ADVERTISEMENT

‘ആരതീ, നീയെന്റെ ഒറ്റനാണയം കണ്ടോ..?’

എത്ര നിയന്ത്രിച്ചിട്ടും എന്റെ ശബ്ദത്തിലെ പതർച്ച പുറത്തുചാടിയത് ഞാൻ തിരിച്ചറിഞ്ഞു. ശബ്ദത്തിലെ വിറയലിനോടൊപ്പം കാണാതായ നാണയത്തിന്റെ  മൂല്ല്യവും  അറിയുന്നതിനാലാവണം അവളും എന്റെ കൂടെ നിന്ന് മേശവലിപ്പുകൾ പരതാൻ തുടങ്ങി. 'ഈ വീട്ടിൽ ഒരു സാധനവും വച്ചാൽ വച്ചിടത്തു കാണില്ല. ഒരമ്മയും മകളും. രണ്ടിനേം ഞാനിന്നു കാണിച്ചു തരുന്നുണ്ട്....' എന്റെ സംസാരം ഉച്ചത്തിലായി. എന്റെ മൂഡ് മാറിയതും വെപ്രാളവും കണ്ടിട്ടാവണം മൊബൈൽ സ്‌ക്രീനിൽ തുമ്പിയെ പിടിക്കുന്ന മകളും ഞങ്ങളുടെ കൂടെ ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

 

ഓഫീസിൽ പോകാനുള്ള സമയമായിരിക്കുന്നു. ബാൽക്കണിയിലൂടെ വെളുത്ത സൂര്യൻ വെളുക്കെച്ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നുവരുന്നുണ്ട്. സൂര്യചുംബനമേറ്റ നാണയത്തിന്റെ നാണം കുണുങ്ങിച്ചിരിക്കു  കാതോർത്തു  മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഭ്രാന്തനെപ്പോലെ സഞ്ചരിച്ച സണ്ണിയെപ്പോലെ മുറിമുഴുവൻ ഞാൻ അലഞ്ഞു നടന്നു.

 

ഇത്തിരി റൂമിൽ ഒത്തിരി നേരം തിരഞ്ഞിട്ടും കാണാതെ ഊർജ്ജം നഷ്ടപ്പെട്ട് കസേരയിലിരുന്നപ്പോൾ വർഷങ്ങൾക്ക് മുമ്പ് നടന്നൊരു 'കാണാതാവലിന്റെ'  ഓർമ്മകളിലേക്ക് ഞാൻ തളർന്നു വീണു.

 

ഒരു വ്യാഴവട്ടത്തിനുമുമ്പ് വിസിറ്റ് വിസയിൽ വന്നിറങ്ങിയ കാലം. വ്യാകുലതകളും ആവലാതികളും കുത്തിനിറച്ച മൂട്ടയുടെ മണമുള്ള ഭാണ്ഡക്കെട്ടുകൾ പഴമയുടെ മണം പിടിച്ച് രണ്ടുനിലക്കട്ടിലിനു താഴെ ചിതറിക്കിടക്കുന്നത് കണ്ടു വ്യസനിച്ചിരുന്ന നാളുകൾ. ജോലിതേടിയുള്ള അലച്ചിലുകൾക്കിടയിലായിരുന്നു പോക്കറ്റിൽ അരുമയോടെ സൂക്ഷിച്ചിരുന്ന ഒറ്റനാണയം എവിടെയോ ഊർന്നുവീണത്. ആലോചനകൾക്കൊടുവിൽ, ജോലിതേടി ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള  ദീർഘയാത്രയിൽ ബസ്സിൽ വീണതുതന്നെയെന്നു തീർച്ചപ്പെട്ടു.

 

പിറ്റേന്നുതന്നെ ബർദുബായ് ബസ് സ്റ്റാൻഡിലെത്തി അതേ ബസിനെ  കണ്ടെത്തി ഡ്രൈവറോട് അന്വേഷിച്ചു.

