ഓര്‍മയായ് പെയ്യുന്ന മഞ്ഞുകാലങ്ങള്‍

md-suraj
SHARE

സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ചേര്‍ന്ന നാലാംദിവസം മഞ്ഞ്  പെയതുകൊണ്ടിരിക്കുന്ന ഒരു പകലില്‍ ഞാന്‍ തനിയെ നഗരത്തിലേക്ക് നടന്നു. ദുബായില്‍ നിന്ന് പുറപ്പെടുമ്പോള്‍ അടുത്ത സുഹൃത്ത് തന്ന ഒരു മേല്‍വിലാസം കയ്യിലുണ്ട്. നഗരത്തെ രണ്ടായി പകുത്തുകൊണ്ട് സൂറിച്ച് തടാകം. അതിന്‍റെ കരയില്‍ ഒരിടത്തിരുന്ന് തെരുവുഗായകര്‍ പാടുന്നുണ്ടായിരുന്നു. പാട്ടിലെ ഭാഷയോ അതിന്‍റെ അര്‍ത്ഥമോ അറിയില്ലെങ്കിലും തണുത്ത പ്രഭാതത്തില്‍ സ്വെറ്ററില്‍ ശരീരമാകെ പൊതിഞ്ഞ് വെച്ച് ഇവര്‍ ആര്‍ക്കുവേണ്ടിയാണ് പാടുന്നതെന്ന് കൗതുകത്തോടെ ഞാനോര്‍ത്തു.

പാട്ടു കേട്ട് ആള്‍ക്കൂട്ടം പിരിഞ്ഞുപോയപ്പോള്‍ ഞാന്‍ ഇംഗ്ലീഷില്‍ അവരോട് പറഞ്ഞു.പാട്ടു നന്നായി. പക്ഷെ, നിങ്ങള്‍ പാടിയതെന്താണെന്ന്എ നിക്ക് മനസ്സിലായില്ല.

അതിലൊരാള്‍ എന്നോട് തിരക്കി. ആര്‍ യു ഇന്ത്യന്‍

ഞാന്‍ തല കുലുക്കി. അയാള്‍ പാടിയത് ജര്‍മ്മന്‍ ഭാഷയിലായിരുന്നു.  അവരുടെ രാജ്യത്തിലെത്തിച്ചേര്‍ന്നവരെ സ്വാഗതം ചെയ്യുന്ന ഒരു ഗാനമായിരുന്നു അത്. ഗായകരുടെ കൂട്ടത്തിലെ മുതിര്‍ന്ന ഒരാള്‍ മുറി ഇംഗ്ലീഷില്‍ അതിന്‍റെ അർഥം പറഞ്ഞുതന്നു.  

എവിടെ നിന്നോ വന്ന അല്ലയോ യാത്രക്കാരെ, ഇതു ഞങ്ങളുടെ മാത്രം രാജ്യമല്ല; നിങ്ങളുടേതും കൂടിയാണ്. നിങ്ങള്‍

കേവലം അതിഥികളല്ല ആതിഥേയരും കൂടിയാണ്. ദുബായില്‍നിന്ന് പുറപ്പെട്ട യാത്രാസംഘത്തിലെ അറുപത് പേരില്‍ ഒരാളായാണ് ഞാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിച്ചേര്‍ന്നത്. അഞ്ചുദിവസത്തെ സന്ദര്‍ശനം. നാളെ കഴിഞ്ഞ് മറ്റന്നാള്‍ മടങ്ങും. അതുകൊണ്ടുതന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞങ്ങള്‍ അതിഥികള്‍ മാത്രം. ഈ നല്ല നാടും രാജ്യവും നിങ്ങളുടേതുമാത്രം. ദേശാടനപ്പക്ഷികളെപ്പോലെ ഇവിടെ എത്തിച്ചേര്‍ന്നു. ഒരു സ്വപ്നംപോലെ അതിന്‍റെ ഓര്‍മ്മ മനസ്സില്‍ ബാക്കിയാക്കി  ഞങ്ങള്‍ മടങ്ങും.

