ADVERTISEMENT

കണ്ണ് മിഴിയാത്ത എൽവിൻ ലീ ഉണ്ടക്കണ്ണൻ സാദിക്കലിക്ക് നേരെ ചിരിയെറിഞ്ഞു  അതൊരു സംയുക്തച്ചിരിയായി അവരുടെ കസേരകളും  നിറഞ്ഞ് പുറത്തേക്ക് തെറിച്ചു. അന്തരീക്ഷത്തിൽ  ഇന്ത്യ ചീന ഭായീ ഭായീ എന്ന മന്ത്രോച്ചാരണം മുഴങ്ങി തുടർന്ന്  രണ്ട് പേരും  ഫ്ലാഷ് ലൈറ്റുകളുടെ അകമ്പടിയോടെ മുന്നിലെ  കടലാസുകളിൽ കുനുകുനാ ഒപ്പിട്ടു. തുണിക്ഷാമം വിളിച്ചോതുന്ന ഉടുപ്പിട്ട പ്രോഗ്രാം  അവതാരകയപ്പോൾ ജലക്ഷാമം പരിഹരിക്കാൻ കമ്പനി ഇറക്കുന്ന പൊക്കാലീസ് വാട്ടർ കൂറ്റൻ സ്‌ക്രീനിന്റെ സ്വിച്ചിട്ട് സദസ്സിന് പരിചയപ്പെടുത്തി. 

 

വേദിയിലും സദസ്സിലുമിരുന്ന വിശിഷ്ടവ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി  യൂണിഫോമണിഞ്ഞ ഒരു സംഘം സാമ്പിൾ ബോട്ടിൽ വിതരണം നടത്തി. ശീതീകരിച്ച പൊക്കാലീസ് ഓഡിറ്റോറിയത്തിലിരുന്നവരിലേറേയും മലിന ജലം ശുദ്ധീകരിച്ചിറക്കിയ ദാഹശമനിയെ കൊതിയോടെ വായിലേക്ക് കമിഴ്ത്തി. ചിലർ കയ്യിൽ കിട്ടിയ ഇത്തിരിക്കുഞ്ഞനെ പൊങ്ങച്ചം കൂട്ടിപ്പൊതിഞ്ഞ് പോക്കറ്റിൽ ഭദ്രമാക്കി.

 

ഇതിനിടെ തോളിലിട്ട്  നടക്കാവുന്ന നാനോ  ഓക്സിജൻ സിലിണ്ടർ 'കമിംഗ് സൂൺ' എന്ന ടൈറ്റിലോടെ രംഗത്തവതരിപ്പിച്ച് ജനോപകാര പ്രവർത്തനങ്ങളുമായി തങ്ങൾ  മുന്നോട്ട് തന്നെയാണെന്ന് കമ്പനിഓഡിറ്റോറിയം നിറഞ്ഞ പ്രേക്ഷകരെ ബോധ്യപ്പെടുത്തി. സന്തോഷാധിക്യത്താൽ ജനങ്ങൾ കയ്യടിച്ചു,  കൂട്ടത്തിലിരുന്ന പഴയ തലമുറയിലെ ചിലർ വിസിലടിച്ചു.

 

രണ്ടായിരം കോടി കവിഞ്ഞ വിറ്റുവരവുമായി  രാജ്യത്തിന് പുറത്തേക്കും വളർന്ന കമ്പനിയുടെ പത്രസമ്മേളനത്തിനിടക്ക് ഒരു നോർത്തിന്ത്യൻ പത്രപ്രവർത്തകന്റെ ചോദ്യം  സാദിക്കലിയോടായിരുന്നു "സാർ അങ്ങയുടെ കമ്പനി ഇന്ന് ലോകത്താകമാനം അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു  പൊക്കാലീ എന്ന ബ്രാൻഡും ഇന്ന് ഉപഭോക്താക്കൾക്കിടയിലെ ഭ്രാന്താണ്. എന്റെ ചോദ്യം ഇതാണ് ഈ കമ്പനിയുടെ തുടക്കം എങ്ങിനെയായിരുന്നു ?  ഈ ബ്രാൻഡ് നെയിം ആരുടെ സംഭാവനയാണ്? "  

 

ലോഞ്ചിങ് പാർട്ടിക്കും പത്ര സമ്മേളനത്തിനും ശേഷം വിപുലമായ  ഡീലേഴ്സ് മീറ്റ്, തുടർന്ന് വിഭവസമൃദ്ധമായ സദ്യ, ശേഷം ഡീലേഴ്‌സിനെ ഞെട്ടിച്ച് കമ്പനി വക നാനോ ഓക്സിജൻ സിലിണ്ടറിന്റെ സൗജന്യ വിതരണം. ബ്രാൻഡ് മുദ്രണം ചെയ്ത ആ ഗിഫ്റ്റ് പത്രാസോടെ ഉടനടി തോളിലണിഞ്ഞ് പലരും. റീഫിൽ ചെയ്യാൻ പൊക്കാലീസ് ഓക്സിജൻ ബങ്കുകൾ തുറക്കുമെന്ന അറിയിപ്പുകൂടി വന്നതോടെ സിലിണ്ടറിൽ നിന്നല്പ്പം ശുദ്ധവായു ശ്വസിച്ച് ഏവരും റിലാക്സ് ചെയ്തു. 

 

നഗരത്തിൽ നിന്ന് ജന്മനാട്ടിലേക്കുള്ള യാത്രക്കിടയിൽ സാദിക്കലി ആ നോർത്തിന്ത്യൻ പത്രപ്രവർത്തകന്റെ ചോദ്യം ഒരിക്കൽ കൂടി ഓർമ്മയിൽ നിന്ന് റീവൈന്റ് ചെയ്ത് കേട്ടു. ശരിയുത്തരം കാലങ്ങൾക്കു ശേഷം വീണ്ടും അയാളുടെ മനസ്സിലേക്കപ്പോൾ തികട്ടി വന്നു. 

 

അവിടേനിന്ന് ചിന്തകൾ തളപ്പിട്ട് മന്നിങ്ങത്തറവാട്ടതിർത്തിയിലെ ചമ്പത്തെങ്ങിന്റെ മുകളിലേക്ക് കയറി, പിന്നെ പണ്ടവിടെയിരുന്ന് വിഹഗ വീക്ഷണം നടത്തി ശേഖരിച്ചവ നാടൊട്ടുക്ക് വിതരണം നടത്തിയിരുന്ന ചെത്തുകാരൻ  അപ്പുട്ടന്റെ കഥകളോട് ചേർന്ന് പാടത്തേക്കിറങ്ങി. അവിടെ പൊക്കത്തിലാളുന്ന പൊക്കാളിക്കതിരുകൾക്കിടയിലൊളിച്ച് വെളിയങ്കോട് നേർച്ചക്ക് വാങ്ങിയ  ബൈനോക്കുലറിൽ കല്ല് കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന തട്ടാൻ കുട്ടന്റെ കെട്യോളെ സൂം ചെയ്ത് കണ്ടുകൊണ്ടിരുന്ന ഒസാൻ മമ്മുണ്ണിക്കാടെ ചെക്കൻ ഉണ്ടക്കണ്ണൻ മൂസയുടെ ഭാവചേഷ്‌ടകളെക്കണ്ട് കൈ കൂപ്പി. എന്നിട്ട് ഒറ്റ ദിവസം കൊണ്ട് ആ ഉണ്ടകണ്ണനെ പൊക്കാളി മൂസയാക്കി  മാറ്റിയ  അപ്പുട്ടന്റെ ബ്രാൻഡിംഗ് മാജിക്കിനെ സ്രാഷ്ടാംഗം നമസ്ക്കരിച്ച്  മടങ്ങി മിഴിപൂട്ടിക്കിടന്നു.

