ADVERTISEMENT

പ്രതീക്ഷകൾക്ക് അതീതമായതെല്ലാം ജീവിതത്തിൽ സംഭവിക്കുമ്പോൾ സ്വാഭാവികമായും മനുഷ്യർക്ക്  ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും ബുദ്ധിമുട്ടാണ്. എന്നാൽ ഭൂമിയിലെ മനുഷ്യജീവിതം തന്നെ അപ്രതീക്ഷിതമാണെന്ന അറിവ് ലഭിക്കുമ്പോൾ പിന്നീടുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളെയും  ഉൾക്കൊള്ളുവാൻ തയ്യാറാവും. നിരവധി വിസ്ഫോടനങ്ങളിലൂടെ രൂപീകൃതമായ ഭൂമിയിൽ അനുയോജ്യമായ പദാർഥങ്ങളുണ്ടായപ്പോൾ അപ്രതീക്ഷിതമായി ജീവനുണ്ടായെന്ന് വിശ്വസിക്കുന്ന ശാസ്ത്രസമൂഹത്തിന്  മനുഷ്യജീവിതത്തിൽ പിന്നീടുണ്ടാവുന്ന  അപ്രതീക്ഷിത സംഭവങ്ങളെല്ലാം സ്വാഭാവികം മാത്രമാണ്. 

സ്വസ്ഥവും സുസ്ഥിരമായ ജീവിതം ആഗ്രഹിക്കുന്ന മനുഷ്യർ തങ്ങളുടെയും തങ്ങളുടെ അടുത്ത തലമുറയുടെയും ജീവിതം ഭദ്രമാക്കുവാനായി ആവശ്യമായതെല്ലാം ഒരുക്കുമ്പോഴും അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായതാണ്  ഓരോ നിമിഷവും സംഭവിക്കുന്നത്.  വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തികമുൾപ്പടെ മനുഷ്യരുടെ ആരോഗ്യസ്ഥിതിയും അവരിലെ അന്യോന്യമുള്ള ബന്ധങ്ങളും നിലവിൽ അനിശ്ചിതങ്ങൾ നിറഞ്ഞതാണ്. മനുഷ്യരുടെ പ്രതീക്ഷകൾക്കൊത്ത് അവരുടെ ചുറ്റുമുള്ള ലോകം ചലിക്കണമെന്നും ഉരുത്തിരിയണമെന്നും ഓരോരുത്തരും ആശിക്കുമ്പോഴും സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിതമായാണ്. അതിനാൽ അധിക മനുഷ്യരും അനിശ്ചിതങ്ങളുടെ നടുവിൽ നിർവികാരതയോടെ  പകച്ചു നിൽക്കുകയാണ്. ലോകത്തിലെ ഈ അനിശ്ചിതങ്ങൾ തലമുറകളായി മനുഷ്യരെ പിന്തുടരുന്നു എന്നതും വസ്തുതയാണ് 2022 പുതുവർഷം പിറന്നെങ്കിലും ലോകമെന്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിൽ വീണ്ടും അനിശ്ചിതത്വങ്ങൾ നിറഞ്ഞതിനാൽ പുതുമ അനുഭവപ്പെടുന്നില്ല. 

