ADVERTISEMENT

 

ക്രിസ്തുവിന്റെ പീഢാസഹനവും കുരിശും ചുമന്നുള്ള മലകയറ്റവും അനുപമമായ ശിൽപചാതുരിയാൽ രൂപകൽപന ചെയ്തെടുത്ത തീർഥാടന കേന്ദ്രമാണ് ബാക്കസ് മാർഷിലെ 'ടി പിനു ഓൾ നേഷൻ സ് മരിയൻ സെന്റർ'. മെൽബൺ നഗരത്തിൽ നിന്ന് 60 കി.മീറ്റർ അകലെ മാറിയാണു ബാക്കസ് മാർഷ് എന്ന ഈ പ്രദേശം .

golgotha

 

melbourne-golgotha2

1996 ഫെബ്രു. 26-നു മാത്രമാണു കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും അടങ്ങിയ ഈ മലയിലേയ്ക്ക് ഒരു റോഡ് നിർമിക്കപ്പെടുന്നത്. 14 സ്ഥലങ്ങളിലും ആദ്യം ഓരോ ഒലിവുമരങ്ങൾ നടുകയായിരുന്നു.1996 ഏപ്രിൽ ആറിന് ശനിയാഴ്ച രാത്രിയിൽ ഇവിടെ ആദ്യത്തെ ഈസ്റ്റർ പൂജ അർപ്പിക്കപ്പെട്ടു. അതിന്റെ മൂന്നാം മാസം ഒലിവു മരങ്ങൾക്കു മുന്നിലായി ഓരോ മരക്കുരിശ് സ്ഥാപിച്ചു. പ്രകൃതിസുന്ദരമായ ഈ പുണ്യസ്ഥലം ഭക്തജനങ്ങളെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നതിൽ അത്ഭുതമില്ല.

golgotha-pic

 

1999 മാർച്ച് 7 ന് ഈ തീർഥാടന കേന്ദ്രത്തിൽ നടന്ന പ്രത്യേക ആഘോഷം ഭക്തജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കുന്നതായിരുന്നു. അന്നത്തെ മെൽബൺ ആക്സിലറി ബിഷപ്പ് മോൺ. ജോ ഗ്രെക്ക് അവിടെ സ്ഥാപിച്ചിരുന്ന 14 മരക്കുരിശുകളേയും അനുഗ്രഹിച്ചു പ്രാർഥിച്ചു. അതിനു ശേഷമാണ് ഈ മലമുകളിലേയ്ക്ക് ഇന്നു കാണുന്ന  രീതിയിലുള്ള തീർഥാടക പ്രവാഹം ഉണ്ടായത്. വലിയൊരു പ്രദക്ഷിണത്തിന്റെ ഭാഗമായി വിശ്വാസികൾ ഓരോ കുരിശും ചുമന്നുകൊണ്ടുചെന്നു അതാതു ഭാഗത്തു  സ്ഥാപിച്ചത് ക്രിസ്തുദേവന്റെ പീഢാനുഭവത്തെയും കുരിശുമരണത്തെയും അന്വർത്ഥമാക്കുന്നതും ഉള്ളിൽ തട്ടുന്നതുമായ ഒരനുഭവമായി.

 

മോൺ. ബെനഡിക്ട് കാമിലാരിയുടെ മനസ്സിൽ രൂപം കൊണ്ട ആശയ പ്രകാരമാണ് മാൾട്ടയിലെ ഗോസോ പ്രദേശത്തെ ഗാമ്മർ മലയിലെപ്പോലെ ടാ പിനു മരിയൻ സെന്റെറിലെ കുരിശിന്റെ വഴിയും ശിൽപങ്ങളും രൂപകൽപന ചെയ്യപ്പെട്ടത്. മരക്കുരിശുകൾ സ്ഥാപിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞ്, കുരിശിന്റെ വഴിയിൽ സ്ഥാപിക്കാൻ മനുഷ്യരുടെ വലിപ്പമുള്ള 43 കോൺക്രീറ്റ് പ്രതിമകൾ നിർമിക്കാൻ വിയറ്റ്നാമിലേയ്ക്ക് ഓർഡർ നൽകി.  ഓരോ പ്രതിമകളും നിർമിക്കാൻ തയ്യാറായി ഒാരോരുത്തരും മുന്നോട്ടുവന്നു.  രണ്ടെണ്ണം ആർച്ച് ബിഷപ്പ് ജോർജ്ജ് പെൽ ആണ് സംഭാവന ചെയ്തത്. ഒന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിലും മറ്റൊന്ന് ആർച്ച് ഡയസിസിന്റെ പേരിലും.

 

1500 കി.ഗ്രാം ഭാരം വരുന്ന ആദ്യ സെറ്റ് പ്രതിമകൾ 1999 ജൂലൈ 28 നാണു ബാക്കസ് മാർഷിൽ കൊണ്ടുവന്നത്. അതിനു ശേഷം 16  മാസത്തിനുള്ളിലാണ് ഘട്ടം ഘട്ടമായി ബാക്കിയുള്ള 13 സ്ഥലങ്ങളിലേയ്ക്കുമുള്ള പ്രതിമകൾ ഇവിടെ എത്തിച്ചത്. ഏറ്റവും അവസാനത്തെ സെറ്റ് എത്തിയത് 2000 നവംബർ 17 നായിരുന്നു. 

 

ദുഃഖവെള്ളി ദിനത്തിലാണു പ്രധാന അനുഷ്ഠാനമെങ്കിലും ചെറുസംഘങ്ങൾ ഉൾപ്പെടെ പലപ്പോഴായി അവരവരുടെ സൗകര്യത്തിനനുസരിച്ച് മല കയറാനെത്താ റുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരു ദു:ഖവെള്ളി ദിനത്തിൽ ഈ മല കയറിയതിന്റെ ഓർമ്മകൾ വീണ്ടും മനസ്സിലെത്തി. മലമുകളിലെ ചാപ്പലിൽ  ദിവ്യപൂജയ്ക്കിടയിൽ കാസായിൽനിന്നും കയ്പുനീർ രുചിച്ചതും മറ്റൊരു വഴിയിലൂടെ മലയിറങ്ങി അടിവാരത്തിലെത്തി മുൾച്ചെടികളുടെ തണലിലിരുന്നു വിവിധ മലയാളികുടുംബങ്ങൾ കൊണ്ടുവന്ന കഞ്ഞിയും പയറും കഴിച്ചതും വിശുദ്ധവാരത്തിന്റെ അമൂല്യമായ ഓർമകളാണ്. 

 

കാറ്റിന്റെ മുഴക്കവും പച്ചപ്പിന്റെ കുളിർമ്മയും നുകർന്ന് ഈ മലമുകളിൽ നിൽക്കുമ്പോൾ കാലം അതിവേഗം പിന്നിലേയ്ക്കു സഞ്ചരിക്കുന്ന മാസ്മരികാനുഭവത്തിലേയ്ക്കു നാം അബോധത്താലെന്ന വണ്ണം എത്തിപ്പെടും. ഗോൽഗോത്താ അകലെയല്ലെന്നും അട്ടഹാസങ്ങളും ആക്രോശങ്ങളും കുരിശു  മരണത്തിന്റെ വിലാപസ്വരങ്ങളും ഏകാന്തമായ മലയിടുക്കുകളിൽ വീണു ചിതറുന്നതായും അപ്പോൾ നമുക്കു തോന്നും. എങ്കിലും ചുറ്റിലും ഇടവിട്ടുയരുന്ന പ്രാർത്ഥനാ മന്ത്രങ്ങളും സ്തോത്രഗീതങ്ങളും നമ്മെ ഇന്നിന്റെ യാഥാർത്ഥ്യത്തിലേയ്ക്കും ഉണ്മയിലേയ്ക്കും പൊടുന്നനെ മടക്കിക്കൊണ്ടുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com