ഞാന്‍ കീശയിലുണ്ടായിരുന്ന രണ്ട് സ്വിസ് ഫ്രാങ്ക് നാണയമെടുത്ത് അവര്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവരുടെ കണ്ണുകളില്‍ പുതിയ പ്രകാശം പരന്നു.

ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ പാട്ടുകേള്‍ക്കാന്‍ ഞാനിവിടെ ഉണ്ടാകില്ല. മഞ്ഞ് വീഴുന്ന ഈ മനോഹരഭൂമിയില്‍ നിന്ന് മരുഭൂമിയിലേക്ക് മടങ്ങണം. പുതിയ സന്ദര്‍ശകര്‍ ഇവിടെ വരും. നിങ്ങളുടെ പാട്ടുകേള്‍ക്കും.

തെരുവുഗായകരില്‍ പ്രായം ചെന്ന ഒരാള്‍ അതുകേട്ട് കയ്യിലുള്ള തന്ത്രിവാദ്യം വളരെ മനോഹരമായി പ്രത്യേക ഈണത്തില്‍ വായിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു നടന്നു.

kj-suraj

എവിടേക്ക് പോകണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാതെ ഒരാളെത്തേടിയാണ് എന്‍റെ യാത്ര. അയാള്‍ക്ക് എന്നെയോ എനിക്ക് അയാളെയോ അറിഞ്ഞുകൂടായിരുന്നു. സുഹൃത്ത് തന്ന വിലാസം കയ്യില്‍പ്പിടിച്ച് റോഡരികത്ത് ഞാന്‍ നിന്നു. തലങ്ങും വിലങ്ങും ട്രാമുകള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ പോകുന്ന റോഡിന് നടുവിലുള്ള റെയില്‍വേട്രാക്കിലൂടെ പതുക്കെ മാത്രം ട്രാമുകള്‍ പാഞ്ഞുപോകുന്നു. ഇവിടെ നിന്ന് എങ്ങോട്ടാണ് പേകേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. വഴിയരികില്‍ ട്രാം കാത്തുനില്‍ക്കുന്ന ഒരപരിചിതനോട് ഞാന്‍ പോകേണ്ട സ്ഥലത്തിന്‍റെ പേര് പറയാന്‍ ശ്രമിച്ചു. ഹോഫ്വിസെന്‍സ്ട്രാസ് എന്ന് സ്ഫുടമായി പറയാന്‍ എന്തുകൊണ്ടോ എനിക്ക് കഴിഞ്ഞില്ല. എന്‍റെ പരുങ്ങല്‍ കണ്ടപ്പോള്‍ അയാള്‍ കയ്യിലുള്ള വിലാസത്തിലേക്ക്  നോക്കി പറഞ്ഞു.

അവിടെ ചെന്ന് നിന്നാല്‍ മതി. മുപ്പതാം നമ്പര്‍ ട്രാമില്‍ കയറിയാല്‍ സ്ഥലത്തെത്താം. സൂറിച്ച് നഗരമധ്യത്തിലൂടെ ട്രാം പതുക്കെ പാഞ്ഞുകൊണ്ടിരുന്നു. സൂറിച്ച് നദി സമാന്തരമായി ഒഴുകുന്നു. ബോട്ടുകള്‍ സഞ്ചാരികളെയും കൊണ്ട് ഒഴുകിനീങ്ങുന്നു. കഴിഞ്ഞ ദിവസം ഇതിലേതോ ഒരു ബോട്ടില്‍ നദിയിലൂടെ പാഞ്ഞുപോയ നിമിഷങ്ങളോര്‍ത്തു. ഇന്ന് അതേ ബോട്ടില്‍ അപരിചിതരായ മറ്റാരൊക്കെയോ കാഴ്ചകളില്‍ മുഴുകി ഒഴുകി നീങ്ങുന്നു.

 കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യാത്രസംഘത്തിലെ അറുപതോളം പേരും ഒന്നിച്ചായിരുന്നു. ഞങ്ങളൊന്നിച്ച് പലയിടങ്ങള്‍ കണ്ടു. പല കാഴ്ചയില്‍, കൗതുകങ്ങളില്‍ കണ്ണെത്തിനോക്കുകയും മനസ്സ് അതിന്‍റെ അനേകാനുഭൂതികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

അറേബ്യന്‍ മരുഭൂമിയുടെ കൊടുംചൂടില്‍നിന്ന് മഞ്ഞില്‍ പൊതിഞ്ഞ ആല്‍പ്സ് പര്‍വ്വതനിരകള്‍ക്കിടിയിലേക്ക് എത്തിച്ചേര്‍ന്ന നാലാം പകല്‍ വ്യത്യസ്തമാവുന്നു. ഈ ദിവസം അവരവര്‍ക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് തനിച്ചോ കൂട്ടത്തോടെയോ സ്വതന്ത്രമായി യാത്രയാകാനുള്ള ഒന്നാണ്. ബന്ധുക്കളുടെ അടുത്തേക്ക് യാത്രതിരിച്ചവരും സൂഹൃത്തുക്കളോടൊപ്പം പോയവവരുമുണ്ട്. ഇതൊന്നുമില്ലാത്തവര്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് യാത്രയാവുന്നു. അത്തരമൊരു പകലിലാണ് ഞാനും ഒരാളെ അന്വേഷിച്ച് യാത്ര തിരിക്കുന്നത്.  

എന്‍റെ കയ്യിലുള്ള വിലാസത്തിലേക്ക് എത്തിച്ചേരാന്‍ സൂറിച്ച് നഗരമധ്യത്തില്‍ നിന്ന് ഏഴു മിനിട്ടു നേരമേ വേണ്ടിവന്നുള്ളൂ. കാളിദാസഭാവന വരച്ചുവെച്ച ഹൈമവതഭൂവിനെപ്പോലെ ഒരുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആല്‍പ്സ്. സഹ്യനെപ്പോലെ പര്‍വ്വതനിരകളുടെ വിദൂരതകളില്‍ ആകാശവും ഭൂമിയും തൊട്ടുനില്‍ക്കുന്നു. മഞ്ഞിന്‍റെ ശുദ്ധവെണ്മയും ആകാശത്തിന്‍റെ ഇളം നീലിമയും കൂടിച്ചേരുന്ന ആകാശച്ചെരിവുകള്‍ കണ്ടുകൊണ്ട് ഞാന്‍ നടന്നു.

അതിനിടയില്‍ കേരള ഇന്ത്യന്‍ റെസ്റ്ററന്‍റ് എന്ന ബോര്‍ഡ് കണ്ണില്‍പ്പെട്ടു.  

ഞാന്‍ റിസപ്ഷനില്‍ ചെന്നന്വേഷിച്ചു. ഐ വിഷ് ടു മീറ്റ് സൂരജ് കോച്ചേരി.

അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. കേരളീയതയുടെ മുദ്രകളത്രയും മനോഹരമായി പകര്‍ത്തിവെച്ച ഒരു റെസ്റ്റോറന്‍റ്. കഥകളിയും പടയണിയുമടക്കം ശിലപമായും ചിത്രമായും അവിടെ  പകര്‍ത്തിവെച്ചിരുന്നു. മധ്യവയസ്സ് പിന്നിട്ട ഒരാള്‍ പാചകവേഷത്തോടെ എന്‍റെ അടുത്തേക്ക് വന്നു.

നാല്‍പതുവര്‍ഷം മുമ്പ് സ്വന്തം നാടായ വൈപ്പിന്‍ വിട്ട് സൂറിച്ച് നഗരത്തിലെത്തിച്ചേര്‍ന്ന സൂരജ്. അദ്ദേഹത്തോടൊപ്പം സ്വിസ് സ്വദേശിനിയായ ഭാര്യ ഫ്രെനി. അവരിരുവരും നടത്തിവന്നിരുന്ന റെസ്റ്റോറന്‍റായിരുന്നു അത്. തണുത്ത് വിറച്ചുകൊണ്ട് നില്‍ക്കുന്ന എനിക്ക് അദ്ദേഹം ചൂടുള്ള ചോക്ലേറ്റ് ചായതന്നു. സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട പലരുമെന്നപോലെ ഞാനും കുറച്ചു നിമിഷങ്ങള്‍ കൊണ്ട് അദ്ദേഹത്തെ കുട്ടേട്ടന്‍ എന്ന് വിളിച്ചു.

കുട്ടേട്ടന്‍ എന്നോട് ചോദിച്ചു.

കൂടെയുള്ളവരൊക്കെ ഈ ദിവസം അവരുടേതായ സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും യാത്രയായപ്പോള്‍ നീ മാത്രം എന്തിന് എന്നെത്തേടി വന്നു ? ഞാന്‍ പറഞ്ഞു.സൂറിച്ചില്‍ കാണാനുള്ളതെല്ലാം ഒരുവിധം ഞാന്‍ കണ്ടു. ഈ നഗരത്തിലൂടെ സഞ്ചരിക്കുമ്പോഴൊക്കെ എന്‍റെ മനസ്സ് ഏറ്റവും അധികമായി കാണാന്‍ ആഗ്രഹിച്ച രണ്ടുപേരുണ്ടായിരുന്നു. ഫ്രെനിക്ക് മലയാളം അറിയില്ലെങ്കിലും അവര്‍ ഞങ്ങള്‍ മലയാളത്തില്‍ പറയുന്ന കാര്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  

suraj

ഞാന്‍ പറഞ്ഞു.കാണാന്‍ ആഗ്രഹിച്ച ഒരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും രണ്ടാമത് ഈ കുട്ടേട്ടനെയും.അദ്ദേഹം അതുകേട്ട് ചിരിച്ചു.ഐന്‍സ്റ്റീനെ  രാഗേഷിന് മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. എന്നെ കാണാനും ഒരു മ്യൂസിയത്തിലേക്കാണ് വന്നത് അല്ലേ? വിദൂരതയിലേക്ക് കണ്ണുപായിച്ചുകൊണ്ട് അദ്ദേഹം ഇതുകൂടി പറഞ്ഞു.  

നാടു വിട്ടുപോകുന്നവരൊക്കെ നാടിന്‍റെ ഓര്‍മ്മകള്‍ ജീവിത ത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് ഇങ്ങനെയൊക്കെയാണെടോ.ഈ റെസ്റ്റോറന്‍റ് എന്‍റെ ഓര്‍മ്മകളുടെ മ്യൂസിയമാണ്. ഇവിടെ വച്ചുവിളമ്പുന്നതൊക്കെയും നാടിന്‍റെ രുചിയും മണവുമാണ്. എല്ലാം മനസ്സിലായെന്ന മട്ടില്‍ ഫ്രെനിയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിഞ്ഞു.

നാല്‍പതുവര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടേട്ടന്‍റെ സഹോദരിയോടൊപ്പമാണ്  ഫ്രെനി ആദ്യമായി കേരളത്തിലെത്തിയത്. കുട്ടേട്ടനോടൊപ്പം വേലയും പൂരവും കണ്ടു നടന്ന ഒരു സൗഹൃദകാലം അവര്‍ക്കുണ്ടായിരുന്നു. സഹോദരിയോടൊപ്പം കുട്ടേട്ടന്‍ സൂറിച്ചിലെത്തിയതില്‍ പിന്നീടാണ് അവര്‍ തമ്മിലുള്ള പ്രണയകാലം ആരംഭിക്കുന്നത്.  അവര്‍ വിവാഹിതരായി. രണ്ടുമക്കളുണ്ടായി. നാലുപതിറ്റാണ്ടുകളായി ഈ നഗരത്തില്‍ അവര്‍ അത്രമാത്രം സന്തോഷത്തോടെ ജീവിക്കുന്നു.

