ADVERTISEMENT

എല്ലാ മനുഷ്യരും അതുല്യരായ പ്രതിഭകളാണെങ്കിലും അവരിൽ പ്രതിഫലിക്കുന്ന പൊതു വികാരങ്ങളാണ് അവരോരുത്തരെയും സമൂഹമായും സംഘമായും ഈ ലോകത്തിൽ ഒരുമിച്ച് സഹകരിച്ച് ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ലോക ജനസംഘ്യ വർധിച്ചതിനൊപ്പം വ്യക്തികൾക്കും ചെറിയ സമൂഹങ്ങൾക്കും നേരിടുവാനും നിയന്ത്രിക്കുവാനും സാധ്യമല്ലാത്ത ധാരാളം വെല്ലുവിളികളും അനിശ്ചിതങ്ങളും ലോകത്തിൽ ഉടലെടുത്തു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഇനിയുള്ള ജീവിതത്തിൽ പരസഹായമില്ലാതെ ഒറ്റപ്പെട്ടു തന്റേത് മാത്രമായ സ്വസ്ഥമായ ജീവിതം നയിക്കുവാൻ സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവയെല്ലാം വ്യർഥമായ ചിന്താഗതികൾ  മാത്രമായിരിക്കും. 

 

ആധുനിക ലോകത്തിൽ എല്ലാ മനുഷ്യരുടെയും പ്രാഥമിക ആവശ്യങ്ങളായ ആഹാരവും പാർപ്പിട സൗകര്യങ്ങൾ പോലും ഉപലബ്ധമാക്കുവാൻ പരസഹായം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും വിശ്രമ ജീവിതം നയിക്കുന്ന വയോധികരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായ ഈ അടുത്ത നാളുകളിൽ. സുഗമമായ അനുദിന ജീവിതത്തിനായി അടുത്ത ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ അതുമല്ലെങ്കിൽ പൊതുസമൂഹവുമായി നിരന്തരമായി ബന്ധപെട്ടു ജീവിക്കേണ്ട ആവശ്യകത പതിന്മടങ്ങായി ഉയർന്നു കൊണ്ടിരിക്കുകയാണ്. 

 

പ്രകൃതി ദുരന്തങ്ങളുടെ ഭീതിയെക്കാളും സാമൂഹിക ബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥകളിൽ തുറന്നു പറയുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും പലരും തങ്ങളുടെ സ്വകാര്യതകളിലും സുരക്ഷിത മേഖലകളിലും വിട്ടുവീഴ്ചകൾക്ക് തയ്യാറായി മറ്റുള്ളവരെ ഉൾപ്പെടുത്തുവാൻ തയാറാവുന്നതിന്റെ ലക്ഷ്യം ഒന്ന് മാത്രമാണ് സ്വസ്ഥമായ ജീവിതം. ശാരീരികവും മാനസികവുമായ സ്വസ്ഥ ജീവിതം ലഭിക്കേണ്ടതിന്.

 

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജീവിക്കുന്ന വ്യക്തികളുമായി ഇടപെടുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്ന വസ്തുത ഒന്ന് മാത്രമാണ് സ്വസ്ഥത എന്നത് മനുഷ്യ ജീവിതത്തിൽ എളുപ്പത്തിൽ നേടാവുന്ന വസ്തു അല്ലായെന്നത്. കാരണം മറ്റൊന്നുമല്ല മനുഷ്യർ സാമൂഹിക ജീവികളാണ് അവരെല്ലാവരും സ്വന്തം ജീവിതം മാത്രം ജീവിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും സമൂഹത്തിൽ ജീവിക്കുന്നതിലൂടെ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. അതിലൂടെ മറ്റുള്ളവരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ സ്വന്തം ജീവിതത്തിൽ ഏറ്റെടുക്കുന്നു അല്ലെങ്കിൽ മറ്റുള്ളവരുടെ അസ്വസ്ഥതകളിൽ പങ്കാളികളായി മാറുന്നു. 

