.... ഗതികേടുകൊണ്ട് കൈനീട്ടേണ്ട അവസ്ഥ.

 

 

അന്ന് വൈകിട്ട് തന്നെ ജയരാജേട്ടനും കുറച്ചുപേരും ചേർന്ന് മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചു. മനസ്സിനൊരാശ്യാസം തോന്നി.

 

എങ്കിലും, എന്തോ ഒരു വല്ലായ്മ... ആ അമ്മയുടെ മുഖം വല്ലാതെ ആകർഷിച്ചു വേദനിപ്പിച്ചു. എന്തെങ്കിലും ഒര് ഡ്രസ് വാങ്ങി ആ അമ്മയ്ക്ക് നൽകണം. ഉടുത്തിരുന്നത് വല്ലാതെ പഴകിയ ഒരു നൈറ്റിയായിരുന്നു. ഒരു സന്തോഷത്തിന് വേണ്ടി മാത്രം ആ ഐശ്വര്യമുള്ള മുഖത്തെ ചിരി കാണാൻ. 

 

നാളെ എന്തായാലും ഡ്യൂട്ടിയില്ല ഒരു നൈറ്റി വാങ്ങി കൊടുക്കാം...

 

രാവിലെ മൊബൈലിൽ വീണ്ടും ഒരു ശബ്ദസന്ദേശം... അത് മനസിലാക്കാൻ ആരുടെയും സഹായം തേടിയില്ല... 

 

വല്ലാത്ത വിങ്ങലോടെയുള്ള ശബ്ദസന്ദേശം ആയിരുന്നു അത്...

 

 

മാ ചലീഗയി ഭയ്യാ മാ ചോട്ക്കെ ചലീഗയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com