ADVERTISEMENT

ധാർമ്മികത കൊണ്ടായാലും, മൃഗങ്ങളോടുള്ള സ്നേഹം കൊണ്ടായാലും, അല്ല, ഫാഷൻ ആയതു കൊണ്ടായാലും ആരോഗ്യപരമായ കാരണങ്ങളാലോ, സസ്യാഹാരം കഴിക്കുന്നവർ കൂടുതൽ വർധിച്ചുവരികയാണ്.നിങ്ങൾ ഒരു സസ്യാഹാരിയാണെങ്കിൽ, വൈൻ കുടിക്കുന്നവരാണെങ്കിൽ, നിങ്ങളുടെ വൈൻ ഗ്ലാസിൽ എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അപ്പോൾ ചോദിക്കാം, വൈൻ സസ്യാഹാരത്തിൽ ഉൾപ്പെടുന്നതല്ലേ എന്ന്? വൈൻ എന്നാൽ പുളിപ്പിച്ച മുന്തിരി ജ്യൂസ് ആണെങ്കിൽ  അത് എങ്ങനെ സസ്യാഹാരിയാകാതിരിക്കും? എന്നാൽ ആധുനിക വൈൻ നിർമ്മാണ പ്രക്രിയയിൽ ചില മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. വീഗൻ വൈനുകളുടെ നിർമ്മാണം, എങ്ങനെ തരംതിരിക്കാം, മനസ്സിലാക്കാം എന്ന് വിശദീകരിക്കാനാണ് ഇത്.

മുന്തിരിയിൽ നിന്ന് ഉണ്ടാക്കിയതാണെങ്കിലും, എല്ലാ വൈനുകളും സസ്യാഹാരത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റുകയില്ല.  അതിനുള്ള കാരണം, ചില വൈനുകൾ ഫൈനിംഗ് എന്ന പ്രക്രിയയിലൂടെ ആണ് നിർമ്മിക്കുന്നതെന്ന് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു. 

ഇളം വൈനുകൾ സാധാരണയായി മങ്ങിയതും വൈൻ നിർമ്മാണ പ്രക്രിയയിൽ സ്വാഭാവികമായി സംഭവിക്കുന്ന ചെറിയ ഫ്ലോട്ടിംഗ് കണങ്ങൾ അടങ്ങിയതുമാണ്. സാധാരണയായി മുന്തിരി ചതച്ച്, ജ്യൂസ് ഫെർമെന്റേഷൻ (Fermentation) ആയതിനു ശേഷമാണ് കുപ്പികളിൽ നിറയ്ക്കുന്നത് . എന്നാൽ കുപ്പികളിൽ നിറയ്ക്കുന്നത്നുമുമ്പ്, വൈൻ ഫിൽട്ടർ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഫിൽട്ടർ ചെയ്യുന്ന പ്രക്രിയ ആണ് ഫൈനിംഗ് എന്നു പറയുന്നത്. വീഞ്ഞിന്റെ ഗന്ധമോ, നിറമോ, സ്വാദോ പോലും  ശരിയായ മാനദണ്ഡത്തിൽ വരുത്താൻ ഫൈനിംഗ് സഹായിക്കുന്നു . അതിനുപയോഗിക്കുന്ന വസ്തുക്കളെ ഫൈനിംഗ് ഏജന്റ് എന്നറിയപ്പെടുന്നു. 

ഫൈനിംഗ് ഏജന്റുകൾ വൈനിലേക്ക് വിവിധ ഘട്ടങ്ങളിലായും  ഒന്നിലധികം പ്രാവശ്യമായും ചേർക്കപ്പെടുന്നു. നിർമാണഘട്ടങ്ങളിൽ വീഞ്ഞിന്റെ ഗുണമേന്മ രൂപപ്പെടുത്താൻ നിർമാതാക്കളെ സഹായിക്കുന്ന പ്രക്രിയ കൂടിയാണിത്. മിക്ക ഫൈനിംഗ് ഏജന്റുമാരും കാന്തങ്ങളെ പോലെയാണു പ്രവർത്തിക്കുന്നത്. അവയുടെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ചാർജിനെ അടിസ്ഥാനമാക്കി സസ്പെൻഡ് ചെയ്ത സോളിഡുകളെ  ആകർഷിക്കുകയും വിപരീത വൈദ്യുത ചാർജിന്റെ കണങ്ങളുമായി അവ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആവശ്യമില്ലാത്ത എല്ലാ സോളിഡുകളും അടിയിലേക്ക് താഴുകയും പിന്നീട് അവ ഫിൽട്ടർ ചെയ്യുകയുമാണ് ചെയ്യുന്നത്.