 

പൊക്കാലീസ് ഇന്നൊരു ജനപ്രിയ ബ്രാൻഡാണ്. മറ്റ് ഉൽ‌പ്പന്നങ്ങളിൽ നിന്നോ, സേവനങ്ങളിൽ നിന്നോ,  ആശയങ്ങളിൽ നിന്നോ പൊതുവായി വേർ‌തിരിച്ചറിയാവുന്ന ഉൽ‌പ്പന്നത്തെയാണല്ലോ പൊതുവെ ബ്രാൻഡ് എന്ന് വിളിക്കുന്നത്. ബ്രാൻഡിംഗ് പലപ്പോഴും ഉണ്ടാക്കുകയല്ല  സംഭവിക്കുകയാണെന്നാണ്.  ചിലപ്പോൾ ഇതുപോലെ

ക്ഷണനേരം കൊണ്ടാവാം ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെടുന്നത്, അവയുടെ വ്യത്യസ്ഥതയും വിതരണമേന്മയും അവയെച്ചിലപ്പോൾ  പെട്ടെന്ന് ജനപ്രിയവുമാക്കും. ചെത്തുകാരൻ അപ്പുട്ടന്റെ ബ്രാൻഡിംഗും വിതരണ മേന്മയും  മികച്ചതായിരുന്നു അത്കൊണ്ടുതന്നെ പൊക്കാളി മൂസ എന്ന പേര് അതിവേഗം  ജനപ്രിയമായി.

 

മൂസയുടെ പൊന്നാനിക്കാരൻ അളിയനെ നാട്ടുകാർ സ്നേഹത്തോടെ പൊക്കാളി അളിയൻ എന്ന് വിളിച്ചു. ജേഷ്ഠൻ ഈസയെ മൂത്തപൊക്കാളി എന്നും അവരുടെ വീടിരുന്ന സ്ഥലം പൊക്കാളിമുക്ക് എന്നും അറിയപ്പെടാൻ തുടങ്ങി. പൊക്കാളി എന്ന് വിളിച്ചവരെ മൂസ തുണിപൊക്കി സുജീർ ടെക്സ്റ്റയിൽസിൽ നിന്ന് പെരുന്നാളിന് വാങ്ങിയ പുള്ളി ട്രൗസർ കാട്ടി സൽക്കരിച്ചു.

 

ജിഷാർ തിയ്യേറ്ററിൽ നിന്ന് അന്തിപ്പടം കണ്ട് മടങ്ങുന്ന  വെളിയങ്കോട്ടുകാരും എരമംഗലത്തുകാരുമൊക്കെ തിയ്യേറ്റർ കാന്റീനിലെ പൊറോട്ടയ്ക്കും  

ബീഫിനുമൊപ്പം അപ്പുട്ടൻ വിളമ്പുന്ന പൊക്കാളിക്കഥകൾ കൂടി രുചിച്ചു. പതിയെ  പൊക്കാളി എന്ന പേര് അയൽ നാടുകളിലും പ്രസിദ്ധമായി. 

 

കാലം കുമ്മിപ്പാലമിറക്കം കടന്ന് പോയ എൻ.കെ.ടി ബസ്സ്‌ പോലെ കുലുങ്ങിക്കുലുങ്ങി കടന്ന് പോയി. കുലുക്കത്തിൽ പലരും പലപ്പോഴായി തെറിച്ച് പോയെങ്കിലും പൊക്കാളി എന്ന പേര് മാത്രം പോവാതെ നിന്നു. പൊക്കാളിയുടെ ഇക്കാ മൂക്കോല നിന്ന്  പെണ്ണ് കെട്ടി,  അതിൽ  കുട്ടികളുണ്ടായി. പുതിയ തലമുറയിലെ കുട്ടികൾ പൊക്കാളി എന്നതൊരു സ്ഥാനപ്പേരാക്കി പിന്നീട് അതല്പം പരിഷ്‌ക്കരിച്ച് പൊക്കാലീ എന്നാക്കി. അവരുടെ വസ്തുക്കളിലും സ്ഥാപനങ്ങളിലും അഭിമാനത്തോടെയവർ  പൊക്കാലീസ് എന്നെഴുതിവെച്ചു. ഇതൊന്നും കാണാൻ പക്ഷെ മൂസയോ  അപ്പുട്ടനോ നാട്ടിലുണ്ടായിരുന്നില്ല.

