ADVERTISEMENT

2019 ഫെബ്രുവരി മാസത്തിൽ അനിയത്തി അമ്മുവിന്റെ  വിദേശ പഠനത്തിനാവശ്യമായ പേപ്പറുകൾ ശരിയാക്കാൻ ഔദ് മേത്തയിലെ ഇന്ത്യൻ എംബസിയിൽ മൂന്നു ദിവസമായി കയറിയിറങ്ങി നടക്കുകയായിരുന്നു. പേപ്പറുകൾ ശരിയാക്കാൻ നിഷ എന്ന് പേരുള്ള വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരുപാടു സഹായിച്ചു. എന്റെ  രൂപം കണ്ടു അവളു തെറ്റിദ്ധരിച്ചു ഞാനും  ഉത്തരേന്ത്യക്കാരൻ ആണെന്ന് .

 

ആ കെട്ടിടത്തിൽ കയറി ഇറങ്ങി നടക്കുമ്പോൾ വെള്ളം ഡെലിവറി ചെയ്യുന്ന ആൾക്കാരുടെ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ എന്റെ കസേരക്കടുത്ത്‌ അയാളുടെ ഊഴം കാത്തു ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ശ്രദ്ധിക്കാൻ  കാരണം,ഞാൻ ആദ്യം അവിടെ എത്തിയപ്പോൾ ഉള്ള എല്ലാ പരിഭ്രമങ്ങളും അയാളിലും കണ്ടിട്ടായിരുന്നു.കുറെ 5 ദിർഹത്തിൻ്റെ  നോട്ടുകൾ കൃത്യമായി എണ്ണി,ഡോക്യൂമെൻറ്സ് അറ്റസ്റ്റ്  ചെയ്യാൻ വേണ്ട പൈസ എടുത്തു വയ്ക്കുന്നതും ശ്രദ്ധിച്ചു.

 

അറ്റസ്റ്റ് ചെയ്യേണ്ട ഡോക്യൂമെൻറ്റുകൾ സെൻ്ററിൽ നിന്നും തന്നെ ഫോട്ടോ കോപ്പി എടുക്കണമായിരുന്നു.ഒരു കോപ്പിക്ക് 2  ദിർഹം.

ഫോട്ടോ കോപ്പി എടുക്കാൻ വരിയിൽ നിന്നപ്പോൾ പരിചയപ്പെട്ടു. ഭാരതപ്പുഴയുടെ തീരത്തുള്ള പൊന്നാനി ആണ് അയാളുടെ നാട്. വീട് വയ്ക്കാൻ ലോൺ എടുക്കുവാൻ,വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുവാൻ ആണ് അവിടെ വന്നത്.

 

പാസ്പോർട്ട്, വീസ,ഐഡി എന്നിവയുടെ പകർപ്പ് എടുത്തപ്പോൾ തന്നെ 10 ദിർഹത്തിൽ കൂടുതൽ ആയി അയാൾക്ക്.

 

ജബൽ അലിയിലെ ഫ്രീ സോണിൽ ആണ് ജോലി.താമസം അവിടെ തന്നെ.അവധി എടുത്താൽ ശമ്പളം പിടിക്കും.അത് കൊണ്ട് അര ദിവസത്തെ അനുവാദം വാങ്ങി,ബസ്സും,മെട്രോയും ഒക്കെ പിടിച്ചാണ് ഇവിടെ വരെ എത്തിയത്.ഫോട്ടോ കോപ്പി എടുത്തപ്പോൾ റജിസ്റ്റർ ചെയ്യാൻ വേണ്ട പൈസയിൽ കുറവ് വന്നു എന്നത് ഞങ്ങളുടെ സംഭാഷണത്തിൽ അയാൾ സൂചിപ്പിച്ചു.

 

അയാൾക്ക്‌ പൈസ കൊടുത്താലോ എന്ന് എൻ്റെ മനസ്സിൽ ഓർത്തെങ്കിലും  അയാളുടെ അഭിമാനത്തെ സങ്കടപ്പെടുത്തിയാലോ എന്നോർത്ത് എൻ്റെ  ഊഴത്തിനായി കാത്തിരുന്നു .

 

"നിങ്ങളുടെ അടുത്ത് 20 ദിർഹം ഉണ്ടാവുമോ" എന്ന ചോദ്യം കൗണ്ടറിലേക്ക് നിഷയെയും നോക്കി ഇരുന്ന എന്നെ ഉണർത്തി.

നേരത്തെ ഇത് മനസ്സിലാക്കിയ ഞാൻ 50 ദിർഹം എടുത്തു വച്ചിരുന്നു.അതു അയാൾക്ക് നേരെ നീട്ടിയപ്പോൾ  "വേണ്ട 20 മതി" എന്ന് പറഞ്ഞു ,

"വേണ്ട ഇക്ക വച്ചോളൂ,നിങ്ങൾക്ക് ജബൽ  അലി വരെ എത്തേണ്ടതല്ലേ"എന്നും പറഞ്ഞു ഞാൻ ആ കാശ് അയാളെ ഏൽപ്പിച്ചു.

 

നിസ്സഹായതയുടെ നോവ് അയാളുടെ കണ്ണിൽ ഞാൻ കണ്ടെങ്കിലും,ആവശ്യം നിറവേറിയതിന്റെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി. വെറും 3 ദിവസത്തിൻ്റെ പരിചയത്തിൻ്റെ പേരിൽ എൻ്റെ ഡോക്യൂമെൻറ് അറ്റസ്റ്റേഷൻ കഴിഞ്ഞപ്പോൾ,നിഷയോടു അയാളുടെ കാര്യം  പറഞ്ഞു.ഞാൻ അവിടെ ഇരിക്കെ തന്നെ അവരുടെ പേപ്പർ അറ്റസ്റ്റ് ചെയ്യാൻ കൊടുത്തു .

 

എംബസിയിൽ നിന്നും ഇറങ്ങി ആ ഇക്കയെ അടുത്തുള്ള മെട്രോയിൽ ഇറക്കി. തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അയാൾ ആയിരുന്നു മനസ്സിൽ.

50 ദിർഹവും കൊണ്ട്  ദൈവം എന്നെ അയാൾക്കായി ഒരുക്കി വച്ചതായിരുന്നോ!!! ഒരുപാടു സംസാരിച്ചിട്ടും ആ ഇക്കയുടെ പേര് ചോദിക്കാൻ വിട്ടുപോയി.

 

 

എനിക്ക് വേണ്ടിയും ദൈവം ഇങ്ങനെ ഓരോ ആൾക്കാരെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു പല സന്ദർഭങ്ങളിലായി.

 

റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ പേടിച്ചു ഇരുന്നപ്പോൾ "ടീച്ചറുടെ മകനല്ലേ" എന്ന് പറഞ്ഞു വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി ഭക്ഷണവും,നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു തന്ന എൻ്റെ  വീടിൻ്റെ അടുത്തുള്ള  നജീബ് ഇക്ക. എയർലൈൻസിലെ അവസാനഘട്ട അഭിമുഖത്തിന് പോവാൻ സ്ഥലം അറിയാതെ പരിഭ്രമിച്ചപ്പോൾ "ഞാൻ വരാമെടാ " എന്നും പറഞ്ഞു ഡ്രസ്സ് മാറി വന്ന മനോജേട്ടൻ .ബാംഗ്ലൂരിൽ ജോലി കിട്ടി കഴിഞ്ഞ് എവിടെ താമസിക്കും എന്നറിയാതെ അലഞ്ഞപ്പോൾ,എന്നോടു ഒന്നും ചോദിക്കാതെ താമസം ശരിയാക്കി തന്ന ഷിനോജ് .

 

ലോഡ് ആൻഡ് ട്രിം പരിശീലന വേളയിൽ  ബാലൻസ് ട്രിം കിട്ടാതെ കരഞ്ഞിരുന്നപ്പോൾ,"വാ ഒരു സിഗരറ്റു വലിച്ചു വരാം"എന്ന് പറഞ്ഞ ബാലാജി.രാത്രി വൈകും വരെ കൂടെ ഇരുന്നു ട്രിം പഠിപ്പിച്ച ബാലാജി, ട്രിമ്മിനോടൊപ്പം സിഗരറ്റു വലിക്കാനും പഠിപ്പിച്ചു .ലോഡ് ഷീറ്റ് ചെയ്യാൻ പേടിച്ചിരുന്നപ്പോൾ "നീ ചെയ്യടാ,തെറ്റിയാൽ ആപ്പോൾ നോക്കാം"എന്ന് പറഞ്ഞു ഒപ്പം നിന്ന ജിയോ സാറും,രഞ്ജിത്ത് വേണുമാധവനും.

 

കല്യാണാലോചനകൾ നടക്കുമ്പോൾ,ഒരു പെണ്ണിനെ നോക്കാൻ  മനസ്സു പാകമായോ എന്നറിയാതെ,അമ്മയുമായി എപ്പോഴും കലഹിച്ചു,മനസ്സ് കൈ വിട്ടു പോവുന്ന അവസ്‌ഥയിൽ "എടാ പൊട്ടൻ ചെക്കാ" എന്ന് പറഞ്ഞു കെട്ടി പിടിച്ചു ആശ്വസിപ്പിച്ച എൻ്റെ സ്വന്തം ഷീജേച്ചി .

 

വിദേശത്തു ജോലി ചെയ്യുമ്പോൾ ഓഫീസിലെ ഒറ്റപ്പെടുത്തലുകളും,കുറ്റപ്പെടുത്തലുകളും കൊണ്ട് ജോലി മാറാൻ തീരുമാനിച്ചപ്പോൾ "എവിടെ പോയാലും ഇതൊക്കെ ഉണ്ടാവും" എന്ന് പറഞ്ഞു,കൈ പിടിച്ചു ധൈര്യം തന്ന  ജേഷ്ഠസഹോദരൻ സൈഫ്ക്ക.ഭാര്യയും കുഞ്ഞും നാട്ടിൽ പോയപ്പോൾ പെട്ടെന്നുണ്ടായ ഏകാന്തത വല്ലാതെ ഉലച്ചപ്പോൾ ,"ഞാൻ വരാമെടാ"എന്ന് പറഞ്ഞു വീട്ടിലേക്കു കയറി വന്നു വീട്ടുകാരനായ എൻ്റെ നവാസ് (നമ്പൂരിച്ചൻ ).

 

ശോഭേച്ചി 25000 രൂപ ഉണ്ട്,25 കൂടി വേണം എന്ന് പ്രദിയേട്ടൻ വന്നു പറഞ്ഞപ്പോൾ,കൈയിലെ രണ്ടു വളകൾ ഊരി എടുത്തു,"വിറ്റോ,പണയം വച്ചോ പോയി രക്ഷപ്പെടൂ"എന്ന് പറഞ്ഞ അമ്മയുടെ മകന് ദൈവം ഇത്രയൊക്കെ ആൾക്കാരെ ഒരുക്കി വെച്ചതിൽ ഒരായിരം നന്ദി .

 

 

ഒന്നിനും കൊള്ളില്ല നമ്മുടെ ജന്മം എന്നൊക്കെ തോന്നുന്നത് വെറുതെ ആണ്.നമ്മളിൽ ഓരോ ആൾക്കും ഒരു ജന്മോദ്ദേശം ഉണ്ട് അതാണ് മുകളിൽ എഴുതിയതും.ദൈവം നമുക്കായി പലതും  ഒളിച്ചു  വച്ചിട്ടുണ്ട്. ഒരു ഷാജി കൈലാസ് സിനിമ പോലെ സസ്പെൻസ് ത്രില്ലർ ആയി ജീവിതം പോകുന്നു പലപ്പോഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com