 

എന്നാൽ സാമൂഹിക സമ്പർക്കമില്ലാതെ ജീവിക്കുവാൻ ശ്രമിക്കുന്നവർ അഥവാ അന്തർമുഖരായി ജീവിക്കുന്ന വ്യക്തികൾ ബാഹ്യമായി തങ്ങളുടെ ജീവിതം ധന്യമെന്നും സ്വസ്ഥമെന്നും അവകാശപ്പെടുമ്പോഴും അവരുടെ വാക്കുകൾ എത്രത്തോളം വിശ്വസനീയമെന്ന് തിരിച്ചറിയുവാൻ കഴിയാതെ പോവുന്നു. എല്ലാ മനുഷ്യരുടെയും സ്വകാര്യതകൾ മാനിക്കേണ്ടതിനാലും പലരുടെയും ജീവിതം ആഴത്തിൽ വിശകലനം ചെയ്യുവാൻ ശ്രമിക്കാത്തതിനാലും പരാമർത്ഥതകൾ  മറ്റുള്ളവർ തിരിച്ചറിയാതെ  പോവുന്നതാണ് പതിവ്. എന്നാൽ സാമൂഹിക ശാസ്ത്രജ്ഞമാരുടെ നിരീക്ഷണത്തിൽ അന്തർമുഖരായി ജീവിക്കുന്നവരിൽ അധികവും ഒരിക്കൽ മാനസിക മുറിവുകൾ അനുഭവിച്ചവരും അനുയോജ്യമായും സമയോജിതമായും ചികിത്സ ലഭിക്കാത്തതിനാൽ  അതിലൂടെ ലഭിച്ച ആഘാതങ്ങളിൽ നിന്നും വിമുഖ്ത്തവരാവാത്തവരുമാണ്.

 

ആധുനിക ലോകത്തിലെ ജീവിത ശൈലികൾ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളും അവരോരുത്തരെയും അന്യോന്യം ബന്ധിച്ചു നിർത്തിയിരിക്കുകയാണ്. എന്നാൽ വ്യക്തികൾ അതുല്യരായ പ്രതിഭകളായതിനാലും അവർക്കെല്ലാവർക്കും ഇഷ്ടാനിഷ്ടങ്ങൾ ഉള്ളതിനാലും അവർ  തമ്മിലുള്ള ബന്ധങ്ങൾ അവരറിയാതെ വിവിധ തലങ്ങളിലേയ്ക്ക്  മാറിക്കൊണ്ടിരിക്കുകയാണെന്നതും വസ്തുതയാണ്. ചില അവസരങ്ങളിൽ അവരിൽ പലരും ആഗ്രഹിക്കാതെ തന്നെ തീവ്ര ചിന്താഗതികൾ പുലർത്തുന്ന ചിലരുടെ വലയങ്ങളിലും സംഘങ്ങളിലും എത്തി ചേരുന്നതും സ്വാഭാവികമായി മാറിയിരിക്കുന്നു. സാമൂഹികമായതും രാഷ്ട്രീയവുമായ അനാവശ്യ ഇടപെടലുകൾ വ്യക്തി ബന്ധങ്ങൾ ശിഥിലമാക്കുമ്പോൾ  ചില ബന്ധങ്ങളെല്ലാം മാനുഷിക മൂല്യങ്ങൾ ഭേദിച്ച് ശത്രുതയിലേയ്ക്കും നയിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. 