അനുയോജ്യമായ ഭാവി പദ്ധതികൾ ഈ വർഷം  ആസൂത്രണം ചെയ്യുവാൻ സാധിക്കാത്തതിലുള്ള അനിശ്ചിതത്വങ്ങൾ പലരിലും ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വീണ്ടും തങ്ങളുടെ സ്‌കൂളുകളിലെത്തി മാഷുമാരെയും സഹപാടികളെയും നേരിൽ കാണുവാൻ സാധിക്കുമോയെന്നുള്ള ആശങ്ക, കർമ്മനിരതരായ  കൗമാരക്കാർക്ക് നിറയെ ആശങ്കകളാണ്. പഠനം പൂർത്തീകരിക്കുവാനാവുമോ പഠനം വിജയകരമായി പൂർത്തീകരിച്ചാൽ തുടർന്ന് ജോലി ലഭിക്കുമോയെന്നും അതിനെത്തുടർന്ന് ജീവിത പങ്കാളിയുൾപ്പെടുന്ന ശോഭനമായ ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ. ജോലി ഉള്ളവരും ഇല്ലാത്തവരും ആശങ്കപ്പെടുന്നതും അവരുടെയെല്ലാം അനിശ്ചിതമായ ഭാവിയെപ്പറ്റി മാത്രമാണ്. പ്രായാധിക്യമുള്ളവർ വീണ്ടും സാമൂഹിക അകലം പാലിക്കേണ്ടി വരുമ്പോഴുള്ള  മാനസിക വ്യഥകളെയോർത്ത് ആശങ്കപ്പെടുന്നു. മനുഷ്യരുടെ ആശങ്കകൾ വ്യക്തി ജീവിതത്തിൽ ഒതുങ്ങാതെ എല്ലാ പ്രവർത്തി മണ്ഡലങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. എല്ലാ അർഥത്തിലും ഭൂമിയിലെ മനുഷ്യ ജീവിതം സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ എത്രത്തോളം മനുഷ്യർക്ക് മുൻപോട്ട് തങ്ങളുടെ ഭാവി ജീവിതം വിഭാവനം ചെയ്യുവാൻ സാധിക്കുമെന്ന് ആശങ്കപ്പെടുന്നു.  

മനുഷ്യരുടെ ജീവിത ബന്ധങ്ങൾ വിശകലനം ചെയ്യുന്ന സാമൂഹിക ശാസ്ത്രജ്ഞർ അവരുടെ ശാരീരികവും മാനസികവുമായ ജീവിതാവസ്ഥകളെ കുറിച്ചുള്ള ആശങ്കകൾ പങ്ക് വയ്ക്കുമ്പോൾ ലോകത്തിന്റെ സമ്പൽ സമൃദ്ധി വിശകലനം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ കടുത്ത നിരാശയിലാണ്. ലോകാന്തര വിപണികളിൽ പണപ്പെരുപ്പം രൂക്ഷമാവുമ്പോഴും അതിനോടനുബന്ധിച്ചുള്ള കച്ചവടങ്ങൾ നടക്കുന്നില്ല. കാർഷിക മേഖലകളിൽ ഉല്പന്നങ്ങൾ ഉപലബ്ധമാണെങ്കിലും സമയോചിതമായ ചരക്ക് ഗതാഗതവും തുടർന്നുള്ള സാമ്പത്തിക വിനിമയവും നടക്കുന്നില്ല, അതിനാൽ തന്നെ സാധാരണക്കാരുടെ കൈകളിൽ ആവശ്യത്തിനുള്ള പണവിനിമയവും ഉണ്ടാകുന്നില്ല. ശാസ്ത്രീയമായി കൃഷി ആരംഭിച്ചതിനാൽ  ആഭ്യന്തര ഉൽപാദനം വർധിച്ചു, എങ്കിലും ഉല്പന്നങ്ങൾ സമയോചിതമായി കമ്പോളങ്ങളിൽ എത്തിക്കുവാൻ സാധിക്കുന്നില്ല. ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും മധ്യേയുള്ള വ്യാപാരികളും തൃപ്തരല്ല. ഉല്പാദകർക്ക് അനുയോജ്യമായ ന്യായവില ഉറപ്പാക്കുവാൻ സാധിക്കുന്നില്ല, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള അവശ്യസാധനങ്ങൾ നൽകുവാൻ സാധിക്കുന്നില്ല. അങ്ങനെ ആശങ്കകളുടെ വലിയൊരു പട്ടിക തന്നെ മനുഷ്യർക്കിടയിൽ കാട്ടുതീപോലെ പടരുന്നു. അപ്രതീക്ഷിതമായെത്തിയ മഹാമാരി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും അനിശ്ചിതങ്ങൾ വിതറിയിരിക്കുകയാണ്.  മനുഷ്യനിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുമ്പോൾ നിലവിലെ മഹാമാരി പുതിയ വകഭേദങ്ങളിലൂടെ  അനിശ്ചിതങ്ങൾ അനുദിനം വർധിപ്പിക്കുന്നതും മറ്റൊരു ഭീതിയായി മാറിയിരിക്കുന്നു. 

