ADVERTISEMENT

എട്ടു കഥകൾ, 79 പേജുകൾ. മനസ്സിൽ തങ്ങിനിൽക്കുന്ന കഥകളും കഥാപാത്രങ്ങളും. സുകുമാരൻ പെരിയച്ചൂർ എഴുതിയ 'പേട്ടക്കാലികൾ' എന്ന പുസ്തകം ലളിതമായ വായന നൽകുന്ന കുറെയേറെ കഥാപാത്രങ്ങളാൽ സമ്പന്നമാണ്. ആദ്യ കഥയായ 'പേട്ടക്കാലികൾ' ഹൃദയത്തിൽ തൊട്ടെഴുതിയതാണ്. മനുഷ്യരും അവരുടെ ഭൂമികയിൽ ജീവിക്കുവാൻ വിധിക്കപ്പെടുന്ന ജീവികളും തമ്മിലുള്ള ഹൃദയബന്ധം ആഴത്തിൽ മുദ്രപതിപ്പിക്കുന്നുണ്ട് കഥയിൽ. ഒരുകാലത്ത് നമ്മുടെ നാട്ടിൽ കണ്ടുവന്നിരുന്ന കാഴ്ച്ചകളുടെ നേരവതരണം. 

 

ആയകാലം മുഴുവൻ അധ്വാനിച്ച് ഒന്നിനും കൊള്ളതായിത്തീരുമ്പോൾ അറവുമാടായി തീരുവാൻ വിധിക്കപ്പെടുന്ന നാൽക്കാലികളുടെ മുഖം അറിയാതെ ഓടിയെത്തും. തന്റെ മുതലാളി അധികമായി നൽകുന്ന വലതു കണ്ണില്ലാത്ത കാളയെ ആദ്യം കാണുമ്പോൾ നഞ്ച ഗൗഡയ്ക്ക് ഓക്കാനം വരുന്നുണ്ട്.  എന്നാൽ പോകപ്പോകെ അയാൾ ആ കാളയെ സ്നേഹിക്കുന്നു. അറക്കുവാനായി കൂട്ടത്തോടെ നാൽക്കാലികൾ മലയാളനാട്ടിലേക്ക് നടക്കുമ്പോൾ കഥ മനുഷ്യ ജീവിതത്തിന്റെ വിവിധ സ്പന്ദനങ്ങളെ ആർദ്രമായി തൊടുന്നുണ്ട്.  വല്ലാത്ത ഒരു വിസ്ഫോടനം കണക്കെ കഥ അവസാനിക്കുമ്പോൾ അറിയാതെ മനസ്സ് നൊമ്പരപ്പെട്ടുപോകുന്നു.

 

രാമപ്പെരുവണ്ണാന്റെ കഥ പറയുന്ന 'പൊയ്കണ്ണ് സമം തൃക്കണ്ണ്' എന്ന കഥ ഭക്തിയുടെ വിശുദ്ധിയെ കച്ചവടച്ചരക്കാക്കുന്ന മാനുഷിക മൂല്യച്യുതിയുടെ നേരവതരണമായി ഭവിക്കുന്ന കഥയാണ്.  ഭക്തിയും അതിൻറെ പരിശുദ്ധിയും കാത്ത്പാലിച്ച് തെയ്യക്കാരനായ രാമപ്പെരുവണ്ണാനോട് ഓണാഘോഷത്തിന് അയാളുടെ മാസ്റ്റർപീസായ തെയ്യം ശ്രീ തിരുവപ്പന നടത്തുവാൻ ആഘോഷക്കമ്മറ്റിക്കാർ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 

 

തന്റെ കുട്ടിക്കാലം മുതൽ ആത്മാർത്ഥതയോടെ ഭക്തിസാന്ദ്രമായി ചെയ്തുവന്ന ഒരനുഷ്ടാനം കച്ചവടച്ചരക്കാക്കുന്നതിനെ അയാൾ എതിർക്കുകയും സമ്മതം നൽകാതിരിക്കുകയും ചെയ്യുമ്പോൾ കമ്മറ്റിക്കാർ ഭീഷണി അയാൾക്കുനേരെയും മകൻറെ നേരെയും പ്രയോഗിക്കുന്നു. അവർ വാഗ്‌ദാനം ചെയ്യുന്ന സമ്പത്തിൽ വീണുപോകുന്ന മകൻ തെയ്യം കെട്ടാൻ സമ്മതിക്കുകയും തുടർന്നുണ്ടാകുന്ന ഉദ്വേഗപരമായ രംഗങ്ങളുമാണ് കഥയിൽ.  അടുക്കോടെയും കൈയ്യൊതുക്കത്തോടെയും എഴുതിയ കഥയാണിത്.

