ക്രിസ്‌മസ്  ദിനാഘോഷവും പ്രതീക്ഷയുണർത്തുന്ന പുതുവത്സരത്തിന്റെ തുടക്കവും

christmas-new-year
SHARE

ന്യൂജഴ്‌സി ∙ ക്രിസ്മസ്‌ ദിനാഘോഷത്തെയും പുതുവത്സരത്തിന്റെ  തുടക്കത്തെയും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. എന്നാൽ  ഇവയുടെ പ്രാധാന്യത്തെപ്പറ്റിയും, തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയും, നമ്മൾ മനസിലാക്കേണ്ടതുണ്ട്. ക്രിസ്മസ്‌ എല്ലാ വർഷവും ഡിസംബർ 25-ന്  ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.  കാരണം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ  അനുസ്മരിച്ചുകൊണ്ട്  ആചരിക്കുന്ന സാംസ്കാരികവും,  മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്മസ്.  എന്നാൽ ഒരു കലണ്ടർ വർഷത്തിന്റെ  അവസാനവും, പുതിയ വർഷത്തിന്റെ തുടക്കവും ആഘോഷിക്കുന്ന ദിവസമാണ് പുതുവത്സരം.  

ക്രിസ്മസ്‌ തലേന്ന് മുതൽ ആളുകൾ ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങുന്നു. ഇതിനെ ക്രിസ്മസ് ഈവ് എന്ന് വിളിക്കുന്നു. യേശുക്രിസ്തുവിന്റെ  ജനനത്തെ ഓർത്താണ് ക്രിസ്മസ് ആഘോഷിക്കുന്നത് എങ്കിലും. 'ക്രിസ്മസ്' എന്ന പേര് ക്രിസ്തുവിൻ്റെ അല്ലെങ്കിൽ യേശുവിൻ്റെ മാസ്സിൽ നിന്നാണ് ഉത്ഭവിച്ചത്. അതായത് ഇതിനെ ഒരു കുർബാന ശുശ്രൂഷ എന്നോ,  കമ്മ്യൂണിയൻ എന്നോ, അല്ലെങ്കിൽ യൂക്കറിസ്റ്റ്  എന്നോ  വിളിക്കുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ  ജനനം ലോകത്തിലെ മഹത്തായ കാര്യങ്ങളുടെ തുടക്കമാണെന്ന് ക്രിസ്മസിലൂടെ നമ്മെ മനസ്സിലാക്കുന്നു.  എങ്കിലും എല്ലാവരും സമാധാനത്തിലും, സ്നേഹത്തിലും, ജീവിക്കാനുള്ള പ്രതീകാത്മക സമയമായിട്ടും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.

ക്രിസ്മസ്  യഥാർഥത്തിൽ "പുറജാതി അവധി" ആയിരുന്നോ?. നാലാം നൂറ്റാണ്ടിലാണ് ക്രിസ്തുമസിന്റെ  ഉത്ഭവം എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. എന്നാൽ യേശുവിന്റെ  ജന്മദിനമായി പ്രഖ്യാപിക്കുന്ന ഡിസംബർ 25, യഥാർഥത്തിൽ റോമാക്കാർ സൂര്യദേവന്റെ  ജനനം ആഘോഷിച്ചിരുന്ന  തീയതിയായിരുന്നു. കാരണം ശീതകാല സീസണിലെ ഇരുണ്ട ദിനങ്ങളുടെ സമാപനവും,  കൂടുതൽ സൂര്യപ്രകാശം ഉള്ള  ദൈർഘ്യമേറിയ ദിവസങ്ങൾ അടുത്ത് വരുന്നതും ആഘോഷിക്കാൻ വേണ്ടിയായിരുന്നു ഇത്.  പിന്നീട് ഇത് ക്രിസ്തുമസിന്റെ ആഘോഷവുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങൾക്ക് പ്രാധാന്യം നൽകി.