അനിശ്ചിതങ്ങൾ മനുഷ്യജീവിതത്തിൽ സ്വാഭാവികമാണെങ്കിലും മനുഷ്യർ വ്യതിരസ്‌ഥരായതിനാൽ അവയോടുള്ള പ്രതികരണങ്ങളും വേറിട്ടതാണ്. എന്നിരുന്നാൽ കൂടിയും പലരിലും നിരന്തരമായ അനിശ്ചിതങ്ങൾ ഭീതി പടർത്തുന്നതാണ്, അതിനാൽ സ്വമേധയാ സുരക്ഷാ മാർഗ്ഗങ്ങൾ സ്വാഭാവികമായി അവലംബിക്കുവാൻ ശ്രമിക്കും. അതോടൊപ്പം അനുദിനമുള്ള അനിശ്ചിതങ്ങളും തുടർന്നുള്ള ഭീതിയും സാധാരണക്കാരിൽ ഉത്കണ്ഠയും സമ്മർദ്ദവും ഉയർത്തുമ്പോൾ പ്രതികരണശേഷി നഷ്ടപ്പെടുകയും സ്വന്തം ജീവിതം ഉപകാരമില്ലായെന്ന ചിന്തയുദിക്കുകയും, പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിരാശയിലേയ്ക്ക് നയിക്കുകയും ചെയ്യും. എന്നാൽ എല്ലാവരും തിരിച്ചറിയേണ്ട വസ്തുത ഒന്നുമാത്രമാണ്, ഇതുപോലുള്ള മാനസികവ്യധ അനുഭവിക്കുന്നവർ അഥവാ നിരാശയിൽ ജീവിക്കുന്ന അനേകം മനുഷ്യർ ലോകത്തിലുണ്ട് എന്നതാണ്. പ്രധാനമായും ഓരോ മനുഷ്യരും വ്യതിരസ്‌ഥരായതിനാൽ അവരുടെയെല്ലാം പ്രതികരണങ്ങൾ വേറിട്ടതാണ്, എന്നാൽ അവർ നേരിടുന്ന ജീവിതാവസ്ഥകൾക്ക് സാമ്യമുണ്ട്. ജീവിത സാഹചര്യങ്ങളിൽ ചെറിയ വ്യതിയാനങ്ങൾ  ഉണ്ടെങ്കിലും പലർക്കും അന്യോന്യം സഹായകമാകുവാൻ സാധിക്കും സംരക്ഷണകവചം  സൃഷ്ടിക്കുവാൻ സാധിക്കും.  അനിശ്ചിതങ്ങളെ ഫലപ്രദമായി നേരിടുവാൻ ചില യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നത് ഗുണം ചെയ്യും.