 

നാണയം കിട്ടിയിരുന്നുവെന്നും ഇന്ത്യൻ നാണയമായതിനാൽ ഉപേക്ഷിക്കാൻ മനസ്സ് വരാതെ അബുദാബിയിലെ ആർടിഎ ഓഫീസിൽ ഏൽപ്പിച്ച കാര്യവും ഇന്ത്യക്കാരനായ ഡ്രൈവർ സാക്ഷ്യപ്പെടുത്തി. മടക്കയാത്രയിൽ തിരിച്ചേൽപ്പിക്കാമോ എന്ന്ചോദിച്ചപ്പോൾ താനതിന് അനുവദനീയനല്ലെന്നും എന്നോട് നേരിട്ട് ഹാജരാവണമെന്നും പറഞ്ഞു.

 

ഇന്നലത്തെ യാത്രയിലേക്ക് അമ്മാവൻ ഏൽപ്പിച്ച തുക ബാക്കിയുണ്ട്. ഒരുവട്ടം കൂടി അബുദാബിയിൽ പോയി വരാൻ ഇത് തികയും. മറിച്ചൊന്നും ആലോചിച്ചില്ല, പുറകിലായുള്ള സീറ്റിൽ പോയിരുന്നു. ഓർമ്മകൾ അപ്പുറവും ഇപ്പുറവും കൂട്ടിരുന്നെന്റെ രണ്ടുമണിക്കൂർ യാത്രയെ നെഞ്ചോടുചേർത്തു. 

 

ഞങ്ങളുടെ നാട്ടിലെ പേര് കേട്ട തറവാടായിരുന്നു കിഴക്കേ വീട്. നാലുകെട്ടും വിശാലമായ മുറ്റവും തെങ്ങും പറമ്പും പാടവും എല്ലാമുണ്ടായിരുന്ന തറവാട്. അച്ചച്ചൻ കാര്യസ്ഥനായിരുന്ന ആ തറവാട്ടിലേക്ക് അച്ഛച്ചന്റെ മരണശേഷം വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളൂ.

 

ദുബായിലേക്ക് യാത്രതിരിക്കുന്ന തലേന്ന് അമ്പ്രാളുടെ അനുഗ്രഹത്തിനായി കിഴക്കേവീട്ടിലേക്ക് ചെന്നു. തന്റെ വലംകൈ ആയിരുന്ന അച്ഛച്ചന്റെ ഓർമ്മകളിൽ അമ്പ്രാൾ വികാരാധീനയായി.  കേവലം ഒരു കാര്യസ്ഥനുവേണ്ടി  കണ്ണീരൊഴുക്കുന്ന അവർ ശരിക്കും നന്മയുടെ ആൾരൂപം തന്നെയായിരുന്നു. കുമാരൻ എന്ന വാക്ക് (അച്ചച്ചന്റെ പേര്) ഒരു മന്ത്രം പോലെ അവർ കുറെ നേരം ഉരുവിട്ടുകൊണ്ടിരുന്നു.

 

ഇറങ്ങാൻ നേരം കാലുതൊട്ടു വന്ദിച്ച എന്നോട്, 'കുമാരന്റെ പേരക്കുട്ടി നന്നായി വരും....' എന്നു കണ്ണടച്ചാനുഗ്രഹിച്ച്  മടിക്കുത്തിൽ നിന്നും ഒരു ഒറ്റരൂപാനാണയം എനിക്ക് നേരെ നീട്ടി. വിറയാർന്ന കൈകളാൽ ഞാനാ സൂര്യവട്ടത്തെ നെഞ്ചേറ്റു വാങ്ങി.

 

ആ ഒറ്റ രൂപയുടെ ഒന്നിൽ ഞാൻ എന്നെയും രണ്ടു വശത്തുനിന്ന് ചാഞ്ഞ് ഒറ്റ രൂപയ്ക്ക് കാവൽ നിൽക്കുന്ന കതിർക്കുലകളെ  ഞാൻ അച്ഛനും അമ്പ്രാളുമായി  കണ്ടു. രണ്ടുപേരും ചേർന്ന് എന്നെ കാത്തോളുമെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. ആ നാണയവുമായി അവിടെ നിന്നിറങ്ങുമ്പോൾ ഈ മണ്ണിലെ ഏറ്റവും വലിയ സുരക്ഷിതൻ ഞാനാണെന്ന തോന്നൽ എന്റെ കാലുകളെ ഊർജ്ജസ്വലമാക്കി.  നടന്നു തീർക്കാനുള്ള വഴികൾ നീളെ ഭീമാകാരമായ രണ്ട് കതിർക്കുലകൾ എന്നെ പൊതിഞ്ഞു നിന്നു.

