ADVERTISEMENT

 

ഡ്യൂട്ടി തുടങ്ങുന്നത് അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ ഒൻപത് കിട്ടുന്ന ആ റൂമിലെ പുതിയ അഡ്മിഷനെ കണ്ട് തന്നെയാവാം... അങ്ങിനെ തീരുമാനിച്ചത് ഒൻപതൊരു ഭാഗ്യ നമ്പറായിരുന്നത് കൊണ്ടുമാത്രമല്ല ഷേർലി മനസ്സിൽ കൗതുകം ഇഞ്ചക്ട് ചെയ്തത് കൊണ്ടു കൂടിയാണ്. സാധാരണ നൂറ് കണക്കിന് രോഗികൾ വന്നും പോയുമിരിക്കുന്നിടത്ത് പ്രത്യേകമായാരേയും  ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നത് എന്റെ രീതിയല്ല; പക്ഷെ ചുരുക്കം ചിലരോട് ചില ഇഷ്ട്ടങ്ങളൊക്കെ തോന്നാറുണ്ട്. നല്ല കുസൃതിയും കൂസലില്ലായ്മയും കൊണ്ട് നമ്മെ കീഴ്പ്പെടുത്തുന്ന അത്തരക്കാരോടുള്ള ഇഷ്ടം ഏറെക്കാലം മനസ്സിലുണ്ടാവുകയും ചെയ്യും. ഞാൻ പതിയെ ഡോറിലൊന്ന് തട്ടിയ ശേഷം അൽപ്പം കാത്തു നിന്നു... പിന്നെ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

 

ബൈ സ്റ്റാൻന്റർ ബാത്‌റൂമിലാണെന്ന് തോന്നുന്നു...കട്ടിലിൽ കിടക്കുന്നയാൾ മയക്കത്തിലുമാണ്. മിനിഞ്ഞാന്നത്തെ ഷിഫ്റ്റിനു ശേഷമാണല്ലോ ഈ രോഗി അഡ്മിറ്റാകുന്നത്. അതിനാൽ കൂടുതൽ വിവരങ്ങളൊന്നുമറിയില്ല. ഇന്നലെ ഹോസ്റ്റലിലെ അവധി മയക്കത്തിനിടയിൽ കേട്ട ഷേർലിയുടെ കമന്ററിയിലെ പ്രസക്തഭാഗങ്ങൾ ഞാനൊന്നോർത്തെടുത്തു. "ഒരു പരസ്യ മോഡൽ ലുക്കുള്ള വയസ്സൻ  എൺപത്തൊന്നിലെത്തിയിട്ടുണ്ട്. നല്ല അസ്സലൊരു താന്തോന്നി". ആളനക്കം കേട്ടതിനാലാണെന്ന് തോന്നുന്നു അയാളൊന്ന് ഞരങ്ങി എന്റെ നേരെത്തിരിഞ്ഞു.

 

വളരെ അപ്രതീക്ഷിതമായ അക്കാഴ്ച എന്നെ സൈഡ് സീറ്റിലിരുത്തി. ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത എന്റെയാ ഇരിപ്പിൽ നിന്ന് 'സൈറാ' എന്ന അയാളുടെ വിളിയും അപരിചിത്വഭാവവും  എഴുന്നേൽപ്പിച്ചു. ബാത്റൂമിൽ പോയയാൾ പുറത്തെത്തുന്നതിന് മുൻപ് ഞാൻ പതിവ് പരിശോധനാ ക്രമങ്ങളിലേക്കോടി.  ബി. പി യുടെ ഗുളിക ഓർമ്മിപ്പിച്ചപ്പോഴൊരു  യുവതി ബാത് റൂ തുറന്നെത്തി. 

 

സൈറ ആരാവും? മെലിഞ്ഞ് ഉയരമുള്ള സുന്ദരി എന്തായാലും മകളല്ല. ഇത്ര സൗന്ദര്യമുള്ളവരോട്  തോന്നാറുള്ള കുശുമ്പിലേക്കപ്പോൾ മനസ്സ് കൊണ്ടുപോവാതെ ഞാൻ ചടങ്ങുകൾ വേഗം തീർത്ത് പോകാനൊരുങ്ങി. ഡോർ തുറന്നതും രോഗി മുരടനക്കി. തിരിഞ്ഞ എന്നെ നോക്കി അപ്പോഴയാളുടെയൊരു അപ്രതീക്ഷിത കണ്ണിറുക്ക്.

 

റൗണ്ട്സ് കഴിഞ്ഞ് നഴ്സിങ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ എന്നെക്കാത്ത് സൈറ.

 

 "പപ്പ ഇന്ന് സമാധാനമായി ഉറങ്ങി. ഇന്നലെയൊക്കെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു." അവൾ മിണ്ടാൻ മുട്ടി നിന്നപോലെ ചാടിപ്പറഞ്ഞു.

 

"പുള്ളിയുടെ മകളാണോ?" എന്റെ ആകാംക്ഷ അതുക്കും മേലെ.

 

"അല്ല... മകന്റെ ഭാര്യയാണ്. റൂമിലിരുന്ന് ബോറടിച്ചു അതാ പുറത്തേക്കിറങ്ങിയത്."