 

പെൺകുഞ്ഞ്, ആരാച്ചാർ, വിനായകന്റെ അമ്മമാർ, അരയാലിന്റെ മരണക്കുറി, കുത്തക എന്നിങ്ങനെ തുടർന്നുവരുന്ന ഓരോ കഥയിലിലും ജീവിതാനുഭവങ്ങളുടെ ഉൾത്തുടിപ്പും ഗ്രാമജീവിതത്തിന്റെ നൈർമല്യവും തൊട്ടറിയാം. ആൺകുഞ്ഞിനായി കാത്തിരുന്ന് അവസാനം പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്ന ചിന്തയിൽ തന്റെ പെണ്മക്കളെ ചേർത്തുപിടിക്കുന്ന അച്ഛന്റെ ചിത്രം എത്ര സുന്ദരമാണ്. അതുപോലെ, എം. എ. ഫിലോസഫിക്കാരനായ ഒരാൾ ആരാച്ചാരാകുന്ന കഥയാണ് 'ആരാച്ചാർ'.  ചാത്തു എന്ന കുറ്റവാളിക്ക് കൊലക്കയർ മുറുക്കുവാൻ നിയോഗിക്കപ്പെടുന്ന അയാളുടെ മാനസിക വ്യഥകളുടെ ഒപ്പിയെടുക്കലാണ് കഥ.  'അരയാലിന്റെ മരണക്കുറി' എന്നകഥയിൽ ആധുനികതയിലേക്ക് വഴിമാറി മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ രേഖാചിത്രം കാണാം.

 

മറ്റുകഥകളിൽ നിന്നും വിഭിന്നമായ രചനാശൈലിയാണ് അവസാന കഥയായ 'സംനയനനി'ലൂടെ പറയുവാൻ ശ്രമിക്കുന്നത്. ഒരു ചെറുനോവൽ വായിക്കുന്ന രീതിയിൽ കഥാവായന അനുഭവപ്പെടുന്നു. അവന്റെ അമ്മ കോരിച്ചൊരിയുന്ന മഴയത്ത് അനുഭവിക്കുന്ന പേറ്റുവേദന മുതൽ മുതിർന്ന് ആത്മഹത്യയ്ക്ക് പോലും ചിന്തിച്ച്, എന്നാൽ പിന്നീട് കണ്ണുകൾ ദാനം ചെയ്യപ്പെടുന്ന സംനയനൻ ഒരു പ്രതീകമായി നിലകൊള്ളുന്നു.  പെരുങ്കളിയാട്ടവും, ഉത്സവത്തിന്റെ ധൂർത്തും, തീവ്രവാദവും, മനുഷ്യനിലെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതും ഒക്കെ കഥയിൽ നിറയുകയാണ്.  

 

ഒരു കയ്യിൽ ഏഴുവിരലുകളും തലയുടെ മുന്നിലും പിന്നിലുമായി ആറ് കണ്ണുകളും ഉള്ള കഥപാത്രം സമൂഹത്തിന് നേരെ അരുതാത്ത കാഴ്ച്ചകൾ കാണുകയും പ്രതികരിക്കുകയും രക്ഷകനാവുകയും ചെയ്യുന്നുവെങ്കിലും അതെല്ലാം പരാജയത്തിൽ ചെന്ന് കലാശിക്കുന്നത് കാണാകാഴ്ചകൾ കാണുന്ന കണ്ണുകളോട് അരുത് എന്ന് പറയുന്ന പോലെയാണ്.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ എന്ന കരുതിയിരുന്ന അവനിൽ ജീവിതാനുഭവങ്ങൾ കയ്പുനീരായി തീരുകയും അമ്മൂമ്മ മരിച്ചുപോവുകയും ആശ്രയമായിരുന്ന അമ്മ പ്രായാധിക്യത്താൽ അശക്തയായിത്തീരുകയും ചെയ്യുമ്പോൾ സംനയനൻ അകെ തകർന്നുപോകുന്നു.  എങ്കിലും ജീവിതത്തിൽ നിരാശനാകാതെ ഒരു കണ്ണുമാത്രം ബാക്കിനിർത്തി ഒറ്റക്കണ്ണനായി കഥ അവസാനിക്കുമ്പോൾ അത്  വ്യത്യസ്തമായ വായനാനുഭവം.

 

തൻറെ ഭൂമികയിൽ അനുഭവിക്കുന്നതും അറിയുന്നതും ആത്മാർഥതയോടെ എഴുതിഫലിപ്പിക്കുവാൻ സുകുമാരൻ പെരിയച്ചൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മടുക്കാത്ത വായന നൽകുന്ന കഥാസമാഹാരമായി 'പേട്ടക്കാലികൾ' മാറുന്നത്.  കൈരളി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന് വില 150 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com