ക്രിസ്മസ് അടിസ്ഥാനപരമായി നമ്മുടെ മാനവികതയുടെ ആഴത്തിലുള്ള ഭാഗങ്ങളിൽ നാം പറ്റിനിൽക്കേണ്ടതിന്റെ  ഓർമ്മപ്പെടുത്തലാണ്.  കാരണം  ഈ ഉത്സവം ദൈവവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ  ശക്തിപ്പെടുത്തുകയും  നമ്മുടെ നിലനിൽപ്പിനുള്ള പാഠം മനസ്സിലാക്കുകയും ചെയ്യുന്നു.  എന്നാൽ പ്രധാനമായും  കുട്ടികൾ ഈ ഉത്സവം സന്തോഷത്തോടെ  ആസ്വദിക്കുന്നു. കാരണം  ഡിസംബർ 25-ന് സാന്താക്ലോസ് എത്തുമെന്നും സാന്തയിൽ നിന്ന് അവർക്ക് സമ്മാനങ്ങൾ ലഭിക്കുമെന്നുള്ളതിനാൽ അവർ കാത്തിരിക്കുന്നു.  അതുപോലെതന്നെ  ഏതു  മതത്തിൽ പെട്ടവർക്കും  ദൈവാനുഗ്രഹം തേടാം എന്നതും ക്രിസ്തുമസിൻ്റെ  ഒരു  പ്രത്യേകതയാണ്.  അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള എല്ലാ ആളുകളും, എല്ലാ മതങ്ങളും, ഇന്ന്  ക്രിസ്മസ്‌  ആഘോഷിക്കുന്നു.   

ക്രിസ്മസ് രാവിൽ ആരംഭിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ എല്ലാം  അവസാനിപ്പിച്ച്,  ഡിസംബർ  31-ന്  രാത്രി പുതുവത്സരം, അഥവാ പുതിയ വർഷം തുടക്കം കുറിക്കുന്നു.  അങ്ങനെ  ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും ഒരു വർഷം ആരംഭിക്കുന്നു. എല്ലാ  പ്രായത്തിലുമുള്ളവരും  ജീവിതത്തിൻ്റെ  വിവിധ തുറകളിലുള്ളവരും ഇവിടെ  ഒത്തുചേരുന്നു. കഴിഞ്ഞ വർഷം നിങ്ങൾക്ക് നൽകിയ എല്ലാ നല്ല കാര്യങ്ങളെയും ഇനിയും വരാനിരിക്കുന്ന എല്ലാ നല്ല കാര്യങ്ങളെയും അഭിനന്ദിക്കാനുള്ള മികച്ച അവസരംകൂടിയാണ് പുതുവത്സരം.  അതുപോലെ  പഴയ ശീലങ്ങളിൽ നിന്ന് മുക്തി നേടാനും അവരുടെ ദൈനംദിന ജീവിതത്തിൽ ഗുണപരവും ഫലപ്രദവുമായ മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള അവസരംകൂടിയാണ് പുതുവർഷം.  

വാസ്തവത്തിൽ, നമ്മൾ എന്തിനാണ് പുതുവർഷം ആഘോഷിക്കുന്നത് എന്നത് പലരുടെയും ചോദ്യമാണ്?. ഒരു കലണ്ടർ വർഷത്തിന്റെ  അവസാനവും ഒരു പുതിയ വർഷത്തിൻ്റെ  തുടക്കവും ആഘോഷിക്കുന്ന ഒരു ദിവസമാണ് ജനുവരി ഒന്ന് അഥവാ പുതുവത്സരം. അതുപോലെ 365 ദിവസത്തേക്കുള്ള  പുതിയ യാത്ര ആരംഭിക്കുന്നതുതന്നെ  ഈ  പുതുവത്സര രാവിലെ  ആദ്യ ദിവസത്തോടെയാണ്. അതുകൊണ്ട്  പുതുവത്സരം  വെറും ആഘോഷങ്ങളും തീരുമാനങ്ങളും എടുക്കുക  മാത്രമല്ല, അതിനനുസരിച്ച് ജീവിതത്തെ മുമ്പോട്ട്  നയിക്കുന്നതിനും, ഭൂതകാലത്തെ മറക്കുന്നതിനും കൂടിയാണ്.  പുതുവത്സരം  പുനർജന്മത്തിനായുള്ള ഒരു സമയത്തെ പ്രതിനിധീകരിക്കുന്നു, എങ്കിലും  നിരവധി പുതിയ തുടക്കങ്ങൾക്കുള്ള പ്രചോദനത്തെ ഉൾകൊള്ളുന്നതിനാൽ പുതുവർഷത്തിലെ ആദ്യദിനം എപ്പോഴും  വളരെ ആഡംബരത്തോടെ ആഘോഷിക്കുന്നു.  