 

വന്നേരി പൊലീസ് കുറേ നാട് ചുറ്റിയത് രേഖകളിൽ മാത്രം ബാക്കിയാക്കി   പൊക്കാളീ സംഭവകാലത്ത് കണ്ണേങ്കാവിലെ വേല കാണാൻ പോയ മൂസയും അപ്പുട്ടനും പിന്നെ മടങ്ങി വന്നില്ല. പെണ്ണ് കെട്ടാത്ത രണ്ടിനേയും കാത്തിരിക്കാനും ആരുമുണ്ടായില്ല എങ്കിലും അവരിൽ ജന്മമെടുത്ത പൊക്കാലീ എന്ന സൃഷ്ടി മാത്രം വല്ലാതെ വളർന്ന് ലോകം മുഴുവൻ പരന്നു.

 

കമ്പനിയുടെ ഒട്ടേറെ ഉല്പ്പന്നങ്ങളിന്ന് ചൈനയിൽ നിന്നാണ്. പൊക്കാളിയെ പൊക്കാലീ ആക്കിയെങ്കിലും രോഗത്തേക്കാളും നേരത്തേ മരുന്ന് കണ്ടുപിടിക്കുന്നവരുടെ ബ്രാൻഡിംഗ്  മാജിക്കും ഇടുങ്ങിയ കച്ചവടക്കണ്ണും സാദിക്കലിയെ ആകർഷിക്കാതിരുന്നില്ല. അടുത്ത തലമുറക്കായുള്ള പുത്തൻ ഉൽപ്പന്നങ്ങൾ മനസ്സിൽ വരച്ചുകൊണ്ടയാൾ പതിയെ മയക്കത്തിലേക്ക് നീങ്ങി.

 

പൊക്കാലീസ് ജങ്ഷനും കടന്ന് ഗ്രാമപാതയിലേക്ക് കയറിയ സാദിക്കലിയുടെ കാറൊരാളെ ഇടിച്ച് വീഴ്ത്തിയത് പെട്ടെന്നായിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അയാളെ അതേ കാറിൽ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനുള്ള ജനക്കൂട്ടത്തിന്റെ ആവശ്യം സാദിക്കലിയെ  മറ്റൊരു കാറിലേക്ക്  മാറ്റി. ജന്മനാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ  യാത്രകളിപ്പോൾ അപൂർവ്വമാണെങ്കിലും നാട്ടിലെ വീടും പരിസരങ്ങളും അയാളിൽ വല്ലാത്ത ആവേശം നിറയ്ക്കുക പതിവാണ്. റോഡപകടം ഇത്തവണത്തെ രസമെല്ലാം  ചോർത്തിക്കളഞ്ഞെങ്കിലും പതിവ് പോലെ അയാൾ പൊക്കാളിപ്പാടം തൂർത്ത് കെട്ടിയ തന്റെ വീട്ടിൻ വരാന്തയിൽ കല്ലുകുളം നിന്നിടത്തുയർന്ന സ്കൂൾ കെട്ടിടം നോക്കി മലർന്നു കിടന്നു.

 

"അസൂയയോടെ ഒളിഞ്ഞു നോക്കാതെ അഭിമാനത്തോടെ സ്വന്തമാക്കൂ" എന്ന പൊക്കാലീസ് മൊബൈലിന്റെ ടാഗ് ലൈനോടേയുള്ള പരസ്യമപ്പോൾ ടി. വി യിൽ. സാദിക്കലി പതുക്കെ എഴുന്നേറ്റ് അകത്തേക്ക് നടന്നു. മഴയിൽ നനഞ്ഞ് നൃത്തം ചെയ്യുന്ന നായികയെ തന്റെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയാണ് നായകൻ. സ്ക്രീനിലേക്കൊന്ന് കണ്ണയച്ച് പരസ്യങ്ങൾ വളർത്തിയ തന്റെ സാമ്രാജ്യങ്ങളുടെ പകിട്ടണിഞ്ഞ അയാൾ കൊട്ടാരസദൃശ്യമായ ആ ബംഗ്ലാവിന്റെ മട്ടുപ്പാവിലേക്ക് പതിയെ കയറിപ്പോയി.