ഫൈനിങ് ഏജന്റുകളിൽ പ്രധാനമായും കാണപ്പെടുന്നത് വിവധ തരത്തിലുള്ള പ്രോട്ടീനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയാണ്. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില ഫൈനിംഗ് ഏജന്റുകളിൽ ഒന്നാണ് കസിനേ (casine) എന്ന മിൽക്ക് പ്രോട്ടീൻ. മുട്ടയിലെ ആൽബുമിൻ (albumin) മറ്റൊരു ഫൈനിംഗ് ഏജന്റടായി ഉപയോഗിക്കുന്നു. പശു, പന്നി തുടങ്ങിയ  മൃഗങ്ങളുടെ ത്വക്ക്, അസ്ഥികൾ എന്നിവ വെള്ളത്തിൽ തിളപ്പിച്ചു ലഭിക്കുന്ന പ്രോട്ടീനായ ജെലാറ്റിൻ (gelatin) വളരെ സാധാരണയായി ഉപയോഗിക്കുന്ന  ഫൈനിംഗ് ഏജന്റാണ്. ഫൈനിംഗ് ഏജന്റുകൾ വൈനിൽ നിന്നും ഫിൽട്ടർ ചെയ്തു മാറ്റപ്പെടുമെങ്കിലും അതിന്റെ  അംശം വീഞ്ഞിലേക്ക് ആഗിരണം ചെയ്യപ്പെടാം, ഇത് സസ്യാഹാരികൾക്കു അനുയോജ്യമല്ല. 

വീഗൻ വൈനുകൾ ഇപ്പോൾ പല വൈൻ ഷോപ്പുകളിലും ലഭ്യമാണ്. വീഗൻ വൈനുകൾ ഫിൽട്ടർ ചെയ്യാൻ കൂടുതൽ പ്രകൃതിദത്തമായ ഫിൽട്ടറേഷൻ പ്രക്രിയകൾ ഉപയോഗിക്കാനും അല്ലെങ്കിൽ സസ്യാഹാര-സൗഹൃദ ഫൈനിംഗ് ഏജന്റുകൾ ഉപയോഗിക്കാനും തിരഞ്ഞെടുക്കുന്നു. ബെണ്ടോനിറ്റേയും (bentonite) ആക്ടിവേറ്റെഡ് ചാർകോളും ഏറ്റവും സാധാരണമായ രണ്ട് വീഗൻ ഫൈനിംഗ് ഏജന്റുകളാണ്. 

വൈൻ നിർമ്മാതാക്കൾ അവരുടെ ബോട്ടിലുകളുടെ ലേബലുകളിൽ ചേരുവകളുടെ (ingredients)  ഒരു ലിസ്റ്റ് നൽകാറില്ല. അതിനാൽ തന്നെ ഒരു വീഗൻ വീഞ്ഞിനെ തിരിച്ചറിയുന്നത് അസാധ്യവും വളരെ പ്രയാസകരവുമാകുന്നു.  

മഹാരാഷ്ട്രയിലെ നാസികിലുള്ള റിവൈലോ വൈൻ (Reveilo Wines), അവരുടെ എസ്റ്റേറ്റിൽ വളരുന്ന മുന്തിരി ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള, ഇറ്റാലിയൻ സാങ്കേതികവിദ്യയുമായി സംയോജിച്ചു വീഗൻ വൈനുകൾ ഉൽപാദിപ്പിക്കുന്നു. Citrusy Grillo, Sangiovese, fruity Nero D’Avola തുടങ്ങിയവ റിവൈലോ വൈൻസിന്റെ അറിയപ്പെടുന്ന വീഗൻ ബ്രാൻഡുകളാണ്. 

-----------------------------------------------------------------------------------------------------

ലേഖകൻ അധ്യാപകനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് സ്കോളറും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com