(1) വ്യക്തിജീവിതത്തിൽ അനിശ്ചിതങ്ങൾ സ്വാഭാവികമാണ്. ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി നിർവചിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്ന അനുദിന വെല്ലുവിളികളെ അതിജീവിക്കുവാൻ ശാസ്ത്രസാങ്കേതിക വിദ്യകൾ വളർത്തുന്നതിനൊപ്പം അടുത്ത തലമുറയെക്ക് ജന്മം നൽകുകയെന്നതാണ് മനുഷ്യരുടെ ജീവിതലക്ഷ്യങ്ങളെന്നു പലരും അനുമാനിക്കുമ്പോഴും കൃത്യമായി വിവരിക്കുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ദാനം കിട്ടിയ മനുഷ്യ ജന്മം അതിന്റെ പൂർണതയിൽ ജീവിക്കുന്നതിന്റെ ആവശ്യകത ലോകത്തിലൊരാളും തള്ളിക്കളയുന്നില്ല. അതോടൊപ്പം എല്ലാ മനുഷ്യരും അംഗീകരിക്കുന്ന വസ്തുത ഒന്നുമാത്രമാണ് മനുഷ്യ ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ ഉണ്ടാവുന്നതാണ് ജീവിതാന്ത്യമെന്നതും.  എന്നാൽ സ്വാഭാവികമായ അന്ത്യമാണ് എല്ലാവര്ക്കും അഭികാമ്യം, അതിലേക്കായി ഓരോ നിമിഷവും സുരക്ഷിതരായി ജീവിക്കുന്നു. അമ്മയുടെ ഉദരത്തിൽ സുരക്ഷിതമായി ജന്മം പൂകുന്നവരാണ് മനുഷ്യരെങ്കിലും   ഭൂമിയിലേയ്ക്ക് ജനിച്ചു വീഴുമ്പോൾ മുതൽ അവർ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നു.  

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ 25 ശതമാനത്തിലധികം കുട്ടികൾ ജനിച്ച് ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ടിരുന്നു. അതിലും ഭയാനകമായത് 46 ശതമാനത്തിലധികം കുട്ടികൾ വിവിധ കാരണങ്ങളാൽ പ്രായപൂർത്തിയാവാതെ ഭൂമിയിൽ നിന്നും എന്നന്നേയ്ക്കുമായി യാത്രയായിരുന്നു എന്നതാണ്. എന്നാൽ അത്യാധുനിക ശാസ്ത്രസാങ്കേതികയുടെ വികസനത്തോടെ ശിശുമരണ നിരക്ക് ലോകത്തിൽ കുത്തനെ കുറഞ്ഞെങ്കിലും ഇപ്പോഴും വിവിധ കാരണങ്ങളാൽ ഒരു നല്ല ശതമാനം കുട്ടികൾ പ്രായപൂർത്തിയിലേയ്ക്ക് എത്തപ്പെടുന്നില്ല. ശിശുമരണ നിരക്ക് പല രാജ്യങ്ങളിലും വേറിട്ടതാണെങ്കിലും നിലവിലുള്ള ചെറിയ ശതമാനവും ആശങ്കപ്പെടുത്തുന്നു എന്നാണ് ലോകാരോഗ്യ സംഘടനകളുടെ അനുമാനം. സ്വയരക്ഷ തേടുവാൻ സാധ്യതയില്ലാത്ത കാലങ്ങളിലും ഓരോ മനുഷ്യജീവനും അനിശ്ചിതങ്ങൾ നേരിട്ടിരുന്നു, അതെ അനിശ്ചിതങ്ങൾ ജീവിതത്തിലുടനീളം ഓരോ മനുഷ്യരെയും പിന്തുടരുന്നു. വെല്ലുവിളികൾ അനവധിയുള്ള ലോകത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് അനിശ്ചിതങ്ങൾ സ്വാഭാവികമാണെന്ന് തിരിച്ചറിയുകയും അവയെല്ലാത്തിനേയും പിന്മാറാതെ നേരിടുകയും ചെയ്യുമ്പോൾ മാത്രമാണ് അതിജീവിക്കുവാൻ സാധിക്കുന്നത്.