റെസ്റ്റോറന്‍റിന്‍റെ മുകള്‍ത്തട്ടിലേക്ക് അദ്ദേഹം എന്നെ അവിടേക്ക് ക്ഷണിച്ചു. നാടിന്‍റെ ഓര്‍മ്മളുടെ പല മുദ്രകളും അവശേഷിക്കുന്ന മുറികള്‍. മലയാള പുസ്തകങ്ങളുടെ വലിയ ശേഖരം അവിടെ കണ്ടു. നാടിന്‍റെ ഓര്‍മ്മകളിലേക്ക് ഒരു പ്രവാസി തിരിച്ചുപോകുന്നതിന്‍റെ മറ്റൊരടയാളം.

കുട്ടേട്ടന്‍ പറഞ്ഞു, എം.ടി. വന്നാല്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. വെടിപ്പോടെ സൂക്ഷിച്ചുവെച്ച ഒരു മുറി. എം.ടി താമസിച്ച സുഖകരമായ ഒരോര്‍മ്മയുടെ ബാക്കിപത്രം പോലെ മുറിയില്‍ എം.ടിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ ഉണ്ടായിരുന്നു.

ഞാന്‍ അതിലേക്ക് ആരാധനയോടെ നോക്കി നില്‍ക്കേ കുട്ടേട്ടന്‍ പറഞ്ഞു. പത്താമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചതില്‍ പിന്നീട് ഏറ്റുവാങ്ങിയ അനാഥത്വം. വായനയായിരുന്നു വേദന മറക്കാനുള്ള അക്കാലത്തെ ഏക പോംവഴി. എം.ടിയുടെ അസുരവിത്ത്ആ ദ്യം വായിച്ചു. പിന്നെപ്പിന്നെ അദ്ദേഹത്തിന്‍റെ എല്ലാ കൃതികളും. മനസ്സില്‍ അത്രകണ്ട് ആരാധിക്കുന്ന ആ മഹാമനുഷ്യന്‍ ഒരിക്കലും എന്‍റെ അതിഥിയായി എത്തുമെന്നു കരുതിയില്ല. ഒരു സത്യക്രിസ്ത്യാനിയുടെ കയ്യില്‍ മാര്‍പ്പാപ്പ ഉമ്മ വയ്ക്കുമ്പോള്‍ എന്നപോലെ ഇന്നും അതെനിക്ക് അത്രയേറെ പ്രിയപ്പെട്ട ഒരോര്‍മ്മയാണ്. എം.ടി എഴുതിയ ഒരു കത്ത് അദ്ദേഹം എനിക്ക് കാണിച്ചു തന്നു.

പ്രിയപ്പെട്ട കുട്ടന്...

മലയാളത്തിലെ അക്ഷരപുരുഷന്‍റെ കയ്യക്ഷരങ്ങള്‍. കുട്ടേട്ടന്‍ എന്നോട് പറഞ്ഞു. എം.ടിക്ക് ഒരാഗ്രഹമുണ്ടായിരുന്നു. ഞാന്‍ ആകാംക്ഷയോടെ അതിന്‍റെ ബാക്കി കൂടി കേള്‍ക്കാന്‍ കാത്തുനിന്നു. കുട്ടേട്ടന്‍ പറഞ്ഞു.