 

മതങ്ങൾ മനുഷ്യ ബന്ധങ്ങൾക്ക് വേലി ആവാതിരുന്ന കാലഘട്ടങ്ങളിൽ നിന്നും വളർന്നു വന്ന സാധാരണ മലയാളി ഈ ആധുനിക യുഗത്തിൽ  മതാധിഷ്ഠിതമായ ബന്ധങ്ങൾ പുലർത്തുവാൻ തുടങ്ങിയിരിക്കുന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. മതാധിഷ്ടിത ചിന്തകൾ മനുഷ്യ ബന്ധങ്ങൾക്ക് അതിരുകൾ നിർമ്മിക്കുമ്പോൾ വ്യക്തി ബന്ധങ്ങൾ  ശിഥിലമാകുന്ന പ്രവണത കേരളത്തിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങാതെ മലയാളികൾ ജീവിക്കുന്ന ആഗോള തലങ്ങളിലും എത്തിച്ചേർന്നിരിക്കുന്നു എന്നതും വസ്തുതയായി പലരും ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരുടെ ജീവിത ശൈലികളിലെ വ്യതിയാനം വീണ്ടും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും അനുദിനം ശോഷിച്ചു പോകുന്ന ജീവിത മൂല്യങ്ങൾ പൂർണ്ണമായി നശിച്ചു പോവാതിരിക്കുവാൻ മനസ്സിലെങ്കിലും ആശിക്കുന്നുണ്ട് എന്നത് പ്രത്യാശ നൽകുന്ന വസ്തുതയാണ്.  

 

സ്വസ്ഥവും സ്വതന്ത്രവുമായി ജീവിച്ചു തീരേണ്ട ജീവിതമാണ് ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും ലഭിച്ചിരിക്കുന്നത്. മനുഷ്യർ ജന്മമെടുക്കുന്ന അവരുടെ ആവാസ വ്യവസ്ഥികളിൽ അവർക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരു പരിധിവരെ പ്രകൃതി ഒരുക്കിയിരുന്നു. എന്നാൽ മനുഷ്യരുടെ ആവശ്യങ്ങൾ അനന്തവും വിശാലവുമായപ്പോൾ അവരിൽ പലരുടെയും ആവാസ മേഖലകൾക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വന്നു. അതിനാൽ തന്നെ മനുഷ്യർ അനുയോജ്യമായ ആവാസ മേഖലകൾ തേടി ആഗോള തലങ്ങളിലേയ്ക്ക് കുടിയേറി പാർക്കുവാൻ തുടങ്ങി. 

 

എന്നാൽ സ്വസ്ഥവും സ്വതന്ത്രവുമായ  ജീവിത സാഹചര്യങ്ങളിലും മാനുഷിക ബന്ധങ്ങൾക്ക് ഉപരിയുള്ള ദ്രുവീകരണങ്ങൾ ഉടലെടുത്തപ്പോൾ വീണ്ടും മനുഷ്യരിൽ വിഭാഗീയ ചിന്തകൾ വളരുവാൻ തുടങ്ങി. സ്വസ്ഥമായ ജീവിതത്തിന് സാമൂഹികമായ ബന്ധങ്ങളും ജീവിതവും  മനുഷ്യർക്ക് അനിവാര്യമായതിനാൽ പലരും അവരറിയാതെ ദ്രുവീകരണങ്ങളുടെ ഭാഗമായി മാറുന്ന വേദനാജനകമായ കാഴ്ചകളാണ് നിലവിൽ കാണുന്നത്. ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് ആശ്വസിക്കുവാൻ ശ്രമിക്കുമ്പോഴും പലരും മറന്നു പോകുന്നത് അവരുടെ ജീവിത ലക്ഷ്യങ്ങളാണ്. സ്വസ്ഥവും സ്വതന്ത്രവുമായി ജീവിക്കുവാനുള്ള അവരിൽ ഭൂരിഭാഗം മനുഷ്യരുടെയും ജീവിത ലക്ഷ്യങ്ങൾ.

 

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മനുഷ്യർ ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കുവാനും പൂർത്തീകരിക്കുവാനും  ശ്രമിക്കുമെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അതുമല്ലെങ്കിൽ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ ലക്ഷ്യങ്ങളിൽ നിന്നും വഴിതെറ്റി പോവുന്നതും അഥവാ പിന്തിരിയുന്നതും സാധാരണമാണ്. എന്നാൽ അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളിലും തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന വ്യക്തികളും സമൂഹത്തിലുണ്ട്. മറ്റുള്ളവർ ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിക്കുവാൻ ശ്രമിക്കുന്നത് അവരുടെ കഠിന പ്രയക്നങ്ങളുടെ ഫലമാണെന്ന വസ്തുത അവഗണിക്കുവാൻ ശ്രമിക്കുന്നതിനാലാണ്.  