(2) കൂടുതൽ കരുതലുള്ളവരാകുക. ജീവിത പ്രതിബന്ധങ്ങൾ വ്യക്ത്യാധിഷ്ഠിതമാണ്, അതിനാൽ തന്നെ അവരുടെ ജീവിതത്തിലെ അനിശ്ചിതങ്ങളും വേറിട്ടതാണ്. സുരക്ഷിതമായ ജീവിതരീതികൾ സ്വായത്വമാക്കുന്നതിലൂടെ അവയിൽ ചിലതിനെയെല്ലാം അനായാസം കൈപ്പിടിയിലൊതുക്കുവാൻ സാധിക്കും.  സുരക്ഷിതവും മാന്യവുമായ ജീവിതരീതികൾ ഓരോ വ്യക്തികൾക്കും ഈ ലോകത്തിൽ വളരെ അനായാസം അവലംബിക്കുവാൻ സാധിക്കും. ആരോഗ്യ സംരക്ഷണം ഓരോ വ്യക്തികളിലും നിഷിബ്‌ധമാണ്, അനുയോജ്യമായ ആരോഗ്യമുള്ള വ്യക്തികൾ എളുപ്പത്തിൽ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാറില്ല. വ്യക്തികളുടെ പ്രവർത്തനക്ഷമത എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളും അവരിലെ മാനസിക സമ്മർദ്ദങ്ങൾക്ക് അയവ് വരുത്തുകയും, മുന്നിലുള്ള പ്രതിബന്ധങ്ങളെയും അനിശ്ചിതങ്ങളെയും സമചിത്തതയോടെ നേരിടുവാനും സാധിക്കും. അമിതമായ പ്രവർത്തനത്തിലൂടെ ശക്തി പൂർണമായി ക്ഷയിച്ചു പോവാതെ ആപത്തുവേളകൾക്കായി കരുതലുള്ളവരായി ജീവിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന അനിശ്ചിതങ്ങളെ മനഃസംയമനത്തോടെ നേരിടുവാൻ സാധിക്കും.  

(3) വർത്തമാനജീവിതത്തിൽ മാത്രം ജീവിക്കുക. അടുത്ത  നിമിഷത്തിൽ മനുഷ്യ ജീവിതത്തിലും ഈ പ്രപഞ്ചത്തിൽ പോലും എന്ത് സംഭവിക്കുന്നു എന്നതിനെയോർത്ത് ആശങ്കപ്പെടാതെ അന്നന്നത്തേയ്ക്കുള്ള ജീവിതം ജീവിക്കുകയും ഭൂമിയിൽ ഒരിക്കൽ മാത്രമുള്ള ജീവിതത്തെ ആസ്വദിക്കുകയും ചെയ്യുക. ഓർമ്മകൾ മനുഷ്യർക്ക് അമൂല്യമായതും, വർത്തമാനജീവിതത്തെ അധിക സമ്പുഷ്ടമാക്കുവാൻ ഉപകരിക്കുന്നതുമാണ്. എന്നാൽ ഭൂതകാലത്തിൽ മാത്രം ജീവിക്കുവാൻ ശ്രമിച്ചാൽ നഷ്ടപ്പെടുന്നത് വർത്തമാനത്തിലെ അതിലും മേന്മയേറിയ അവസരങ്ങളാണ്. 

പരിസ്ഥിതികളിൽ നൈമിഷികമായ വ്യതിയാനങ്ങളിലൂടെ  മനുഷ്യർക്ക് പുത്തൻ അവസരങ്ങൾ നൽകുന്ന ഇടം കൂടിയാണ് മനുഷ്യർ ജീവിക്കുന്ന പ്രപഞ്ചം. ഭാവി ഫലപ്രദമായി പ്രവചിക്കുവാൻ മനുഷ്യർക്ക്  സാധിക്കാത്തതിനാൽ ഭാവിയെപ്പറ്റിയുള്ള അനാവശ്യ സന്ദേഹങ്ങളും ഒഴിവാക്കുമ്പോൾ എല്ലാ മനുഷ്യർക്കും വർത്തമാനകാലത്തിൽ  ഫലപ്രദമായി  ജീവിക്കുവാൻ സാധിക്കും. മനുഷ്യന് അറിവുള്ള പ്രപഞ്ചത്തിന്റെ മറ്റൊരു രഹസ്യം മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും വർത്തമാനകാലത്തിൽ ജീവിക്കുന്നു എന്നതുമാണ്. അതിസാമർഥ്യമുള്ള മനുഷ്യർ മാത്രം അറിയപ്പെടാത്ത ഭാവിയെ ഓർത്ത് ആശങ്കാകുലരാകുന്നതിന്റെ പൊരുൾ പലർക്കും വിവരിക്കുവാനാവുന്നുമില്ല.  

(4) ഈ നിമിഷങ്ങളും കടന്നുപോകും. ലോകത്തിലൊന്നും ശാശ്വതമായി നിലകൊള്ളാത്തതിനാൽ അനിശ്ചിതങ്ങളും ക്ഷണികമാണ്, ഫലപ്രദമായി നേരിട്ടാലും ഇല്ലെങ്കിലും അവയും കടന്നുപോകും, ജീവിതം വീണ്ടും സ്വാഭാവികമായി മുന്നോട്ട് പോവുകയും ചെയ്യും. ചില അവസരങ്ങളിൽ സമ്മർദ്ദങ്ങൾ മൂലം പ്രതികരണശേഷി നഷ്ടപ്പെടുന്നതും സ്വാഭാവികമാണ്. തീരുമാനങ്ങൾ വൈകുമ്പോൾ നിരുത്തരവാദിത്വപരമാണെന്ന് ചിലർ വിശേഷിപ്പിക്കുകയും ചെയ്യും. എന്നാൽ വരുംവരായ്കകൾ വിശകലനം ചെയ്‌തുള്ള തീരുമാനങ്ങളാണ് ദ്രുതഗതിയിലുള്ള തെറ്റായ തീരുമാനങ്ങളെക്കാൾ ഗുണം ചെയ്യുന്നത്.  വിശ്വാസയോഗ്യതയുള്ള  വ്യക്തികളുമായി നിരന്തരം സമ്പർക്കത്തിലിരിക്കുമ്പോഴും ആലോചനകൾ നടത്തുമ്പോഴും കൂടുതൽ സമയം വേണ്ടിവരും. അപ്പോഴേയ്ക്കും ജീവിതത്തിലുണ്ടാവുന്ന  നൈമിഷികമായ അനിശ്ചിതങ്ങൾ കടന്നു പോയിരിക്കും.

(5) കാലോചിതമായ മാറ്റങ്ങൾ ജീവിതത്തിൽ അവലംബിക്കണം. ഭൂമിയിലെ മനുഷ്യജീവിതം സുഗമമാക്കുവാൻ മാത്രമാണ് ശാസ്ത്രീയവും സാമൂഹികവുമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും അവതരിപ്പിക്കുന്നത്. മാറ്റങ്ങളിലൂടെ അനുയോജ്യമായ ജീവിതരീതികൾ അവലംബിക്കുമ്പോൾ വ്യക്തികൾ പൊതുവെ നേരിടുന്ന അനിശ്ചിതങ്ങൾ ലഘൂകരിക്കുന്നതായി അനുഭവപ്പെടും. വ്യക്തികൾ വ്യതിരിസ്തരായതിനാൽ തീരുമാനങ്ങൾ എല്ലായ്പ്പോഴും വ്യക്ത്യാധിഷ്ഠിതമാണ്. എന്നാൽ മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ ശ്രമിക്കുമ്പോൾ വരുംവരായ്കകൾ തിരിച്ചറിയുകയും അതിനെത്തുടർന്നുള്ള അനിശ്ചിതങ്ങളെ നേരിടുവാൻ മാനസികമായി തയ്യാറെടുക്കുകയും ചെയ്യും. സാമൂഹികവും രാഷ്ട്രീയവും മാനസികവുമായ സമ്മർദ്ദങ്ങൾക്ക് അതീതമായി മാറ്റങ്ങളെ പുല്കുമ്പോളാണ് പലരും വ്യക്തിജീവിതത്തിൽ ശക്തിയാർജ്ജിക്കുന്നതും പിന്നീടുണ്ടാവുന്ന അനിശ്ചിതങ്ങളെ പ്രായോഗികമായും വിജയകരമായും അതിജീവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com