 

ഞാനൂഹിച്ചത് അവൾ പൂരിപ്പിച്ചു.

 

"ഹസ്ബന്റ് എവിടെയാ?" ഞാനൊന്ന് ഫയല് വലിക്കാൻ നോക്കി.

 

"ഇക്കാ ബാംഗ്ലൂരാണ് മിക്കവാറും നാളെയെത്തും."

 

ഇടയ്ക്കിടെ വരുന്ന ആളുകളും ഫോൺ കോളുകളും അവളെ തിരികെപ്പറഞ്ഞയച്ചു. ഒന്ന് ഫ്രീയായപ്പോൾ ഞാൻ കസേരയിലെത്തി പതിയെ ബാംഗ്ലൂരിലേക്കൊന്ന് പോയി.

 

 

കൃഷ്ണരാജപുരത്തെ നഴ്സിംഗ് പഠനകാലത്ത് ഹോസ്റ്റലിലെ പുളിയൻ ദോശയും ഇഡ്ലിയും ഇടയ്ക്കിടെ എന്നെ സോനേച്ചിയുടെ അടുത്തേക്ക് കൊണ്ടുപോകും. അകന്ന ബന്ധത്തിലുള്ള അവരായിരുന്നല്ലോ എന്റെ ലോക്കൽ ഗാർഡിയൻ. ഞാനും സോനേച്ചിയും ജയശ്രിച്ചേച്ചി, ബിന്ദുച്ചേച്ചി,ജെനി തുടങ്ങിയ അവരുടെ റൂം മേറ്റ്സും 

ചേർന്ന് ഞായറാഴ്ച എം. ജി. റോഡിലെ ബ്ലൂമൂൺ തിയേറ്ററിലേക്കൊരു തീർത്ഥയാത്രയുണ്ട്, മലയാളം സിനിമ കാണാൻ. അവിടെ മാത്രമേ അന്ന് മലയാളം സിനിമയുള്ളൂ. ബാംഗ്ലൂരിലെ സർവ്വവിധ മലയാളികളുടെയും സംഗമസ്ഥാനമായിരുന്നല്ലോ ആക്കാലത്ത് ബ്ലൂമൂൺ. സിനിമയ്ക്ക് ശേഷം ജോൺസൺ മാർക്കറ്റിലെ ഫാനൂസിൽ നിന്നൊരു ജംബോ ഷീക്ക് കബാബ് റോളും പെപ്സിയും അതോടെ തീരും അന്നത്തെ ക്വാട്ട. ഇത്തരമൊരു യാത്രയിലാണല്ലോ ഇക്കുവിനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.

 

 

"സിസ്റ്റർ ഒന്ന് വരാമോ?അമ്മയ്ക്ക് വല്ലാത്ത ശ്വാസം മുട്ടുണ്ട്" എൺപത്തെട്ടിലെ ബൈസ്റ്റാന്ററാണ്. പാതിമയക്കത്തിൽ നിന്ന് ഞാൻ എഴുന്നേറ്റോടി. മടങ്ങുന്ന വഴിയിൽ എൺപത്തൊന്നിന് മുന്നിലെത്തിയപ്പോൾ അറിയാതെ ഞാനൊന്ന് നിന്നു. പിന്നെ മടിച്ച് വാതിലിൽ പതിയെ തട്ടി. ഉറങ്ങിക്കാണും? ഒരനക്കവും ഇല്ലായിരുന്നു. അൽപ്പ നേരം നിന്ന് മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ ഡോർ ഹാൻഡിൽ വെറുതെ ഒന്ന് തിരിച്ചു.വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. അകത്തെ അരണ്ട വെളിച്ചത്തിൽ സൈറ സൈഡ് സീറ്റിൽ കിടന്നുറങ്ങുന്നു. പാതിവായിച്ച് കമിഴ്ത്തിയ പുസ്തകമൊന്ന് അവളുടെ ശ്വാസഗതിക്കനുസരിച്ച് നെഞ്ചിൽ ഉയർന്ന് താഴുന്നുണ്ട്. ഞാൻ പതിയെ രോഗിയുടെ അടുത്തേക്ക് നടന്നു. നല്ല ഉറക്കമാണെന്ന് തോന്നുന്നു. ഒരു കുസൃതിപുഞ്ചിരി ഫിറ്റ്‌ ചെയ്തുള്ള കിടപ്പ്. അൽപ്പനേരം ആ മുഖത്തേക്ക് നോക്കി നിന്നു പിന്നെ പോകാനായിത്തിരിഞ്ഞു. അപ്രതീക്ഷിതമായി എന്റെ കയ്യിലൊരു പിടിവീണു.

 

 

ഞെട്ടിത്തിരിഞ്ഞയെന്റെ നോട്ടം അയാളുടെ കണ്ണിൽ നിന്നൊഴുകിയ പരിഭവം കണ്ടു. മുറിയിലെ അരണ്ട ഇളം ചുവപ്പ് വെളിച്ചത്തിൽ പുഞ്ചിരിച്ച് ഞാനത് പതുക്കെ തുടച്ചെടുത്തു. ഇരുപത് വർഷങ്ങളുടെ അകലം അടുത്തുവരുന്നതായി ഞങ്ങളറിഞ്ഞു.

