വലാത്മകം

computer-boy
SHARE

ഭാഷയുടെ ശബ്ദത്തിലും വിനിമയത്തിലും പ്രയോഗത്തിലുമൊക്കെ ഇപ്പോൾ അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കയാണല്ലോ. സംവേദനം സാധ്യമാവുക എന്ന ആത്യന്തിക ആവശ്യത്തിൽ ഊന്നി ചിന്തിക്കുമ്പോൾ ഭാഷയുടെ പ്രാദേശിക വിചാരങ്ങൾക്കും യുക്തിവിചാരങ്ങൾക്കുമൊന്നും തീരെ പ്രസക്തിയില്ല. പ്രത്യേകിച്ച് എല്ലാറ്റിനും മീതെ ഒരു കംപ്യൂട്ടർ ഭാഷ ഇങ്ങനെ മേൽക്കോയ്മ നേടിവരുമ്പോൾ. എല്ലാ സന്ദർഭങ്ങളിലും അതതു കാലത്തെ ചുറ്റുപാടിൻറെ പോഷകസമൃദ്ധി ഊറ്റിക്കുടിച്ചാണ് ഭാഷ വികസിച്ചുപോരുന്നത് എന്ന് മനസ്സിലാക്കുമ്പോൾ സ്വീകരിക്കപ്പെടുന്നതൊക്കെ സ്വീകരിക്കപ്പെടും, അല്ലാത്തവ കാലക്രമേണ തിരസ്കരിക്കപ്പെടും. 

കോവിഡ് എന്ന മഹാമാരി മുൻകാലങ്ങളിലെ സമാനമായ കാലങ്ങൾകൊണ്ട് ഉദാഹരിക്കാൻ കഴിയാത്തവിധം ലോകജീവിത ഗതിയെ സമസ്ത രംഗങ്ങളിലും കീഴ്മേൽ മറിച്ചപ്പോൾ അതിന്റെ ആഘാതത്തിൽ നിന്ന് മനുഷ്യനെ ഒരളവുവരെ പിടിച്ചുനിർത്തിയത് ആധുനിക കാലഘട്ടത്തിന്റെ സംഭാവനയായ വിവര സാങ്കേതികത്വത്തിൽ അധിഷ്ഠിതമായ വാർത്താവിനിമയ സംവിധാനങ്ങളുടെ അത്ഭുതകരമായ പ്രയോഗംകൊണ്ടാണ്. ഒരു ആഗോളവലയിൽ ലോകം ഇങ്ങനെ ബന്ധിക്കപ്പെട്ടുകിടന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഇത്തരം സാങ്കേതിക പുരോഗതികൾ ഒന്നും ഇല്ലാതിരുന്ന സമയത്തും ലോകം മഹാമാരികളെ അതിജീവിച്ചിട്ടില്ലേ എന്ന മറുന്യായം സ്വാഭാവികമായും ഇതിനുണ്ടാവും. പക്ഷേ, അന്നുണ്ടായ നഷ്ടങ്ങളുടെ, ജീവഹാനികളുടെ യഥാർഥ കണക്കുകൾ എവിടെയെങ്കിലുമുണ്ടോ? അല്ലെങ്കിലും ലോകത്തെ എല്ലാ രാജ്യങ്ങളെയും ഒരേസമയം കീഴടക്കിയ ഒരു മഹാമാരി ഇതിനുമുമ്പ് ചരിത്രത്തിൽ എപ്പോഴെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? അതുമറിയില്ല.  

എന്തായാലും ഇവിടെ വിഷയം അതല്ല ഭാഷയാണ്. കോവിഡ് കാലത്തു പ്രചാരത്തിലായ  ഇംഗ്ലീഷ്/ലാറ്റിൻ പാദങ്ങൾക്ക് ബദലായി നല്ല മലയാള വാക്കുകളൊന്നും പ്രചാരം നേടിയില്ല. ക്വാറന്റീൻ എന്ന വാക്കിന് സംസർഗ വിലക്ക്, ഗമനാഗമന പ്രതിബന്ധം എന്നൊക്കെ പറഞ്ഞു പേടിപ്പെടുത്തുമ്പോഴേക്കും മലയാളി അവരവരുടെയതായ ശൈലിയിൽ  ക്വാറന്റീൻ എന്ന വാക്ക് തന്നെ ചിരപുരാതന കാലം മുമ്പേ പരിചയമുള്ള വാക്കെന്ന മട്ടിൽ ഉപയോഗിച്ചുതുടങ്ങി. ഗാർഹിക സമ്പർക്ക വിലക്ക് എന്ന് സർക്കാർ പറയുന്നതിലും ഭംഗിയായും എളുപ്പത്തിലും ഹോം ക്വാറന്റീൻ എന്ന് മലയാളി പറയാൻ ശീലിച്ചു. 

ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ എന്ന പ്രയോഗത്തിനുള്ള പ്രചാരത്തിന്റെ പത്തിലൊന്നു പ്രചാരം സ്ഥാപന സമ്പർക്ക വിലക്ക് എന്ന പ്രയോഗത്തിന് ഇനി ഒരു പത്തുകൊല്ലം കഴിഞ്ഞാലും മലയാളികൾക്കിടയിൽ കിട്ടുമെന്ന് തോന്നുന്നില്ല. ഇമ്മ്യുണിറ്റി, ഹെർഡ്‌ ഇമ്മ്യുണിറ്റി, ആന്റിബോഡി എന്നിവയെ മലയാളീകരിച്ചതും സർക്കാർ അറിയിപ്പുകളിലും വർത്തമാന പത്രങ്ങളിലെ വിവരങ്ങളിലുമായി പ്രയോഗസാധ്യത ഒതുങ്ങിപ്പോവുന്നു. ഇവിടെയൊക്കെ ആളുകൾ ആദ്യം കേട്ടത് എന്ന നിലയിൽ ഇംഗ്ലീഷ് വാക്കുകളെതന്നെ ഉപയോഗിക്കാൻ ഇഷ്ടപെടുന്നു. പ്രധാനകാരണം ബദലായി വരുന്ന മലയാള പദങ്ങൾ ഉച്ചരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ക്ലിഷ്ടസാധ്യമായതുകൊണ്ടുതന്നെയാണ്.  

കാര്യങ്ങൾ മുഴുവൻ ഇൻറ്റർനെറ്റിന്റെ വിചാരലോകത്തിന് വഴിപ്പെട്ടപ്പോൾ വിനിമയങ്ങളൊക്കെ പ്രതീതിപരമായി മാറി. അവിടെ വെർച്വൽ (virtual) യോഗങ്ങൾ സർവ്വസാധാരണമായപ്പോഴും വെർച്ച്വൽ എന്ന വാക്കിന് പകരമായി പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വെർച്വൽ ഇന്ന് ഉപയോഗിക്കപ്പെടുന്ന ലാറ്റിൻ പദത്തിന്റെ നാമാർത്ഥം സാങ്കൽപ്പികം എന്നും അതിന്റെ വിശേഷണാർഥം അവാസ്തവികമായ, ഫലത്തിൽ അങ്ങനെയായ എന്നൊക്കെ ആണ്. എങ്കിലും ആ അർത്ഥകല്പന ക്രിയയെ ശരിയായ അർത്ഥത്തിലും ഭാവപൂർണ്ണമായും പ്രകാശിപ്പിക്കുന്നില്ല.  

ഇന്നത്തെ വെർച്ച്വൽ യോഗങ്ങൾ വെറും സാങ്കൽപ്പിക യോഗങ്ങളല്ല. അത് കംപ്യൂട്ടറിന്റെ ഒരു ഭാവനാലോകമെന്നു പറഞ്ഞുകൊണ്ട് ലഘൂകരിക്കാനുമാവില്ല. എങ്കിലും വെർച്വൽ എന്ന ആ വാക്ക് പുത്തൻ അവസ്ഥയിൽ ഉപയോഗിക്കുമ്പോൾ അതിനു പുതിയ അർഥ കൽപ്പനയും മാനവും കൈവരുന്നു. അതുകൊണ്ട് സ്വന്തം ഭാഷയിലെ വാക്കുകളൊന്നും തിരയാതെ മലയാളി ഇഷ്ടത്തോടെ വെർച്വൽ എന്ന വാക്ക് ഉപയോഗിക്കുന്നു. ഇനി ഇപ്പൊ നിർബന്ധപൂർവ്വം മലയാളം പറയാം എന്നുവച്ചാലോ ? പ്രതീതിപര, പ്രതീതി ജന്യ, പ്രതീതിദായക, ധാരണാത്മക, പ്രതീത്യുപാധി എന്നൊക്കെ പറയേണ്ടിവരും ! 

എന്റെ ഒരു സുഹൃത്തിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പണ്ട് കെഎസ്ആർടിസിയുടെ ഗ്രീൻ ഫ്ലാഷ് ബസ് സർവീസ് ആരംഭിച്ചപ്പോൾ കണ്ടുപിടിച്ച മലയാളീകാരണം എന്നെ ഓർമ്മപ്പെടുത്തി - 'ത്വരിതഗമനഹരിതശകടം".  എന്തായാലും വെർച്വൽ യോഗങ്ങൾക്കു വേണ്ടേ ഒരു മലയാളം? വലയ്ക്കുള്ളിൽ (ഇന്റർനെറ്റ്) ഇരുന്നുള്ള യോഗങ്ങൾ ആയതുകൊണ്ട് 'വലാത്മക' യോഗങ്ങൾ എന്നായാലോ? വലയ്ക്കുന്ന ഈ ചോദ്യത്തിന് ഭാഷാപടുക്കൾ പരിഹാരം നൽകട്ടെ.  വിദ്യുച്ഛക്തി ഗമനാഗമനനിയത്രണോപാധി (switch) പോലെയോ ശിക്ഷാശൂൽക്കം (tuition fee) പോലെയോ നമ്മെ ശിക്ഷിക്കാത്ത മലയാളത്തിൽ വേണമെന്നേയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA