ADVERTISEMENT

മഞ്ഞു പുതച്ചു നിൽക്കുന്ന അദ്ഭുത നാട്! കുട്ടിക്കഥകളിൽ മാത്രം നാം കേട്ടറിഞ്ഞിട്ടുള്ള തുഷാരം എവിടെയും സമൃദ്ധമായി പെയ്തിറങ്ങി നിൽക്കുന്ന മനോഹരമായ നാട്, ചന്തമുള്ള കാഴ്ച തന്നെയാണ്. അങ്ങനെയൊരു നാടിനെ കുറിച്ചും അവിടുത്തെ മലയാളിയുടെ ജീവിതത്തെ കുറിച്ചുമാണ് ഈ പറയുന്നത്. അതേ, ശിശിരകാലത്ത് മഞ്ഞിൽ കുളിച്ചു കിടക്കുന്ന ഫിൻലൻഡിനെ കുറിച്ച്. മഞ്ഞു പൂക്കൾ മാനത്തുനിന്നും പുതുമഴപോലെ നമുക്ക് ചുറ്റും അനുഗ്രഹം വർഷിക്കുന്ന അനുഭവം വിസ്മയാവഹം തന്നെയാണ്. കുട്ടിക്കാലത്തു രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിൽ ആയിരിക്കണം, ആദ്യമായി  ആകാശത്തു നിന്നും പുഷ്പമഴ പെയ്യുന്നതു അദ്ഭുതം നിറഞ്ഞ കുഞ്ഞു കണ്ണുകളോടെ  ഉറ്റുനോക്കിയിരുന്നിട്ടുണ്ടാവുക. എന്നാൽ തൂമഞ്ഞിന്റെ വെണ്മയുടെ ആദ്യത്തെ കൗതുകവും ആവേശവും കഴിഞ്ഞാൽ ഈ നീണ്ട ശൈത്യവുമായി ‘പടപൊരുതി’ അതിജീവിക്കേണ്ടതുണ്ട്. ‘അധികമായാൽ അമൃതും വിഷമാണ്’ എന്ന് ആദ്യമായി പഠിപ്പിച്ച മലയാളം അധ്യാപികയെ ഇടയ്ക്കെങ്കിലും ഓർക്കാതിരുന്നില്ല. 

സൂര്യൻ ദേ വന്നു... ദാ ‌പോയി

ശിശിരകാലത്തു പോളാർ രാത്രികളിലൂടെ കടന്നു പോകുന്ന ഫിൻലൻഡിൽ ഡിസംബർ മുതൽ മാർച്ചുവരെ ഹെൽസിങ്കി ഉൾപ്പെടുന്ന തെക്കൻ മേഖല അതിശൈത്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം പത്തു മണിക്ക് ഉദിച്ചുയരുന്ന സൂര്യൻ മൂന്നുമണി ആകുമ്പോൾ തന്നെ നമ്മെ നിർദാഷിണ്യം അവഗണിച്ചുകൊണ്ട് അതിന്റെ വഴിക്ക് പോകും. പിന്നെ പുറത്തോട്ടു നോക്കിയാൽ പാതിരാക്കോഴിയുടെ ഒരു കുറവേയുള്ളൂ... നമ്മുടെ നാട്ടിലെ നട്ട പാതിരാ കാഴ്ച! എന്നാൽ കിട്ടിയ അവസരത്തിന് കൂടുതൽ സമയം ‘കുംഭകർണസേവ’ ചെയ്യാമെന്ന അത്യാഗ്രഹം തൽക്കാലം വേണ്ട. സ്കൂളുകളും ജോലിസ്ഥലങ്ങളുമെല്ലാം പതിവുപോലെ ഉഷാർ തന്നെ! സൂര്യൻ ഉദിച്ചാലും ഇല്ലെങ്കിലും നിത്യവൃത്തികളിൽ വ്യാപൃതരായല്ലേപറ്റൂ.

finland-winter-season2

രാവിലെ 9  മണിയുടെ ഇരുട്ടിൽ, സ്കൂളിലും ജോലി സ്ഥലങ്ങളിലുമൊക്കെ പോകാനും വൈകിട്ട് നാലുമണിയോടെ ഇരുട്ടിൽ തിരികെ വീടണയുവാനും ആദ്യമൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം; എന്നാൽ വിഷമിക്കേണ്ട ആ ബുദ്ധിമുട്ടു പിന്നീട് ഒരു ശീലമായിക്കോളും. സൂര്യൻ പ്രതിഷേധിച്ചു നിൽക്കുന്നതിനാൽ വിറ്റാമിൻ ഡി പതിവായി കഴിച്ചു കക്ഷിയുടെ ആ കുറവു നികത്തണം. അല്ലാത്ത പക്ഷം ഡിപ്രഷൻ അടിച്ചു എവിടെയെങ്കിലും ഒരു മൂലയ്ക്ക് ഇരിക്കുവാൻ തോന്നും. എന്തായാലും ഇവിടെ വന്നതിനുശേഷം സൂര്യനെന്ന ഊര്‍ജ്ജ ദാതാവിനോടുള്ള ബഹുമാനം പതിന്മടങ്ങായി വർധിച്ചു.

finland-winter-season4

മഞ്ഞിലെ ‘കൂളായ’ വ്യായാമപ്രകടനങ്ങൾ

മഞ്ഞുപുതപ്പിൽ ജനിച്ചുവീണ ഈ നാട്ടുകാർക്ക് ഡിസംബറിലെ ധ്രുവ രാത്രികളും തണുപ്പും ഇരുട്ടുമൊക്കെ നിസാരം. സ്കേറ്റിംഗ്, സ്കീയിങ്, സ്ലെഡ്ജിങ് എന്നിവയൊക്കെയാണ് ഇവരുടെ മഞ്ഞുകാലത്തെ കായിക വിനോദങ്ങൾ. എന്നാൽ നമ്മൾ (ഞാൻ) അങ്ങനല്ലല്ലോ…. ഇടവപ്പാതിയിലെ ഒരു ചാറ്റൽ മഴ വന്നാൽ പോലും പുറത്തിറങ്ങുവാൻ മടി കാണിച്ചിരുന്ന എനിക്ക് വല്ലപ്പോഴും വരുന്ന ആവേശത്തള്ളലിൽ ഒരു പാരഗൺ ചെരുപ്പുമിട്ടു, ഒരു സിമ്പിൾ ചുരിദാറും ധരിച്ചു, മരച്ചുവട്ടിലിരുന്നു കാറ്റുകൊള്ളാമെന്നുള്ള വ്യാമോഹമൊന്നും തൽക്കാലം നടക്കില്ല. കുറഞ്ഞത് മൂന്നു പാളിയുള്ള ഈ ‘നവീന’ വേഷവിധാനങ്ങളെല്ലാം ധരിക്കുവാൻ കുറഞ്ഞത് 20  മിനിറ്റ് സമയമെങ്കിലും എടുക്കും. 

finland-winter-season3

കാലാവസ്ഥയൊന്നും നമുക്കും ഒരു പ്രശ്നവുമില്ലെന്ന ഭാവത്തിൽ ഈ നാട്ടുകാരെപോലെ അതിവിദഗ്ധയായ ഒരു ‘സ്കാന്ഡിനേവിയൻ വനിതയായി’ പുറത്തിറങ്ങി നടക്കുമ്പോഴാവും ആരുടെയെങ്കിലും അപ്രതീക്ഷിതമായ ഒരു ഫോൺവിളി. കയ്യിലെ രണ്ടുനിര കയ്യുറകൾ മാറ്റി ഫോണിന്റെ സ്‌ക്രീനിൽ ഒരു നെടുവീർപ്പോടെ വിരൽ അമർത്തുമ്പോഴേക്കും മറുവശത്തുള്ളവർ അക്ഷമരായേക്കാം. അൽപം സംസാരിക്കുമ്പോഴേക്കും വായും നാക്കും മരവിച്ചു വാക്കുകൾ കുഴയും. ഇനി ‘മറവി ദേവത’ കടാക്ഷിച്ചു ഹെഡ് ഫോൺ എടുക്കാതിരുന്നാൽ മൊബൈൽ പിടിച്ചു കരതലം പോസ്റ്റർ ആകുമെന്നുറപ്പ്. കയ്യിൽ കരുതുന്ന കുടിവെള്ളം പുറത്തെ മൈനസ് ഇരുപതു ഡിഗ്രി താപനിലയിൽ പലപ്പോഴും ഐസായി തിരികെ വീട്ടിൽ എത്തിക്കുകയുമാവാം. 

ശീലിക്കണം ‘പെൻഗ്വിൻ നടത്തം’

ഐസിലെ നടത്തത്തിന് മന്ദഗതിയിലുള്ള 'പെൻഗ്വിൻ നടത്തം' ശീലിക്കണം എന്നതാണ് വിദഗ്‌ധാഭിപ്രായം. ബസുകൾ പൊതുവെ സമയനിഷ്ഠ പാലിക്കുന്ന ശീലമുള്ളതിനാൽ അഞ്ചു മിനിറ്റ് അകലെയാണ് ബസ് സ്റ്റോപ്പെങ്കിൽ പോലും 20 മിനിറ്റ് മുൻപേ ഇറങ്ങേണ്ടിവരും. ഈ അഭ്യാസങ്ങളും സൂത്രവിദ്യകളുമൊക്കെ ചെയ്തു ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണമല്ലോ. ഇനി ഉദ്ദേശിച്ച ബസ് കിട്ടാതിരുന്നാൽ അടുത്ത ബസ് വരുന്നത് വരെ കാത്തു നിൽക്കുവാൻ നല്ല വേഷവിധാനമില്ലെങ്കിൽ ശരീരം മരച്ചു പുകഞ്ഞു തുടങ്ങിയേക്കും. 

finland-winter-season5

വിറയാർന്ന കാലുകളോടെയല്ലാതെ ഒരൽപ്പം ആത്മവിശ്വാസത്തോടെ ഐസിൽ നടക്കുവാനും, തെന്നിയടിച്ചു ഒരു മാസം സിക്ക് ലീവുമായി ഫോണിലും കുത്തിക്കൊണ്ടു മലർന്നു കിടക്കാതിരിക്കുവാനും, ഷൂസിന്റെ അടിഭാഗത്തു പ്രത്യേകതരം ആണി ഘടിപ്പിക്കാവുന്നതാണ്. പുറത്തു മാത്രമേ ഇതു ധരിക്കുവാൻ പാടുള്ളു. വീടുകളിലും കടകളിയും കയറുമ്പോൾ ഇതെടുത്തു മാറ്റിയില്ലെങ്കിൽ അവരുടെ ഭംഗിയുള്ള തറ നശിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാഹനങ്ങളെയും സജ്ജമാക്കാം 

മനുഷ്യർ മാത്രമല്ല വാഹനങ്ങളെയും ശൈത്യകാലത്തിനായി തയാറാക്കേണ്ടതുണ്ട്. ശൈത്യകാലത്തിനായി പ്രത്യേകം ടയറുകളുണ്ട്. പ്രത്യേകം ആണിഘടിപ്പിച്ച ഈ ടയറുകൾ ഐസും മഞ്ഞും മൂടിയ വഴുക്കലുള്ള റോഡിലൂടെയുള്ള സുരക്ഷിതമായ യാത്രക്ക് അനിവാര്യമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ അങ്ങനെ ചെയ്യാത്തപക്ഷം അത് നിയമലംഘനമാണിവിടെ.

finland-winter-season3

സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെങ്കിലും മഞ്ഞുകൂടാരത്തിൽ പൊതിഞ്ഞുകിടക്കുന്ന വാഹനങ്ങൾ കാലേകൂട്ടി പ്രീ ഹീറ്റ് ചെയ്യേണ്ടതുണ്ട്. നമ്മുടെ വാഹനം വീടുകളിൽ നിന്നും പുറത്തേക്കെടുക്കുവാനുള്ള പാതകളിലെ, മഞ്ഞു മാറ്റുന്ന ഭാരിച്ച ഉത്തരവാദിത്തവും കുടുംബസമേതം ഏറ്റെടുക്കേണ്ടതുണ്ട്. തൊടിയിലെ മണ്ണിൽ നാടൻ വാഴയും തെങ്ങുമൊന്നും നടാൻ പറ്റില്ലെങ്കിലും കുടുംബത്തോടെ മഞ്ഞു ചുമടുതാങ്ങി ഇവിടെയും നല്ല കായികാധ്വാനശീലരാകാം. ഇവിടുത്തെ പൊതുവഴികളിലെ മഞ്ഞുമാറ്റൽ പ്രക്രിയകളൊക്കെ ഫലപ്രദമാണെങ്കിലും, മഞ്ഞിൽ കുടുങ്ങിയേക്കാവുന്ന കാർ തള്ളിയുരുട്ടുന്ന മനോഹരവിനോദം ഇടയ്ക്കൊക്കെ ചെയ്‌തു പരിക്ഷീണ ഗാത്രരായേക്കാം.

നാടൻ ഭക്ഷണത്തിന് ഏക  ആശ്രയം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’

എന്നാൽ ഇതെല്ലാം സഹിച്ചു തണുപ്പത്തു കാറിൽ കയറി പുറത്തു പോയി, ഒരു ചൂട് പരിപ്പുവടയും ചായയും കഴിക്കാമെന്നു വച്ചാൽ അങ്ങനെയൊരു കട ഈ രാജ്യത്തു വേണ്ടേ ഇഷ്ടാ? സ്വന്തമായി അടുക്കളയിൽ കയറി പരിപ്പ് മണിക്കൂറുകളോളം വെള്ളത്തിൽ ഇട്ടു അരച്ച് ഉണ്ടാക്കി കഴിക്കുന്ന കാര്യമോർക്കുമ്പോൾ തൽക്കാലം ആ ആഗ്രഹം ഒരു ചായയിൽ ഒതുക്കി ഉള്ളിലെ അമർഷമടക്കി നിർവൃതി അടയും അല്ലെങ്കിൽ അപ്പോഴേക്കും ആ ആഗ്രഹം അസ്തമിച്ചിട്ടുണ്ടാവും.

finland-winter-season

പഴമക്കാർ പറയുന്ന പോലെ ചേരയെ കഴിക്കുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടമൊക്കെ കഴിക്കേണ്ടിവന്നേക്കാം, എങ്കിലും മലയാളിയുടെ രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന നമ്മുടെ സ്വന്തം ഇഡ്ഡലിയും അപ്പവും ദോശയുമൊക്കെ വല്ലപ്പോഴും പ്രാതൽ വിഭവങ്ങളാകാതെ നമുക്കെന്തു സന്തോഷം. ഓവനിലൊക്കെ വച്ച് മാവ് പുളിപ്പിച്ചാണ് നമ്മുടെ സ്വന്തം വിഭവങ്ങൾ ഈ മഞ്ഞുനാട്ടിലും പരീക്ഷിക്കുന്നത്. കുട്ടിക്കാലത്തു മറ്റാരെങ്കിലും ഉണ്ടാക്കി തീൻ മേശയിൽ സൗജന്യമായി കിട്ടുമ്പോൾ ഇഡ്ഡലിയും ദോശയുമൊക്ക കണ്ടുപിടിച്ചവരെ ഉള്ളിൽ ശപിച്ചുകൊണ്ടു, പുച്ഛത്തോടെ നിഷേധിച്ച ആ ബാല്യമനസ്സ്, മറുവശത്തു എന്നെ നോക്കി പരിഹാസച്ചിരിയോടെ കൊഞ്ഞനം കുത്തുന്നുണ്ടാവാം.

അവിടുത്തെപ്പോലെ ഇവിടെയും

ഇവിടുത്തെ തണുത്തു മരവിച്ച കഥകളൊക്കെ പറഞ്ഞു അൽപം സഹാനുഭൂതിയൊക്കെ ഉന്നംവച്ചു നാട്ടിലുള്ള ചങ്ങാതിയെ ഫോൺ വിളിച്ചപ്പോൾ ഉടൻ തന്നെ കേട്ടു കുന്നോളം പരിഭവങ്ങൾ ‘ചൂട് കാരണം വല്ലാത്ത അവസ്ഥ. കാലം തെറ്റി വന്ന ഒരു ചൂടുകാലം. അവിടെ മഞ്ഞിൽ നല്ല രസമായിരിക്കുമല്ലേ നവമി….’ എന്തോ, ആണെന്നോ അല്ലെന്നോ പറയാൻ തോന്നിയില്ല, 'അക്കരപ്പച്ച’! എന്തു തന്നെയായാലും നമ്മൾ മലയാളികൾ ഏതു മഞ്ഞിലും, വെയിലിലും, മഴയിലും, ലോകത്തിന്റെ ഏതു കോണിലും ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കുമല്ലോ. പിന്നെ വസന്തകാലം മരങ്ങളെയും പൂക്കളെയും ഈണമിട്ടു  ഉണർത്തുമ്പോൾ ഈ രാജ്യം കിടിലനാണ് കേട്ടോ. അഹല്യക്ക് ശാപമോക്ഷം എന്നപോലെ അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇനി ഏപ്രിൽ മാസം വരെ.

finland-winter-season1

പുറത്തു മഞ്ഞു വീണ്ടും കനത്തു പെയ്യുകയാണ്. ജാലകങ്ങളിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു. പുറത്തെ മഞ്ഞുകൊടുങ്കാറ്റിനേക്കാൾ തീക്ഷ്ണതയിൽ മനസിലെ മീനമാസ ചൂടിൽ എന്തൊക്കെയോ വികാരവിചാരങ്ങൾ ആർത്തിരമ്പിക്കൊണ്ടിരുന്നു. ഇനിയും എത്രയോ മഴയും മഞ്ഞും നമുക്കുവേണ്ടി മാത്രം  നനഞ്ഞുതീർക്കുവാൻ വിദൂരങ്ങളിൽ കാത്തിരുപ്പുണ്ടാവണം.

finland-winter-season6

വാൽകഷ്ണം: ‘അൽപസമയത്തിനുള്ളിൽ നമ്മൾ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതാണ് ' എന്ന അശരീരി കേൾക്കുമ്പോൾ അതിപ്പോൾ സ്വപ്നത്തിലായാൽ പോലും പിന്നെ സാറേ.... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല...ചൂടായാലും പേമാരി ആയാലും എന്റെ നാടിന്റെ മണം, എന്റെ വികാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com