 

"സിസ്റ്റർ, വിളിക്കാമായിരുന്നില്ലേ? ഞാനൊന്ന് മയങ്ങിപ്പോയതാ".

 

സൈറ എഴുന്നേറ്റയുടൻ പൾസ് നോക്കിക്കൊണ്ടിരുന്ന എന്റെ വിരലുകൾ പെട്ടെന്ന് ഞാൻ പിൻവലിച്ചു.

 

"ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. ഇതൊന്ന് ചെക്ക് ചെയ്യുകയല്ലേ വേണ്ടൂ".

 

ബി. പി മോണിറ്റർ മാറ്റുന്നതിനിടയിൽ ഞാൻ മുഖം കൊടുക്കാതെ പറഞ്ഞു.

 

"വായന നന്നായുണ്ടല്ലേ"?

 

സോഫയിലിരുന്ന ദീപാനിഷാന്തിന്റെ 'നനഞ്ഞുതീർത്ത മഴകളിലേക്ക് ' നോട്ടം തിരിച്ച് ജാള്യത ഒളിപ്പിച്ച് ഞാൻ ചോദിച്ചു.

 

"സിസ്റ്റർക്ക് വേണോ"?

 

"പിന്നീട് മതി"

 

ഞാൻ പോകാൻ തിരിഞ്ഞു.

 

സീറ്റിലെത്തിയ ശേഷമൊന്ന് കൈകാലുകൾ നിവർത്തി പിന്നിലേക്ക് ചാഞ്ഞു. മടങ്ങിപ്പോരുമ്പോൾ അയാളെയൊന്ന് നോക്കിയേ ഇല്ലയെന്നോർത്തു.

 

 

ഇഞ്ചികൃഷിയും കുരുമുളകും കാപ്പിയും കൊണ്ട് ജൈസനേയും ജാസ്മിനേയും എന്നേയും പഠിപ്പിക്കാൻ ചാച്ചൻ വിയർത്തത് വർഷങ്ങളോളമായിരുന്നെങ്കിലും കിട്ടുന്നതതൊന്നും ഒരുകാലത്തും തികയാറില്ലായിരുന്നു. ഹോസ്റ്റലിൽ ഫീസ് കൊടുക്കേണ്ട സമയം വരുമ്പോൾ വല്ലാത്ത ആധിയാണ്. ടിൻ ഫാക്ടറിക്ക് പിറകിലെ സോനേച്ചിയുടെ താവളത്തിലേക്ക് സൺ‌ഡേ അല്ലാതെ പോയിരുന്നത് ചാച്ചന്റെ മണിയോർഡർ വൈകുമ്പോഴാണ്. സോനേച്ചിയുടെ സാഹചര്യം എന്റേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല. ബിന്ദുചേച്ചിയും ജെനിയും തുടക്കക്കാരുമാണ്. ബാങ്ക് ഉദ്യോഗസ്ഥയായ ജയശ്രിചേച്ചിയാണ് സത്യത്തിൽ ഞങ്ങളുടെയെല്ലാം അന്നത്തെ ബാങ്കർ.

 

ചേച്ചിയുടെ വിവാഹമുറപ്പിച്ച് അവർ നാട്ടിലേക്ക് പോയതോടെ എന്റെ കഷ്ടകാലം തുടങ്ങി. കൂടെയുള്ളവരൊന്നും പതിവ് മെനുവല്ലാതെ കാന്റീനിൽ നിന്നൊരു ബൺ ബട്ടർ ജാം പോലും വാങ്ങാൻ കെൽപ്പില്ലാത്തവർ. ഹോസ്റ്റൽ ഫീസും എക്സാം ഫീസുമടക്കം വലിയൊരു തുക അടക്കേണ്ട സമയം, കൃഷിയിലെ നാശനഷ്ടങ്ങൾ ചാച്ചനെ എന്നോട് കടം വാങ്ങാൻ പ്രേരിപ്പിക്കുന്നിടം വരെ എത്തിച്ചു.

 

 

ബാംഗ്ലൂരിൽ പുതിയ ജോലിക്കാരായിരുന്ന ബിന്ദുചേച്ചിക്കും ജെനിക്കും എന്തിന് സോനേച്ചിക്ക് പോലും നൂൺ ഷോ ഫ്രണ്ടുണ്ടായിരുന്നു. അവരുടെ സിനിമയും ഹോളിഡേ ഔട്ടിങ്ങും എല്ലാം ഇങ്ങിനേയുള്ള സ്പോൺസർഷിപ്പിലായിരുന്നല്ലോ. ബ്ലൂമൂണിലെ ടിക്കറ്റ് ക്യൂവിൽ നിന്ന് രൂപം കൊള്ളുന്ന ഇത്തരം ഫ്രണ്ട്ഷിപ്പുകളിൽ പലതും ഏറെക്കാലം നിലനിൽക്കുന്നവയുമായിരിക്കും. അപൂർവ്വം ചിലവ വിവാഹ ബന്ധത്തിലേക്ക് പോലും പോയിട്ടുണ്ടെത്രെ. ജയശ്രിചേച്ചിയുടെ രണ്ട് വർഷം പഴക്കമുള്ള നൂൺ ഷോ ഫ്രണ്ടിനെ കല്യാണം ഉറപ്പിച്ചതിന് ശേഷമല്ലേ ചുരുട്ടി എറിഞ്ഞത്.

 

ഇക്കു ടിക്കറ്റെടുക്കാൻ ക്യൂവിലുള്ള എന്നെ സമീപിച്ചപ്പോഴന്ന് അവരൊക്കെ കണ്ണിറുക്കി ചിരി തുടങ്ങി. എനിക്കന്നൊന്നും മനസ്സിലായില്ല.

 

"നെയ്ത്തന്തയാണെങ്കിലും കാണാൻ ചേലുണ്ടായിരുന്നു."

 

ശിവജി നഗറിലെ ഹോട്ടൽ സെലക്ടിലിരുന്ന് ജയശ്രിച്ചേച്ചി ചിരി അമിട്ട് പൊട്ടിച്ചു. ഞാൻ നനഞ്ഞ പടക്കമായി.

 

"പെണ്ണേ നമ്പർ കൊടുത്തില്ലേ"?

 

സോനേച്ചി ലോക്കൽ ഗാർഡിയന്റെ ഉത്തരവാദിത്വം കാട്ടി.

 

" ഞാനൊന്നും കൊടുത്തില്ല... അയാളെനിക്കൊരു കാർഡ് തന്നു "

 

പേഴ്സിൽ സൂക്ഷിച്ച കാർഡെടുത്ത് കാട്ടി നിഷ്കളങ്കമായി ഞാനവരെ നോക്കി.

 

ബിന്ദുചേച്ചിയുടെ വായിൽ നിന്ന് ബിരിയാണിച്ചോറപ്പോൾ ജെനിയുടെ മുഖത്തേക്ക് തെറിച്ചു.

 

അവർ ചിരിക്കുന്നതെന്തിനാണെന്ന് എനിക്കപ്പോൾ മനസ്സിലായതേയില്ല. ഞാൻ ബിരിയാണി ആസ്വദിച്ചു തിന്നു.

 

 

 

കണ്ണുതുറന്നപ്പോൾ സമയം പുലർച്ചെ നാല് മണി. എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. ഫ്രഷായി വന്ന് കെറ്റിൽ ഓൺ ചെയ്തൊരു കട്ടൻ ചായയുണ്ടാക്കി. വേഗത്തിൽ കുടിച്ചപ്പോൾ വായ പൊള്ളി അണ്ണാക്കിലെ തൊലിയിളകി. പുലർച്ചെ ഗുളിക കൊടുക്കേണ്ട രോഗികളും ബി. പി. യും ഷുഗറും ചെക്കു ചെയ്യേണ്ടവരൊക്കെയുണ്ട്. എന്റെ ബി.പി. കൂടാൻ തുടങ്ങുന്നതിന് മുൻപേ ഞാൻ പുറപ്പെട്ടു.

 

ഷേർളിയുടെ ഡ്യൂട്ടി തുടങ്ങുന്നത് ആറ് മണിക്കാണ്. ഒൻപതുമണിയാവുമ്പോഴേ കൂടുതലാളുകൾ ഡ്യൂട്ടിയിലെത്തൂ. എന്നാലും അവളെത്തിയാൽ തന്നെ എനിക്ക് പോകാം. എൺപത്തൊന്നിന്റെ വാതിൽ കുറ്റിയിട്ടിരുന്നു. അൽപ്പനേരം കാത്തുനിൽക്കേണ്ടിവന്നു സൈറയെത്താൻ.

 

ബാത്‌റൂമിലായിരുന്നെന്ന് മുഖത്തു നിന്നിറ്റിയ വെള്ളത്തുള്ളികൾ അടയാളം കാട്ടി. അവൾ വെളുക്കെച്ചിരിച്ചു. ഞാൻ ഗുഡ് മോർണിംഗ് പകരമായിക്കൊടുത്തു. രോഗി ഉറക്കത്തിലായിരുന്നു. പതുക്കെ വിളിച്ചപ്പോൾ ചിണുങ്ങി, ഇഞ്ചക്ഷനെടുത്തപ്പോൾ ചെറുതായി ഞരങ്ങി. എന്നാലും കണ്ണ് തുറന്ന് നോക്കിയേ ഇല്ല.

 

"ഇനി വൈകീട്ട് കാണാം" ട്രോളിയെടുത്ത് പോകുമ്പോൾ ഞാൻ കൈവീശി. രോഗിയെ നോക്കിയപ്പോൾ അയാൾ വലതുവശത്തേക്ക് തിരിഞ്ഞു കിടന്നിരുന്നു.

 

ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കിടക്കുമ്പോൾ മനസ്സ് പിന്നേയും ചുരം കടന്ന് യാത്രപോയി. ചാച്ചന്റെ കാശെത്തുന്നത്  വൈകാൻ തുടങ്ങിയ ബാംഗ്ലൂർ കാലം മനസ്സിലോർത്തു. ഹോസ്റ്റൽ വാർഡന്റെ  ചൂടുള്ള വിരട്ടലിൽ ഉരുകിയതും ക്ലാസ് മുറിയിലും പ്രിൻസിപ്പലിനു മുന്നിലും ജാള്യതയോടെ തലകുനിച്ചു നിന്നതും സിനിമയുടെ ഇടവേളയിൽ പങ്കിട്ട സൗഹൃദത്തിന്റെ ബലത്തിൽ ഇഖ്ബാൽ അഹമ്മദ് എന്ന ആലുവക്കാരനെ വിളിച്ചതും ഇന്നലെയെന്നപോലെ മനസ്സിൽ തെളിഞ്ഞു.

 

 

ഹോസ്റ്റലിലേയ്ക്ക് ഇക്കു വരുമെന്ന് വെറുതെപ്പോലും ചിന്തിച്ചിരുന്നില്ല. സഹായം ആവശ്യപ്പെടുമ്പോൾ പ്രതീക്ഷയെക്കാൾ അങ്കലാപ്പായിരുന്നു കൂടുതൽ. 9999 എന്ന നമ്പറിട്ട വെളുത്ത ബെൻസ് കാറിൽ അദ്ദേഹം വന്ന ദിവസം ഞാൻ ഉറങ്ങിയതേയില്ല. ഹോസ്റ്റലിലും കോളേജിലും ഇമേജേറെ ഉയരത്തിലെത്തിയ ദിവസമായിരുന്നല്ലോ അത്. ചാച്ചന്റെ സുഹൃത്താണെന്ന് ഇക്കു പ്രിൻസിപ്പലിനോട് പറയുന്നത് കേട്ടപ്പോൾ അതുതന്നെ ഞാൻ എല്ലാവരോടും പറഞ്ഞു.

 

ആദ്യമായൊരു ആഡംബര വാഹനത്തിൽ കയറുന്നത് ഇക്കുവിന്റെ ബെൻസിലായിരുന്നു. അദ്ദേഹം  ഹോസ്റ്റലിൽ വന്നു പോയതിന് ശേഷം ഞാനിടയ്ക്ക് ഒന്നുരണ്ടു തവണ വിളിച്ചിരുന്നു. ഞായറാഴ്ചയിലെ സിനിമാ പ്ലാനുണ്ടാകുന്നത് അങ്ങിനെയാണ്. കൃഷ്ണരാജപ്പുരത്ത് നിന്ന് ബസിൽ കയറി മയോ ഹാൾ പരിസരത്ത് ഇറങ്ങാമെന്നായിരുന്നു ആദ്യത്തെ പ്ലാൻ. അദ്ദേഹം പക്ഷെ ഹോസ്റ്റലിലേക്കെത്തി എന്നെ ഞെട്ടിച്ചു. ഓൾഡ് മദ്രാസ് റോഡിലൂടെ കാർ ചീറിപ്പാഞ്ഞു. അത്ഭുതത്തോടെ പുറം കാഴ്ചകൾ കണ്ട് മുൻസീറ്റിൽ ഞാൻ ചാരിക്കിടന്നു.

 

സിനിമ എനിക്കെന്നുമൊരു വീക്നെസ്സായിരുന്നു. ഞാൻ പതിവുപോലെ ഇമവെട്ടാതെ സ്ക്രീനിലേക്ക് തലയിട്ടിരുന്നു. ഇക്കു നീട്ടിയ കടലയോ മറ്റോ ഞാൻ കയ്യോടെ ചേർത്തു പിടിച്ചു. ഇടയ്ക്കെപ്പോഴോ അദ്ദേഹത്തിന്റെ തോളിൽ ചാരിക്കിടന്നു. ആ ബോറൻ സിനിമ തീർന്നതറിഞ്ഞില്ല ഞാനുറങ്ങിപ്പോയിരുന്നു. റെസിഡൻസി റോഡിലെ ഇമ്പീരിയൽ റസ്റ്റോറന്റിൽ നിന്ന് ലഞ്ചും കഴിച്ച് ഞങ്ങളിറങ്ങുമ്പോൾ സമയം നാലര. കാറിൽ ഏറെ ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് യാത്ര ഹോസ്റ്റൽ ഭാഗത്തേക്കല്ലെന്ന് മനസ്സിലായത്.

 

 

കാറൊരു ബഹുനില കെട്ടിടത്തിന്റെ ബേസ്മെന്റിലെ പാർക്കിങ്ങിലേക്കിറങ്ങി നമ്പർ ഒൻപതിൽ കയറി നിന്നു. ലിഫ്റ്റിൽ ഇക്കുവിനോടൊത്ത് പുതിയ കാഴ്ചകളിലേക്ക് പോകുമ്പോൾ ഞാൻ ഏറെ ആകാംക്ഷയിലായിരുന്നു. ഇത്തരം ആഡംബര നിർമ്മിതികളുടെ പുറം കാഴ്ചകളെക്കാൾ മനോഹരമാണ് അകം കാഴ്ചകളെന്ന് തോന്നി. ഒൻപതാമത്തെ നിലയിൽ ലിഫ്റ്റ് നിന്നു. ഇക്കുവിന് പിന്നാലെ ഞാനും പുറത്തേക്ക് നടന്നു. ട്രിപ്പിൾണയനായിരുന്നു റൂം നമ്പർ. അതിമനോഹരമായ ഫ്ലാറ്റ്. ഓപ്പൺ കിച്ചണും ഹോം തിയേറ്ററുമൊക്കെ  എനിക്ക് പുതിയ കാഴ്ചകളായിരുന്നു.

 

 

ഇക്കു ഫ്രിഡ്ജിൽ നിന്നൊരു ചോക്ലേറ്റ് എടുത്തു തന്നു. ലിക്വർ ചോക്ലേറ്റ് ആണെത്രെ  എന്തായാലും നല്ല കട്ടി മധുരം. കടിച്ചപ്പോൾ ചാച്ചന്റെ മണം പോലെ.  വോഡ്കയുടെ ഭംഗിയുള്ളൊരു കുപ്പിയെടുത്ത് പുള്ളിക്കാരൻ പൊട്ടിച്ചു. ചെറുനാരങ്ങയുടെ ചിത്രമുള്ളൊരു നീളൻ കുപ്പിയിൽ നിന്നെന്തോ ഗ്ലാസ്സിലെ വോഡ്കയിലേക്ക് പകർത്തി. കയ്യിൽ ഗ്ലാസ്സെടുത്ത് പിടിച്ച ഇക്കുവിന്റെ ചുണ്ടുകൾ പതിയെ ഗ്ലാസിന്നടുത്തേക്ക് പോയി. ശബ്ദമുണ്ടാക്കാതെയുള്ള ആ നുണയൽ ഞാനാസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി.

 

 

ചാച്ചൻ ആഘോഷവേളകളിൽ ഞങ്ങൾക്ക് വൈൻ തരും ചിലപ്പോളൽപം റമ്മും. എനിക്കിഷ്ടമാണതൊക്കെ, യന്ത്രികമായി സ്വപ്നത്തിൽ യാത്ര ചെയ്യുന്നതുപോലെയുള്ളൊരവസ്ഥ, നല്ല സുഖമാണത്. ഞാനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുറേ ഇറക്കി. നല്ല മധുരം, ഇക്കു ചുണ്ട് നീട്ടി, ഇടയിലെ ഗ്ലാസിന്റെ ബാധ്യത ഞങ്ങളപ്പോൾ മാറ്റിവെച്ചു.

 

 

ഹാളിൽ കിടന്നുറങ്ങിപ്പോയത് മണിക്കൂറുകളാണ്. ഹോസ്റ്റലിൽ എത്തേണ്ടത് രാത്രി ഒൻപതിന് മുൻപും. ഉടൻ പുറപ്പെട്ടാലും എത്തുമ്പോൾ ഒൻപത് കഴിയും എന്റെ പരാക്രമം കണ്ടപ്പോൾ ഇക്കു ഇടപെട്ടു. ഹോസ്റ്റലിലേക്ക് വിളിച്ച് വാർഡനെ മയക്കി. മദ്യപിച്ചയാളെ ഡ്രൈവിങ്ങിന് പ്രേരിപ്പിക്കുകവയ്യല്ലോ അദ്ദേഹം അതിനും തയാറായിരുന്നു.

ഞാനുടനെ ജെറിയെ വിളിച്ചു. നാട്ടുകാരനായ അവൻ ഒരു കൊറിയർ കമ്പനിയിലെ ജീവനക്കാരനാണ്. ജെറിയുടെ ബൈക്കിലിരുന്ന് പോകുമ്പോൾ അവനോരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ചുരുങ്ങിയ വാക്കുകളിൽ കൂട്ടുകാരിയെ കാണാൻ വന്നതാണെന്നൊരു കഥ പറഞ്ഞു.

 

ജെറിക്ക് എന്നും എന്നോടൊരു ഇഷ്ടക്കൂടുതലില്ലേ എന്ന് തോന്നിയിട്ടുണ്ട്. ഞാൻ നഴ്സിങ്ങിനെത്തിയ ഉടനേയാണല്ലോ അവൻ ജോലി തേടി ബാംഗ്ലൂരിലേക്കെത്തിയത്. എന്തോ സോനേച്ചിയും ടീമും അവന് പത്തിൽ അഞ്ചേ മാർക്കിട്ടുള്ളൂ. ഇക്കുവിന് ഒൻപതും എന്നാലും അടിക്കടിയുള്ള എന്റെ യാത്രകളൊന്നും ഞാനവരോട് പറയാൻ നിന്നില്ല. ഇക്കുവിനെക്കാണാൻ ശനിയാഴ്ചകളെണ്ണി ഞാൻ കാത്തിരിക്കുകയായിരുന്നല്ലോ. വൈകീട്ട് ഫ്ലാറ്റിലേക്ക് പോയാൽ പിന്നെ മടങ്ങിപ്പോകുന്നത് ഞായറാഴ്ച രാത്രിയിലായി. ജെറി പതിവുപോലെയെന്നും ഡ്രോപ്പ് ചെയ്യാൻ കൊതിയോടെ വന്നു.

 

 

ഇക്കു നാട്ടിലേക്ക് പോയ ആ ആഴ്ചയിലാണല്ലോ ജെറിയെ ആദ്യമായി ഞാൻ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്നത്. കൂട്ടുകാരിയും കുടുംബവും നാട്ടിലാണെന്ന് അവനെ വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങൾ അവിടെയിരുന്ന് സിനിമ കണ്ടു. പിന്നെ അവനുണ്ടാക്കിത്തന്ന എഗ്ഗ് ബുർജിയും ദാൽ ഫ്രൈയും കൂട്ടി ചപ്പാത്തി തിന്നു. അവന് വോഡ്കയും വൈനും ഒന്നും വേണ്ടായിരുന്നു, എന്റെ സാമീപ്യമല്ലാതെ.  മടങ്ങിപോകുന്നതിന് മുൻപ് അവൻ എന്റെ നെറ്റിയിലൊരുമ്മ തന്നു. കൊതി കലരാത്തൊരുമ്മ.

 

ഹോസ്റ്റലിൽ വീണ്ടും ഫീസ് അടക്കേണ്ട അറിയിപ്പുകിട്ടി. നഷ്ടം വന്ന കൃഷിയുടെ വാർത്തകളും പെരുകുന്ന ആത്മഹത്യാക്കണക്കും ചാച്ചനെ വിളിക്കുന്നതിന്‌ തടസ്സം നിന്നു. നേരെ ഇക്കുവിനെ വിളിച്ചു. ഫീസ് അടച്ച് മടങ്ങിപ്പോകുമ്പോൾ ആളുടെ കൂടെ ഞാനും പോയി. എനിക്ക് വേണ്ടിയന്ന് KFC വാങ്ങിയിരുന്നു. വോഡ്ക്കയുടെ വീര്യം കൂടി ആയപ്പോൾ തളർന്ന് ഇരുന്നിടത്ത് തന്നെ കിടന്നു.

 

ബഹളമെന്തോ കേട്ടാണുണർന്നത്. ജെറിയും പരിചയമില്ലാത്ത മറ്റ് രണ്ടുപേരും ചേർന്ന് റൂമിനുള്ളിൽ ഇക്കുവുമായി പിടിവലി കൂടുന്നു. അദ്ദേഹത്തിന്റെ ടിഷർട്ടിന്റെ  കോളറിലാണ് ഒരുത്തന്റെ പിടി. കയ്യിലുള്ള വാച്ചും വിലപിടിപ്പുള്ള പലതും അവർ പിടിച്ചു വാങ്ങി. ജെറി ഓടി നടന്ന് കയ്യിൽ കിട്ടിയ വിലപിടിപ്പുള്ളതെല്ലാം ബാഗിൽ വാരിയിടുന്നുണ്ട്. തടയാൻ ചെന്ന എന്നെയവൻ ചവിട്ടി വീഴ്ത്തി. കമിഴ്ന്നടിച്ചുള്ള  വീഴ്ചയിൽ എന്റെ ബോധം പോയി.

 

മുഖത്ത് വീണ വെള്ളത്തുള്ളികൾ പരിസരബോധം തിരിച്ചു തന്നു. ഇക്കു  അടുത്തിരുന്നെന്റെ മൂർദ്ദാവിൽ തലോടി. ഞാൻ പതിയെ എഴുന്നേറ്റിരുന്ന് ആ മുഖം ഉമ്മകൊണ്ട് മൂടി. ഉപ്പു രസം കലർന്ന ഞങ്ങളുടെ ചുണ്ടുകൾ പലപ്പോഴും മധുരം തേടും വഴിയിൽ കണ്ടുമുട്ടി. ഒടുവിലെപ്പോഴോ ഞാനാ ചുമലിലേക്ക് മെല്ലെച്ചാഞ്ഞു.

 

പോലീസ് അന്വേഷങ്ങളിൽ എന്റെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുമെന്ന് അദ്ദേഹം ഭയന്നു. മകളുടെ പ്രായമുള്ള ഒരുവളുമായി സഹവസിക്കുന്നത്  സമൂഹവും അംഗീകരിക്കില്ലല്ലോ. ഒടുവിൽ, നടന്ന സംഭവങ്ങൾ നമ്മോടെ മണ്ണടിയട്ടെയെന്ന ഇക്കുവിന്റെ അഭ്യർത്ഥനയും മാനിച്ച് ഞാനാ നെഞ്ചിൽ തലയർപ്പിച്ചു കിടന്നു.

 

ഞായറാഴ്ച ഞങ്ങൾ ഫ്ലാറ്റിൽ തന്നെ കഴിച്ചു കൂട്ടി. വൈകീട്ട് സെക്യൂരിറ്റി ക്യാബിനിൽ നിന്ന് വന്ന ഇന്റർകോം കോളായിരുന്നല്ലോ കാര്യങ്ങൾ തകിടം മറിച്ചത്. ജെറിയുടെ ബൈക്ക് താഴെക്കണ്ട മലയാളി സെക്യൂരിറ്റി ആത്മാർത്ഥതകാട്ടി അവനവിടെ വന്നുപോയതിന്റെയൊക്കെ ചരിത്രം വർണ്ണിച്ചു. കോളിനു ശേഷം ഇക്കുവന്നത് മറ്റൊരു മുഖമണിഞ്ഞിട്ടായിരുന്നു. ജെറിയുടെ ചവിട്ടിനേക്കാൾ എന്നെ വേദനിപ്പിച്ചത്  ഇക്കുവിന്റെ ഫ്രോഡെന്ന വിളിയും ആരോപണങ്ങളുമായിരുന്നല്ലോ. ഞാനവിടെക്കിടന്ന് കരഞ്ഞത് മിച്ചം അയാളുടെ മനസ്സലിഞ്ഞില്ല. ഒരു ലക്ഷ്യവുമില്ലാതെയാണ് ലിഫ്റ്റിലേക്ക് നടന്നത്. താഴെയെത്തുമ്പോൾ മുന്നിൽ വലിയ വാഹനവ്യൂഹം മാത്രം. മനസ്സും ശരീരവും എന്റെ നിയന്ത്രണത്തിലെല്ലായിരുന്നെങ്കിലും ഞാൻ പതിയെ റോഡ് ലക്ഷ്യമാക്കി ഇഴഞ്ഞു.

 

പെട്ടെന്നൊരു ബൈക്ക് എന്റെ മുന്നിൽ ബ്രെയ്ക്കിട്ടു. ഏറെ ദൂരം പുറകിലിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ പതിയെ അവനിലേക്ക് ചാഞ്ഞു. ജെറിക്കും അവന്റേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. മകളുടെ പ്രായമുള്ളൊരാളോടുള്ള ഇക്കുവിന്റെ ലീലാവിലാസങ്ങളെ ന്യായികരിക്കുന്നെങ്കിൽ പിന്നെ ജെറിയുടേതും മാപ്പർഹിക്കാത്ത തെറ്റുകളൊന്നുമല്ല എന്ന് തോന്നി. ഞാനവനോട് കൂടുതൽ ഒട്ടി. ഹോസ്റ്റലിലെത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. വാർഡൻ കലിതുള്ളി വരവേറ്റു. റൂമിലേക്ക് തലതാഴ്ത്തിപ്പോകുമ്പോൾ തോളിൽ കിടന്ന് ജെറി സമ്മാനിച്ച ബാഗ് വാർഡനെ പരിഹസിച്ച് തലയാട്ടുന്നുണ്ടായിരുന്നു.

 

ഡ്യൂട്ടിക്ക് കയറേണ്ട സമയമായപ്പോൾ ഞാനോടി ബാത്‌റൂമിൽ കയറി. ഇന്നലെ ഇക്കു എന്തേ എന്നോട് മിണ്ടിയേയില്ല? പിണങ്ങിക്കാണും. ഇപ്പോഴും ആ പഴയ കുസൃതിയും പരിഭവപ്രകടനങ്ങളും കണ്ണുകളിൽ ഞാൻ കാണാതിരുന്നില്ല. ഇരുപത് വർഷത്തെ മാറ്റം ഇക്കുവിന്റെ മുടിയുടെ നിറത്തിൽ മാത്രമാണെന്നെനിക്ക് തോന്നി. ഇത്രയും കാലത്തെ അകൽച്ച പക്ഷേ മനപ്പൂർവമായിരുന്നു എന്ന് പറയാതെ വയ്യ. എന്തായാലും ഇങ്ങിനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നതേ ഇല്ല.

 

നഴ്സിംഗ് സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ കാണാം ഷേർലി ഇറങ്ങാൻ റെഡിയായി നിൽക്കുന്നത്. പതിവ് ഹാൻഡോവറിനായി ഞാൻ കാതോർത്തപ്പോൾ "എൺപത്തൊന്നിലെ ഇഖ്ബാൽ സാറ് പോയെടീ" എന്നൊരു ഇടിത്തീ അവളെന്റെ മേലെയിട്ടു. "രാവിലെപ്പോലും നിന്റെ വിശേഷങ്ങൾ എന്നോട് ചോദിച്ചയാളാ ഞാൻ ഫേസ്ബുക്കിലെ നിന്റെ പ്രൊഫൈൽ പിക്ചറെല്ലാം കാണിച്ചിരുന്നു. പതിനൊന്നു മണിക്കാണ് മരണം ഉറങ്ങുന്നയാളെ അറ്റാക്കിന്റെ  രൂപത്തിൽ വന്ന് കൊണ്ടുപോയത്. നമ്മൾ അറിയുമ്പോഴേക്കും യാത്ര പോയിക്കഴിഞ്ഞിരുന്നു. പാവം ബൈസ്റ്റാന്റർ തനിച്ചേ ഉണ്ടായിരുന്നുള്ളൂ." അവളത്രയും പറഞ്ഞു തീരുന്നതിന് മുൻപേ ഞാൻ കസേരയിലേക്ക് വീണു. എന്റെ പരാക്രമം കണ്ട് ഷേർലി വല്ലാതായി. നമ്മൾക്ക് ഇതുപോലുള്ളവ സാധാരണമല്ലേ പിന്നിതെന്തു പറ്റി എന്നാവും. ഞാൻ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളമെടുത്ത് വായിലേക്ക് കമഴ്ത്തി പിന്നെ ഫോണെടുത്ത് ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്ചർ സൂം ചെയ്തു. അത് ഞാനും ജെറിയും കുട്ടികളും കെട്ടിപ്പിടിച്ചിരിക്കുന്ന ഫാമിലി ചിത്രമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com