എന്‍റെ നിളയെപ്പോലെ ഈ സൂറിച്ച് തടാകവും എനിക്ക്പ്രി യപ്പട്ടവളാകുന്നു. ഇവിടെത്തെ ജീവിതവുമായി  ബന്ധപ്പെട്ട ചിലതൊക്കെ എഴുതണമെന്ന് മനസ്സ് പറയുന്നു.  നിളയും സൂറിച്ചും എന്‍റെ മനസ്സില്‍ തെളിഞ്ഞു. വേനല്‍ക്കാലത്ത് വരണ്ടൊഴുകുന്ന, മഴക്കാലത്ത് കലങ്ങിവീര്‍ത്ത് കടല്‍ത്തേടിപ്പായുന്ന നിള, നഗരങ്ങളോട് ഓരം ചേര്‍ന്നു നിന്ന്  എല്ലാ കാലത്തും തെളിഞ്ഞ് നില്‍ക്കുന്ന സൂറിച്ച്. ബോട്ടുകളും അരയന്നങ്ങളും ഒരുപോലെ നീന്തിതുടിക്കുന്ന നനുത്ത സ്പര്‍ശംപോലെ ഈ നഗരജലാശയം.

അലമാരകളില്‍ എം.മുകുന്ദനും സി.രാധാകൃഷ്ണനും ഒക്കെയുണ്ടായിരുന്നു. അവരൊക്കെയും കുട്ടേട്ടന് പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു.  റസ്റ്റോറന്‍റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കാനാഗ്രഹിച്ച് വന്നവരുടെ മെനുവനുസരിച്ചുള്ള വിഭവങ്ങള്‍ ഷെഫുമാര്‍ തയാറാക്കുന്നുണ്ടായിരുന്നു. ഓണത്തിനും അതുപോലുള്ള വിശേഷദിവസങ്ങളിലും മലയാളികള്‍ മാത്രമല്ല. ഇന്ത്യക്കാരും വിദേശികളുമടക്കം ഇലയില്‍ സദ്യയുണ്ണാന്‍ കുട്ടേട്ടനെ തേടിവരുന്നു. റസ്റ്റോറന്‍റില്‍ സൂക്ഷിച്ചുവെച്ച ഒരാല്‍ബം കുട്ടേട്ടന്‍ തുറന്നു,  അതില്‍ ചില പേജുകളില്‍ കലാഭവന്‍ മണി ചിരിച്ചുനില്‍ക്കുന്നു.  കുട്ടേട്ടന്‍ പറഞ്ഞു.

മണി എത്തിച്ചേര്‍ന്ന ദിവസം എന്നോട് പറഞ്ഞു.

കുട്ടേട്ടന്‍ മാറി നില്‍ക്കണം. ഞാന്‍ ചാലക്കുടി ഷാപ്പ് കറിയുണ്ടാക്കി തരാം.

അന്ന് അടുക്കളയില്‍ വെന്ത് പാകമായത് മണിയുടെ നാടന്‍ പാട്ടും ചലക്കുടിയിലെ ഷാപ്പ് മീന്‍കറിയുമായിരുന്നു. മറക്കാനാവാത്ത ഒരു ദിവസം തന്ന് ഇനിയും വരാമെന്ന് പറഞ്ഞ് മണി അന്ന് യാത്രയായി. സക്കറിയയും സൂര്യകൃഷ്ണമൂര്‍ത്തിയും സ്നേഹസൗഹൃദങ്ങള്‍ പകരം തന്നു. എം.എ.യുസഫലി കുടുംബത്തോടൊപ്പം വന്ന് പലവട്ടം ഞങ്ങളുടെ അതിഥ്യം സ്വീകരിച്ച് പറന്നുപോയി. അറിഞ്ഞും അറിയാതെയും ഇവിടെ വന്നുചേര്‍ന്ന് സൗഹൃദം പങ്കിട്ടവരുടെ ഓര്‍മ്മകള്‍ ഇതുപോലെ പലതുമുണ്ട്. മഞ്ഞുകാലം വന്നുപോവുന്നതുപോലെ പല കാലങ്ങളില്‍ വരികയും പലതരം ഓര്‍മ്മകള്‍ തന്ന് അവരൊക്കെയും തിരിച്ചു പോവുകയും ചെയ്യുന്നു.

ഒരു പത്രപ്രവര്‍ത്തകന്‍റെ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു.

ഫ്രെനിയോടൊപ്പമുള്ള ജീവിതവും ഈ നാടും എന്തു തന്നു? കുട്ടേട്ടന്‍ പറഞ്ഞു.

മനുഷ്യരായി ജീവിക്കാനുള്ളതെല്ലാം തന്നു. മതിലുകളില്ലാതെ സ്നേഹിക്കാനുള്ളതെല്ലാം തന്നു. ഞാന്‍ ജനിച്ചത് ഹിന്ദുവായാണ്. ഫ്രെനി ക്രിസ്ത്യാനിയായിരുന്നു. പക്ഷേ, മക്കളെ ഞങ്ങള്‍ വളര്‍ത്തിയത് മതമില്ലാതെയാണ്. അവര്‍ അവരുടെ മക്കളെയും അങ്ങനെത്തന്നെ വളര്‍ത്തുന്നു. പരസ്പര സ്നേഹത്തെക്കാള്‍ വലിയ മതം ഈ ലോകത്തിലില്ല രാഗേഷേ, റസ്റ്റോറന്‍റിന് പുറത്ത് മഞ്ഞുവീഴുന്നുണ്ടായിരുന്നു. ആല്‍പ്സിന്‍റെ താഴ്‌വാരങ്ങളില്‍ കുടമണികള്‍ കിലുക്കി പശുക്കള്‍ കൂട്ടത്തോടെ മേയുന്നുണ്ടായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മരച്ചാര്‍ത്തുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഇലകള്‍പോലും പൂക്കളെപ്പോലെ പലനിറങ്ങള്‍ ചൂടി നില്‍ക്കുന്നുണ്ടായിരുന്നു.

കുട്ടേട്ടനോടും ഫ്രെനിയോടും യാത്ര ചോദിച്ച് ട്രാമില്‍ തിരിച്ചുപോകുമ്പോള്‍ ഓളമിളക്കി പാഞ്ഞുപോകുന്ന കുറേ ബോട്ടുകള്‍ കൂടി സൂറിച്ചിലുണ്ടായിരുന്നു. മഞ്ഞ് എന്ന നോവലില്‍ നൈനിറ്റാള്‍ പോലെ സൂറിച്ച് തടാകത്തിലൂടെ ഒഴുകുന്ന ബോട്ടുകള്‍. വെള്ളാരം കല്ലുപോലെ തിളങ്ങുന്ന കണ്ണുകളുമായി അവര്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. സൂറിച്ചിന്‍റെ പശ്ചാത്തലത്തില്‍ എം.ടി എഴുതാന്‍ ആഗ്രഹിച്ചിരുന്ന ആ കഥ ഏതായിരിക്കും.  

കുട്ടേട്ടന് അതറിയാമായിരുന്നോ ?

യാത്ര പുറപ്പെട്ട അതേസ്ഥലത്ത് ട്രാമില്‍ തിരിച്ചിറങ്ങി, ഞാന്‍ വന്നവഴിയേ നടന്നു. അപ്പോള്‍ തെരുവുഗായകര്‍ അവിടെ ഉണ്ടായിരുന്നില്ല. ഈ രാജ്യം ഞങ്ങളുടേതല്ല; നിങ്ങളുടെയും കൂടിയാണെന്ന് പറഞ്ഞ് അവരുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു.  നദിക്കരയില്‍ നിന്ന് അത്രമാത്രം വൃത്തിയും വെടിപ്പുമുള്ള നഗരത്തിലൂടെ ഞാന്‍ കൂട്ടുകാരെ തേടി സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA