സ്മൈൽ, യു ആർ ഇൻ ഷാർജ!

smile-you-are-in-sharjah
SHARE

ഏതൊരു രാജ്യത്തിന്റെയും സംസ്കാര രൂപീകരണത്തിൽ ചരിത്രത്തിനും പൗരാണിക ശേഷിപ്പുകൾക്കും വലിയ പ്രാധാന്യമുണ്ട്. ആഴക്കടലിൽ മീൻപിടിച്ചും മുത്ത് വാരിയും മരുഭൂമിയിലെ കനത്ത ചൂടിൽ ഒട്ടകങ്ങളെ മേച്ചും അതിജീവന മാർഗ്ഗങ്ങൾ കണ്ടെത്തി ജീവിതം കരുപ്പിടിപ്പിച്ച ഒരു ജനതയുടെ പൗരാണിക ശേഷിപ്പുകൾ അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിപകരുന്നു. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബുകളിൽ ഒന്നായി മാറാൻ യുഎഇക്ക് കഴിഞ്ഞത് ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും ആത്മസമർപ്പണം ഒന്നുകൊണ്ടു മാത്രമാണ്. ഏറ്റവും മികച്ചത്, ഏറ്റവും ഉയരം കൂടിയത് അങ്ങനെ തുടങ്ങി അത്ഭുതങ്ങളുടെ പറുദീസയായി മാറിക്കഴിഞ്ഞു യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ പ്രധാനമായും ദുബായ്.

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ അൽ നഹ്യാന്റെ ദീർഘവീക്ഷണവും സ്വന്തം ജനതയോട് മാത്രമല്ല, ജോലിയാവശ്യാർഥം നാടുവിട്ടു വന്ന പ്രവാസികളെ കൂടി സ്നേഹിക്കാനും അവരുടെ ജീവിത സൗകര്യങ്ങൾക്കു വേണ്ടി നിയമങ്ങളിൽ ഭേദഗതികൾ വരുത്താനും സാധിച്ചു. ഓരോ എമിറേറ്റുകൾക്കും ഓരോരോ അനുഭവങ്ങളാണ് പറയാനുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉരുവിലും പായക്കപ്പലിലും കോർഫുക്കാൻ മലനിരകളിൽ വന്നിറങ്ങിയവർ മുഖേനയാണ് കേരളം പച്ചപിടിച്ചത്. രാത്രി കാലങ്ങളിൽ ആദ്യമായി ഇവിടെയെത്തുന്ന യാത്രക്കാർക്ക് ആകാശത്ത് മാത്രമല്ല ഭൂമിയിലും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന  മാസ്മരിക ദ്വീപായി തോന്നും. ദുബായ് ഫ്രൈമിൽ നിന്നും നോക്കിയാൽ പഴയ ദുബായിയെ തനതായി നിലനിർത്തുകയും എന്നാൽ മോഡേൺ ദുബായിയിൽ അമ്പരചുംബികളായ കെട്ടിടങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയുമാണ്.

4--Sharjah

ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കൊപ്പം ബിസിനസ് സംരഭങ്ങൾക്ക് ഷാർജയിലെത്തിയാൽ എല്ലാ കെടിട്ടങ്ങളും പേർഷ്യൻ ഇസ്‍ലാമിക് വാസ്തുശിൽപങ്ങളുടെ മനോഹാരിതയിൽ നിർമ്മിച്ചവയാണ്. യുഎഇയുടെ പൗരാണിക ശേഷിപ്പുകൾ അതേപടി നിലനിർത്താൻ ബദ്ധശ്രദ്ധനാണ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ക്ക് സുൽത്താൻ അൽഖാസിമി. 