 

ബസിറങ്ങി ആർടിഎ ഓഫീസിൽ എത്തി. വന്ന കാര്യം വിശദീകരിച്ചു. ഈ നിസ്സാര കാര്യത്തിനായി ഇത്രയും പണം ചെലവാക്കി ഇത്രയും ദൂരം വന്ന എന്റെ പ്രവർത്തി അവരെ അമ്പരപ്പിച്ചു കാണണം. എന്നെങ്കിലും അവകാശികൾ തേടിവരും എന്ന ധാരണയിൽ യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷിക്കുന്ന അലമാരയിലെ ചെറിയ വാതിൽ തുറന്ന് അദ്ദേഹം ഒരു ഒറ്റനാണയം എടുത്തു നീട്ടി ചോദിച്ചു;

 

'ഇതാണോ താങ്കൾക്ക് നഷ്ടപ്പെട്ട നാണയം..?'

 

തിളങ്ങുന്ന കണ്ണുകളുമായി അതെ എന്ന് ഉത്തരം പറയുമ്പോൾ ആ നാണയവുമായി ചെറുതല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കണം.

 

നാണയം വാങ്ങിച്ച് ചുണ്ടിൽ ചേർത്തൊരുമ്മ നൽകിയശേഷം ഞാൻ അത് കൈകളിൽ മുറുകെ പിടിച്ചു. സിരകളിലൂടെ  ഊർജ്ജത്തിന്റെ  ആവേഗങ്ങൾ സഞ്ചരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു ചെറിയ വസ്തു പോലും വലിയ മനസ്സോടെ സൂക്ഷിച്ച വിശാലമാനസങ്ങൾക്ക് നല്ല വാക്കുകളിൽ നന്ദി പറഞ്ഞിറങ്ങുബോൾ അദ്ദേഹം ചോദിച്ചു:

 

'Why did you spend this much money only for this coin..?'

 

ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ ഈ ചോദ്യത്തിന് ഞാൻ എന്താണ് ഉത്തരം നൽകേണ്ടത്. എന്റെ ഒരു ഉത്തരത്തിനും ഈ നാണയവുമായുള്ള എന്റെ ആത്മബന്ധത്തെ നിർവചിക്കാൻ കഴിയില്ല എന്ന് അറിയാമായിരുന്നിട്ടും അറിയാവുന്ന നല്ല ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു: 'Sir, the Divine aura af the coin showers its invisible protection on me; Graceful outcome of two Blessed souls...' (സർ, ഈ നാണയം എന്നെ ഇന്നും അദൃശ്യമായി കാത്തു കൊണ്ടിരിക്കുന്നു രണ്ടു ആത്മാക്കളുടെ ആകെത്തുകയാണ്..')

 

ചുവരിൽ തൂങ്ങുന്ന രാഷ്ട്രപിതാവിന്റെ കണ്ണുകളിൽ സഹിഷ്ണുതയുടെ ആഴത്തിന്റേയും പരപ്പിന്റേയും സമ്മേളനങ്ങൾ ഞാൻ കണ്ടു. 'ഇനിയിപ്പോ വേസ്റ്റ് ബാസ്കറ്റിലേക്കെങ്ങാൻ വീണു വേസ്റ്റിന്റെ കൂടെപ്പോയിക്കാണുമോ...?'

 

ഭാര്യയുടെ സംശയമാണ്. അവളുടെ  സംശയങ്ങളിൽ  എപ്പോഴും മുഖം വികൃതമായി സത്യം ഒളിഞ്ഞിരിക്കാറുണ്ട്. ഇവിടെയും അതിനു സാധ്യതയുണ്ട് കാരണം മേശവലിപ്പിനോട്  ചേർന്ന് തന്നെയാണ് ബാസ്ക്കറ്റും ഇരിക്കുന്നത്. ബാൽക്കണിയിലൂടെ റോഡിലേക്ക് നോക്കി വേസ്റ്റ് മൊത്തം അവിടെത്തന്നെയുണ്ട്. വണ്ടി വന്നിട്ടില്ല. താഴേക്കോടി. ഡ്രമ്മിനകത്തു കൂടുതലും മദീനാ സൂപ്പർമാർക്കറ്റിലെ കവറും കറുത്ത ഗാർബേജ് കവറും സൂപ്പർമാർക്കറ്റിലെ തക്കാളിപ്പെട്ടികളുമൊക്കെയാണ്. അടിയിൽ എവിടെയെങ്കിലും കെട്ടിയിട്ട കവറിൽ ഓർമ്മകൾ ശ്വാസം മുട്ടി മരിക്കുന്നുണ്ടാവണം.

 

ഓരോ കവറും മാറ്റി നോക്കിയപ്പോൾ  ഞാൻ കളഞ്ഞ കവറിന്റെ സാമ്യമുള്ള 'നെസ്റ്റോ' യുടെ കവർ. ഇരുട്ടിൽ മിന്നാമിനുങ്ങുകളെ പോലെ അതിനകം മിന്നിത്തിളങ്ങുന്നതായി തോന്നി. കയ്യെത്തും ദൂരത്ത് അല്ലാത്തതിനാൽ മറിച്ചൊന്നുമാലോചിക്കാതെ ഡ്രംമ്മിൽ ചാടിക്കയറി. ഒന്നു വാസനസോപ്പിട്ടു കുളിച്ചാൽ തീരാവുന്നതേയുള്ളു ഈ നാറ്റം, ഒരു വാസനാസോപ്പിനും കഴുകിയാലും കഴുകിയാലും തീരാത്ത മധുരം ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നു മനസാക്ഷി മന്ത്രിച്ചു.

 

കെട്ടഴിച്ച കവറിന്നടിയിൽ കുതിരപ്പവൻ പോലെ തിളങ്ങുന്നുണ്ട് എന്റെ മാത്രം ഒറ്റനാണയം. കയ്യിലെടുത്തു സർവ്വശക്തനു നന്ദിപറയാൻ ആകാശത്തേക്ക് മിഴികളുയർത്തി. മായാവിയുടെ തോളിലിരിക്കുന്ന രാജുവിനേയും രാധയേയും പോലെ, അറബിപൊന്നുപോലെ തിളങ്ങുന്ന സൂര്യനിരുവശത്തും രണ്ടു പൊൻകതിരുകളുടെ കാവലുണ്ടെന്നു എനിക്കു തോന്നി.

 

ഡ്രംമ്മിൽ നിന്നും തിരിച്ചതിറങ്ങിയത് മുനിസിപ്പാലിറ്റി ജീവനക്കാരുടെ മുന്നിലേക്ക്‌. വേസ്റ്റ് വണ്ടി വന്നതും രണ്ടു ജീവനക്കാർ ഡ്രംമ്മിനടുത്തു  വന്നു നിന്നതും നാണയവുമായി സല്ലപിക്കുന്നതിനിടയിൽ ഞാൻ അറിഞ്ഞിരുന്നില്ല. അവരാരേലും ചോദിച്ചാൽ പറയേണ്ട ഉത്തരത്തെ ഞാൻ മനസ്സിലിട്ടു താലോലിച്ചു; അതിക്രമിച്ചു കയറിയത്തിനു പൊറുക്കൂ, മാലിന്യത്തിൽ നിന്നുപോലും ഓർമ്മകളെ ചികഞ്ഞെടുക്കാൻ വന്ന പരദേശിയായ ഒരു ഐന്ദ്രജാലികനാണ് ഞാൻ...!

 

(നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടുകഥകൾ മാത്രമാണ് - ബെന്ന്യാമിൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com