 

അറിവ് ഓരോ നിമിഷവും വ്യക്തികൾക്ക് അധികം അറിവ്  സമ്മാനിക്കുന്നതുപോലെ പ്രതികൂല സാഹചര്യങ്ങളിലും കഠിന പ്രയക്നങ്ങളിലൂടെ ലക്ഷ്യങ്ങൾ സഫലീകരിക്കുന്ന വ്യക്തികളാണ് യഥാർത്ഥ ജീവിതം വിജയം നേടിയവർ, അവരോരുത്തരും മറ്റുള്ളവർക്കും പൊതു സമൂഹത്തിനും  ഉത്തമ മാതൃകകളാണ്. വ്യക്തികളിൽ ലക്ഷ്യ ബോധ്യം ഉണ്ടാവുന്നത് ജീവിത വിജയത്തിനുള്ള ആദ്യപടിയാണെങ്കിലും ലക്ഷ്യത്തിലെത്തിച്ചേരുവാൻ കഠിനപ്രയഗ്നവും നിശ്ചയ ധാർഷ്ട്യവും  അനിവാര്യമാണ്. പ്രത്യേകിച്ചും ഈ ആധുനിക ലോകത്തിലെ സമൂഹങ്ങളിൽ കുടികൊള്ളുന്ന നിഷേധാത്മകതയും അനാരോഗ്യപരമായ മത്സര ജീവിത രീതികളിലും വ്യക്തികൾക്കിടയിൽ അലോസരങ്ങൾ സൃഷ്ടിക്കുന്ന ജീവിത ശൈലികളിൽ.

 

ജീവിതലക്ഷ്യങ്ങൾ രൂപീകരിക്കുന്നതാണ് ആദ്യപടിയെങ്കിലും ലക്ഷ്യത്തിലെത്തുവാനുള്ള എല്ലാ വഴികളും കൃത്യമായി ആസൂത്രണം ചെയ്യുന്നതിലൂടെ മാത്രമാണ് ചെറുതും വലുതുമായ എല്ലാ ലക്ഷ്യങ്ങളും  സമയോചിതമായി പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ പരമപ്രധാനമായ വസ്തുത കൃത്യമായ ജീവിതലക്ഷ്യങ്ങൾ രൂപീകരിക്കുമ്പോൾ തന്നെ വ്യക്തികളിൽ ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനുള്ള  പ്രചോദനമുണ്ടാവുന്നു എന്നതാണ്. അതായത് ജീവിത ലക്ഷ്യങ്ങൾ മനുഷ്യർക്ക് ജീവിതത്തിൽ പ്രത്യാശ നൽകുന്നു. പിന്നീട് വ്യക്തികളുടെ എല്ലാ പ്രവർത്തനങ്ങളും തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗങ്ങളായി രൂപാന്തരപ്പെടുന്നു. 

 

ജീവിതത്തിൽ പ്രതിബന്ധങ്ങൾ സാധാരണമാകയാൽ ലക്ഷ്യങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കില്ല എന്ന വസ്തുത ഉൾക്കൊള്ളുക എന്നതാണ് അടുത്തപടി. അതായത് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ മാനസികമായി തയ്യാറാവണം, മനസിനെ ബലപ്പെടുത്തി എല്ലാവിധ പ്രതിബന്ധങ്ങളെയും  നേരിടുവാൻ തയ്യാറാവണം. എല്ലാ സമയങ്ങളിലും ശരീരം മനസിനെ അനുധാവനം ചെയ്യുന്നു എന്നതും വസ്തുതയാകയാൽ, അപ്രതീക്ഷിതമായി എത്തുന്ന എല്ലാ വിഷമഘട്ടങ്ങളേയും അതിജീവിക്കുവാൻ  പരിശീലിക്കണം. ജീവിതത്തിൽ ഉൾക്കൊള്ളുവാൻ തയ്യാറാവണം. അസ്ഥിരതകൾ നിറഞ്ഞ ലോകത്തിൽ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ് യാഥാർത്ഥം എന്ന വസ്തുത ഉൾക്കൊള്ളണം. വരുവാനുള്ളവയെല്ലാം  അനുമാനങ്ങൾ മാത്രമാണെന്നും തിരിച്ചറിയണം. എന്നാൽ അനുമാനങ്ങളെ എളുപ്പത്തിൽ തള്ളിക്കളയുവാനും ശ്രമിക്കരുത്, കാരണം യാഥാർഥ്യങ്ങളിലേയ്ക്കുള്ള ചവിട്ട് പടികളാണ് എല്ലായ്പ്പോഴും അനുമാനങ്ങൾ.

 

ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കുവാനും സമയോചിതമായി നേടിയെടുക്കുവാനും എല്ലാ മനുഷ്യർക്കും സഹായകമാകുന്നത് അറിവ് മാത്രമാണ്.ഭൂമിയിൽ ജനിച്ചു വീഴുമ്പോൾ മുതൽ ഓരോ നിമിഷവും പഠനത്തിലൂടെയും പ്രവർത്തനത്തിലൂടെയും ജീവിത ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവ്. പ്രായോഗികവും നേടിയെടുക്കാവുന്നതുമായ ജീവിത ലക്ഷ്യങ്ങൾ സമയോചിതമായി ക്രമീകരിക്കുവാൻ  അറിവ് മനുഷ്യർക്ക് അനിവാര്യമാണ്. അറിവ് വർധിക്കുന്നതിനൊപ്പം കൂടുതൽ അറിവ് ലഭിക്കുവാനുള്ള സാധ്യതകളും കൂടുതലാണ്. ലോകവും ലോകത്തിലുള്ള എല്ലാ മനുഷ്യരും പുത്തൻ ആശയങ്ങളും പുതിയ അറിവും നേടുവാൻ അനുദിനം പ്രയഗ്നിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാൽ പുതിയവയെ തേടുന്നതും ഗ്രഹിക്കുന്നതും യഥാർഥത്തിൽ തടസ്സമില്ലാത്ത ഒരു പ്രക്രിയയുമാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വാദഗതികൾ. 

 

പുതിയ പുസ്തകങ്ങൾ വായിക്കുന്നതിലൂടെയും സഹപ്രവർത്തകരിലൂടെയും ലഭിക്കുന പുതിയ അറിവുകൾ പല വ്യക്തികളും വേറിട്ടാണ് ഗ്രഹിക്കുന്നതും അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതും. കാരണം പുതിയ അറിവ് പൂർണ്ണമായി ഉൾക്കൊള്ളുവാനുള്ള അവരുടെ ഗ്രഹണശക്തിയിലുള്ള ഏറ്റക്കുറച്ചിലുകൾ. എന്നാൽ എല്ലാ മേഖലകളിലും അനുദിനം അറിവ് നേടിക്കൊണ്ടിരിക്കുന്ന വ്യക്തികൾക്ക് എളുപ്പത്തിൽ പുതിയ അറിവിനെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കുവാനും സാധിക്കുന്നു. വെല്ലുവിളികളും അനിശ്ചിതങ്ങളും നിറഞ്ഞ ലോകത്തിൽ കാലോചിതമായ അറിവ് ലഭിച്ചെങ്കിൽ മാത്രമാണ് അനുദിന ജീവിതം സുഗമമായി ജീവിച്ചു തീർക്കുവാൻ സാധിക്കുകയുള്ളു. അതിന് സഹായകമാകുന്നത് പുത്തൻ അറിവ് ലഭിക്കുന്ന പുത്തൻ പുസ്തകങ്ങൾ ഉൾപ്പെടുന്ന നിരവധി സ്ത്രോതസുകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com