റോളയിലെ അരയാൽ മരങ്ങളും അതിനോട് ചേർന്ന ആർട്ട് ഗ്യാലറിയും, പീരങ്കിയും രാത്രി കാലങ്ങളിലെ വഴിവിളക്കുകളും കാഴ്ചക്കാരെ മറ്റൊരു വർണ്ണാഭമായ ലോകത്തേക്കാണ് ആനയിക്കുക. എത്രയെത്ര പ്രശസ്തരായവരുടെ ചിത്രങ്ങളും ശിൽപങ്ങളുമാണ് ആർട്ട് ഗ്യാലറിയിൽ ഓരോ മാസങ്ങളിലും  സംലടിപ്പിക്കുന്നത്. വിദേശികളും കലാകാരന്മാരായ സ്വദേശികളും ഇവിടെ നിത്യ സന്ദർശകരാണ്. എന്നാൽ മലയാളികൾക്ക് ഇപ്പോഴും ആർട്ട് ഗ്യാലറികളിലെ പരിപാടികളെ കുറിച്ച് വലിയ അറിവൊന്നുമില്ല. കേരളത്തിൽ ലക്ഷങ്ങൾ മുടക്കി കൊണ്ടാടുന്ന മുസ്‍രിസുകളും ഗാലകളും ഇവിടെ എല്ലാ മാസങ്ങളിലും നടക്കുന്നു. എന്നിട്ടും അതുവഴി പോകാനും മറ്റു അറബ് രാജ്യങ്ങളിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും കലാസൃഷ്ടികൾ കണ്ടാസ്വദിക്കാനുമുള്ള സുവർണ്ണാവസരം പാഴായിപ്പോകുന്നു.

പുസ്തകങ്ങളോടും വായനയോടും ഒരു ഭരണാധികാരി കാണിക്കുന്ന നിസ്വാർഥ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ് ഷാർജ രാജ്യാന്തര പുസ്തകമേള. നൂറുകണക്കിന് എഴുത്തുകാരും ആയിരക്കണക്കിന് പുസ്തക പ്രസാധകരും ലക്ഷക്കണക്കിന് പുസ്തകങ്ങളുമുള്ള ഷാർജ രാജ്യാന്തര പുസ്തകമേള വായനയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതാണ്.

Sharjah-Ruler

എണ്ണ നിക്ഷേപം ഈ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ മാറ്റത്തിനും വികസനത്തിനും വഴിവെച്ചു. അറേബ്യയുടെ സാംസാകാരിക തലസ്ഥാനമായ ഷാർജയിൽ എത്തുമ്പോൾ ‘SMILE YOU ARE IN SHARJAH’ എന്ന സ്വീകരണ വാക്യത്തോടെയാണ് വിദേശികളെ വരവേൽക്കുന്നത്. യുഎഇ പ്രധാനമായും ഒരു ഇസ്‍ലാമിക രാജ്യമാണെങ്കിലും ധാരാളം ക്രിസ്ത്യൻ പള്ളികളും, അമ്പലങ്ങളും ഗുരുദ്വാരകളും ഈ രാജ്യത്തിന്റെ സഹിഷ്ണുതാ മനോഭാവത്തെ ഉണർത്തുന്നു. വിദേശികളും സ്വദേശികളും അനുഭവിക്കുന്ന സമാധാനാന്തരീക്ഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. പുരോഗമനത്തിന്റെയും വികസനത്തിന്റെയും മുന്നിലേക്ക് കുതിക്കുമ്പോഴും അറബ് സംസ്കാരത്തിന്റെ ഉൾതുടിപ്പും പൗരാണിക ഭാവവും നിലനിർത്തി പോരുന്നതിൽ ഈ രാജ്യത്തിന്റെ ഭരണാധികാരികൾ ബദ്ധശ്രദ്ധരാണ്.

മനോഹരമായി സംവിധാനം ചെയ്ത കടൽ തീരങ്ങളോട് ചേർന്ന കോർണീഷുകളാണ് രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത. കെട്ടിടങ്ങളുടെ നിർമ്മാണ രീതികൾ ആരെയും ആകർഷിക്കുന്നതാണ്. ദുബായിലും അബുദാബിയിലും നൂറുകണക്കിനു നിലകളുള്ള ഫ്ലാറ്റുകളാണെങ്കിൽ ഷാർജയിലെ കെട്ടിടങ്ങളിൽ പലതും ഇസ്‍ലാമിക സംസ്കാരത്തെ പ്രകടമാക്കുന്നതാണ്.

sharjah-events-festival44

യുഎഇ ഭരണാധികാരികളുടെ കലാസൗന്ദര്യ ബോധത്തിന്റെ മറ്റൊരു ഉദാഹരണമാണ് വർഷങ്ങളായി സംഘടിപ്പിക്കുന്ന പൈതൃകോൽസവവും ലൈറ്റ് ഫെസ്റ്റിവലും. പള്ളികളും കോട്ടകളും കെട്ടിട സമുഛയങ്ങൾക്കും മുകളിൽ യുഎഇയുടെ പൗരാണിക ശേഷിപ്പുകളുടെ സവിശേഷതകൾ പ്രകടമാക്കുന്ന ലൈറ്റ് ആന്റ് ഷോ കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്. കുടുംബവും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് ഖുർആൻ റൗണ്ടബൗട്ടിലും ഷിപ്പ് റൗണ്ടബൗട്ടിലും ആർട്ട്ഗ്യാലറിക്കടുത്തുള്ള ഗവൺമെന്റ് കെട്ടിട പരിസരങ്ങൾക്ക് മുന്നിൽ പ്രത്യേകമായി തയാറാക്കിയ പവലിയനിലിരുന്ന് പ്രകാശത്തിന്റെ നിറച്ചാർത്ത് കണ്ടാസ്വദിക്കുന്നത്.