 

ബെഡ്‌റൂമിനോട് ചേർന്ന ബാൽക്കണിയിൽ നിന്നയാൾ സ്‌കൂൾ പരിസരത്തേക്ക്  വീണ്ടും കണ്ണോടിച്ചു. കുളം നിറഞ്ഞ കുളിയും പൊക്കാളിക്കതിരിലൊളിച്ചുള്ള നോട്ടവും കൊണ്ട് പ്രസിദ്ധമായിരുന്ന ആ പരിസരം ഏറെ മാറിയിരിക്കുന്നു. വിശാലമായ പാട ശേഖരം നിറഞ്ഞ് കോൺക്രീറ്റ് നിർമ്മിതികൾ,

ക്ലാസ്സ് മുറികളിൽ ചുരുണ്ടും  ഇണചേർന്നും തെരുവ് നായ്ക്കൾ, ഉയരം കുറഞ്ഞ ചുറ്റുമതിൽ നിറഞ്ഞ് ചെറുപ്പക്കാർ, തല സെൽഫോണിൽ ചായ്ച്ച് അടുത്തുള്ള ചങ്ങാതികളെ വകഞ്ഞ് അകലേയുള്ള ഡ്യൂഡുകളുമായി സംവദിക്കുകയാണവർ. 

 

 

പുറം കാഴ്ചകളെ അകത്തോട്ട് വലിച്ച് ഇടയിലൊരു ഫോൺ കാൾ. വണ്ടിയിടിച്ചതൊരു തെരുവ് ഭ്രാന്തനെയായിരുന്നെത്രെ. മനോവ്യാപാരങ്ങളുടെ അകക്കാഴ്ചകൾ വീണ്ടും സാദിക്കലിയിലേക്ക്. 

ഇടിയുടെ ആഘാതത്തിൽ ഭ്രാന്തന് ബോധം പോയിരുന്നൂ പക്ഷെ കണ്ണേങ്കാവിലെ വേലയ്ക്ക്  'സ്വർണ്ണമുരുക്കി' ചേർത്ത് സ്ഫുടം ചെയ്തെടുത്ത 'അന്തിമയക്കി' കൊണ്ട് പൊക്കാലീസ് ബ്രാൻഡിന്റെ യഥാർത്ഥ സൃഷ്ടാക്കളെ 

സൽക്കരിച്ച്  കുമ്മിപ്പാലത്തിനടിയിലെക്കുഴിയിലുറക്കിയ തട്ടാക്കുട്ടനിലെ ആ പുതിയ വേഷത്തിന് ഇടയ്ക്കൊക്കെ പഴയ രംഗങ്ങൾ ഓർമ്മവന്നു. സന്തോഷാധിക്യത്താൽ പലപ്പോഴുമയാൾ പൊട്ടിച്ചിരിച്ചു. 

 

 

പാരമ്പര്യമായിക്കിട്ടിയ ഉണ്ടക്കണ്ണുകൾ മിഴിച്ച് നീളൻ കട്ടിലിൽ നിവർന്നു കിടന്ന സാദിക്കലിയപ്പോൾ ഓർമ്മകളുടെ ലോകത്ത് നിന്ന് വർത്തമാനകാല യാഥാർഥ്യത്തിലേക്ക് മനസ്സോടിച്ചു. രാജ്യത്തേക്കാൾ വലുപ്പം വെച്ചൊരു ബ്രാൻഡിനാൽ മൗനിയാക്കപ്പെട്ട അയൽനാട് മുതലാളിയുടെ കഥയോർത്തൊന്നിടയ്ക്ക് ഞെട്ടി, പിന്നെ പതിവ് തെറ്റാതെ ഊർജ്ജം തിന്നാൻ മൊബൈൽ ഫോണെടുത്ത് പ്രചോദന ദായകമായൊരു ഉദ്ധരണി തപ്പിയെടുത്ത് വായിക്കാൻ തുടങ്ങി.

 

 

"Stories are the oxygen for brands. They take people on a journey. They paint a picture for them. They take them to a place that they can envision and immerse themselves in the human experience"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com