ADVERTISEMENT

ജനിച്ചമണ്ണിൽ ജീവിച്ചു മരിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. ആ ഇടംവിട്ട് കൂടുതൽ സൗകര്യങ്ങളും സുഖങ്ങളുമുള്ളിടത്തേക്ക് മാറാൻ മനസ്സ്കൊണ്ട് നാം ആഗ്രഹിക്കാറില്ല. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം പോലെത്തന്നെയാണ് സഞ്ചാരസ്വാതന്ത്ര്യവും അന്നസ്വാതന്ത്ര്യവും. അതിന് തടസ്സം നിൽക്കുന്നവരെ മലർത്തിയടിക്കുകയാണ് ഈ സിനിമ.

കുഞ്ചാക്കോബോബൻ അവതരിപ്പിക്കുന്ന സഞ്ജു എന്ന ഭീമനാണ് കഥ നയിക്കുന്നത്. സുന്ദരവില്ലനായ കൗസേപ്പായി എത്തുന്നത് ജിനു ജോസഫും. ചാക്കോച്ചൻ ഏറെ മാറിയിട്ടുണ്ട്. ഓർഡിനറി മുതലിങ്ങോട്ട് ചാക്കോച്ചന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. സ്വതസിദ്ധ അഭിനയ പ്രതിഭയായ ചെമ്പൻവിനോദ് ഈ സിനിമയിലും അനായാസ ചാതുരിയോടെ  അടയാളപ്പെടുത്തി. ഇതിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ ശക്തരും വ്യക്തിത്വമുള്ളവരുമാണ്.

റെയിൽവേ പരിസരത്തുള്ള കല്ലേറ്റുംകര പഞ്ചായത്തിലെ പത്തിരുപത് വീടുകൾ മാത്രമുള്ള സ്നേഹനഗർ എന്ന കോളനിയിലേക്ക് ആകെയുള്ളത് മൂന്നടി വഴിയാണ്. മംഗളങ്ങളോ മരണങ്ങളോ ഉണ്ടാകുമ്പോൾ, ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവർ അനുഭവിക്കുന്ന കഷ്ടപ്പാടും ബുദ്ധിമുട്ടും കൃത്യമായി അനുഭവപ്പെടുത്തിയിട്ടുണ്ട്. അതിന് ആകെയുള്ളൊരുപരിഹാരം നടവഴി വീതികൂട്ടി ടാറ്ചെയ്ത് വാഹനസൗകര്യത്തിന് അനുയോജ്യമാക്കുക മാത്രമാണ്. കോളനിവാസികൾ മിക്കപേരും അതിന് തയ്യാറാകുമ്പോൾ കൂട്ടത്തിൽ അല്പം ആഢ്യത്തം (തറവാടിത്തം) ഉണ്ടെന്ന് പറയുന്ന കൗസേപ്പും കൂട്ടരും എതിര് നിൽക്കുന്നു.

അധികാരികളിൽ നിന്ന് അനുമതി ലഭിക്കാനും നിയമപരമായ കാര്യങ്ങൾക്കും ജനപ്രതിനിധിയായും ഒടുവിൽ പ്രതിസന്ധിക്കാരനെ മലർത്തിയടിക്കാനും മുതിരുന്നത് ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്. പുതിയകാല പുരുഷയൗവനങ്ങളുടെ വികലമായ പ്രണയധാരണകളുള്ളയാളാണ് നായകൻ. ഏറ്റവും ഉദാത്തലഹരി പ്രണയമല്ല കാമവും മദ്യവുമാണെന്നാണ് അയാളുടെ ധാരണ. അത് മനസ്സിലാക്കുന്ന അയൽക്കാരിയായ മുൻകാമുകി സുരക്ഷിതമായ ജീവിതം തെരഞ്ഞെടുക്കുന്നു. അക്കാരണം കൊണ്ട് തന്നെ രണ്ടാം കാമുകിയും പുതിയ തൊഴിലിടത്തേക്ക് യാത്രയാകുന്നു.

എന്നാൽ സന്തത സഹചാരിയായ മഹർഷിയെന്ന് വിളിക്കുന്ന അവധൂതനെപ്പോലുള്ള കൂട്ടുകാരൻ (ചെമ്പൻ) ഉദാത്ത പ്രണയത്തിന്റെ മാതൃകാപുരുഷനായി സീതയെന്ന അനാഥയെ ജീവിതസഖിയാക്കുന്നു. കോളനിയിലെ ഒരേയൊരു പ്രഫഷണലായ ഡോക്ടറും സമ്പന്നനായ കൗസേപ്പും അവരുടെ ദാമ്പത്യജീവിതങ്ങളിൽ അസംതൃപ്തരാണെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്ന് ഊഹിക്കാം.

പരിഷ്കൃത വേഷധാരിയെങ്കിലും അന്ധവിശ്വാസത്തിന്റെ പ്രതീകമായ കരിങ്കോഴിയെ തോളിൽ വച്ച് സൈക്കിളിൽ സഞ്ചരിക്കുന്ന വൃദ്ധനായ നിശ്ശബ്ദ കഥാപാത്രം ഇക്കാലത്തിന്റെ പ്രതിനിധിയാണ്. നിർഗുണ പരബ്രഹ്മങ്ങളായ ചിലരുണ്ടാകും ഏത് പ്രദേശത്തും സുരാജ് അവതരിപ്പിച്ച കഥാപാത്രം അത്തരത്തിലൊരാളാണ്. നീതിനിഷേധങ്ങൾക്കെതിരെ പ്രതിരോദിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടത് സംഘബലമാണെന്നും കൂട്ടത്തിലുള്ള ചിലർ തന്നെയാണ് ഒറ്റുകാരാകുക എന്ന ചരിത്രയാഥാർത്യവും കൂടുതൽ വളച്ചുകെട്ടലുകളില്ലാതെ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു ഈ സിനിമയിൽ.

ആഷിഖ് അബു, റീമാ കല്ലിങ്കൽ, ചെമ്പൻ വിനോദ് എന്നിവരാണ് നിർമ്മാതാക്കൾ. ചെമ്പന്റെ കഥയും തിരക്കഥയും  തമാശാ ഫെയിം അഷ്ഫ് ഹംസയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവ സിനിമാസ്വാദനത്തിന്റെ മർമ്മങ്ങൾ അറിയുന്ന ആളാണ് അഷ്റഫ്. ഏറെ അടുപ്പമുള്ള കൂട്ടുകാരനെന്നതിനാൽ അതെനിക്ക് കൃത്യമായി അറിയാം. ചിന്നു ചാന്ദ്നിയുടെ കുങ്ഫു ടീച്ചറും ദിവ്യ, മേഘ, വിൻസി എന്നിവർ ചെയ്ത സ്ത്രീകഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നിർമ്മൽ, ബിനു, ഭഗത്, സുരേന്ദ്രൻ തുടങ്ങി ചെറുതും വലുതുമായ എല്ലാ നടന്മാരും തങ്ങൾക്ക് ലഭിച്ച അവസരം വളരെ തന്മയത്തോടെ തന്നെ അഭിനയിച്ച് പ്രതിഫലിപ്പിച്ചിരിക്കുന്നു.

ജെല്ലിക്കെട്ട്, അങ്കമാലി ഡയറീസ് എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരൻ ഈ സിനിമയിൽ അത്ര ശോഭിച്ചില്ലെന്ന് തോന്നി. മങ്ങിയ ഫ്രേയിമുകളായിരുന്നു പലയിടങ്ങളിലും. മുഹ്സിന്റെ (പരാരി) പ്രാസഭംഗിയുള്ള വരികൾ നന്നായിട്ടുണ്ട്. വിഷ്ണുവിജയിന്റെ സംഗീതം ശരാശരിയായി. ഹാസ്യത്തിന്റെ മേമ്പൊടിയോടെ നമുക്ക് മുന്നിലെത്തിയ ഇതൊരു ഗംഭീര സിനിമയാണെന്നൊന്നും പറയുന്നില്ല, പക്ഷേ നിരാശപ്പെടുത്തില്ല, സത്യം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com