 പുതുവത്സര ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്നത്  ഈ ആധുനിക യുഗത്തിൽ മാത്രമല്ല, പതിറ്റാണ്ടുകൾ മുതൽ  അതിന്റെ  പ്രാധാന്യം മുറുകെ പിടിക്കുന്നു എന്നതാണ് സത്യം.  കാരണം  വ്യക്തിപരമായും,  തൊഴിൽപരമായും, വിവിധ കാര്യങ്ങളിൽ മികച്ചവരാകാനുള്ള, എല്ലാ ശ്രമങ്ങളും  മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ്. എങ്കിലും  കടന്നുപോകുന്ന വർഷത്തിലെ മുൻകാല തെറ്റുകൾ ക്ഷമിക്കുവാനും മോശം അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും മാറി ഒരു പുതിയ ജീവിതം തുടങ്ങുവാനുമുള്ള ഒരു വലിയ  അവസരംകൂടിയാണിത്. അതുപോലെ  പുതുവർഷത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും, നമ്മുടെ ചിന്തകളും, വികാരങ്ങളും, തുടർന്നുള്ള ദിവസങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്ന്  വിശ്വസിക്കുന്നതിനാൽ   ഈ ആഘോഷം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. 

അസാധാരണമായ   ഒരു വർഷമായിരുന്നു 2021. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കിടയിൽ  പലരും അസുഖം, നഷ്ടം, അനിശ്ചിതത്വമുള്ള തൊഴിൽ, അതുപോലെ കോവിഡ്-19 കാരണം ഉള്ള  ഒറ്റപ്പെടൽ, എന്നിവയാൽ ഏറെ  ബുദ്ധിമുട്ടുകൾ  അനുഭവിച്ച വർഷം  കൂടിയായിരുന്നു.  ഇതെല്ലം നമ്മൾ മനസ്സിൽ ഓർത്തുകൊണ്ട്, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള പ്രോത്സാഹനത്തിന്റെ  സമയമായിട്ട്  ഈ അവധികാലം ഉപയോഗിക്കുക. വിജയത്തിലേക്കുള്ള പാതയിൽ എപ്പോഴും മുന്നോട്ട് നോക്കുക എന്നതാണ് നിയമം. നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരട്ടെ. സമാധാനവും, സ്നേഹവും, സമൃദ്ധിയും, എപ്പോഴും നിങ്ങളെ പിന്തുടരട്ടെ. ഈ വർഷം, നമ്മെ നിരുപാധികം സ്നേഹിക്കുന്ന ആരായാലും നമ്മുടെ പിന്നിൽ നിൽക്കുന്നവരെ അംഗീകരിക്കാൻ നമുക്ക് പ്രതിജ്ഞ എടുക്കാം.

പുതുവത്സര ദിനത്തിൽ നമ്മൾ പിന്തുടരുന്ന പാരമ്പര്യമോ സംസ്ക്കാരമോ എന്തുമാകട്ടെ,  അതിലൂടെ ലഭിക്കുന്ന നന്മകൾ  നമ്മളെ, സമൃദ്ധമായ ഒരു വർഷം നയിക്കാൻ സഹായിക്കുന്നു എങ്കിൽ,  പ്രതീക്ഷയോടും,  ധൈര്യത്ോടും,  കഠിനമായ പരിശ്രമത്തോടും കൂടി, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും  എന്ന വിശ്വാസത്തോട് , നിങ്ങൾ  നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ ആഘോഷങ്ങളോടെ പുതുവർഷത്തിൻ്റെ   തുടക്കം ആഘോഷിക്കാൻ ആഗ്രഹിക്കുന്നതിൽ  അതിശയിക്കാനില്ല.  ഇതാണ് പുതുവത്സരാഘോഷം.  ഓരോ അവസാനവും ഒരു പുതിയ തുടക്കത്തെ അടയാളപ്പെടുത്തുന്നതുപോലെ നിങ്ങൾ  എല്ലായ്‌പ്പോഴും മഹത്വമുള്ള പാതയിലൂടെ സഞ്ചരിക്കും. നിങ്ങൾക്ക്  എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവർഷ ആശംസകൾ ആത്മാർത്ഥമായി നേരുന്നു. 

നക്ഷത്രവിളക്കുകളിൽനിന്നുള്ള പ്രകാശം പോലെ എല്ലാ ഹൃദയങ്ങളിലും നന്മയും സ്‌നേഹവും പ്രസരിക്കട്ടെ. മാലാഖമാർ പാടിയതുതന്നെ ഞാനും ആവർത്തിക്കട്ടെ. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ ദൈവകൃപ നിറഞ്ഞവർക്ക് സമാധാനം!   

എല്ലാവർക്കും എന്റെ  ഹൃദയം നിറഞ്ഞ ക്രിസ്മസ്‌ പുതുവത്സര ആശംസകൾ!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA