ADVERTISEMENT

അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ ലോകമെമ്പാടുമുള്ള  ജനങ്ങൾ നട്ടംതിരിയുമ്പോളും മനുഷ്യരെ വഹിക്കുന്ന ഭൂമി സൂര്യനെ വലം വയ്ക്കുവാൻ മറക്കുന്നില്ല എന്നനുസ്മരിപ്പിച്ചുകൊണ്ട് അന്ധകാരനിബിഡമായിരുന്ന മറ്റൊരു വർഷം കൂടി കടന്നുപോയി. രണ്ടു വർഷത്തിലധികമായി ജീവിത സ്വാതന്ത്രം നഷ്ടപെട്ട മനുഷ്യരിൽ മാനസിക സമ്മർദ്ദവും  അധികമായതിനാൽ ഇനിയും കഠിനമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുവാൻ വൈദ്യശാസ്ത്രവും സർക്കാരുദ്യോഗസ്ഥരും മടികാണിക്കുകയാണ്. മാനുഷിക സമ്പർക്കം കാംക്ഷിക്കുന്ന മനുഷ്യർക്ക് ശാരീരികവ്യഥയേക്കാൾ അധികവും മാനസികവ്യഥകൾ ആയതിനാൽ മറ്റുപാധികളൊന്നും നിർദ്ദേശിക്കുവാനും സാധിക്കുന്നില്ല. കടിഞ്ഞാണില്ലാത്ത മനുഷ്യ ചിന്തകളെ നിയന്ത്രിക്കുവാൻ അനുയോജ്യമായ  മാർഗ്ഗങ്ങൾ ശാസ്ത്രലോകത്തിനും അപ്രാപ്യമാണെന്ന് അറിവുള്ളതിനാലാവും. എന്നാൽ അസുഖകരമായ ചിന്തകൾ മനസ്സിൽ സൂക്ഷിക്കുവാൻ ക്ഷമയില്ലാത്ത മനുഷ്യർ പുതുവർഷത്തിലെങ്കിലും തങ്ങളുടെ ജന്മഗ്രഹത്തെ അതിന്റെ പൂർണ്ണതയിൽ തിരികെ തരണമെന്ന് സർവ്വേശ്വരനോട് നിരന്തരമായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ വളർച്ചകളിലൂടെയാണ് മനുഷ്യന്  ജീവിതസൗകര്യങ്ങൾ അധികം ലഭിക്കുന്നതെന്ന് വിശ്വസിച്ചിരുന്നവരിൽ ചിലരെങ്കിലും  നിലവിലെ അനിശ്ചിതങ്ങളും അവയുടെ പാർശ്വഫലങ്ങളാണെന്ന് വിശ്വസിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. 

മറ്റൊരു പുതുവർഷത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോൾ ഭൂമുഖത്തിൽ ജീവിക്കുന്ന നല്ലവരായ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും പ്രതീക്ഷകളർപ്പിക്കുന്നതും ലോകത്തിൽ നന്മയുണ്ടാകുവാനാണ്. ബാഹ്യമായി  പ്രകടിപ്പിക്കുവാൻ മടിയാണെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലോകത്തിലുള്ള എല്ലാ മനുഷ്യജീവിതത്തിലും ഉണ്ടാവണമെന്ന് ഭൂരിഭാഗം മനുഷ്യരും ആത്മാർത്ഥമായി ആശിക്കുന്നു. വ്യക്തികൾ വ്യത്യസ്‌ഥരായതിനാൽ ഭാവിയെക്കുറിച്ചുള്ള ആശകളും പ്രതീക്ഷകളും ഓരോരുത്തരിലും വ്യത്യസ്ഥമാണ്. അനുകൂലമായതും പ്രതികൂലവുമായ  ജീവിതസാഹചര്യങ്ങളിൽ ഇവയെല്ലാം സ്വയം തിരുത്തുകയോ ബലമായി തിരുത്തേണ്ട സ്ഥിതിവിശേഷവും സംജാതമാവുന്നുണ്ട്. എന്നാൽ അനിശ്ചിതങ്ങളിലൂടെ കടന്നു പോവുന്ന നിലവിലെ സാഹചര്യത്തിൽ നല്ല നാളുകൾക്കായി  ജീവൻ സംരക്ഷിച്ചു നിർത്തുവാൻ മാത്രമാണ് പലരും കിണഞ്ഞ് പരിശ്രമിക്കുന്നതും. അതായത് വ്യക്തികൾ വ്യത്യസ്ഥരാണെങ്കിലും അവരെയെല്ലാം അനുനിമിഷം നയിക്കുന്നത് അവരുടെ പ്രത്യാശകളാണ്. എല്ലാ പ്രതികൂല ജീവിതസാഹചര്യങ്ങളിലും നല്ല നാളുകൾ ഉണ്ടാവുമെന്നുള്ള പ്രതീക്ഷകൾ. എന്നാൽ പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കുവാൻ മനുഷ്യർക്ക് കഴിവുണ്ടെന്നും ചുറ്റുപാടുകളിൽ നിന്നും മനസിലാക്കുവാൻ സാധിക്കും. എത്രത്തോളം മോശമായ ജീവിതാവസ്ഥയിലും മാനുഷിക വികാരങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുന്ന വ്യക്തികൾക്ക് പ്രതികൂല ജീവിത സാഹചര്യങ്ങൾ വളരെ എളുപ്പത്തിൽ  മാറ്റിയെടുക്കുവാൻ സാധിക്കുന്നുമുണ്ട്. 

മനുഷ്യരിൽ നിറഞ്ഞിരിക്കുന്ന നിരവധിയായ വികാരങ്ങളാണ് അവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ജയപരാജയങ്ങളിലേയ്ക്ക് എത്തിച്ചേർക്കുന്നതും. അതിനാൽ തന്നെ ഓരോ മനുഷ്യരുടെയും ജീവിതാവസ്ഥകളിൽ അവരിൽ നിറഞ്ഞിരിക്കുന്ന വികാരങ്ങൾക്ക് പ്രസക്തിയുണ്ട്. ധാരാളം അവസരങ്ങൾ ഓരോ വ്യക്തികളുടെയും മുൻപിലുണ്ടെങ്കിലും തനിക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിലും അവരുടെ വികാരങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  എന്നാൽ എല്ലാ മനുഷ്യർക്കും പ്രത്യേകമായ ഇഷ്ടാനിഷ്ടങ്ങൾ ഉള്ളതിനാൽ വികാരങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കുവാനും സാധിക്കാതെ വരുന്നുണ്ട്. അതിനാലാണ്  മനുഷ്യരുടെ താല്പര്യങ്ങൾ മാത്രമാണ് അവരോരുത്തരെയും അനുനിമിഷം നയിക്കുന്നതെന്നും ജീവിതവിജയം നൽകുന്നതെന്നും പറയപ്പെടുന്നത്. വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് വിചാരങ്ങളിലൂടെ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് പ്രായോഗിക ജീവിതം നയിക്കുന്നവരായി കരുതുന്നത്. വികാരങ്ങളെക്കാളും വിചാരങ്ങൾക്ക് ഓരോന്നിന്റെയും ഗുണമേന്മകൾ അളന്ന് തിട്ടപ്പെടുത്തുവാനും നൈമിഷക സുഖസൗകര്യങ്ങൾക്കുപരി ശാശ്വതമായ ജീവിതാനന്ദം നല്കുന്ന വഴികൾ സ്വീകരിക്കുവാനും സാധിക്കും.

മനസ്സിന്റെ കണ്ണാടിയാണ് മുഖമെന്നപോലെ മനുഷ്യമനസ്സിന്റെ ബലമാണ് ശരീരത്തിലൂടെ ഓരോ വ്യക്തികൾക്കും അനുഭവപ്പെടുന്നത്. ശരീരത്തിന്   ബലമുണ്ടാകുവാനായി പോഷകമൂല്യമുള്ള ആഹാരം മുടങ്ങാതെ കഴിച്ചാലും മനസ്സിന് ബലമില്ലെങ്കിൽ ശരീരത്തിൽ പ്രതിഫലിക്കാതാവുന്നു. അനാവശ്യമായ മാനസിക മുറിവുകൾ അഥവാ വ്യഥകൾ അനുഭവിക്കേണ്ടി വരുമ്പോഴും ശരീരത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. ശരീരത്തിനെ ക്ഷയിപ്പിക്കുന്ന വിഷാംശങ്ങൾ ആഹാരത്തിലൂടെ മാത്രം ഉള്ളിലെത്തുന്നവയല്ലെന്നും മറിച്ച്  നിയന്ത്രണാതീതമായ വികാരങ്ങളാലും മനുഷ്യശരീരം മലിനപ്പെടാമെന്നും ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യർക്ക് അനവധി വികാരങ്ങളുണ്ടെങ്കിലും മനുഷ്യമനസ്സിനെ വൃണപ്പെടുത്തി ശരീരത്തിനെ ബലഹീനമാക്കുന്ന അധമമായ ഒരു വികാരമാണ് വെറുപ്പ്. ഏതെങ്കിലും വസ്തുവിനോടും പ്രവർത്തനത്തോടും താല്പര്യമില്ലായ്മയും ഏതെങ്കിലും മൃഗങ്ങളോടും ആഹാരപാനീയങ്ങളോടും ഇഷ്ടമില്ലായ്മയും എല്ലാം വെറുപ്പിന്റെ വകഭേദങ്ങളാണെങ്കിലും മറ്റ് വ്യക്തികളോട് അകാരണമായി ഉണ്ടാവുന്ന വെറുപ്പാണ് ഏറ്റവും വിനാശകരമായത്. ചില അവസരങ്ങളിൽ ചിലർക്കെങ്കിലും തങ്ങളോട് തന്നെ വെറുപ്പുണ്ടാകുമെങ്കിലും പ്രതിവിധി തേടുവാൻ സാധിക്കും. എന്നാൽ  മറ്റുള്ളവരോടുള്ള വെറുപ്പ് ഏറ്റവും അപകടകരവും മ്ലേച്ഛവുമായ വികാരമാണ്, അവയാണ് കുറ്റകൃത്യങ്ങളിലേക്കും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിലേക്കും നയിക്കുന്ന ചേതോവികാരം.

ഗൗതം ബുദ്ധൻ മറ്റുള്ളവരോട് വെറുപ്പുമായി ജീവിക്കുന്ന വ്യക്തികളെ വിശേഷിപ്പിക്കുന്നത് "എരിയുന്ന കനലുകൾ കൈവെള്ളയിൽ കൊണ്ടുനടക്കുന്നവരായാണ്". ചുട്ടുപൊള്ളുന്ന കനലുകൾ അവ വഹിക്കുന്നവരുടെ കൈകൾ പൊള്ളിക്കുകയും അതെ കനലുകൾ മറ്റുള്ളവരുടെ നേർക്ക് പ്രയോഗിക്കുകയും ചെയ്യുന്നവർ. ദീർഘകാലം വെറുപ്പുമായി ജീവിക്കുന്നവർ സ്വയം നശിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങൾ മാത്രമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വ്യക്തികളിലെ വെറുപ്പിന്റെ മൂലകാരണങ്ങൾ പലതാണെങ്കിലും പ്രാഥമികമായും മറ്റുള്ളവരിൽ നിന്നുമുണ്ടാകുന്ന അവഗണനയും അകാരണമായ പഴിചാരലുകളുമാണ്. വ്യക്തികളിൽ നിന്നും സമൂഹങ്ങളിൽ നിന്നും അവഗണനകളുണ്ടാവുമ്പോൾ പലരിലും കെടാത്ത പകയായി രൂപം പ്രാപിക്കുന്നു. അബദ്ധധാരണകൾ മൂലവും തെറ്റായ വിദ്യാഭ്യാസനയം മൂലവും ജയിക്കുവാനായി മറ്റുള്ളവരെ തോൽപ്പിക്കുവാനാണ് പലരും ശ്രമിക്കുന്നത്. ചില അവസരങ്ങളിൽ സാമർഥ്യമില്ലാത്ത വ്യക്തികൾക്ക് വിജയിക്കുവാനുള്ള കുതന്ത്രവുമാണ് മറ്റുള്ളവരെ തോല്പിക്കുകയെന്നതും. ദിവസങ്ങളോളം നീളുന്ന കഠിനപ്രയക്നങ്ങളിലൂടെ മത്സര പരീക്ഷകളിൽ പഠിച്ച് ഒന്നാമതെത്തിയാലും അർഹിക്കുന്ന പരിഗണന ലഭിക്കാതെ  വരുമ്പോഴും സ്വാഭാവികമായ വെറുപ്പ് ഉടലെടുക്കാം. അഭിമുഖങ്ങളിൽ വളരെ സാമർഥ്യത്തോടെ പങ്കെടുത്തിട്ടും പ്രതീക്ഷിക്കുന്ന ജോലി ലഭിക്കാതെ വരുമ്പോഴും മറ്റുള്ളവരോടുള്ള വെറുപ്പ് വർധിക്കും. എന്നാൽ മറ്റുള്ളവർ അധ്വാനിച്ച് അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നേടുമ്പോൾ ഉടലെടുക്കുന്ന വെറുപ്പാണ് പലരെയും കാർന്നുതിന്നുന്ന അർബുദം. അങ്ങനെയുള്ള വ്യക്തികളെയാണ് ഗൗതം ബുദ്ധൻ "എരിയുന്ന കനൽ വഹിക്കുന്നവരെന്ന് വിശേഷിപ്പിക്കുന്നത്".

ആധുനിക മനുഷ്യർ ശാസ്ത്രീയമായി തെളിയിച്ചതുപോലെ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന  ആദിമ മനുഷ്യരും വിശ്വസിച്ചിരുന്നത് മനുഷ്യരും മൃഗങ്ങളുടെ വംശത്തിൽ പെടുന്ന പ്രത്യേകതരം ഇരുകാലികൾ മാത്രമായിട്ടാണ്. എന്നാൽ മൃഗങ്ങളെക്കാൾ വ്യത്യസ്‌തമായി മനുഷ്യ മനസ്സിനുള്ളിൽ നന്മതിന്മകളുടെ നിരന്തരമായ മത്സരം അരങ്ങേറുന്നുണ്ട്. അതെ മത്സരങ്ങളുടെ ജയപരാജങ്ങളുടെ പ്രതിഫലനം മാത്രമാണ് അവരുടെ ബാഹ്യപ്രവർത്തനങ്ങൾ. എല്ലാ മനുഷ്യമനസ്സുകളിലും രണ്ടു വേറിട്ട ചിന്തകൾ ഉടലെടുക്കുന്നു ഒന്ന് പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും സമഭാവനയുടെയും ചിന്തകളും രണ്ടാമതായി പേടിയുടെയും സ്വാർത്ഥതയുടെയും വെറുപ്പിന്റെയും ചിന്തകൾ. ശാരീരിക ബലത്തിന് ഭക്ഷണം ഊർജ്ജമാവുന്നപോലെ മാനസിക മത്സരത്തിനും ഊർജ്ജമാവശ്യമാണ്, അതെ ഊർജ്ജം ലഭിക്കുന്നത് ഓരോരുത്തരുടെയും ചുറ്റുപാടുകളിൽ നിന്നും സൗഹൃദബന്ധങ്ങളിൽ നിന്നുമാണ്. മനസ്സിൽ മത്സരിക്കുന്ന ഇരുചിന്തകളെയും സമയോചിതമായി പരിരക്ഷിക്കുകയോ ശമിപ്പിക്കുകയോ ചെയ്യാതിരിക്കുമ്പോൾ മാത്രമാണ് മനുഷ്യത്വം നശിച്ച് മൃഗമായി ജീവിച്ചു തീരുന്നത്. എന്നാൽ അകാരണമായി മനുഷ്യമനസ്സിൽ കുടികൊള്ളുന്ന വെറുപ്പിനെ ശമിപ്പിക്കുവാനും തിരുത്തുവാനും ധാരാളം വഴികൾ ഓരോരുത്തരുടെയും മുന്നിലുമുണ്ട്.  

(1) എല്ലാ മനുഷ്യരും വ്യതിരസ്‌ഥരാണ്, അതിനാൽ തന്നെ ചിന്തകളും പ്രവർത്തനശൈലിയും വേറിട്ടതാണ്. 

ലോകത്തിൽ രൂപസാദൃശ്യമുള്ള ഏഴ് പേരുണ്ടെന്നത് പഴമൊഴിയാണെങ്കിലും ചില അവസരങ്ങളിൽ ഒരേ രൂപസാദൃശ്യമുള്ള വ്യക്തികളെ കാണുവാൻ സാധിക്കും. എന്നാൽ ചിന്തയിലും വാക്കിലും പ്രവർത്തനത്തിലും രൂപത്തിലും ഒരേപോലെ മറ്റൊരാൾ ലോകത്തിലില്ല എന്നത് പരമാർത്ഥമാണ്. പ്രപഞ്ചത്തിൽ ജീവിക്കുന്ന മനുഷ്യർ മഹാത്ഭുതമായി മാറുന്നത് ഈ  പ്രതിഭാസത്തിലൂടെയാണ്, നിലവിൽ ജീവിച്ചിരിക്കുന്ന ഏകദേശം 8 ബില്യൺ മനുഷ്യരിലും മണ്മറഞ്ഞ പോയ അനേക ബില്യൺ മനുഷ്യരിലും എല്ലാ അർത്ഥത്തിലും ഒരേപോലെയുള്ള വ്യക്തികൾ ഉണ്ടായിരുന്നില്ല, നിലവിൽ ജീവിച്ചിരിപ്പുമില്ല. എല്ലാ വ്യക്തികളും വേറിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും വ്യത്യസ്തമായ ജീവിതശൈലി പുലർത്തുവാൻ വേണ്ടി മാത്രം ജന്മം പൂണ്ടവരാണ്. വിചിത്രമെങ്കിലും പച്ചയായ സത്യം പ്രപഞ്ചത്തിന്റെ മഹാരഹസ്യങ്ങളിൽ ഒന്ന് മാത്രമാണ്. വ്യക്തികളുടെ  പ്രതീക്ഷയ്‌ക്കൊത്ത് മറ്റുള്ളവർ ജീവിക്കുവാനാവത്തത് അവർ വ്യതിരസ്‌ഥരായത് കൊണ്ട് മാത്രമാണ്. മനോഹരമായ പ്രപഞ്ചത്തിന്റെ മഹിമയാണ് വ്യതിരസ്‌ഥത, അതിനെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ തന്നെപ്പോലെ രൂപസാദൃശ്യമുള്ള മറ്റൊരാളെ അകാരണമായി  വെറുക്കേണ്ട ആവശ്യകത ഉണ്ടാവുന്നില്ല.  

(2) മനുഷ്യരിലെ വ്യതിരസ്‌ഥത മാനവരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്  - അനിശ്ചിതങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകത്തിൽ മാനവരാശിക്ക് അതിജീവിക്കുവാൻ നിരവധി തന്ത്രങ്ങളാവശ്യമാണ്. അതിലേയ്ക്ക് ലോകത്തിലുള്ള എല്ലാ വ്യതിരസ്‌ഥരായ മനുഷ്യരുടെയും സഹകരിച്ചുള്ള പ്രവർത്തനവും അനിവാര്യമാണ്.  എല്ലാ പദ്ധതികളും ആശയ സമന്യുയത്തിലൂടെ രൂപീകൃതമാവുന്നെങ്കിലും എപ്പോഴും വിജയിക്കണമെന്നില്ല, അതിനാൽ കരുതലിനായി മറ്റനേകം പദ്ധതികൾ ആവശ്യമാണ്. വ്യതിരസ്‌ഥരായ വ്യക്തികളുണ്ടെങ്കിൽ മാത്രമേ വേറിട്ട് ചിന്തിക്കുകയും വേറിട്ട പദ്ധതികൾക്ക് രൂപം നൽകുവാൻ സാധിക്കുകയുള്ളു. 

(3) വേറിട്ട് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും എതിരഭിപ്രായം പറയുന്നവരല്ല മറിച്ച് മറ്റൊരഭിപ്രായം പറയുന്നവർ മാത്രമാണ്. ഭൂരിഭാഗം മനുഷ്യരും ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നവരല്ല, അതിനാൽ തന്നെ വേറിട്ട് ചിന്തിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും ഉൾക്കൊള്ളുവാൻ മടിയാണ്. എന്നാൽ ചോദ്യങ്ങളിലൂടെയാണ് കാണുന്നതും കാണപ്പെടാത്തതുമായ പല പഴുതുകളും അടയുന്നതും ഏറ്റവും മേന്മയായ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനായി കാഴ്ചവയ്ക്കുവാൻ സാധിക്കുന്നത്. രാജാവ് നഗ്നനാണെങ്കിൽ ആരെങ്കിലുമൊരാൾ  ചൂണ്ടിക്കാണിക്കണം, അപ്പോൾ രാജാവ് തന്റെ നഗ്നത മറയ്ക്കും.

(4) ലോകത്തിലൊരാളും പരിപൂർണ്ണരല്ല, എല്ലാം തികഞ്ഞവർ ലോകത്തിലാരും തന്നെയില്ല, എല്ലാവരിലും അധികമായുള്ളത് അപൂർണ്ണതകളാണ്. കായികശേഷിയുള്ളവർ ബുദ്ധിശക്തിയിൽ പൂർണ്ണരായിരിക്കില്ല, സമ്പന്നർ മനസമാധാനം തേടുന്നവരായിരിക്കും, ദരിദ്രർക്ക്  ആവശ്യങ്ങളേറെയാണ്, അധികാരമുള്ളവർക്ക് വിശ്വസ്തതയുള്ളവരുടെ കുറവുണ്ടാകും. പ്രപഞ്ചത്തിലുള്ളവയെല്ലാം സൂഷ്മദൃഷ്ടിയിൽ അപൂർണമാണെന്ന് തിരിച്ചറിയുവാൻ സാധിക്കും. അതിനാൽ തന്നെ എല്ലാ അർത്ഥത്തിലും അപൂർണ്ണരായ സഹജീവികളോട് വെറുപ്പ്  പുലർത്തുന്നവർക്ക് ഒരർത്ഥത്തിലും പ്രയോജനപ്പെടു ന്നുമില്ല അതിനാൽ തന്നെ ന്യായീകരിക്കുവാനും സാധിക്കില്ല . 

(5) വ്യക്തികളിൽ വെറുപ്പിന്റെ ഉറവിടം അറിവില്ലായ്മയാണ്. ലോകത്തിൽ അറിവിനേക്കാൾ അധികമായുള്ളതും അറിവില്ലായ്മയാണ്. അതിനാൽ വ്യക്തികളിലും അധികമായുള്ളതും കുറവുകൾ മാത്രമാണ്. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും  സ്വാഭാവികമായും കുറവുകളുള്ള വ്യക്തികൾ മറ്റുള്ളവരുടെ കുറവുകളെയോർത്ത് വെറുപ്പ് ഉളവാക്കുന്നത് അർഥശൂന്യമാണ്.  മുന്നിലുള്ള ഏതൊരു വസ്തുതകളെയും ഇഴകീറി പരിശോധിച്ചാൽ പ്രഥമദൃഷ്ടിയിൽ കാണപ്പെടാത്ത ധാരാളം ശരികളും തെറ്റുകളും കാണുവാൻ സാധിക്കും. അപ്പോൾ പലരോടുമുള്ള വെറുപ്പിൽ കഴമ്പില്ലായിരുന്നു എന്ന് എളുപ്പത്തിൽ തിരിച്ചറിയുവാൻ സാധിക്കും, ബാഹ്യസമ്മർദ്ദമില്ലാതെ സ്വയം തിരുത്തുവാൻ സാധിക്കും.  

(6) വെറുപ്പെന്ന വാക്ക് തന്നെ വെറുപ്പുളവാക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കണം. മാനുഷിക വികാരമായതിനാൽ മറ്റുള്ളവരോട് വെറുപ്പുമായി ജീവിക്കുന്നവർ മനസ്സിലാക്കേണ്ടത് തങ്ങളെപ്പോലെ മറ്റുള്ളവർക്കും വെറുപ്പ് പുലർത്തുവാനുള്ള അവകാശമുണ്ട്. അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത മനുഷ്യരിലെ  സ്വാഭാവികമായ വ്യതിരസ്‌ഥതയാണ്  വെറുപ്പിന്റെ മൂലകാരണങ്ങൾ, അവയെല്ലാം സൃഷ്ടിച്ചിരിക്കുന്നതും മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിനായി മാത്രമാണ്. കുറവുകൾ അധികമുള്ളവർ തങ്ങളെത്തന്നെ ഒരുപാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യൂമ്പോൾ തങ്ങളെക്കാളും അധിക കഴിവുകളുള്ള വ്യക്തികളെ വെറുക്കേണ്ടതിന്റെ ആവശ്യകതയെ തിരിച്ചറിയണം. വെറുപ്പിൽ നിന്നുളവാകുന്ന മറ്റെല്ലാ വികാരങ്ങളും വ്യക്തികൾക്കും സമൂഹത്തിനും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നതാണെങ്കിൽ  ഇനിയും എരിയുന്ന കനലുകളെ അനാവശ്യമായി കൈകുമ്പിളിനുള്ളിൽ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലയാവർത്തി ചിന്തിക്കണം, സമയോചിതമായി തിരുത്തണം, ജീവിതത്തിൽ നിന്നും എന്നന്നേയ്ക്കുമായി ഒഴിവാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com