അൽമജാസ് കോർണീഷിൽ വർഷങ്ങളായി നടക്കുന്ന ജലോത്സവം പതിനായിരങ്ങളെയാണ് അങ്ങോട്ട് ആകർഷിക്കുന്നത്, സ്വദേശികൾക്കൊപ്പം തന്നെ വിദേശികളായ പ്രവാസകൾക്ക് അനുഭവിക്കാവുന്ന ഈ ഉത്സവങ്ങൾ എല്ലാം നടക്കുന്നത് തന്നെ തണുപ്പുകാലത്താണ്. അൽമജാസ് പാർക്കിലെ കോർണീഷിൽ തയാറാക്കിയ വാട്ടർഫൗണ്ടയിൻ ഓരോ അരമണിക്കൂർ കൂടുമ്പോഴും അറബിക് സംഗീതത്തിന്റെ ഈരടികളോടെ കാഴ്ചക്കാരിൽ വിസ്മയം തീർക്കുന്നു. ഇത്തരം ആഘോഷ പരിപാടികളിലെല്ലാം തന്നെ പരമ്പരാഗതമായ അറബിക് നൃത്തവും സംഗീതവും നമ്മെ പൗരാണിക സംസ്കാരത്തിന്റെ ഗ്രാമ്യ ഭംഗിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

sharjah-international-book-fair-2021
ഷാർജ പുസ്തക മേളയിൽ നിന്നും.

അറേബ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഒട്ടും ചോർന്നുപോകാതെ പുതിയ തലമുറക്കായി കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ ആത്മാസമർപ്പണമാണ് ഈ ആഘോഷങ്ങൾ. യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എന്തുകൊണ്ടും ഈ പേരിനെ അന്വർത്ഥമാക്കുന്നു. യുഎഇയുടെ പരമ്പരാഗത അറബിക് സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ ഷാർജ ഭരണാധികാരി നടത്തുന്ന ശ്രമങ്ങളാണ് എല്ലാ വർഷവും പൈതൃകോത്സവത്തിലൂടെ സാധ്യമാകുന്നത്. സ്വന്തം രാജ്യത്തെ കലാകരന്മാർക്കൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിൽ ഷാർജ മടികാണിക്കാറില്ല എന്നതിന് ഉദാഹരണമാണ് ചിത്രകാലാ പ്രദർശനങ്ങൾ. 

5-Sharjah

പ്രാചീനതയെ വിളിച്ചോദുന്ന കുടിലുകളും നൂറ്റാണ്ടുകൾക്ക് മുമ്പ് അറബികൾ ഉപയോഗിച്ചിരുന്ന കൊട്ടകളും വട്ടികളും മൺപാത്രങ്ങളും മീൻപിടിക്കാൻ ഉപയോഗിച്ചിരുന്ന വലകളും എല്ലാം സ്റ്റോളുകളിൽ ഒരുക്കിയിട്ടുണ്ട്. ഒരു പ്രത്യേകതരം മുഖാവരണം ധരിച്ച സ്ത്രീകൾ തട്ടാറാക്കുന്ന തേനൂറുന്ന ലുക്കീമാത്ത് വിഭവവും അലീസയും ഗാവയുമൊക്കെ ഈ പൈതൃകോത്സവത്തിന്റെ ഭാഗമാണ്. സ്വന്തം രാജ്യത്ത് വിദേശികൾക്ക് ഗോൾഡൻ വീസയടക്കം പൗരത്വം കൊടുക്കാനുള്ള വിശാലഹൃദയം കാത്തു സൂക്ഷിക്കുന്ന ഭരണാധികാരികളെ എത്രയെത്ര പ്രകീർത്തിച്ചാലും മതിയാകില്ല. അതെ ഷാർജയിലെത്തുമ്പോൾ ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സ് നിറയാതിരിക്കില്ല ചുണ്ടിൽ പുഞ്ചിരി വിരിയാതിരിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS