ADVERTISEMENT

രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും, ലക്ഷകണക്കിനാളുകളുടെ  ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും  സൃഷ്ടിക്കുകയും ,അനേകരെ  നിത്യ രോഗികളാക്കി മാറ്റുകയും ചെയ്ത കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ  നിന്നും സാവകാശം മോചിതരായി എന്നു വിശ്വസിച്ചു  മുൻ വർഷങ്ങളെ പോലെത്തന്നെ ഈ വർഷവും  ക്രൈസ്‌തവ ജനത അമ്പതു നോയമ്പിന്റെ സമാപന ദിനങ്ങളിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു

 

പീഢാനുഭവ ആഴ്‌ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിന്റെ ഭാഗമായി ഓശാന ഞായര്‍ എല്ലാവരും ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന ഇസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്‍, തച്ചനായ ജോസഫിന്റെയും  കന്യക മറിയയുടേയും പുത്രന്‍ ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യറുശലേം ദേവാലയത്തിലേക്ക്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ പ്രവേശിച്ചതിന്‍റ ഓര്‍മ്മ!.തങ്ങളുടെ വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും, മരത്തില്‍ നിന്നുളള ഇളം കൊമ്പുകള്‍ വെട്ടിയെടുത്ത്‌ വഴിയില്‍ വിതറിയും കുരുത്തോലകള്‍ വീശിയും  `ഇസ്രയേലിന്റെ  രാജാവായി വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവൻ അത്യുന്നതങ്ങളില്‍ ഹോശനാ" എന്ന്‌ ആബാലവൃദ്ധം ജനങ്ങള്‍ ആര്‍ത്തട്ടഹസിച്ച്‌ യറുശലേം ദേവാലയത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചപ്പോള്‍ സര്‍വ്വലോക സൃഷ്‌ടാവും, രാജാധി രാജാവും, ഇസ്രയേല്‍ ജനതയുടെ രക്ഷകനുമായി  ദൈവത്തിന്റെ  പുത്രനായ  യേശുവിനെ യഥാർഥമായി ജനം അംഗീകരിക്കുകയായിരുന്നു.

 

ആണ്ടുതോറും യറുശലേം ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളിലും മോശയുടെ ന്യായപ്രമാണ പ്രകാരമുളള ബലിയര്‍പ്പണത്തിനും പതിവായി എത്തിയിരുന്ന യേശുവിനെ തന്റെ പരസ്യ ശുശ്രുഷ ആരംഭിച്ചതിനു ശേഷം തികച്ചും വ്യത്യസ്‌ത വ്യക്തിയായിട്ടാണ്‌ യറുശലേം ദേവാലയത്തില്‍ കാണുവാന്‍ കഴിഞ്ഞത്‌.തന്റെ  പിതാവിന്റെ വാസസ്ഥലത്തെ (ദേവാലയം) കുറിച്ചുളള എരിവ് യറുശലേം ദേവാലയത്തില്‍ നിലനിന്നിരുന്ന ദൈവീക പ്രമാണംകൾക്കെതിരെ പ്രതികരിക്കുവാൻ നിർബന്ധിതനാക്കി . വിശ്വാസ സമൂഹം ഭക്ത്യാദരങ്ങളോടെ ബഹുമാനിച്ചരാധിച്ചിരുന്ന മഹാപുരോഹിതന്മാരെ നോക്കിക്കൊണ്ട്‌ `എന്‍െറ ആലയം പ്രാര്‍ഥനാലയം എന്ന്‌ വിളിക്കപ്പെടും, നിങ്ങളോ അത്‌ കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു' എന്ന്‌ സധൈര്യം പ്രഖ്യാപിച്ചതിനുശേഷം വില്‍ക്കുന്നവരേയും കൊളളുന്നവരേയും എല്ലാം പുറത്താക്കുകയും പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവ്‌ വില്‍ക്കുന്നവരുടെ പീഠങ്ങളേയും മറിച്ചുകളയുകയും ചെയ്‌തു. നാളിതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രവര്‍ത്തികളെ  ചോദ്യം ചെയ്‌തതോടെ യേശുവിനെ ഏതുവിധേനേയും ഒടുക്കികളയുവാന്‍ മഹാപുരോഹിതന്മാരും ശാസ്‌ത്രിന്മാരും പ്രതിജ്‌ഞയെടുത്തു.

 

യറുശലേം ദേവാലയത്തിലെ അവിശ്വസ്‌തരായ ചില മഹാപുരോഹിതന്മാരുടെയും, ശാസ്‌ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ ദേവാലയത്തിന് അപകീര്‍ത്തി വരുത്തി വച്ചു. അവിടെ തന്നെ ഉണ്ടായിരുന്ന സാധാരണക്കാരായ നിരവധി പുരോഹിതന്മാരും, ഭക്തന്മാരും ശരിയായ വിശ്വാസികളായിരുന്നു. കളളന്മാരുടെ ഗുഹയായി മാറി എന്നറിഞ്ഞിട്ടും ദൈവാലയ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ അവര്‍ തയാറായിരുന്നില്ല

 

യോഹന്നാന്‍ സ്‌നാപകന്റെ മാതാപിതാക്കളായ എലിസബത്തും സഖറിയായും ദൈവ സന്നിധിയില്‍ നീതിയുളളവര്‍' ആയിരുന്നു. കളളന്മാരുടെ ഗുഹയിലും അവര്‍ വിശ്വസ്‌തരും നല്ലവരുമായി കഴിഞ്ഞു. കളളന്മാരുടെ ഗുഹയായ ദേവാലയത്തില്‍ പ്രവേശിച്ച ചുങ്കക്കാരന്‍ ദൂരത്തു നിന്നുകൊണ്ട്‌, സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു. `ദൈവമേ പാപിയായ എന്നോട്‌ കരുണ തോന്നേണമേ' എന്ന്‌ നിലവിളിക്കുന്നു. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക്‌ തിരിച്ചു പോയി. കളളന്മാരുടെ ഗുഹയായി അധഃപതിച്ച ദേവാലയത്തിലും രക്ഷ കണ്ടെത്തുവാന്‍ കഴിയുമെന്നതിന്‌ ഇതിലും വലിയൊരു സാക്ഷ്യം ആവശ്യമുണ്ടോ ?

 

യറുശലേം ദേവാലയത്തെ പൂര്‍ണ്ണമായും ദൈവം കൈവിട്ടിരുന്നില്ല. അവിടെ ദൈവീകാരാധനയും ദൈവ കൽപിതമായ ബലിയര്‍പ്പണവും നടന്നിരുന്നു. അവിടെ ഒരു കൂട്ടം യഥാർഥ വിശ്വാസികളും ഉണ്ടായിരുന്നു.

 

സോദോം ഗോമോറ  നഗരങ്ങള്‍ നശിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നീതിമാനായ നോഹ ദൈവസന്നിധിയില്‍ നിന്നുകൊണ്ട്‌ ഒരു ചോദ്യം "പത്ത്‌ നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ നീ ഈ നഗരങ്ങളെ നശിപ്പിക്കുമോ"? ഇതിന്‌ ദൈവം നല്‍കുന്ന മറുപടി തന്നെയാണ്‌ ആധുനിക സഭയുടെ നിലനില്‍പിൻറെ അടിസ്‌ഥാന കാരണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com